ഇരുപത് ദിവസം കൊണ്ട് തിരുവനന്തപുരത്തിന് മാറ്റത്തിന്റെ മുഖം കൊണ്ട് വരും : എസ്.ശ്രീശാന്ത്‌

അഞ്ച് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിന് കൂടി കേരളം സാക്ഷിയാകാന്‍ ഒരുങ്ങുമ്പോള്‍ തലസ്ഥാന നഗരിയിലെ ആര് നയിക്കുമെന്ന ചോദ്യം പ്രസക്തമാണ്

ഇരുപത് ദിവസം കൊണ്ട് തിരുവനന്തപുരത്തിന് മാറ്റത്തിന്റെ മുഖം കൊണ്ട് വരും : എസ്.ശ്രീശാന്ത്‌

sree-1

നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കേരളം മുഴുവന്‍ ഉറ്റുനോക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് പഴയ തിരുവനന്തപുരം വെസ്റ്റും ഈസ്റ്റും ചേര്‍ത്ത് ഉണ്ടാക്കിയ തിരുവനന്തപുരം സെന്‍ട്രല്‍. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പായി രൂപികരിച്ച മണ്ഡലത്തിലെ ഇപ്പോഴത്തെ ജനപ്രതിനിധി കോണ്‍ഗ്രസ് നേതാവും ആരോഗ്യ വകുപ്പ് മന്ത്രിയും കൂടിയായ വിഎസ് ശിവകുമാറാണ്.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിന് കൂടി കേരളം സാക്ഷിയാകാന്‍ ഒരുങ്ങുമ്പോള്‍ തലസ്ഥാന നഗരിയിലെ ആര് നയിക്കുമെന്ന ചോദ്യം പ്രസക്തമാണ്. യുഡിഎഫിന് വേണ്ടി ശിവകുമാര്‍ രണ്ടാം അങ്കത്തിന് ഒരുങ്ങുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി രംഗത്ത് ഇറക്കിയിരിക്കുന്നത് ആന്റണി രാജുവിനെയാണ്. കേരളത്തില്‍ ഇത്തവണയെങ്കിലും അക്കൗണ്ട്‌ തുറക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ ബിജെപി അവതരിപിക്കുന്നത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം കൂടിയായ എസ്.ശ്രീശാന്തിനെയാണ്. ഈ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും കൂടുതല്‍ വോട്ട് നേടിയ മണ്ഡലത്തില്‍ ഇത്തവണ വിജയ കൊടി നാട്ടും എന്ന തികഞ്ഞ പ്രതീക്ഷയിലാണ് ശ്രീശാന്തും ബിജെപി പ്രവര്‍ത്തകരും.


തിരക്കിട്ട തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കിടയില്‍ ശ്രീശാന്ത് നാരദ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ നിന്നും...

 • എന്ത് കൊണ്ട് രാഷ്ട്രീയത്തിലേക്ക്?


2011ല്‍ എന്റെ ക്രിക്കറ്റ് കരിയര്‍ ഏതാണ്ട് അവസാനിച്ചതാണ്. പരിക്ക് കാരണം ഇനി ഒരു മടങ്ങി വരവ് ഉണ്ടാവില്ലയെന്ന്‍ തന്നെ ഉറപ്പിച്ചിരുന്നു. ഈ സമയത്ത് എനിക്ക് ബിജെപി മഹാരാഷ്ട്രയില്‍ നിന്നും ലോകസഭയിലേക്ക് മത്സരിക്കാന്‍ അവസരം നല്‍കി. പക്ഷെ അന്ന് ഞാന്‍ ആ അവസരം സ്നേഹപൂര്‍വ്വം നിരസിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് താരം എന്ന നിലയില്‍ ലോകസഭയില്‍ എത്തുന്നതിനെക്കാള്‍ എനിക്ക് താല്‍പര്യം ഒരു മലയാളിയെന്ന നിലയില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനാണ്.

sreeeee

 • ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് ബിജെപിയിലേക്ക്?


ഞാന്‍ മുന്‍പ് പറഞ്ഞല്ലോ, ഇന്ത്യന്‍ ടീമില്‍ സജീവമായിയിരുന്നപ്പോഴേ എനിക്ക് ബിജെപിയുമായി അടുത്ത ബന്ധമുണ്ട്. ബിജെപി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്‍പും എനിക്ക് അവസരം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സ്വന്തം നാട്ടില്‍ ഇങ്ങനെ ഒരു അവസരം വന്നപ്പോള്‍ ഞാന്‍ സ്വീകരിച്ചു.

 • ആദ്യം പറഞ്ഞു കേട്ടത് ശ്രീശാന്ത് തൃപ്പൂണിത്തുറ മത്സരിക്കുമെന്നാണ്. എന്നാല്‍ പിന്നീട് ശ്രീശാന്തിനെ കാണുന്നത് തിരുവനന്തപുരത്തും.


ഒരിക്കലും ഇന്ന സ്ഥലത്ത് മത്സരിക്കണമെന്ന് ഞാന്‍ പാര്‍ട്ടിയോട് പറഞ്ഞിട്ടില്ല. ഞാന്‍ ആദ്യ പരിഗണന നല്‍കുന്നത് ജനങ്ങള്‍ക്കാണ്, പിന്നെ പാര്‍ട്ടിക്ക്, ഒടുവില്‍ മാത്രമാണ് എനിക്ക് എന്റെ കുടുംബം. പാര്‍ട്ടി എന്നോട് ആവശ്യപ്പെട്ടത് തിരുവനന്തപുരത്ത് മത്സരിക്കാനാണ്. പാര്‍ട്ടി പറയുന്നിടത് മത്സരിക്കുകയെന്നത് മാത്രമാണ് എന്റെ കടമ.

 • ശ്രീശാന്ത് തിരുവനന്തപുരത്ത് മത്സരിക്കണം എന്നത് പാര്‍ട്ടിയുടെ നിര്‍ബന്ധമായിരുന്നോ?


കേരളത്തില്‍ എവിടെയാണെങ്കിലും മത്സരിക്കാന്‍ ഞാന്‍ ഒരുക്കമായിരുന്നു. കേരളത്തില്‍ എവിടെ മത്സരിച്ചാലും വിജയിക്കുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. മലയാളികള്‍ എല്ലാം എന്നെ സ്നേഹിക്കുന്നുണ്ട്, അവരുടെയെല്ലാം പിന്തുണ എനിക്കുണ്ട്. അത് കൊണ്ട് തന്നെ ഞാന്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്.

 • തിരുവനന്തപുരം എംഎല്‍എ ആയാല്‍ ശ്രീശാന്തില്‍ നിന്നും തിരുവനന്തപുരം പ്രതീക്ഷിക്കേണ്ടത് എന്താണ്?


തിരുവനന്തപുരം ഇന്ന് ഏറ്റവും അധികം നേരിടുന്ന പ്രശ്നമെന്ന് പറയുന്നത് മലിനീകരണം തന്നെയാണ്. 'കീപ്‌ ദി സിറ്റി ക്ലീന്‍' എന്ന മുദ്രവാക്യം ഉയര്‍ത്തി പിടിച്ചുകൊണ്ടാകും എന്റെ പ്രവര്‍ത്തനങ്ങള്‍.മോഡിജിയുടെ ആശയമായ ' സ്വച്ച് ഭാരത്‌' തിരുവനന്തപുരത്ത് എത്രയും വേഗം നടപ്പിലാക്കും. ഇവിടത്തെ ഓടകളും അഴുക്ക് ചാലുകളുമാണ് മറ്റൊരു വിഷയം. കോടികള്‍ മുടക്കി നടപ്പിലാക്കിയ പല പദ്ധതികളുടെയും അവസ്ഥയെന്താണ് എന്ന് നമുക്കറിയാം. തിരുവനന്തപുരത്തെ റോഡുകളും പാര്‍ക്കിംഗ് ഏരിയകളും കൂടുതല്‍ നവീകരിക്കും.

ഇതിനെല്ലാം ഉപരി, തിരുവനന്തപുരത്തെ തീരപ്രദേശ മേഘലകള്‍ നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങള്‍ ഉണ്ട്. അവരുടെ കുടിവെള്ള പ്രശ്നം തന്നെയാണ് ഇതില്‍ ഏറ്റവും വലുത്. ഒരു മറ പോലുമില്ലാത്ത ചെറു വീടുകളിലാണ് അവര്‍ താമസിക്കുന്നത്. അവരിലേക്ക് കൂടുതല്‍ വികസനം എത്തിക്കണം.

 • തീര പ്രദേശ മേഘലകളില്‍ ലക്ഷ്യം വയ്ക്കുന്നത് എന്താണ്?


കേരളത്തിലെ ഏറ്റവും ആരോഗ്യവാന്മാരായ ചെറുപ്പകാര്‍ തീരാദേശ മേഘലകളില്‍ നിന്നുമാണ്. അവിടെ കടലില്‍ നീന്തി കളിക്കുന്നവരും, തീരത്ത് ഫുട്ബോളും ക്രിക്കറ്റും ഒക്കെ കളിക്കുന്നവരും ഒക്കെ നാളത്തെ കായിക താരങ്ങള്‍ ആവേണ്ടവരാണ്. അവര്‍ക്ക് വേണ്ടി ഒരു സ്പോര്‍ട്സ് അക്കാദമി തന്നെ സ്ഥാപിക്കേണ്ടിയിരിക്കുന്നു. ബിജെപി കേന്ദ്രം ഭരിക്കുന്നിടത്തോളം കാലം ഇതൊക്കെ ഒരു ബുദ്ധിമുട്ടുമില്ലാതെ നേടിയെടുക്കാന്‍ നമുക്ക് സാധിക്കും.

 • തിരുവനന്തപുരത്തെ കായിക രംഗത്തിന് വേണ്ടി ശ്രീശാന്ത് എന്ത് ചെയ്യും?


തിരുവനന്തപുരത്ത് ഒരു സ്പോര്‍ട്സ് സിറ്റി. അതാണ്‌ എന്റെ വാഗ്ദാനം. ക്രിക്കറ്റ്, ഫുട്ബോള്‍, തുടങ്ങി എല്ലാ കായിക ഇനങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു സ്പോര്‍ട്സ് സിറ്റി തന്നെയാണ് എന്റെ ലക്‌ഷ്യം.

 • അഞ്ച് വര്‍ഷങ്ങള്‍ക്ക് അപ്പുറം ശ്രീശാന്ത് എത്തിയിടത് സഞ്ജുവിനേയും കലൂര്‍ എത്തിയയിടത് ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിനേയും എത്തിക്കാന്‍ സാധിക്കുമോ?


തീര്‍ച്ചയായിട്ടും. അഞ്ചു വര്‍ഷം ഒന്നും വേണമെന്നില്ല. മോഡിജിയേയും അമിത് ഷായേയും ഒക്കെ പ്രതിനിധീകരിച്ചാണ് ഞാന്‍ ഇവിടെ മത്സരിക്കുന്നത്. ഞാന്‍ ജയിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഈ വാഗ്ദാനങ്ങള്‍ ഒക്കെ നടത്തും. ഫലം വരുന്ന  പത്തൊന്‍പതാം തീയതി മുതല്‍ തന്നെ നടപടികള്‍ ക്രമങ്ങള്‍  ആരംഭിക്കും. അഞ്ചു വര്‍ഷങ്ങള്‍ ഒന്നും വേണ്ട, കേവലം 20 ദിവസങ്ങള്‍ കൊണ്ട് എനിക്ക് ഇവിടെ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കും. കായിക രംഗത്ത് ചെയ്യേണ്ടതിനേക്കാള്‍ കാര്യങ്ങള്‍ എനിക്ക് വേറെ ഒരുപാട് ഇവിടെ ചെയ്യാന്‍ ഉണ്ട്.

 • സെലിബ്രേറ്റിയില്‍ നിന്നും ജനനായകനാകാനുള്ള യാത്ര.എങ്ങനെ നോക്കി കാണുന്നു?


മുന്‍പ് ഇന്ത്യന്‍ ടീമില്‍ സജീവമായിരുന്ന സമയം മുതല്‍ ഒരിക്കലും ഒരു സെലിബ്രേറ്റി എന്ന മനോഭാവം എനിക്ക് ഉണ്ടായിരുന്നില്ല.പണ്ട് മുതലേ എന്നെ കൊണ്ട് ആകും വിധം ജനങ്ങളിലേക്ക് എത്തിയിരുന്നു. അനാഥാലയങ്ങളിലും, വൃദ്ധ സാധനങ്ങളിലുമെല്ലാം ഞാന്‍ സജീവ സാനിധ്യമായിരുന്നു. ഇതുവരെ ഞാന്‍ ഇത് ഒന്നും പറഞ്ഞിരുന്നില്ല. പക്ഷെ ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോള്‍ ഇതൊന്നും പറയാതെമുന്നോട്ട് പോകാന്‍ പറ്റാത്ത അവസ്ഥയായി.

 • ജയിച്ചു എംഎല്‍എയായ ശേഷം വിലക്ക് മാറിയാല്‍ വീണ്ടും ശ്രീശാന്ത് എംഎല്‍എ ക്രിക്കറ്റിലേക്ക് മടങ്ങി വരുമോ?


ഇപ്പോള്‍ ഞാന്‍ ക്രിക്കറ്റിനെ പറ്റി ഒന്നും ചിന്തിക്കുന്നില്ല. ഇപ്പോള്‍ എന്റെ ലക്ഷ്യം കേന്ദ്ര സര്‍ക്കാരും കേരളവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുകയെന്നത് മാത്രമാണ്. ഇപ്പോള്‍ ഞാന്‍ ജനങ്ങളിലും പാര്‍ട്ടിയിലും മാത്രം ഒതുങ്ങി നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. ക്രിക്കറ്റിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. ഭാവിയില്‍ ചിന്തിച്ചുകൂടായെന്നുമില്ല.

srrez

2007 ലോകകപ്പ്‌ ഫൈനലില്‍ അവസാന ഓവറില്‍ ആ ക്യാച്ച് എടുക്കും മുന്‍പുള്ള കുറച്ചു നിമിഷങ്ങള്‍...16ന് തിരഞ്ഞെടുപ്പ് കഴിഞ്ഞു 19ന് ഫലം വരും മുന്‍പുള്ള നിമിഷങ്ങള്‍.. ഏതിനാകും കൂടുതല്‍ ടെന്‍ഷന്‍?

ഇടയ്ക്ക് എനിക്ക് ഒരു മെസ്സേജ് വന്നിരുന്നു, ശ്രീശാന്തിന്റെ കൈകളില്‍ ഇന്ത്യ സുരക്ഷിതം, ഇപ്പോള്‍ ശ്രീശാന്തിന്റെ കൈകളില്‍ തിരുവനന്തപുരം സുരക്ഷിതമായിരിക്കും. എനിക്ക് ടെന്‍ഷന്‍ ഒന്നുംമില്ല. ശ്രീശാന്ത് എന്ന സെലിബ്രേറ്റിയെയല്ല മറിച്ച് ബിജെപിയുടെ സ്ഥാനാര്‍ഥിയെയാണ് ജനങ്ങള്‍ ഇവിടെ തിരഞ്ഞെടുക്കുന്നത്. ബിജെപി ഇവിടെ ജയിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. മാറി മാറി വരുന്ന എല്‍ഡിഎഫ്-യുഡിഎഫ് ഭരണത്തെ വെറുക്കുന്ന ഒരു വലിയ ജനസമൂഹം തന്നെ ഇവിടെയുണ്ട്. അവര്‍ ബിജെപിയുടെ കൂടെയുണ്ടാകും.

 • ശ്രീശാന്ത് ജയിച്ചു, ബിജെപി അധികാരത്തില്‍ എത്തി താങ്കള്‍ ഒരു മന്ത്രിയായല്‍ ഇത് വകുപ്പ് തിരഞ്ഞെടുക്കും?


എനിക്ക് ഒരു വകുപ്പും വേണ്ട. പാര്‍ട്ടി തീരുമാനിക്കുന്നത് ഏതോ, ആ വകുപ്പ് ഞാന്‍ സ്വീകരിക്കും.  ഏത് വകുപ്പ് ആയാലും മികച്ച ഭരണം കാഴ്ച വയ്ക്കാന്‍ സാധിക്കും എന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്.

 • സിനിമ താരങ്ങള്‍ സ്ഥാനാര്‍ഥികളാണ്, അവര്‍ക്ക് വേണ്ടി മറ്റു താരങ്ങള്‍ പ്രചാരണത്തിന് എത്തുന്നു. അത് പോലെ ശ്രീശാന്തിന് വേണ്ടി ആരൊക്കെ എത്തുന്നു?


ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ ഉടന്‍ തന്നെ എത്തുന്നുണ്ട്. ഐപിഎല്‍ നടക്കുന്നത് കൊണ്ട് മറ്റാരും എത്തുന്നില്ല.പിന്നെ കുറച്ചു പൈസ കൊടുത്ത് വമ്പന്‍ താരങ്ങളെ കൊണ്ട് വന്നു വോട്ട് തേടുന്നതിലും എനിക്ക് ഇഷ്ടം നേരിട്ട് ഓരോരുത്തരെയും കണ്ടു വോട്ട് ചോദിക്കാനാണ്.

 • തിരഞ്ഞെടുപ്പിന് ശേഷം ഫലം എന്തായാലും തിരുവനന്തപുരത്ത് ഉണ്ടാവുമോ?


തീര്‍ച്ചയായും. ഞാന്‍ ഇനി തിരുവനന്തപുരത്ത് ഉണ്ടാകും. ജയമായാലും തോല്‍വിയായാലും ഇനി ഞാന്‍ തിരുവനന്തപുരത്തെ സജീവ സാനിധ്യം തന്നെയായിരിക്കും. ഇവിടെ ഞാന്‍ സ്വന്തമായി ഒരു വീട് എടുത്ത് കഴിഞ്ഞു.

(ചോദ്യങ്ങള്‍ അവസാനിച്ചിരുന്നില്ല, ഇനിയുള്ള ചോദ്യങ്ങള്‍ക്ക് 19ന് ശേഷം മറുപടി പറയാം, ഞാന്‍ ഇവിടെ തന്നെയുണ്ടല്ലോ എന്ന് പറഞ്ഞുകൊണ്ട് ശ്രീശാന്ത് വീണ്ടും പ്രചാരണ ചൂടിലേക്ക്)