പരവൂര്‍ ദുരന്തം; സി.ബി.ഐ അന്വേഷണത്തെ സ്വാഗതം ചെയ്ത് മന്ത്രിസഭ

കൊല്ലം പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ സി.ബി.ഐ അന്വേഷണത്തെ സ്വാഗതം ചെയ്ത് മന്ത്രിസഭ. രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി...

പരവൂര്‍ ദുരന്തം; സി.ബി.ഐ അന്വേഷണത്തെ സ്വാഗതം ചെയ്ത് മന്ത്രിസഭ

paravoor
കൊല്ലം പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ സി.ബി.ഐ അന്വേഷണത്തെ സ്വാഗതം ചെയ്ത് മന്ത്രിസഭ. രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്. ദുരന്തം സംബന്ധിച്ച ചര്‍ച്ചയ്ക്കായി നാളെ രണ്ടു മണിക്ക് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ടെന്നും തീരുമാനം നാളെ തന്നെ ഹൈകോടതിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്താമാക്കി.

റവന്യൂമന്ത്രി അടൂര്‍ പ്രകാശ്, തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍, ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ടെ മന്ത്രിസഭ ഉപസമിതി നാളെ രാവിലെ സംഭവ സ്ഥലം ഉദ്യോഗസ്ഥര്‍ക്കൊപ്പം സന്ദര്‍ശിക്കും. സമീപവാസികളെ നേരിട്ട കണ്ട് പ്രശ്‌നങ്ങള്‍ വിലയിരുത്തും. ഏറ്റവും വേഗത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉപസമിതിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രദേശത്തുണ്ടായ നാശനഷ്ടങ്ങളും ആരോഗ്യ പരിരക്ഷ വേണ്ടവരുടെയും വിവരങ്ങളും ഉപസമിതി ശേഖരിക്കും.അപകടത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ സ്‌നേഹപൂര്‍വ്വം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കും. ഇവരുടെ വീടിന്റെ പണി പൂര്‍ത്തിയാക്കും. ബാങ്ക് വായ്പ വേണ്ടെന്നു വയ്ക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.


ദുരന്തത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിച്ചവരോട് വിയോജിപ്പുണ്ട്. ആഭ്യന്തരമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ ഇതുപോലെയുള്ള ദുരന്തങ്ങള്‍ സംഭവിച്ചപ്പോള്‍ രാജിവച്ചിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. പുല്ലുമേട്, തേക്കടി ദുരന്തങ്ങള്‍ കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് നടന്നത്. അന്നൊന്നും യു.ഡി.എഫ് രാജി ആവശ്യപ്പെട്ടിരുന്നില്ല. എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയത്ത് ആഭ്യന്തരമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത് നിര്‍ഭാഗ്യകരമായിപോയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്നാല്‍ തേക്കടി ദുരന്തം സംബന്ധിച്ച റിപ്പോര്‍ട്ടില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.

അതേസമയം, വെടിക്കട്ടപകടത്തിന്റെ പൂര്‍ണ്ണ ഉത്തരാവാദിത്വം പോലീസിനാണ് എന്ന് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്കി. പുറ്റിംഗല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് നടക്കുന്ന സമയത്ത് ഇരുന്നൂറോളം പൊലീസുകാര്‍ സംഭവ സ്ഥലത്തുണ്ടായിരുന്നതായും മത്സര വെടിക്കെട്ടിന് കളക്ടര്‍ അനുമതി നിഷേധിച്ചിട്ടും ജില്ലാ പൊലീസ് മേധാവി മൗനം പാലിക്കുകയായിരുന്നു എന്ന്കളക്ടര്‍ എ ഷൈനാമോള്‍ റവന്യൂ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്കി. അതിനിടെ, 113 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന നാലു ക്ഷേത്ര ഭാരവാഹികള്‍ കീഴടങ്ങില്ലെന്ന് റിപ്പോര്‍ട്ട്. ഇവര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈകോടതിയെ സമീപിക്കാന്‍ നീക്കം തുടങ്ങി.

ഹൈകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുമായി പ്രതികള്‍ ചര്‍ച്ച നടത്തി. നാലു പേരും ഇന്നു തന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്നാണ് വിവരം.15 ഭരണസമിതി അംഗങ്ങളില്‍ ഏഴു പേര്‍ കഴിഞ്ഞ ദിവസം പൊലീസില്‍ കീഴടങ്ങിയിരുന്നു. സ്ത്രീ ഉള്‍പ്പെടെ എട്ടു പേര്‍ കീഴടങ്ങാനുണ്ട്. ഇതില്‍ സ്ത്രീ ഉള്‍പ്പെടെ നാലുപേരാണു മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത്. കുറ്റകരമായ നരഹത്യ, നരഹത്യാ ശ്രമം, അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനുമാണ് ക്ഷേത്രഭാരവാഹികള്‍, വെടിക്കെട്ടിന്റെ ലൈസന്‍സി എന്നിവര്‍ക്കെതിരെ കേസെടുത്തത്.