പത്തനാപുരം കണ്ട സിനിമയും അതിലെ താരങ്ങളും...

നാടെവിടെയാണ്?പത്തനാപുരം..ഏതു...കാട്ടു പത്തനാപുരമോ ?ഞാന്‍ മൂളും.. എനിക്കതില്‍ അഭിമാന കുറവില്ല. കാട്ടുപത്താനാപുരം തന്നെയാണ് എന്‍റെ നാട്.ആ നാടിന്‍റെ...

പത്തനാപുരം കണ്ട സിനിമയും അതിലെ  താരങ്ങളും...

patha

നാടെവിടെയാണ്?

പത്തനാപുരം..

ഏതു...കാട്ടു പത്തനാപുരമോ ?

ഞാന്‍ മൂളും.. എനിക്കതില്‍ അഭിമാന കുറവില്ല. കാട്ടുപത്താനാപുരം തന്നെയാണ് എന്‍റെ നാട്.ആ നാടിന്‍റെ സൗന്ദര്യത്തിനു ഒരു കാട്ടു ചന്തം ഒക്കെയുണ്ട്, അതീ പറയുന്നവര്‍ ഏതു അര്‍ത്ഥത്തില്‍ എടുത്താലും എനിക്കൊന്നുമില്ല.

ആഴ്ചയില്‍ രണ്ടു ചന്ത ദിവസങ്ങള്‍..ചൊവ്വയും ശനിയും! അന്നത്തെ കണി പലപ്പോഴും നടന്നു പോകുന്ന ഏത്തകുലകളും, വാഴക്കുട്ടികളും ഒക്കെയായിരുന്നു..ചിലപ്പോള്‍ അത് മെടഞ്ഞ ഓലയുടെ കെട്ടുമാകാം. കാച്ചില്‍,ചേന,ഇതര കാര്‍ഷിക വിളകള്‍ ഇവയൊക്കെയും തല ചുമടായി നടന്നു നീങ്ങുന്ന കാഴ്ചകള്‍ പ്രഭാതങ്ങള്‍ക്ക് എന്തെന്നില്ലാത്ത ഉന്മേഷം പകര്‍ന്നിരുന്നു...അതോ എനിക്ക് അങ്ങനെ തോന്നിയിരുന്നതാണോ..? തോന്നിയതായാലും ആ ഒരു പ്രസരിപ്പ് വളരെ നൈസര്‍ഗികമായി എന്നും നിലനില്‍ക്കുന്നതാണ്.


ഏകദേശം 10-12 കിലോമീറ്റര്‍ ദൂരത്തുള്ള മാങ്കോട്ടും പാടത്തും നിന്നായിരിക്കും ഇവ പത്തനാപുരം ചന്തയില്‍ എത്തുക. നേരം പുലരും മുന്പ് തന്നെ ചന്ത സജീവമാകും. തലേന്ന് തന്നെ ഒരുക്കി വെച്ച വിളകള്‍  ഭാര്യയും ഭര്‍ത്താവും മാറി മാറി ചുമന്നു ചന്തയില്‍ എത്തിക്കും..മലയാളിയുടെ ഇഷ്ട വിഭവമായ കപ്പയും മിക്കവരുടെയും കുട്ടയില്‍ കാണും. എനിക്ക് വ്യക്തമായി ഓര്‍മ്മയുണ്ട്, കപ്പ ഒരു തൂക്കത്തിന്നു 25-30 പൈസ ആയിരുന്നു അന്ന് വില.

വനത്തില്‍ നിന്നും ശേഖരിച്ച വിറകുകെട്ടുകള്‍ ചുമന്നു പോകുന്ന സ്ത്രീകളുടെ കാഴ്ചയും അന്ന് അന്യമല്ലായിരുന്നു. വൈകുന്നേരങ്ങളില്‍,  കന്നുകാലികള്‍ക്കുള്ള പുല്ലും ചന്തയില്‍ വ്യാപാരത്തിന്നു എത്തുമായിരുന്നു. ഈ ചന്ത ദിവസങ്ങള്‍ ആയിരുന്നു, മറ്റു അഞ്ചു ദിവസങ്ങളുടെയും ഗതി നിയന്ത്രിക്കുക. നല്ല ലാഭം കിട്ടുന്ന ദിവസങ്ങള്‍ സന്തോഷത്തിന്‍റെ ഒരു ആഴ്ച്ചയെ ആയിരുന്നു സമ്മാനിച്ചിരുന്നത്.

എന്‍റെ ഓര്‍മ്മകളിലെ പത്തനാപുരം, ഒരു ഗ്രാമീണ സുന്ദരി തന്നെയാണ്...നഗരവല്‍ക്കരണം കളങ്കപ്പെടുത്താതിരുന്ന ഒരു ഗ്രാമീണ സുന്ദരി!pathanapuram 01

ഈ ചെറിയ ഗ്രാമത്തിലേക്ക് റബ്ബര്‍ വിരുന്നുകാരനായി എത്തി ഒടുവില്‍ വീട്ടുകാരനായി. 20 മുതല്‍ 500 മൂട് വരെയായിരുന്നു ഞങ്ങളുടെ നാട്ടിലെ ഈ വിദേശിയുടെ ശരാശരി വേരോട്ടം. സാമ്പത്തികം മോശം ആണെങ്കില്‍ ഉണങ്ങാത്ത റബ്ബര്‍ ഷീറ്റുകള്‍ പോലും അന്ന് വിപണി തേടി എത്തി. ഇന്നത്തെ പോലെ അന്നു റബ്ബര്‍ മരങ്ങള്‍ പാവാട ഉടുത്തിരുന്നില്ല. മഴക്കാലത്ത്‌ പോലും ടാപ്പിംഗ് ചെയ്തു, വരുമാനം മുടങ്ങാതെ ശ്രദ്ധിച്ചിരുന്നു അന്നത്തെ കാരണവന്മാര്‍. ഇതായിരുന്നു വര്‍ഷങ്ങള്‍ക്കു മുന്പ് പത്തനാപുരത്തിന്റെ പൊതുവേയുള്ള സാമ്പത്തിക മാര്‍ഗം.

ഗവണ്മെന്റ് പ്രൈമറി സ്കൂളില്‍ പഠിക്കുമ്പോള്‍ എന്നെ ആകര്‍ഷിച്ചിരുന്നത്, പുസ്തകങ്ങളോ അധ്യാപകരോ ഒന്നും ആയിരുന്നില്ല. അത് സ്കൂളില്‍ നിന്ന് കിട്ടുന്ന അമേരിക്കന്‍ ഗോതമ്പ് മാവ് കൊണ്ടുണ്ടാക്കിയ ഉപ്പുമാവായിരുന്നു എന്നതാണ് വാസ്തവം! അറിയാമോ..അപ്പോള്‍ മാത്രം ഒടിച്ചെടുക്കുന്ന വട്ടയിലയില്‍ എന്‍റെ ഈ സ്പെഷ്യല്‍ വിഭവം വിളമ്പുമ്പോള്‍,ലോകത്തിലെ ഏറ്റവും സന്തോഷം അപ്പോഴായിരുന്നു എന്ന് തോന്നി പോകും. പത്തനാപുരത്തുകാര്‍ പ്രധാനമായും രണ്ടു കാര്യങ്ങള്‍ക്കായിരുന്നു വട്ടയില ഉപയോഗിച്ചിരുന്നത്...സ്കൂളില്‍ ഉപ്പുമാവ് വിളമ്പാനും, ചന്തയില്‍ നിന്ന് മീന്‍ വാങ്ങാനും! (രണ്ടിന്റെയും ഉപഭോക്താവാണ് ഞാന്‍...)

ചന്തയില്‍ പോയി മീന്‍ വാങ്ങാത്തവരെ തേടി മീന്‍ വീട്ടിലും എത്തി...ഇന്നത്തെ പോലെ വാഹനങ്ങളില്‍ ആയിരുന്നില്ലെന്ന് മാത്രം..”ഹോയീ... “ എന്ന മീന്‍കാരന്റെ ശബ്ദത്തില്‍ പല സ്ത്രീകളും ധൃതിയില്‍ ഓടി എത്തി.ഓടിയെത്തുന്ന ധൃതി പക്ഷെ പിന്നീട് ഉണ്ടാവില്ല.അവര്‍ കുശലം പറഞ്ഞു അങ്ങനെ നില്‍ക്കും. പത്തനാപുരത്തിന്റെ ഏറ്റവും വലിയ വാര്‍ത്താ നെറ്റ്‌വര്‍ക്കും ഈ കുശലം പറച്ചില്‍ ആയിരുന്നു.

ചന്തയില്‍ 1 രൂപയ്ക്ക് 10 മത്തിയാണെങ്കില്‍ , മീന്‍കാരന്‍ ചേട്ടന്‍ 8 മത്തി മാത്രമേ വട്ടയിലയില്‍ പൊതിഞ്ഞു നല്‍കിയിരുന്നുള്ളൂ. ഇങ്ങനെ കിട്ടിയ ലാഭം കൊണ്ടാണോ എന്തോ,നടന്നു വന്നിരുന്ന മീന്‍കാരന്‍ ചേട്ടന്‍ പിന്നെ സൈക്കിള്‍ വാങ്ങി, പിന്നീട് ഒരു മോപ്പെടും...ഇപ്പോള്‍ പെട്ടി ഓട്ടോയില്‍ ആണ് എത്തുന്നതെന്നും കേട്ടൂ..പത്തനാപുരത്തിന്‍റെ മുഖം മാറി..

ഓര്‍മ്മകളില്‍ നിന്ന് മടങ്ങുവാന്‍ കഴിയുന്നില്ല.. ഹൈസ്കൂളില്‍  പഠിക്കുമ്പോലാണ് ആദ്യമായി ഞാന്‍ ഒരു സിനിമാ താരത്തെ നേരില്‍ കാണുന്നത്. ഇന്നത്തെ ഏതൊരു ഫ്ലാഷ് ന്യൂസ്‌ നല്‍കുന്നതിലും ആകാംഷയും പരിഭ്രമവുമാണ് ആ വാര്‍ത്ത എനിക്ക് അന്ന് നല്‍കിയതും..നിത്യ ഹരിത നായകന്‍ പ്രേം നസീര്‍ എന്‍റെ പത്തനാപുരത്ത് എത്തുന്നു. ഒരു കടയുടെ ഉത്ഘാടനത്തിനാണ് നസീര്‍ വരുന്നത്..ഈയുള്ളവനും നസീറിനെ കാണുവാന്‍ പോയി. പോകും വഴി,പത്തു പൈസയുടെ കപ്പലണ്ടി ഔറകണ്ണനോട് വാങ്ങുവാനും മറന്നില്ല..അവിടെ ചെന്നപ്പോള്‍ അല്ലെ രസം...ഭീകരമായ ഉന്തും തള്ളും. ഉള്ളതില്‍ ഏറ്റവും മനോഹരമായ ഷര്‍ട്ട്‌ ഇട്ടാണ് പലരുടെയും നില്‍പ്പ് (നസീറിന്നു ബോധിച്ചാല്‍ സിനിമയില്‍ എടുത്താലോ എന്നാണ് പലരുടെയും ഭാവം). ഒടുവില്‍ നസീര്‍ എത്തി..പിന്നീട് സംഭവിച്ചത് എന്താണ് എന്ന് എനിക്ക് ഇവിടെ വിവരിച്ചു പറയുവാന്‍ കഴിയില്ല...പോലീസ് സ്റ്റേഷന് സമീപത്തായിരുന്നെങ്കില്‍ കൂടി, ക്രമസമാധാന പരിപാലനം നിയന്ത്രണാതീതമായി. പകുതി ആകാശത്തും, പകുതി ഭൂമിയിലുമായി നിന്ന് എനിക്കും ആ ദര്‍ശനം കിട്ടി..കയ്യിലിരുന്ന കപ്പലണ്ടി ചിതറി തെറിച്ചു പോയെങ്കിലും മടങ്ങുമ്പോള്‍ ഞാന്‍ സംതൃപ്തന്‍ ആയിരുന്നു..ഞാനും കണ്ടെല്ലോ ..ഒരു സിനിമ നടനെ!

കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങളുടെ നാട്ടില്‍ മറ്റൊരു താരവും എത്തി..മമ്മൂട്ടി! മനോരമയിലോ, മംഗളത്തിലോ പ്രസിദ്ധീകരിച്ച കഥയെ ആസ്പദമാക്കി സൃഷ്ടിച്ച സിനിമയുടെ 25 ദിനാഘോഷത്തിന്റെ ഭാഗമായിട്ടാണ് മമ്മൂട്ടിയുടെ ഈ വരവ്.പള്ളിമുക്കിലെ ഉഷ തീയറ്റരില്‍ ആയിരുന്നു ചടങ്ങ് ക്രമീകരിച്ചിരുന്നു. മംഗളത്തിന്റെയും,മനോരമയുടെയും മുടങ്ങാത്ത വായനക്കാരന്‍ ആയിരുന്നു ഞാന്‍. എന്‍റെ സാഹിത്യ വാസനയെ പരിപോഷിപ്പിച്ച ആഴ്ച പതിപ്പില്‍ വന്ന കഥ, സുന്ദരനായ മമ്മൂട്ടി, താരത്തെ കാണാന്‍ എത്തുന്ന തരുണികള്‍..ഈയുള്ളവന് അവിടെയും ഹാജര്‍ വയ്ക്കുവാന്‍ ഇത്രയും കാരണങ്ങള്‍ ധാരാളം ആയിരുന്നു. ഓല മേഞ്ഞ ഉഷ സിനിമാ ടാക്കീസില്‍, സിനിമ ആരംഭിക്കുന്നു എന്നാ സൂചന നല്‍കി എപ്പോഴും ഒരു പാട്ട് തന്നെയായിരുന്നു കേള്‍പ്പിച്ചിരുന്നത്..
“കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും.. പാട്ടിന്റെ പാലാഴി തീര്‍ത്തവളേ..

ആനന്ദകാരിണീ അമൃതഭാഷിണീ ഗാനവിമോഹിനീ വന്നാലും..

നിനക്കായ് സര്‍വ്വവും ത്വജിച്ചൊരു ദാസന്‍ വിളിക്കുന്നു.. നിന്നെ വിളിക്കുന്നു..

കനക ഗോപുര നടയില്‍ നിന്നും ക്ഷണിക്കുന്നു നിന്നെ ക്ഷണിക്കുന്നു.. “

ഈ പാട്ടിന്‍റെ എഫ്ക്റ്റ്‌ കൊണ്ടാണോ എന്നറിയില്ല, പത്തനാപുരത്ത് ഉള്ള സുന്ദരികള്‍ എല്ലാരും തന്നെ അന്ന് മമ്മൂട്ടിയെ കാണുവാന്‍ ഉഷ തീയേറ്ററില്‍ എത്തിയിരുന്നു...വൃന്ദാവനത്തിലെ കൃഷ്ണനെ പോലെ, തരുണീ മണികളുടെ മദ്ധ്യേ നിന്ന മമ്മൂട്ടിയെ, ദൂരെ നിന്ന് കണ്ടു ഞാന്‍ വീണ്ടും സംതൃപ്തനായി...

ഇതായിരുന്നു അടുത്ത കാലം വരെ പത്തനാപുരത്തിന് ലഭിച്ച താര ദര്‍ശനങ്ങള്‍!
ഈ അടുത്ത കാലം വരെ പത്തനാപുരത്തിന്നു 4 തീയേറ്ററുകളാണ്  ഉണ്ടായിരുന്നത്.പിക്ചര്‍ പാലസ്,പള്ളിമുക്കിലെ ‘ഉഷാ’, മന്ജള്ളൂരെ ‘രാജേന്ദ്രാ’, ജൂനിയര്‍ പിക്ചര്‍ പാലസ് ആയ മിനി പാലസ്.  പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ചുള്ള ചിത്രങ്ങളെയും താരങ്ങളെയും അവരാണ് കാണിച്ചു തന്നതും.

എന്‍റെ സുഹൃത്തും, സ്കൂളിന്റെ പടി എന്നോടൊപ്പം ചവിട്ടിയിട്ടുള്ളതുമായ വലിയവീടന്‍ ഷിബുവിന്റെതായിരുന്നു പിക്ചര്‍ പാലസ്. ഏകദേശം 6-7 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ഷിബുവിനോട് ചോദിച്ചു- “പണ്ടു മുതല്‍ക്കേ ചോദിക്കണം എന്ന് കരുതിയതാണ്..എന്താണ് നിന്റെ തീയേറ്ററില്‍ എപ്പോഴും ഒരു വല്ലാത്ത നാറ്റം?”
“നിനക്ക് അറിയാമെല്ലോ..താഴെ ആന്റണീസ് ബാര്‍ ആണ്..ഇവിടുത്തെ പ്രേക്ഷകരില്‍ ഭൂരിപക്ഷവും അവിടെ വരവ് വച്ചിട്ടാണ് ഇങ്ങോട്ട് എത്തുന്നത്..പ്രകൃതി നിയമം അല്ലെ..അല്‍പ്പം കഴിയുമ്പോള്‍ അവര്‍ അറിയാതെ തന്നെ കാര്യങ്ങള്‍ കൈവിട്ടു പോകും..എത്ര വൃത്തിയാക്കിയിട്ടും കാര്യം ഇല്ല...ഷോ തുടര്‍ന്നു കൊണ്ടേയിരിക്കും.” ഞാന്‍ കണ്ട പത്തനാപുരവും, അവിടുത്തെ സിനിമാ കൊട്ടക പ്രേക്ഷകരില്‍ പലരും ഇങ്ങനെയായിരുന്നു..എങ്കിലും ഒന്നു പറയട്ടെ, എന്‍റെ പ്രിയപ്പെട്ട സിനിമാ കൊട്ടക അന്നും..(മനസ്സില്‍ എന്നും..) ഉഷാ തീയേറ്റര്‍ ആയിരുന്നു.കാരണം ഊഹിക്കാമെല്ലോ.. ഉഷയിലെ നൂണ്‍ ഷോയുടെ ഏറ്റവും വലിയ ക്രിട്ടിക്ക്  ആയിരുന്നു ഞാന്‍ എന്ന് ഇപ്പോളും വിശ്വസിക്കുകയാണ്. എന്‍റെ മുന്നില്‍ ആരും ഇരിക്കരുത് എന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചു. സിനിമ പ്രദര്‍ശനം നടക്കുമ്പോള്‍, ഇടയ്ക്ക് എന്തെങ്കിലും തടസ്സം ഉണ്ടായെങ്കില്‍ എന്നെ പോലെയുള്ള യുവാക്കള്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. അത്ര ആത്മാര്‍ത്ഥമായിട്ടാണ് ഞാന്‍ ഉഷയിലെ ചിത്രങ്ങള്‍ കണ്ടിരുന്നതും...

ഈ തീയേറ്ററുകള്‍ ഉള്‍പ്പെടെ എല്ലാം ഇടിച്ചു പൊളിച്ചു. ഇപ്പോള്‍ സീമ തീയേറ്ററും അവിടെ 2 ഷോയും മാത്രം.അതും നടന്നാല്‍ നടന്നു...ഇലേല്‍ ഇല്ല..
ഇങ്ങനെയൊക്കെയായ കാട്ടു പത്തനാപുരത്തേക്കാണ് വെള്ളിത്തിരയിലെ താരങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കുവാന്‍ എത്തുന്നത്.

കെ.ജി.ജോര്‍ജ്ജിന്റെ ഇരകളിലെ ബേബി- കെ.ബി.ഗണേഷ് കുമാര്‍, ഹരിഹര്‍ നഗറിലെ അപ്പുകുട്ടനായ ജഗദീഷ്, സ്ഫടികത്തിലെ വില്ലന്‍ ഭീമന്‍ രഘു.. പത്തനാപുരത്തുകാര്‍ക്ക് ഇനി എന്ത് വേണം? ഇനി അവര്‍ നിങ്ങളുടെ വീടുകളില്‍ എത്തും..ആവശ്യം ഒന്നേയുള്ളൂ...ഒരു വോട്ട്!

ഇതിനു ഞാന്‍ നമിക്കുന്നത്, ഗണേഷ് കുമാറിനെയാണ്..വികസനത്തില്‍ ഒരു കുതിച്ചു ചാട്ടം ഉണ്ടായില്ലെങ്കിലും, നല്ല ഒരു ആശുപത്രി ഇല്ലെങ്കിലും...പത്തനാപുരം ധന്യമായി ! ഇവിടെ വോട്ടുള്ളവര്‍ക്ക് താരങ്ങളെ തൊട്ടു നോക്കാം, പിച്ചി നോക്കാം..അവര്‍ ഒന്നും പറയില്ല..ചിരിക്കുകയെ ഉള്ളു..

എന്‍റെ പത്തനാപുരം തിളങ്ങുകയാണ്..

(ഇന്‍ബോക്സില്‍ : കൂളിംഗ് ഗ്ലാസ്സ് വച്ചു വന്ന ഭീമന്‍ രഘു തോമാച്ചായനെ നോക്കി മൈക്കില്‍ കൂടി പ്രഖ്യാപിച്ചു- എന്നെ വിശ്വസിക്കു.. ‘വെള്ളത്തിനു വെള്ളം ..’ഇത് ഞാന്‍ ഉറപ്പു തരുന്നു ! തോമാച്ചായന്‍ ഹാപ്പി...പ്രകൃതി ചതിക്കാത്തത് കൊണ്ട്, കിണറ്റിലെ വെള്ളത്തിനു ഇത് വരെ ക്ഷാമം ഉണ്ടായിട്ടില്ല..അപ്പോള്‍ ഭീമന്‍ രഘു പറഞ്ഞത്..ഷാപ്പുകള്‍ തുറക്കും എന്ന് അല്ലെ..അതോ ബാറുകള്‍ പൂട്ടില്ല എന്നോ? താരങ്ങളുടെ ഭാഷയല്ലേ..തോമാച്ചായനും കയ്യടിച്ചു.. )