പുതുപ്പള്ളിയില്‍ ആര്?

കേരളത്തിലെ 140 മണ്ഡലങ്ങളിലെ വിഐപി മണ്ഡലമാണ് പുതുപ്പള്ളി. തുടര്‍ച്ചയായി പതിനൊന്നാം തവണയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ വോട്ട്...

പുതുപ്പള്ളിയില്‍ ആര്?

puthuppally

കേരളത്തിലെ 140 മണ്ഡലങ്ങളിലെ വിഐപി മണ്ഡലമാണ് പുതുപ്പള്ളി. തുടര്‍ച്ചയായി പതിനൊന്നാം തവണയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ വോട്ട് തേടുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജെയ്ക്ക് സി തോമസ് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റാണ്. നിലവില്‍ സിപിഐ(എം) കോട്ടയം ഏരിയ കമ്മിറ്റി അംഗമായ 26കാരനായ ജെയ്ക്കിനു കന്നിയംഗമാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജോര്‍ജ് കുര്യന്‍ മൂന്നൂ തവണ ലോക്‌സഭയിലേക്കു മത്സരിച്ചിട്ടുണ്ട്. ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റും വക്താവുമായി പ്രവര്‍ത്തിച്ചുവരികയാണ്.


1970ല്‍ 26ാമത്തെ വയസ്സിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സിറ്റിങ്ങ് എംഎല്‍എയായ സിപിഐ(എം) ലെ ഇ.എം. ജോര്‍ജിനെ പരാജയപ്പെടുത്തി പുതുപ്പള്ളിയെ ഇടത് ചേരിയില്‍ നിന്ന് വലിച്ച് വലത്തേക്ക് എത്തിക്കുന്നത്. പിന്നിട് പുതുപ്പള്ളി കുഞ്ഞൂഞ്ഞിനെ കൈവിട്ടിട്ടില്ല. തുടര്‍ച്ചയായി പത്ത് തവണ ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്ന് ജയിച്ചു. ഒരു തവണ എല്‍ഡിഎഫില്‍ നിന്നും ഉമ്മന്‍ചാണ്ടി വിജയിച്ചു. മുന്നണി ഏതായാലും ഉമ്മന്‍ചാണ്ടിക്കൊപ്പം എന്നും പുതുപ്പള്ളി നിന്നു. 77ല്‍ ബി.എല്‍.ഡിയിലെ പി.സി. ചെറിയാന്‍, 80 ല്‍ എന്‍.ഡി.പിയിലെ എം.ആര്‍.ജി. പണിക്കര്‍, 82ല്‍ കോണ്‍ഗ്രസ് എസിലെ തോമസ് രാജന്‍ എന്നിവരെയാണ് ഉമ്മന്‍ചാണ്ടി പരാജയപ്പെടുത്തിയത്. 1987ല്‍ സിപിഐ(എം) യുവനേതാവായ വി.എന്‍. വാസവനെ രംഗത്തിറക്കിയെങ്കിലും വിജയിക്കാനായില്ല, 1991 ലും വാസവന്‍ രംഗത്തിറങ്ങിയെങ്കിലും ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷത്തില്‍ നേരിയ കുറവുണ്ടായതല്ലാതെ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ല. 1996ല്‍ സിപിഐ(എം)ലെ റെജി സഖറിയായും 2001ല്‍ ചെറിയാന്‍ ഫിലിപ്പും 2006ല്‍ സിപിഐ(എം)ലെ സിന്ധു ജോയിയും എതിരാളിയായെത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഐ(എം)ലെ പ്രഫ. സുജ സൂസന്‍ ജോര്‍ജായിരുന്നു എതിരാളി, 2011ലാണ് ഉമ്മന്‍ചാണ്ടിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത്, 33,255 വോട്ടുകള്‍.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ   ജെയ്ക്കും മണ്ഡലത്തില്‍ സജീവമാണ്. വിദ്യാര്‍ഥി നേതാവായ ജെയ്ക്ക് വിദ്യാര്‍ഥി സ്‌ക്വാഡുകളുമായിട്ടാണ് മണ്ഡലത്തില്‍ വോട്ട് അഭ്യര്‍ഥിക്കുന്നത്. അഴിമതി സര്‍ക്കാരിനു നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിക്കെതിരെ വിധിയെഴുതാനും എല്‍ഡിഎഫ് ഭരണത്തിനും ഒരു വോട്ട് എന്നാണ് ജെയ്ക്ക് വോട്ടര്‍മാരോട് അഭ്യര്‍ഥിക്കുന്നത്. ബിജെപി സ്ഥാനാര്‍ഥികളില്‍ ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയാണ് ജോര്‍ജ് കുര്യന്‍. ഇടതു വലതു മുന്നണികള്‍ക്കെതിരെ വലിയ മുന്നേറ്റമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ജോര്‍ജ് കുര്യന്‍. ബിജെപിയുടെ ദേശീയ സംസ്ഥാന നേതാക്കള്‍ വരും ദിവസങ്ങളില്‍ ജോര്‍ജ് കുര്യന്റെ പ്രചാരണത്തിനു വേണ്ടി മണ്ഡലത്തിലെത്തും.

കഴിഞ്ഞ തവണ മണ്ഡലം പുനര്‍ നിര്‍ണയിച്ചപ്പോള്‍ മണ്ഡലത്തിലുണ്ടായിരുന്ന പള്ളിക്കത്തോട് പഞ്ചായത്ത് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലേക്കും പനച്ചിക്കാട് പഞ്ചായത്ത് കോട്ടയത്തേക്കും മാറി. പകരം കോട്ടയം മണ്ഡലത്തിലെ മണര്‍കാടും ചങ്ങനാശേരി മണ്ഡലത്തിലെ വാകത്താനവും മണ്ഡലത്തിലായി. അകലക്കുന്നം. അയര്‍ക്കുന്നം, കൂരോപ്പട, മണര്‍കാട്, മീനടം, പാമ്പാടി, പുതുപ്പള്ളി, വാകത്താനം പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണു പുതുപ്പള്ളി മണ്ഡലം. സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ വാകത്താനത്തു മാത്രമാണു നിലവില്‍ എല്‍.ഡി.എഫ്. ഭരിക്കുന്നത്. പുതിയ കണക്കനുസരിച്ച് മണ്ഡലത്തില്‍ 83,523 പുരുഷവോട്ടര്‍മാരും 87,240 സ്ത്രീവോട്ടര്‍മാരും ഉള്‍പ്പെടെ ആകെ 1,70,763വോട്ടര്‍മാരാണുള്ളത്.

പത്ത് വര്‍ഷത്തെ ജനസമ്മതിയേക്കാള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേരളത്തിന്റെ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും നേരിട്ടിട്ടില്ലാത്തത്ര അഴിമതി ആരോപണങ്ങള്‍ ഉമ്മന്‍ ചാണ്ടി നേരിട്ടു എന്നതാണ് ഇത്തവണ ശ്രദ്ധേയമാകുന്നത്. അദ്ദേഹം 72ാമത്തെ വയസ്സില്‍ വീണ്ടും പുതുപള്ളിയില്‍ മത്സരിക്കുമ്പോള്‍ വികസനവും കരുതലും എന്ന മുദ്രാവാക്യം മാത്രം മതിയാകുമോ എന്ന് കണ്ടറിയണം.അതല്ല ഇത്തവണ ജയിക്കുകയാണെങ്കില് അനിഷേധ്യ നേതാവായി ഉമ്മന്ചാണ്ടി ഉയരമെന്നും ഉറപ്പാണ്.