അന്ന് നായനാരെ തോല്‍പ്പിച്ചു; ഇന്ന് പാര്‍ട്ടിക്ക് ജീവശ്വാസം നല്‍കാന്‍ പോരിനിറങ്ങി കടന്നപ്പള്ളി

കണ്ണൂര്‍: ഒരിക്കല്‍ സാക്ഷാല്‍ ഇ.കെ നായനാരെ പോലും തോല്‍പ്പിച്ചതാണ് കടന്നപ്പള്ളി രാമചന്ദ്രന്‍ . പക്ഷെ ഇന്ന് കോണ്‍ഗ്രസ് എസിന്റെ രാഷ്ട്രീയ ഭാവി...

അന്ന് നായനാരെ തോല്‍പ്പിച്ചു; ഇന്ന് പാര്‍ട്ടിക്ക് ജീവശ്വാസം നല്‍കാന്‍ പോരിനിറങ്ങി കടന്നപ്പള്ളി

kadannappally-ramachandran

കണ്ണൂര്‍: ഒരിക്കല്‍ സാക്ഷാല്‍ ഇ.കെ നായനാരെ പോലും തോല്‍പ്പിച്ചതാണ് കടന്നപ്പള്ളി രാമചന്ദ്രന്‍ . പക്ഷെ ഇന്ന് കോണ്‍ഗ്രസ് എസിന്റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കാനുള്ള പോരാട്ടത്തിലാണ് കടന്നപ്പള്ളി. കണ്ണൂര്‍ ആണെങ്കില്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് ആദ്യം പറഞ്ഞിരുന്നു. പക്ഷെ കണ്ണൂര്‍ സീറ്റ് സി.പി.എം വെച്ചു നീട്ടിയപ്പോല്‍ മടി കൂടാതെ സ്വീകരിച്ചു. ഇത്തവണയെങ്കിലും ജയിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് എസ് എന്ന പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകും. അതുകൊണ്ട് തന്നെ എം.എല്‍.എയാകാനുള്ള മത്സരമല്ല കടന്നപ്പള്ളിക്ക് ഇത്. കോണ്‍ഗ്രസ് എസ് എന്ന പാര്‍്ട്ടി എത്രകാലം നില്‍ക്കുമെന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കലാവും തെരഞ്ഞെടുപ്പ് ഫലം.


കോണ്‍ഗ്രസ് എസിന്റെ സംസ്ഥാന പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായ കടന്നപ്പള്ളി 1978 ല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോഴാണ് ഇടതുപാളയത്തില്‍ എത്തിയത്. കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായിരിക്കെ 1971 ല്‍ ഇരുപത്തിയാറാം വയസില്‍ കാസര്‍ഗോഡ് ലോകസഭ തെരഞ്ഞെടുപ്പിലാണ് കടന്നപ്പള്ളി സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവായിരുന്ന നായനാരെ മലര്‍ത്തിയടിച്ചത്. 28404 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ലോ അക്കാദമി വിദ്യാര്‍ത്ഥി കൂടിയായിരുന്ന സമയത്തായിരുന്നു കടന്നപ്പള്ളിയുടെ ഈ മിന്നുന്ന ജയം. 1977 ലും കാസര്‍ഗോഡ് നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് എല്‍.ഡി.എഫിലെത്തിയ കടന്നപ്പള്ളി 1980 ല്‍ ഇരിക്കൂറില്‍ നിന്നും എടക്കാട് നിന്ന് 2006 ലും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2006 ല്‍ എടക്കാട് നിന്ന് ജയിച്ചപ്പോള്‍ വി.എസ്. മന്ത്രിസഭയില്‍ ദേവസ്വം മന്ത്രിയായി.

കഴിഞ്ഞ തവണ കണ്ണൂരില്‍ നിന്നു നിയമസഭയിലേക്ക് മത്സരിച്ച കടന്നപ്പള്ളി എ.പി.അബ്ദുല്ലക്കുട്ടിയോട് 6443 വോട്ടിനാണ് തോറ്റത്. കണ്ണൂരിലെ പുതിയ സാഹചര്യങ്ങളും കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ അത്ഭുതങ്ങളും കൊണ്ട് വിജയിക്കാനാകുമെന്ന പ്രതീക്ഷയാണ് സി.പി.എം. നല്‍കിയിട്ടുള്ളത്. കണ്ണൂര്‍ കാള്‍ ടെക്‌സിലെ ഗാന്ധി പ്രതിമയിലും എ.കെ.ജി പ്രതിമയിലും പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് കടന്നപ്പള്ള പ്രചാരണം തുടങ്ങിയത്. ആദ്യകാല പാര്‍ട്ടി പ്രവര്‍ത്തകര്‍, കണ്ണൂര്‍ മണ്ഡലത്തിലെ രക്തസാക്ഷി കുടുംബങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് ആദ്യ ദിനങ്ങളിലെ പ്രചരണം. കോണ്‍ഗ്രസ്സില്‍ സിറ്റിങ്ങ് എം.എല്‍.എയായ എ.പി.അബ്ദുല്ലക്കുട്ടി തന്നെ മത്സരിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അപ്രതീക്ഷമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനിയായി. അബ്ദുല്ലക്കുട്ടിയെ തലശ്ശേരിയിലേക്ക് മാറ്റി. സീറ്റ് വെച്ച് മാറ്റല്‍ പ്രതിഷേധിച്ച് ഒരു വിഭാഗം പോസ്റ്റര്‍ പ്രതിഷേധം കണ്ണൂര്‍ തുടങ്ങിയിട്ടുണ്ട്. ജയിക്കാനായി ജയിച്ചവനെ മാറ്റി, തോല്‍ക്കാനായി ജയിച്ചവന്‍ എന്തിനാണ് കണ്ണൂരില്‍ എന്നൊക്കെയുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കോണ്‍ഗ്രസിനുള്ളിലെ ഈ ആഭ്യന്തര കലാപങ്ങളും കാര്യങ്ങള്‍ക്ക് തങ്ങള്‍ക്ക് അനുകൂലമാക്കുമെന്ന ചിന്തയിലാണ് കടന്നപ്പള്ളിയും പാര്‍ട്ടിയും കണ്ണൂരില്‍ വോട്ട് തേടുന്നത്.