പുറ്റിങ്ങൽ ദുരന്തം: 92 കോടിയുടെ നാശനഷ്ടം

തിരുവനന്തപുരം:  പരവൂർ പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തത്തിൽ 92 കോടി രൂപയുടെ നാശ നഷ്ടമുണ്ടായതായി സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട്. 07 പേർ മരിക്കുകയും...

പുറ്റിങ്ങൽ  ദുരന്തം: 92 കോടിയുടെ നാശനഷ്ടം

paravoor-2

തിരുവനന്തപുരം:  പരവൂർ പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തത്തിൽ 92 കോടി രൂപയുടെ നാശ നഷ്ടമുണ്ടായതായി സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട്. 07 പേർ മരിക്കുകയും 1197 പേർക്കു പരുക്കേൽക്കുകയും ചെയ്ത ദുരന്തം സമാനതകളില്ലാത്തതാണെന്നും സൂനാമി കഴിഞ്ഞാൽ കേരളത്തിലുണ്ടായ ഏറ്റവും വലിയ അപകടമാണെന്നും സംസ്ഥാന ദുരിതാശ്വാസ കമ്മിഷണറും അഡീഷനൽ ചീഫ് സെക്രട്ടറിയുമായ ഡോ. വിശ്വാസ് മേത്ത തയാറാക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

മരിച്ചവരുടെ കുടുംബത്തിനു പ്രഖ്യാപിച്ച 10 കോടി രൂപയുടെ സഹായവും പുനരധിവാസ പാക്കേജിനുള്ള 15 കോടിയും ഉൾപ്പെടെ 117 കോടി രൂപയുടെ പ്രത്യേക സാമ്പത്തികസഹായം അനുവദിക്കണമെന്നും അപകടത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രധാനമന്ത്രിക്ക് ഇന്നു റിപ്പോർട്ട് സമർപ്പിക്കും. നിലവിലുള്ള കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ പ്രകാരം 48 കോടി രൂപയേ അനുവദിക്കാനാകൂ എങ്കിലും പ്രത്യേക പരിഗണന നൽകി 117 കോടി രൂപ നൽകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.


ദുരന്തമുണ്ടായ മേഖലയിൽ 1.35 കോടിയുടെ ശുദ്ധജലവിതരണം നടത്തി. തകർന്ന അവശിഷ്ടങ്ങളും മറ്റും നീക്കം ചെയ്യാൻ 1.33 കോടി ചെലവായി. 1.58 കോടിയുടെ കൃഷി നാശം ഇതിനു പുറമേയാണ്. പൂർണമായി തകർന്ന 100 വീടുകൾ പുനർനിർമിക്കാൻ 15 കോടിയും ഭാഗികമായി തകർന്ന 409 വീടുകളുടെ അറ്റകുറ്റപ്പണിക്കു 10 കോടിയും ചെറിയ കേടുപാടുള്ള 1484 വീടുകൾ നന്നാക്കാൻ 14.84 കോടിയും വേണ്ടിവരും. മനുഷ്യശരീരങ്ങളും വെടിമരുന്നും കലർന്നു കിടക്കുന്ന കിണറുകളുടെ ശുദ്ധീകരണത്തിന് 50 ലക്ഷം രൂപയാണു കണക്കാക്കിയിട്ടുള്ളത്. വൈദ്യുതി ലൈനുകളും ട്രാൻസ്ഫോമറുകളും ഉൾപ്പെടെ തകർന്നു കെഎസ്ഇബിക്കു രണ്ടുകോടിയുടെ നഷ്ടമുണ്ടായി. പ്രദേശവാസികൾക്കു ദീർഘകാലാടിസ്ഥാനത്തിൽ മാനസിക പരിചരണം, കേൾവിത്തകരാർ പരിഹരിക്കൽ, കൊല്ലം ജില്ലാ ആശുപത്രിയിൽ പൊള്ളൽ ചികിൽസാ വിഭാഗം തുടങ്ങൽ, മണ്ണിലെയും വെള്ളത്തിലെയും വിഷാംശം നീക്കം ചെയ്യൽ തുടങ്ങിയവ ഉൾപ്പെടെയുള്ള പുനരധിവാസ പാക്കേജിനാണ് 15 കോടി രൂപ ആവശ്യപ്പെട്ടിട്ടുള്ളത്.