പരവൂർ ദുരന്തം: വെടിക്കെട്ടു നിർത്തിവയ്ക്കാൻ പൊലീസ് ആവശ്യപ്പെട്ടത് ഏഴു തവണ

പരവൂർ:  പുറ്റിങ്ങൽ ക്ഷേത്രത്തിൽ നടന്ന വെടിക്കെട്ടു നിർത്തിവയ്ക്കാൻ പൊലീസ് ഏഴു പ്രാവശ്യം ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നതായി അന്വേഷണ സംഘം.110 പേരുടെ മരണത്ത...

പരവൂർ ദുരന്തം: വെടിക്കെട്ടു നിർത്തിവയ്ക്കാൻ പൊലീസ് ആവശ്യപ്പെട്ടത് ഏഴു തവണ

paravoor

പരവൂർ:  പുറ്റിങ്ങൽ ക്ഷേത്രത്തിൽ നടന്ന വെടിക്കെട്ടു നിർത്തിവയ്ക്കാൻ പൊലീസ് ഏഴു പ്രാവശ്യം ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നതായി അന്വേഷണ സംഘം.

110 പേരുടെ മരണത്തിന് ഇടയാക്കിയ പരവൂര്‍ വെടിക്കെട്ടിന്  8.20 ലക്ഷം രൂപയുടെ കരാറാണു നൽകിയിരുന്നത്. . ദുരന്തത്തിന് അരമണിക്കൂർ മുൻപു വെടിക്കെട്ടിന്റെ തീ വീണു രണ്ടു പേർക്കു പരുക്കേറ്റപ്പോള്‍ പോലീസ് ഇടപ്പെടുകയും വെടിക്കെട്ട് നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം പറയുന്നു.


സംഘാടകനും അനൗൺസറുമായ ടി.എസ്. ലൗലിയെ പരവൂർ എസ്ഐ: ജസ്റ്റിൻ ജോൺ രണ്ടു തവണ വിളിച്ചു വെടിക്കെട്ടു നിർത്തണമെന്നു നിർദേശിച്ചു.പിന്നീട്ഇതേ ആവശ്യംഉന്നയിച്ചു പോലീസിന്റെ സ്പെഷൽ ബ്രാഞ്ചി‍ൽ നിന്നും നാല് തവണ ലൗലിയെ വിളിച്ചു.  ദുരന്തം നടക്കുന്നതിന് അഞ്ച് മിനിറ്റ് മുൻപ് സിഐ: എസ്. ചന്ദ്രകുമാറും ലൗലിയെ വിളിച്ചു വെടിക്കെട്ടു നിർത്തണമെന്നു കർശന നിർദേശം നൽകി. ഈ ഫോണ്‍ കോളുകളെ ചുറ്റിപറ്റിയാണ് ക്രൈം ബ്രാഞ്ച് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.കൂടുതല്‍ തെളിവുകള്‍ കിട്ടിയ ശേഷം ലൌലിയെ ചോദ്യം ചെയ്യും.

വെടിക്കെട്ടിന് പരമ്പരാഗത രീതിയിലുള്ള വെടിക്കെട്ട് എന്ന രീതിയിലാണ് ആദ്യ കരാർ ഒപ്പിട്ടത്. വർക്കല കൃഷ്ണൻകുട്ടിക്കും കഴക്കൂട്ടം സുരേന്ദ്രനും തമ്മിലായിരുന്നു കരാർ.  മൽസര വെടിക്കെട്ടിനായി രഹസ്യ കരാറിലും ഏർപ്പെട്ടു. വെടിക്കെട്ടിന് അനുമതി തേടി ക്ഷേത്രം ഭാരവാഹികൾ ജില്ലാ കലക്ടർ എ. ഷൈനാമോളെ സമീപിച്ചപ്പോൾ വിശദമായ റിപ്പോർട്ട് തേടി സിറ്റി പൊലീസ് കമ്മിഷണർ പി. പ്രകാശിന് അയച്ചിരുന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം പരവൂർ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണു കരാറുകളുടെ പകർപ്പുകൾ ലഭിച്ചത്.

മൽസരവെടിക്കെട്ടാണു നടക്കുന്നതെന്നും അനുമതി നൽകരുതെന്നും പരവൂർ പൊലീസ് കമ്മിഷണർക്കു നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ കരാറുകളുടെ കാര്യവും പറഞ്ഞിരുന്നു. കമ്മിഷണർ ഇതു കലക്ടർക്കു കൈമാറി. ഇതുകൂടി പരിഗണിച്ചാണു വെടിക്കെട്ട് നിരോധിച്ചു കലക്ടർ ഉത്തരവു പുറപ്പെടുവിച്ചത്.

വെടിക്കെട്ടു നിരോധിച്ചുകൊണ്ടുള്ള കലക്ടറുടെ ഉത്തരവ് എട്ടിനു വൈകിട്ടാണു പുറത്തിറങ്ങിയതെങ്കിലും ഇക്കാര്യം നേരത്തെ ക്ഷേത്രഭാരവാഹികൾ അറിഞ്ഞിരുന്നു. അതുകൊണ്ടാണ് അന്ന് ഉച്ചയ്ക്കു രണ്ടിന് കലക്ടറേറ്റിൽ എത്തിയതെന്നു കസ്റ്റഡിയിലുള്ള ഭാരവാഹികൾ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. കലക്ടറുമായി സംസാരിച്ചപ്പോൾ പൊലീസ് റിപ്പോർട്ട് കൊണ്ടുവന്നാൽ പുനഃപരിശോധിക്കാമെന്നു വാക്കാൽ ഉറപ്പു നൽകി. ഇതനുസരിച്ചാണ് പരവൂർ സിഐയെ വീണ്ടും കണ്ടത്.
മൽസരം ഒഴിവാക്കി ആചാരപരമായി വെടിക്കെട്ടു നടത്താമെന്നും നിയമവിധേയമായിരിക്കണമെന്നും സിഐ ആവർത്തിച്ചു. ഈ കത്തുമായാണ് ഒൻപതിനു ക്ഷേത്രഭാരവാഹികൾ കലക്ടറേറ്റിൽ എത്തിയത്. എട്ടിനു ക്ഷേത്രഭാരവാഹികൾ കലക്ടറുടെ ചേംബറിൽ എത്തിയോയെന്ന് അറിയാൻ‍ അവിടത്തെ സിസി ടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു.

Read More >>