കണ്ണൂരും അഴിക്കോടും രാഗേഷ് വിഭാഗം മത്സരിക്കും

കണ്ണൂർ : വിമത ശബ്ദമുയർത്തിയതിനെ തുടർന്ന് കോൺഗ്രസിൽ  നിന്ന് പുറത്താക്കപ്പെട്ട പി.കെ രാഗേഷിന്റെ നേതൃത്വത്തിൽ കണ്ണൂർ , അഴിക്കോട് മണ്ഡലങ്ങളിൽ...

കണ്ണൂരും അഴിക്കോടും രാഗേഷ് വിഭാഗം മത്സരിക്കും

PK-RAGESH


കണ്ണൂർ : വിമത ശബ്ദമുയർത്തിയതിനെ തുടർന്ന് കോൺഗ്രസിൽ  നിന്ന് പുറത്താക്കപ്പെട്ട പി.കെ രാഗേഷിന്റെ നേതൃത്വത്തിൽ കണ്ണൂർ , അഴിക്കോട് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തും . രാഗേഷിനെ പുറത്താക്കി കൊണ്ട് ഡി സി സി പ്രസിഡന്റിന്റെ പ്രഖ്യാപനം പുറത്തു വന്നതിനു പിന്നിൽ ഐക്യ ജനാധിപത്യ സംരക്ഷണ സമിതിയുടെ വാർഡ് , ബൂത്ത് പഞ്ചായത്ത് തല യോഗങ്ങൾ വിളിച്ചു ചേർക്കാൻ തുടങ്ങിയിട്ടുണ്ട് .


രാഗേഷ് അഴിക്കോട് മണ്ഡലത്തിൽ മത്സരിക്കുമെന്നാണ് സൂചനയെങ്കിലും ഐക്യ ജനാധിപത്യ സംരക്ഷണ സമിതി യോഗത്തിലായിരിക്കും അന്തിമ തീരുമാനം .യു ഡി എഫിന്റെ സിറ്റിങ്ങ് സീറ്റുകളായ കണ്ണൂരും അഴിക്കോടും രാഗേഷ് സ്ഥാനാർത്ഥികളെ നിറുത്തിയാൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ നില പരുങ്ങലിലാവും . കഴിഞ്ഞ ദിവസം പി കെ രാഗേഷ് അഴിക്കോട് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി നികേഷ് കുമാറിനൊപ്പം വേദി പങ്കിട്ടിരുന്നു . ഇത് യു ഡി എഫ് കേന്ദ്രങ്ങളെ സമ്മർദത്തിലാക്കിയിട്ടുണ്ട് .


കഴിഞ്ഞ തവണ നേരിയ വോട്ടിന് യുഡിഎഫ് ജയിച്ച അഴിക്കോട് മണ്ഡലം രാഗേഷിന്റെ നിലപാട് മൂലം എൽ ഡി എഫ് ജയിച്ചെന്ന രീതിയിലുള്ള പ്രചരണമാണ് മണ്ഡലത്തിൽ ഇപ്പോൾ നടക്കുന്നത് . ഇടതിന്റെ കുത്തക സീറ്റുകളിൽ ചാവേറായി മത്സരിച്ചു തോൽക്കാനായിരുന്നു ഇതുവരെ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി സതീശൻ പാച്ചേനിയുടെ നിയോഗം . എ ഗ്രൂപ്പ് വിട്ടതോടെയാണ് സതീശൻ പാച്ചേനിക്ക് കെ സുധാകരന്റെ താൽപ്പര്യാർത്ഥം വിജയസാദ്ധ്യതയുള്ള കണ്ണൂർ സീറ്റ് കിട്ടിയത് . രാഗേഷിന്റെ നിലപാട് കണ്ണൂരിൽ സതീശൻ പാച്ചേനിക്കും വിനയാകും . രാഗേഷ് വിമതനായി വന്നാൽ തോൽവി ഉറപ്പായതിനാലാണ് കെ സുധാകരൻ ഉദുമയിലേക്ക് മാറിയതെന്നും ആരോപണമുണ്ട് .


തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയപ്പോഴാണ്  നേരത്തെ രാഗേഷിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരൂന്നത് . പ്രഥമ കണ്ണൂർ കോർപ്പറേഷൻ യു ഡി എഫിന് നഷ്ടപ്പെടാൻ ഇത് കാരണമായിരുന്നു . കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ രാഗേഷ് ഉൾപ്പടെ എട്ട് വിമത സ്ഥാനാർത്ഥികൾ മത്സരിച്ചത് കുറച്ചു വാർഡുകളിൽ എൽ ഡി എഫ് സ്ഥാനാർത്ഥികൾ വിജയിക്കാൻ കാരണമായിരുന്നു . സമാനമായ അവസ്ഥയാണ് നിയമസഭ തെരഞ്ഞെടുപ്പിലും കണ്ണൂരിൽ സംജാതമായിട്ടുള്ളത് .