പശ്ചിമബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടിംഗ് ആരംഭിച്ചു. ഏഴ് ജില്ലകളിലായി 56 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്...

പശ്ചിമബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

west-bengal

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടിംഗ് ആരംഭിച്ചു. ഏഴ് ജില്ലകളിലായി 56 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടിംഗ് താരതമ്യേന സമാധാനപരമായി മുന്നോട്ട് പോകുകയാണ്. 1.22 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 383 സ്ഥാനാര്‍ത്ഥികളാണ് വിധി തേടുന്നത്. സ്ഥാനാര്‍ത്ഥികളില്‍ 33 പേര്‍ വനിതകളാണ് എന്നതും പ്രത്യേകതയാണ്.

അതിനിടയില്‍ ബീര്‍ഭൂമില്‍ പോളിംഗ് ബൂത്തില്‍ തൃണമൂല്‍-സിപിഐ(എം)-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബീര്‍ഭൂം, മാല്‍ഡ ജില്ലകളില്‍ കേന്ദ്രസേനയെ വിന്യസിച്ചിരിക്കുകയാണ്.


ഈ നിയമസഭാ തിരഞ്ഞെടുപ്പ് സിപിഐ(എം) കോണ്‍ഗ്രസ് സഖ്യത്തിന് ഏറെ നിര്‍ണായകമാണ്. ഇന്ന് വോട്ടിംഗ് നടക്കുന്ന വടക്കന്‍ ബംഗാളിലെ മാല്‍ഡ, ഡാര്‍ജിലിംഗ്, ഉത്തര ദിജിനാപൂര്‍, എന്നീ ജില്ലകളില്‍ സഖ്യത്തിന്റെ വോട്ടിംഗ് ശരാശരി നിര്‍ണായകമാണ്. സിലിഗുരി മോഡല്‍ എന്ന് അറിയപ്പെടുന്ന സിപിഐ(എം)-കോണ്‍ഗ്രസ് സഖ്യരാഷ്ട്രീയ ആശയം ഉടലെടുക്കുന്നത് സിലിഗുരിയിലെ മുന്‍സിപ്പാലിറ്റി മേയറായ സിപിഐ(എം) നേതാവ് അശോക് ഭട്ടാചാര്യ കോണ്‍ഗ്രസ് പിന്തുണയോടെ തിരഞ്ഞെടുക്കപ്പെടുന്നതോടെയാണ്.

ഇന്നത്തെ തിരഞ്ഞെടുപ്പില്‍ അശോക് ഭട്ടാചാര്യയും സിലിഗുരി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഫുട്‌ബോള്‍ താരം ബെയ്ചുംഗ് ഭൂട്ടിയക്കെതിരെയാണ് അശോക് ഭട്ടാചാര്യ മത്സരിക്കുന്നത്.

ദക്ഷിണ ദിജിനാപൂര്‍, ഇസ്ലാംപൂര്‍ തുടങ്ങിയ ജില്ലകളില്‍ ശക്തമായ മത്സരം തന്നെ നടക്കാന്‍ സാധ്യതയുണ്ട്. 2011 ല്‍  ഇടതുപക്ഷത്തിന് 15 സീറ്റ് മാത്രമാണ് നേടാനായത്.

ആറ് ഘട്ടമായാണ് ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം നടന്ന ഏപ്രില്‍ നാലിന് നടന്നു. 49 മണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് ആയിരുന്നു നടന്നത്. ഈ മാസം 21, 25, 30, മെയ് അഞ്ച് തീയതികളിലാണ് ബാക്കിയുള്ള ഘട്ടങ്ങള്‍ നടക്കുക.