ഒഴിവാക്കാനാകുമായിരുന്ന ദുരന്ത ചരിത്രങ്ങള്‍

കൊല്ലത്ത് ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ടിനിടെയുണ്ടായ ദുരന്തവാര്‍ത്ത കേട്ടാണ് അലസവും ക്രൂരവുമായ നിര്‍വികാരതയില്‍ നിന്ന് മലയാളികള്‍...

ഒഴിവാക്കാനാകുമായിരുന്ന ദുരന്ത ചരിത്രങ്ങള്‍

kerala-temple-

കൊല്ലത്ത് ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ടിനിടെയുണ്ടായ ദുരന്തവാര്‍ത്ത കേട്ടാണ് അലസവും ക്രൂരവുമായ നിര്‍വികാരതയില്‍ നിന്ന് മലയാളികള്‍ ഉണര്‍ന്നത്. സ്വാഭാവികമായും ദുരന്ത വാര്‍ത്തയില്‍ നാം നടുങ്ങുകയും സര്‍ക്കാര്‍ ഉത്തരവാദിത്തോടെ ഇടപെടുകയും അന്വേഷണ കമ്മീഷനെ പ്രഖ്യാപിക്കുകയും ചെയ്യും. മാധ്യമങ്ങള്‍ ദുരന്തമുഖത്തു നിന്നുള്ള തത്സമയ വിവരങ്ങളുമായി ദുരന്തത്തിന്റെ ആഴം ലോകത്തെ അറിയിച്ചു. ഇത്രയും കഴിഞ്ഞാല്‍ മറ്റൊരു ദുരന്ത വാര്‍ത്തയ്ക്കായുള്ള കാത്തിരിപ്പായി. തുടര്‍ന്ന് നേരത്തേ പറഞ്ഞ ചടങ്ങുകള്‍ ആവര്‍ത്തിക്കുകയായി. മുന്‍പുണ്ടായ ദുരന്തങ്ങളില്‍ നിന്ന് എന്തെങ്കിലും രീതിയിലുള്ള പാഠം നാം പഠിക്കാന്‍ നാം തയ്യാറായിട്ടുണ്ടോ? 'ഇതൊക്കെ സ്ഥിരം വാര്‍ത്തകള്‍' എന്ന് പറഞ്ഞ് സുരക്ഷിതമായ ഇടങ്ങളില്‍ ഇരിപ്പുറപ്പിക്കുകയാണ് നാം. എന്തുകൊണ്ടാണ് കേരളത്തില്‍ ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്നത്?


മുന്‍പുണ്ടായ ദുരന്തങ്ങളില്‍ നിന്നും സമൂഹവും ഭരണകൂടവും യാതൊന്നും പഠിച്ചില്ലെന്നാണ് നൂറിലേരെ പേരുടെ മരണത്തില്‍ കലാശിച്ച പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ നിന്നും വ്യക്തമാകുന്നത്. ദുരന്തമുണ്ടായ ഉടനെ ഭരണപ്രതിപക്ഷ നേതാക്കളും മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരും ദുരന്ത ഭൂമിയിലേക്ക് ഓടിയെത്തി തങ്ങളുടെ ഉത്തരവാദിത്തം തെളിയിച്ചു. അടുത്ത രണ്ട് ദിവസം മാധ്യമങ്ങള്‍ അപകടവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ആവേശത്തോടെ നല്‍കുകയും ചാനല്‍ ചര്‍ച്ചകളില്‍ വിദഗ്ധര്‍ അപകടത്തിന്റെ കാരണവും അതിന്റെ വ്യാപ്തിയേയും കുറിച്ച് ചര്‍ച്ച നടത്തും. സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കും. ഒരാഴ്ച്ച കഴിഞ്ഞാല്‍ പതിവുപോലെ എല്ലാവരും തിരഞ്ഞെടുപ്പ് തിരക്കുകളിലേക്ക് തിരിയും. രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും തിരഞ്ഞെടുപ്പ് പ്രചരണവുമായി തിരക്കിലാകും. അങ്ങനെ നൂറ് കണക്കിന് ജീവനുകള്‍ പൊലിഞ്ഞ മറ്റൊരു ദുരന്തം കൂടി ചരിത്രത്തിന്റെ വിസ്മൃതിയില്‍ മറയും.

ഭൂമിയില്‍ നടക്കുന്ന ഭൂരിഭാഗം ദുരന്തങ്ങളുടേയും ഉത്തരാവദി മനുഷ്യനാണ്. മനുഷ്യനുണ്ടാക്കുന്ന ഇത്തരം ദുരന്തങ്ങളോടുള്ള സമൂഹത്തിന്റെ പ്രതികരണങ്ങള്‍ക്ക് എന്നും ഒരേ മുഖമാണ്. ദുരന്തങ്ങളെ 'ഉത്തരവാദിത്തത്തോടെ കൈകാര്യം' ചെയ്യുന്നതില്‍ നേതാക്കള്‍ വ്യാപൃതരായിരിക്കും. മാധ്യമങ്ങളാകട്ടെ, ദുരന്തത്തിന്റെ ഫോളോഅപ് സ്‌റ്റോറികളുമായി അടുത്ത കുറച്ച് ദിവസങ്ങള്‍ തിരക്കിലാകും. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ നൂറ് കണക്കിനാളുകള്‍ കൊല്ലപ്പെട്ട നിരവധി വെടിക്കെട്ട് അപകടങ്ങളാണ് പശ്ചിമ ബംഗാള്‍, തമിഴ്‌നാട് അടക്കമുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നത്. പടക്ക സാമഗ്രികള്‍ പൊട്ടിത്തെറിച്ച് ശിവകാശിയിലും കേരളത്തിലും നിരവധിയാളുകള്‍ കൊല്ലപ്പെടുന്നു. 1990 ല്‍ കൊല്ലം ജില്ലയിലെ മലനടയില്‍ പോരുവഴി പെരുവിരുത്തി ക്ഷേത്രത്തിലെ വെടിക്കെട്ട് ഷെഡ്ഡിലുണ്ടായ അപകടത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ചെറുതും വലുതുമായി നിരവധി വെടിക്കെട്ട് അപകടങ്ങളാണ് കൊല്ലത്ത് നടന്നത്.

കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടിയല്‍ മനുഷ്യനുണ്ടാക്കിയ എത്രയോ ദുരന്തങ്ങള്‍ക്ക് കേരളം സാക്ഷിയായി. 2009 ല്‍ തേക്കടിയിലുണ്ടായ ബോട്ട് ദുരന്തത്തില്‍ 45 പേരുടെ ജീവനാണ് പൊലിഞ്ഞത്. 2011 ല്‍ ശബരിമല പുല്‍മേടില്‍ തിക്കിലും തിരക്കിലും പെട്ട് നൂറോളം തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഓരോ രണ്ട് മണിക്കൂറിലും കേരളത്തില്‍ വാഹനാപകടത്തില്‍ ഒരാള്‍ വീതം കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം മാത്രം കേരളത്തില്‍ നടന്നത് മുപ്പത്തിയൊമ്പതിനായിരം റോഡപകടങ്ങളാണ്. ഇതില്‍ ഇരുപത്തിയൊമ്പതിനായിരം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ തന്നെ ഒമ്പതിനായിരത്തോളം പേര്‍ ഗുരതരമായി പരിക്കേറ്റവരാണ്. ഒരു വര്‍ഷം ശരാശരി 4200 പേരാണ് റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നതെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

രാജ്യത്തെ മികച്ച സംസ്ഥാനങ്ങളിലൊന്നായി കരുതപ്പെടുന്ന കേരളമാണ് ഇത്തരം മനുഷ്യ നിര്‍മിതമായ അപകടങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. വിദ്യാഭ്യാസത്തിലും തൊഴിലവസരങ്ങളിലും രാഷ്ട്രീയത്തിലും മുന്‍നിരയില്‍ നില്‍ക്കുന്ന സംസ്ഥാനത്തില്‍ അശ്രദ്ധയും അലസതയും മൂലം വന്‍ ദുരന്തങ്ങള്‍ ഉണ്ടാകുന്നു എന്നത് വിരോധാഭാസമാണ്. ദുരന്തങ്ങളോടുള്ള കേരളത്തിലെ മാധ്യമങ്ങളുടെ ഇടപെടലുകളും രാഷ്ട്രീയ നേതാക്കളുടെ ദ്രുതഗതിയിലുള്ള പ്രതികരണങ്ങളെയും മനസ്സിലാക്കികൊണ്ടു തന്നെ പറയട്ടെ, കേരള സമൂഹം അങ്ങേയറ്റത്തെ ഹൃദയശൂന്യരാണ്. സ്വന്തം സുരക്ഷിതത്വം ഉറപ്പാക്കി ഒന്നുമറിയാതെ സുഖകരമായ മയക്കത്തിലാണ് ഭരണവര്‍ഗവും സമൂഹവും. ദുരന്തങ്ങള്‍ക്കെതിരെയുള്ള മുന്‍കരുതലുകളെടുക്കാനോ ചെറുക്കാനോ തയ്യാറാകാത്ത ഒരു സമൂഹമായി നാം മാറിയിരിക്കുന്നു.

തേക്കടി ബോട്ട് ദുരന്തമുണ്ടായ സമയത്ത് സുരക്ഷയുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ചര്‍ച്ചകളായിരുന്നു നടന്നിരുന്നത്. ബോട്ടുകളുടെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് ധ്രുതപരിശോധന നടത്തിയാല്‍ ഗുരുതരമായ സുരക്ഷാ വീഴ്ച്ചകളാവും കണ്ടെത്തുക. പെരുവിരുത്തി ക്ഷേത്രത്തില്‍ അപകടമുണ്ടായപ്പോഴും സുരക്ഷാ ഉറപ്പാക്കുന്നതിനെ കുറിച്ചുള്ള കനപ്പെട്ട ചര്‍ച്ചകള്‍ നടന്നു. പക്ഷേ, വൈകാതെ മാധ്യമങ്ങളും സര്‍ക്കാരും പൊതുസമൂഹവും തങ്ങളുടെ സ്വതസിദ്ധമായ മറവിയിലേക്ക് ചുരുണ്ടുകൂടി. അപകടത്തിന്റെ ഉത്തരവാദിത്തം ആരുടെയെങ്കിലും തലയില്‍ കെട്ടിവെച്ച് പടക്കനിര്‍മാണവും വെടിക്കെട്ടും നിരോധിക്കണമെന്ന് ആക്രോശിച്ച് കാടടച്ച് വെടിവെക്കുകയാണ് നാം.

ഇത്തരം ചടങ്ങുകളില്‍ ദുരന്തം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും അതിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തുകയുമാണ് വേണ്ടത്. 2012 ല്‍ കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന ദുരന്ത നിവാരണത്തെ കുറിച്ചും ദുരന്തത്തെ നേരിടാന്‍ സന്നദ്ധരാകുന്നതിനെയും കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം നടത്തിരുന്നു. സമ്മേളനം നടത്തുന്നതില്‍ ഈ ലേഖകനും പങ്കാളിയായിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികളെല്ലാം കാര്യക്ഷമമായ നിരവധി മുന്‍കരുതല്‍ നടപടികളെ കുറിച്ച് അന്ന് വ്യക്തമാക്കിയിരുന്നു. പഞ്ചായത്ത്-മുന്‍സിപ്പാലിറ്റി തലത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ ഒരുക്കുന്നതിനെ കുറിച്ച് അന്ന് ഞാന്‍ പറഞ്ഞിരുന്നു. ദുരന്തം നേരിടാനും സുരക്ഷാ മുന്‍കരുതലുകള്‍ക്കുമായി പ്രാദേശിക തലത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ നിയോഗിക്കണമെന്നായിരുന്നു പ്രധാന നിര്‍ദേശം. കൂടാതെ പോലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് എല്ലാവര്‍ക്കും നിര്‍ബന്ധമായും പരിശീലനം നല്‍കണമെന്നും നിര്‍ദേശിച്ചു. കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടയില്‍ രാജ്യത്ത്, പ്രത്യേകിച്ച് കേരളത്തില്‍ ബഹുനില കെട്ടിടങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇതില്‍ പല ബഹുനില കെട്ടിടങ്ങളിലും അഗ്നിബാധ പോലുള്ള ദുരന്തങ്ങളുണ്ടായാല്‍ നേരിടാനാവശ്യമായ യാതൊരു സന്നാഹങ്ങളും ഒരുക്കിയിട്ടില്ല. 2012 ഞാന്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളോ ബഹുനില കെട്ടിടങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങളോ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

പുറ്റിങ്ങല്‍ ദുരന്തമുണ്ടായ ഉടനെ ഉയര്‍ന്ന് അപക്വമായ ആവശ്യമാണ് കേരളത്തിലെ പടക്ക നിര്‍മാണവും വെടിക്കെട്ടും നിരോധിക്കണമെന്നത്. ഈ വിഷയത്തിലെ യഥാര്‍ത്ഥ വില്ലന്‍ കരിമരുന്നോ കരിമരുന്ന് പ്രയോഗമോ അല്ല. ദുരന്തങ്ങള്‍ നേരിടാനുള്ള മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാരും പൊതുസമൂഹവും പുലര്‍ത്തുന്ന നിരുത്തരവാദപരമായ അലസതയാണ് യഥാര്‍ത്ഥ വില്ലന്‍. നയനമനോഹരമായ കലാരൂപമാണ് കരിമരുന്ന് പ്രയോഗം. ഏഴാം നൂറ്റാണ്ടില്‍ ചൈനയിലാണ് ഇതിന്റെ ആവിര്‍ഭാവം. ക്ഷേത്രങ്ങളിലെ ദുരാത്മാക്കളെ അകറ്റുക എന്ന സങ്കല്‍പ്പത്തില്‍ നിന്നാണ് ചൈനയില്‍ കരിമരുന്ന് പ്രയോഗം ആരംഭിക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പേയുള്ള ചൈനയുമായുള്ള കച്ചവട ബന്ധത്തിലൂടെയായിരിക്കണം കരിമരുന്ന് പ്രയോഗം കേരളത്തിലേക്ക് എത്തുന്നത്. കേരളത്തില്‍ ക്ഷേത്രോത്സവങ്ങളുടെ ഭാഗമായുള്ള കരിമരുന്ന് പ്രയോഗം ഒരുപക്ഷേ, ചൈനയിലെ വിശ്വാസത്തില്‍ നിന്നും ലഭിച്ചതാവാം. എട്ടാം നൂറ്റാണ്ടുമുതല്‍ 14ാം നൂറ്റാണ്ടു വരെ ചൈനയും കേരളവും തമ്മിലുള്ള വാണിജ്യ ബന്ധത്തില്‍ കൊല്ലം തുറമുഖത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു എന്നത് ഈ നിഗമനത്തിന് ആക്കം കൂട്ടുന്നു. കേരളത്തിലെ കല, വാസ്തുശാസ്ത്രം, ഭക്ഷണം എന്നിവയില്‍ ചൈനീസ് സംസ്‌കാരത്തിന്റെ വലിയ രീതിയിലുള്ള സ്വാധീനമുണ്ട്.

കരിമരുന്ന് നിരോധനം എന്ന കാടടച്ച് വെടിവെക്കലിനേക്കാള്‍ കേരളത്തില്‍ പ്രായോഗികമായത് കരിമരുന്ന് നിര്‍മാണത്തിലും പ്രയോഗത്തിലും കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ച് വലിയ ദുരന്തങ്ങള്‍ ഒഴിവാക്കുക എന്നതാണ്. ഇന്ന് കേരളത്തില്‍ നടക്കുന്ന കരിമരുന്ന് നിര്‍മാണങ്ങളില്‍ ബഹുഭൂരിപക്ഷവും കുടില്‍ വ്യവസായമോ കുടുംബാംഗങ്ങള്‍ മുഴുവന്‍ പങ്കാളികളാകുന്ന തൊഴിലോ ആണ്. ശാസ്ത്രീമായ രീതിയിലുള്ള പടക്ക നിര്‍മാണമല്ല പലയിടത്തും നടക്കുന്നത്. ശാസ്ത്രീയമായ പരിശീലനം ഈ തൊഴില്‍ മേഖലയില്‍ നല്‍കുക എന്നതാണ് പ്രായോഗികമായി ചെയ്യാവുന്ന കാര്യം. പടക്കനിര്‍മാണത്തിന് ലൈസന്‍സ് നല്‍കുന്നതിന് ചുരുങ്ങിയത് ആറ് മാസത്തെ നിര്‍ബന്ധിത പരിശീലനവും ദിനംപ്രതിയുള്ള പരിശീലനവും നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കണം. പടക്ക നിര്‍മാണ വ്യവസായത്തില്‍ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമായി പരിശോധിക്കുകയും ശബ്ദമലിനീകരണം ഉള്‍പ്പെടെയുള്ള പരിസ്ഥിതി മലിനീകരണങ്ങള്‍ പരമാവധി കുറക്കാനും വേണ്ട നടപടികളാണ് സ്വീകരിക്കേണ്ടത്. കരിമരുന്ന് പ്രയോഗിക്കുമ്പോള്‍ കാഴ്ച്ചക്കാര്‍ കൃത്യമായ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വെടിമരുന്ന് സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനങ്ങളും ഒരുക്കി സുരക്ഷിതമായ രീതിയില്‍ വെടിക്കെട്ട് ആസ്വദിക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കേണ്ടതുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള കരിമരുന്ന് പ്രയോഗത്തിന്റെ ഭംഗി ആസ്വദിക്കാനുള്ള അവസരം ഈ ലേഖകന് ലഭിച്ചിട്ടുണ്ട്. ഞാന്‍ താമസിക്കുന്ന നോര്‍വേയിലാണ് ഏറ്റവും വലിയ കരിമരുന്ന് പ്രയോഗം കണ്ടത്. ബീജിംഗ് ഒളിമ്പിക്‌സില്‍ കരിമരുന്ന് പ്രയോഗത്തിന്റെ ദൃശ്യവിസ്മയം നാം ആസ്വദിച്ചാണ്. സിങ്കപ്പൂരിലേയും ജപ്പാനിലേയും കരിമരുന്ന് പ്രയോഗം ലോകപ്രശസ്തമാണ്. ഈ രാജ്യങ്ങളിലെല്ലാം കൃത്യമായ മുന്നൊരുക്കങ്ങളും സുരക്ഷയും ഉറപ്പുവരുത്തിയാണ് കരിമരുന്ന് പ്രയോഗം നടത്തുന്നത്. കരിമരുന്ന് പ്രയോഗത്തില്‍ ഒരുക്കുന്ന സുരക്ഷയില്‍ ഈ രാജ്യങ്ങളുമായി കേരളത്തെ താരതമ്യം ചെയ്യാന്‍ പോലും സാധിക്കില്ല. മറ്റൊരു പ്രധാനപ്പെട്ട കാര്യം, കേരളത്തിലെ കരിമരുന്ന് പ്രയോഗങ്ങള്‍ ക്ഷേത്രാചാരവും പാരമ്പര്യവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഉത്സവം പോലെ ജനങ്ങള്‍ തിങ്ങി നിറഞ്ഞ് നില്‍ക്കുന്നയിടത്ത് കരിമരുന്ന് പ്രയോഗിക്കുന്നതിന്റെ യുക്തിയെ ചോദ്യം ചെയ്ത് വിശ്വാസികളെ സമീപിക്കാനാവില്ല. ഇപ്പോഴുണ്ടായ ദുരന്തത്തില്‍ ഇത്തരം സുരക്ഷാ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി ഇത്തരം യുക്തിപരമായ ചോദ്യങ്ങള്‍ ചോദിക്കുന്നവരെ 'വര്‍ഗീയവാദി'യായി ചിത്രീകരിക്കുമെന്നതിനാല്‍ പലരും മൗനം പാലിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. ഇനിയെങ്കിലും കരിമരുന്ന് പ്രയോഗത്തില്‍ കൃത്യമായ സുരക്ഷയും മുന്‍കരുതലകളും സ്വീകരിക്കുക എന്നതാണ് ഇത്തരം ദുരന്തങ്ങളില്‍ ഇരയായവരോട് നീതി പുലര്‍ത്താന്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏക കാര്യം. പഞ്ചായത്ത്-മുന്‍സിപ്പാലിറ്റി-കോര്‍പ്പറേഷന്‍ തലങ്ങളില്‍ ഇതിനായുള്ള മുന്‍കരുതലുകള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്.

by: John Samuel
(John Samuel, a former International Director of Action aid has coordinated the disaster response to the Asian Tsunami. He is presently the International Consulting Adviser to the UN Agencies and other international development organisations)

Read More >>