ബിജെപിയുടെ ന്യൂനപക്ഷ പ്രീണനം തുടരുന്നു; ആദ്യം കാന്തപുരം ഇപ്പോള്‍ ബിഷപ്പ്

പാലക്കാട്: തിരഞ്ഞെടുപ്പ് അടുത്തതോടെ ന്യൂനപക്ഷ വോട്ടിനായി ബിജെപി സ്ഥാനാര്‍ത്ഥികളും രംഗത്ത്. മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍...

ബിജെപിയുടെ ന്യൂനപക്ഷ പ്രീണനം തുടരുന്നു; ആദ്യം കാന്തപുരം ഇപ്പോള്‍ ബിഷപ്പ്

shobha-surendran-visit

പാലക്കാട്: തിരഞ്ഞെടുപ്പ് അടുത്തതോടെ ന്യൂനപക്ഷ വോട്ടിനായി ബിജെപി സ്ഥാനാര്‍ത്ഥികളും രംഗത്ത്. മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ കാന്തപുരം അബൂബക്കര്‍ മുസ്ല്യാരെ സന്ദര്‍ശിച്ചതിന് പിന്നാലെ പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സഹായമഭ്യര്‍ത്ഥിച്ച് പാലക്കാട് അതിരൂപതാ ബിഷപ്പ് മാര്‍ജേക്കബ് മാനത്തോടത്തിലിനെ സന്ദര്‍ശിച്ചു.

ലോകസഭയിലെ ബിജെപി നാമനിര്‍ദേശം ചെയ്ത ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി റിച്ചാര്‍ഡ് ഹേയുമൊത്ത് ഇന്നലെ ഉച്ചയോടെയാണ് നേതാക്കള്‍ അതിരൂപതയിലെത്തിയത്.


എല്ലാ രാഷ്ട്രീയ നേതാക്കളേയും പോലെ തികച്ചും സൗഹൃദ സന്ദര്‍ശനം എന്നായിരുന്നു ശോഭാ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാലും വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ നോട്ടമിട്ട് തന്നെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ സന്ദര്‍ശനമെന്നാണ് അതിരൂപതയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അതിനാലാണ് മാഹി സ്വദേശിയും ബിഷപ്പുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന റിച്ചാര്‍ഡ് ഹേയുമൊത്ത് ശോഭാ സുരേന്ദ്രന്‍ അതിരൂപതയിലെത്തിയത്.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച വിമോചന യാത്രയുടെ ഭാഗമായി മതന്യൂനപക്ഷ സമുദായ നേതക്കളുമായി ധാരണയക്ക് ശ്രമിച്ചിരുന്നു. ഉത്തരേന്ത്യയില്‍ കടുത്ത ന്യൂനപക്ഷ വിരുദ്ധ സമീപനം സ്വീകരിക്കുന്ന ബിജെപിക്ക് കേരളത്തില്‍ മതന്യൂനപക്ഷങ്ങളുടെ പിന്തുണയില്ലാതെ വിജയിക്കാനാകില്ലെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തിയിരുന്നു. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ മറ്റ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും മതമേലധ്യക്ഷന്മാരെ സന്ദര്‍ശിക്കുമെന്നാണ് ലഭിക്കുന്ന വിവരം.