പിജെ കുര്യന്റെ കത്തും വീണാ ജോര്‍ജ്ജിന്റെ സ്ഥാനാര്‍ത്ഥിത്വവും : തെളിയുന്നത് സഭകളുടെ സങ്കുചിത താല്‍പര്യങ്ങള്‍

തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ദിവസങ്ങള്‍ ശേഷിക്കെ, മധ്യതിരുവിതാംകൂറില്‍ മുന്നണികളെ മുമ്പത്തെക്കാളെറെ നയിക്കുന്നത് വര്‍ഗീയ പരിഗണനകള്‍. യു ഡി എഫിലെ ഘടകകക...

പിജെ കുര്യന്റെ കത്തും വീണാ ജോര്‍ജ്ജിന്റെ സ്ഥാനാര്‍ത്ഥിത്വവും : തെളിയുന്നത് സഭകളുടെ സങ്കുചിത താല്‍പര്യങ്ങള്‍

veena-george-joseph-m-puthusseri-pj-joseph

തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ദിവസങ്ങള്‍ ശേഷിക്കെ, മധ്യതിരുവിതാംകൂറില്‍ മുന്നണികളെ മുമ്പത്തെക്കാളെറെ നയിക്കുന്നത് വര്‍ഗീയ പരിഗണനകള്‍. യു ഡി എഫിലെ ഘടകകക്ഷികളുടെയും സ്ഥലത്തെ നേതാക്കളുടെ സങ്കുചിത വര്‍ഗീയ പരിഗണനകളാവും പല സ്ഥലങ്ങളിലേയും യു ഡി എഫിന്റെ ഭാഗധേയം നിര്‍ണയിക്കുക. കേരള കോണ്‍ഗ്രസ് എം നേതാവും തിരുവല്ലയിലെ സ്ഥാനാര്‍ത്ഥിയുമായ ജോസഫ് എം പുതുശേരിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രാജ്യസഭ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ എടുത്ത നിലപാടിലും പ്രതിഫലിച്ചത് വ്യത്യസ്ത ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയിലെ രാഷ്ട്രീയ സ്വാധീനത്തിനായുള്ള മല്‍സരം. ജോസഫ് എം പുതുശ്ശേരിക്കെതിരെ പി ജെ കുര്യന്‍  കെ എം മാണിക്ക് കത്തയച്ചത് സംബന്ധിച്ചതിന് പിന്നിലെ അജണ്ടകളും യു ഡി എഫിന്റെ ഭാഗധേയത്തെ ബാധിക്കുമെന്നാണ് സൂചന.


കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന് ഉത്തരവാദി ജോസഫ് എം പുതുശ്ശേരിയാണെന്നായിരുന്നു പി ജെ കുര്യന്‍ കെ എം മാണിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാണിച്ചത്. തിരുവല്ല വര്‍ഷങ്ങളായി മാണി ഗ്രൂപ്പിന്റെ സീറ്റാണ്. മുന്നണികളിലെ കക്ഷികള്‍ക്കിടയിലെ സാമാന്യ ധാരണ അനുസരിച്ച് സാധാരണ മറ്റുകക്ഷികള്‍ ഘടകക്ഷികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടപെടാറില്ല. എന്നാല്‍ ഈ കീഴ് വഴക്കം അവഗണിച്ചാണ് ഭരണഘടന പദവിയില്‍ ഇരിക്കുന്ന പി ജെ കുര്യന്‍ ഘടകകക്ഷി നേതാവിന് കത്തയച്ചത്. എന്നാല്‍ മുന്നണി മര്യാദയ്ക്ക് നിരക്കുന്നതല്ലെന്ന് പറഞ്ഞ് മാണി കുര്യനെ തള്ളുകയായിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു ഡി എഫിനെ തോല്‍പ്പിക്കാന്‍ കുട്ടുനിന്നുവെന്നാണ് കുര്യന്‍ ഉന്നയിക്കുന്ന ആക്ഷേപമെങ്കിലും  ഒരു മാര്‍ത്തോമാക്കാരനെ സ്ഥാനാര്‍ത്ഥിയാക്കി കിട്ടാനുള്ള തന്ത്രമായിരുന്നു പി ജെ കുര്യന്‍ പ്രയോഗിച്ചതെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. മാര്‍ത്തോമ സഭയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്ന തിരുവല്ലയില്‍ ആ വിഭാഗത്തില്‍ പെട്ടയാള്‍ തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്ന നിലപാടാണ് കുര്യന്‍ പ്രയോഗിച്ചത്. ഇതിന് മറയിടാന്‍ മുന്നണിയുടെ സാധ്യത എന്ന രാഷ്ട്രീയ നിലപാട് മറയായി ഉപയോഗിച്ചുവെന്ന് മാത്രം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവല്ലയില്‍ ജനതാദള്‍ നേതാവ് മാത്യു ടി തോമസാണ് വിജയിച്ചത്. ജില്ലയിലെ അഞ്ച്  സീറ്റുകളില്‍ മൂന്നെണത്തില്‍ എല്‍ ഡി എഫ് വിജയിക്കുകയും ചെയ്തു. എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഈ മേല്‍ക്കെ നിലനിര്‍ത്താന്‍  എല്‍ ഡി എഫിന് കഴിഞ്ഞില്ല. എല്ലാ മണഡലങ്ങളിലും യു ഡി എഫിനായിരുന്നു മേല്‍ക്കൈ. മാസങ്ങള്‍ക്കുമുമ്പ് നടന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും യു ഡി എഫ് മേല്‍ക്കെ നിലനിര്‍ത്തി.

കഴിഞ്ഞ കുറേ വര്‍ഷമായി ജോസഫ് എം പുതുശ്ശേരിയുമായി പി ജെ കുര്യന്‍ നല്ല ബന്ധത്തിലായിരുന്നില്ല. എന്നാല്‍ ഇത് പരിഹരിക്കാന്‍ പുതുശ്ശേരി ശ്രമിച്ചെങ്കിലും കുര്യന്‍ തയ്യാറായില്ലെന്നാണ് യു ഡി എഫ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ആറന്മുളയില്‍ ടെലിവിഷന്‍ അവതാരിക വീണാ ജോര്‍ജ്ജിനെ സ്ഥനാര്‍ത്ഥിയാക്കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തീരുമാനത്തിനുപിന്നിലും വര്‍ഗീയ നിലപാടുകള്‍ സ്വാധീനിച്ചെന്ന ആക്ഷേപം പാര്‍ട്ടിക്കാര്‍ക്കു പോലുമുണ്ട്. ഓര്‍ത്തഡോക്സ് സഭ സെക്രട്ടറിയുടെ ഭാര്യ കൂടിയായ വീണാ ജോര്‍ജ്ജിനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ തഴയപ്പെട്ടത് ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തില്‍ സി പി ഐ എമ്മിന്റെ ഭാഗമായി പങ്കെടുത്ത ജില്ലാ കമ്മിറ്റി അംഗം ഓമല്ലൂര്‍ ശങ്കരനാണ്.  ഓര്‍ത്തഡോക്‌സ് സഭാ താല്‍പര്യം പരിഗണിച്ച് വീണ ജോര്‍ജ്ജിനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നാണ് പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം ആരോപിക്കുന്നത്.

ഇരുമുന്നണികളിലും സ്വാധീനം ചെലുത്തി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൂടുതല്‍ രാഷട്രീയം സ്വാധീനം ചെലുത്താന്‍ കഴിയുന്നുണ്ടെന്നും  മാര്‍ത്തോമ സഭ അതിന്റെ തട്ടകത്തില്‍തന്നെ വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ അവഗണിക്കപ്പെടുന്നുവെന്ന തോന്നലിന്റെ കുടി പ്രതിഫലനമാണ് പി ജെ കുര്യന്റെ പരസ്യമായ കക്ഷി രാഷ്ട്രീയമായ ഇടപെടലിനുള്ളത്. മത വര്‍ഗീയതയ്ക്കപ്പുറത്ത് സങ്കുചിത സഭാ താല്‍പര്യങ്ങള്‍ക്കും കേരള രാഷ്ട്രീയത്തിലെ സ്വാധീനവും കൂടിയാണ് ഇത് വ്യക്തമാകുന്നത്.

Read More >>