എയിഡഡ് മേഖലയില്‍ നിയമന കൊള്ള നടത്താന്‍ അവസരം തുറന്നുകൊടുത്ത് സംസ്ഥാന സര്‍ക്കാര്‍

തെരഞ്ഞെടുപ്പിന് മുന്നോടിയായി സമുദായ സംഘടനകളെ രപീണിപ്പിക്കാനും അതുവഴി വന്‍ നിയമനക്കൊള്ളയ്ക്ക് വഴിയൊരുക്കിയും സര്‍ക്കാര്‍. എയിഡഡ് മേഖലയില്‍ വന്‍തോതില്‍ ...

എയിഡഡ് മേഖലയില്‍ നിയമന കൊള്ള നടത്താന്‍ അവസരം തുറന്നുകൊടുത്ത് സംസ്ഥാന സര്‍ക്കാര്‍

school

തെരഞ്ഞെടുപ്പിന് മുന്നോടിയായി സമുദായ സംഘടനകളെ രപീണിപ്പിക്കാനും അതുവഴി വന്‍ നിയമനക്കൊള്ളയ്ക്ക് വഴിയൊരുക്കിയും സര്‍ക്കാര്‍. എയിഡഡ് മേഖലയില്‍ വന്‍തോതില്‍ അധ്യാപക തസ്തിക സൃഷ്ടിച്ച് നിയമന കൊള്ള നടത്താനുള്ള അവസരമാണ് സര്‍ക്കാര്‍ സമുദായസംഘടനകള്‍ക്ക് തുറന്നുകൊടുത്തിരിക്കുന്നത്. അതിനായി അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറച്ച് സര്‍ക്കാര്‍ ഉത്തരവായിരിക്കുകയാണ്.

ഇതു സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിജ്ഞാപനമിറക്കിക്കഴിഞ്ഞു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മംഗളമാണ് പുറത്തുകൊണ്ടു വന്നിരിക്കുന്നത്. എല്‍.പിയില്‍ 1:30, യു.പിയില്‍ 1:35 എന്നിങ്ങനെയാണ് അനുപാതം കുറച്ചിരിക്കുന്നത്. 1-5 ക്ലാസുകളില്‍ 30 കുട്ടികള്‍ക്ക് ഒരധ്യാപകന്‍ എന്നതാണ് അടിസ്ഥാന അനുപാതം. 31-60 കുട്ടികളുണ്ടെങ്കില്‍ രണ്ടു ഡിവിഷനും 61-90 കുട്ടികള്‍ക്കു മൂന്നു ഡിവിഷനും മൂന്നു തസ്തികയുമുണ്ടാകും. 91-120 വരെ കുട്ടികള്‍ക്കു നാലു ഡിവിഷനും 121-200 വരെ അഞ്ചു ഡിവിഷനുമുണ്ടാകും. 201-240 വരെ ആറു ഡിവിഷനും 241-280 വരെ ഏഴു ഡിവിഷനുമെന്നതാണ് കണക്ക്.


യു.പിയില്‍ (ആറാം ക്ലാസ് മുതല്‍ എട്ടുവരെ) 35 കുട്ടികള്‍ക്ക് ഒരധ്യാപകന്‍ എന്നതാണ് അനുപാതം. 36-70 വരെ കുട്ടികള്‍ക്കു രണ്ടു ഡിവിഷന്‍. 71-105 വരെ മൂന്നു ഡിവിഷന്‍, 106-140 വരെ നാലു ഡിവിഷന്‍, 141-175 വരെ അഞ്ചു ഡിവിഷന്‍. 1-4 ക്ലാസുകളുള്ള എല്‍.പി. സ്‌കൂളില്‍ 150-ല്‍ അധികം കുട്ടികളുണ്ടെങ്കിലും 5-7 ക്ലാസുകളുള്ള യു.പിയില്‍ നൂറിലധികം കുട്ടികളുണ്ടെങ്കിലും പ്രധാനാധ്യാപകരെ ക്ലാസ് ചുമതലയില്‍നിന്ന് ഒഴിവാക്കും. പകരം ഈ തസ്തികകളില്‍ സംരക്ഷിത അധ്യാപകരെ നിയമിക്കണമെന്നു വിജ്ഞാപനത്തില്‍ നിര്‍ദേശിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ കഴിഞ്ഞ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്നേ തന്നെ മാനേജ്‌മെന്റുകള്‍ക്ക് നിയമനം നടത്താനാവുന്ന വിധമാണ് കാര്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. മേയ് ആദ്യം പുതിയ ഡിവിഷനുകള്‍ രൂപീകരിക്കാനും മാനേജ്മെന്റുകള്‍ക്ക് അധ്യാപകനിയമനം നടത്താനും കഴിയുമെന്നാണ് സൂചന.

കഴിഞ്ഞ അഞ്ചുവര്‍ഷമായി സംസ്ഥാനത്ത് അധ്യാപക-വിദ്യാര്‍ഥി അനുപാതം നിശ്ചയിച്ചിരുന്നില്ല.
സംസ്ഥാനസര്‍ക്കാര്‍ കൊണ്ടുവന്ന അധ്യാപക പാക്കേജില്‍ അനുപാതം വ്യത്യസ്തമാണെന്നും കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമപ്രകാരമുള്ള അനുപാതം സൃഷ്ടിക്കണമെന്നും ആവശ്യപ്പെട്ട് മാനേജ്മെന്റുകള്‍ കോടതിയെ സമീപിച്ചിരുന്നു. കോടതി അധ്യാപക പാക്കേജിലെ സുപ്രധാനവ്യവസ്ഥകള്‍ തള്ളിക്കളയുകയും അനുപാതം കുറയ്ക്കാന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍, ഇതിനെതിരേ അപ്പീല്‍ പോകാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.

Read More >>