ഒറ്റപ്പാലത്ത് അട്ടിമറി പ്രതീക്ഷിച്ച് കോണ്‍ഗ്രസ്; ഭൂരിപക്ഷം കൂട്ടാന്‍ സിപിഐ(എം)

പാലക്കാട്: തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ ഒറ്റപ്പാലത്തെ സിപിഐ(എം) സ്ഥാനാര്‍ത്ഥി ആരാകും എന്ന ചോദ്യത്തിന് ഉത്തരമായി. സിപിഐ(എം)ന്റെ പാലക്കാട് മുന്‍ ജില്ലാ...

ഒറ്റപ്പാലത്ത് അട്ടിമറി പ്രതീക്ഷിച്ച് കോണ്‍ഗ്രസ്; ഭൂരിപക്ഷം കൂട്ടാന്‍  സിപിഐ(എം)

kerala-elections

പാലക്കാട്: തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ ഒറ്റപ്പാലത്തെ സിപിഐ(എം) സ്ഥാനാര്‍ത്ഥി ആരാകും എന്ന ചോദ്യത്തിന് ഉത്തരമായി. സിപിഐ(എം)ന്റെ പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി പി.ഉണ്ണി തന്നെ. ഒറ്റപ്പാലത്തെ സിപിഐ(എം) സ്്ഥാനാര്‍ത്ഥി ആരാകും എന്നറിയാന്‍ ഇടതുമുന്നണിയിലെ എന്നല്ല പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസും ബി.ജെ.പിയും ആകാംക്ഷയോടെ കാത്തു നിന്നിരുന്നു. നിലവിലെ എം.എല്‍.എ എം.ഹംസയുടെ പേര് ആദ്യഘട്ടത്തിലെ ലിസ്റ്റില്‍ തന്നെ ഉണ്ടായിരുന്നില്ല. പകരം സി.ഐ.ടി.യു നേതാവ് പി.ശശിയുടെ പേരാണ് ഉണ്ടായിരുന്നത്. പിന്നീട് ഷൊര്‍ണൂരിലേക്ക് പരിഗണിച്ചിരുന്ന ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സുബൈദ ഇസഹാഖിനെ ഒറ്റപ്പാലത്തേക്ക് മാറ്റി. ഇതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം എതിര്‍പ്പുമായി എത്തിയിരുന്നു. സുബൈദയെ തൃത്താലയിലേക്ക് മാറ്റി പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി പി.ഉണ്ണിയുടെ പേര് ഒറ്റപ്പാലത്തേക്ക് പരിഗണിച്ചപ്പോള്‍ അതിനെതിരെ നോട്ടീസ് വിതരണവും പോസ്റ്റര്‍ പതിക്കലും ഉണ്ടായി. സേവ് സിപിഐ(എം)ന്റെ പേരില്‍ പതിച്ച പോസ്റ്ററുകള്‍ക്ക് പാര്‍ട്ടിയുമായി ഒരു ബന്ധവും ഇല്ലെന്നും പാര്‍ട്ടി വിരുദ്ധരാണ് ഇതിന് പിന്നിലെന്നുമായിരുന്നു വിശദീകരണം.


സിറ്റിങ്ങ് എം.എല്‍.എയായ ഹംസയെ മത്സരിപ്പിക്കുകയാണെങ്കില്‍ വിജയം ഉറപ്പാണെന്നും ഒരു പുതുമുഖത്തെ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന്റെ സാദ്ധ്യതകളെ വര്‍ദ്ധിപ്പിക്കുമെന്നുമായിരുന്നു ഹംസയെ പിന്തുണച്ചിരുന്നവര്‍ പറഞ്ഞിരുന്നത്. ഒറ്റപ്പാലത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പ്രഖ്യാപനത്തിലും ഒരു പടി മുന്നില്‍ നിന്നത് ബി.ജെ.പിയാണ്. മദ്ധ്യ മേഖല ജനറല്‍ സെക്രട്ടറിയും അമ്പലപ്പാറ സ്വദേശിയുമായ പി.വേണുഗോപാലാണ്. ബി.ജെ.പി സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ്സില്‍ ശാന്ത ജയറാമാകും സ്ഥാനാര്‍ത്ഥി എന്നാണു  ലഭിക്കുന്ന  സൂചനകള്‍. സിറ്റിങ്ങ് എം.എല്‍.എ ഹംസക്ക് സീറ്റ് നിഷേധിക്കപ്പെട്ട അവസരം മുതലെടുത്ത് ശക്തമായി പോരാടാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇത്തവണ ഒറ്റപ്പാലത്ത് അട്ടിമറികള്‍ നടക്കും എന്നാണ് യു.ഡി.എഫ് വിശ്വാസം.

1957 ല്‍ മണ്ഡലം രൂപീകരിച്ച ശേഷം നടന്ന 14 തെരഞ്ഞെടുപ്പില്‍ രണ്ട് വിജയം മാത്രമാണ് കോണ്‍ഗ്രസിന് ഈ മണ്ഡലത്തില്‍ നേടാനായിട്ടുള്ളു. നഗരസഭ ഉള്‍പ്പടെ ഭൂരിഭാഗം പഞ്ചായത്തുകളിലും ഇടത് കാറ്റാണ് വീശാറുള്ളത്. മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പിലും ഒറ്റപ്പാലത്ത് ഇടതുമുന്നണിയാണ് ജയിച്ചത്. യു.ഡി.എഫ് മണ്ഡലമായ തച്ചനാട്ടുകര ഒറ്റപ്പാലത്ത് വന്നിട്ടും യു.ഡി.എഫിന് വിജയിക്കാനായിട്ടില്ല. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് പി.ബാലനും 1987 ല്‍ കെ.ശങ്കരനാരായണനും ഇവിടെ നിന്ന് ജയിച്ചിട്ടുണ്ട്. ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതാവ് വി.സി. കബീര്‍ ഇടതുമുന്നണിയുടെ ലേബലില്‍ 5 തവണ മണ്ഡലത്തെ പ്രതിനിധികരിച്ചിട്ടുണ്ട്. 1980, 82,91,96,2001 വര്‍ഷങ്ങളിലാണ് കബീര്‍ മാസ്റ്റര്‍ ഒറ്റപ്പാലത്ത് നിന്ന് ഇടതു ലേബലില്‍  എം.എല്‍.എയായത്. അഞ്ചു വട്ടം വിജയിച്ച കബീര്‍ മാസ്റ്റര്‍ 2006 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എത്തിയപ്പോള്‍ സി.പി.എമ്മിലെ ഹംസയോട് പരാജയം ഏറ്റുവാങ്ങി. 2011 ലും വലിയ ഭൂരിപക്ഷത്തില്‍ ഹംസ കോണ്‍ഗ്രസിലെ വി.കെ ശ്രീകണ്ഠനെ തോല്‍പ്പിച്ചു. തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍  13203 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു സിപിഐ(എം)നുണ്ടായിരുന്നത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ അത് 19579 ആയി ഉയര്‍ന്നു. തദ്ദേശത്തിലും സമാനായ അവസ്ഥയാണുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 9631 വോട്ട് നേടിയ ബി.ജെ.പി .പാര്‍ലിമെന്റ് തെരഞ്ഞെടുപ്പായപ്പോഴേക്കും അത് ഇരട്ടിയിലേറെയാക്കി. 20564 വോട്ടാണ് ബി.ജെ.പി.ലോക്സഭയില്‍ നേടിയത്. തദ്ദേശത്തിലും ബി.ജെ.പി നില മെച്ചപ്പെടുത്തിയിട്ടുണ്ട്.