വിസ്മരിക്കാന്‍ കഴിയില്ല ഈ ആംബുലന്‍സ് ജീവനക്കാരുടെ സേവനത്തെ

രാജ്യത്തെ തന്നെ നടുക്കി പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തില്‍ ശനിയാഴ്ച വെളുപ്പിന് വെടിക്കെട്ട് സ്‌ഫോടനം നടന്നപ്പോള്‍ ഒരു സംസ്ഥാനത്തെ ജനങ്ങള്‍...

വിസ്മരിക്കാന്‍ കഴിയില്ല ഈ ആംബുലന്‍സ് ജീവനക്കാരുടെ സേവനത്തെ

Ambulance

രാജ്യത്തെ തന്നെ നടുക്കി പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തില്‍ ശനിയാഴ്ച വെളുപ്പിന് വെടിക്കെട്ട് സ്‌ഫോടനം നടന്നപ്പോള്‍ ഒരു സംസ്ഥാനത്തെ ജനങ്ങള്‍ മുഴുവന്‍ സഹായവുമായി ഓടിയെത്തിയത് ലോകം കണ്ടു. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സുമുള്‍പ്പെടെയുള്ളവരുടെ ആദ്യഘട്ടത്തിലെ സമയോജിതമായ ഇടപെടലാണ് മരണസംഖ്യ കൂടാതെ പിടിച്ചു നിര്‍ത്തിയത്. ഇതില്‍ ഫയര്‍ഫോഴ്‌സിന്റേയും പോലീസിന്റെയും ശ്രമങ്ങള്‍ പല മാധ്യമങ്ങളും പ്രാമുഖ്യത്തോടെ പ്രതിപാദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരിടത്തും പ്രതിപാദിക്കപ്പെടാതെ ഊണും ഉറക്കവും ഉപേക്ഷിച്ച് ദിവസങ്ങളോളം രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകിയ ഒരു കൂട്ടരുണ്ട്. ദുരന്തയിടത്തില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ ഉയര്‍ത്തിയെടുത്ത അവസാന വ്യക്തിയേയും നിമിഷങ്ങള്‍ക്കുള്ളില്‍ ആശുപത്രിയിലെത്തിച്ച് തങ്ങളുടെ കടമനിറവേറ്റിയ അന്‍പതോളം ആംബുലന്‍സിലെ ജീവനക്കാര്‍.


രണ്ടു ദിവസത്തോളം പരിക്കേറ്റവരേയും കൊണ്ട് ഒരു ആശുപത്രിയില്‍ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് തികച്ചും സൗജന്യമായാണ് അവര്‍ സര്‍വ്വീസ് നടത്തിയത്. ദുരന്തം അറിഞ്ഞ് 1298 ആംബുലന്‍സ് സര്‍വ്വീസിന്റെ അഞ്ച് ആംബുലന്‍സുകളാണ് വെളുപ്പിന് ദുരന്തഭൂമിയിലേക്ക് കുതിച്ചെത്തിയത്. കൊല്ലത്തെ വിവിധ ആശുപത്രികളില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും മറ്റ് സ്വകാര്യ ആശുപത്രികളിലേക്കും അവര്‍ പരിക്കേറ്റ ജീവനുകളുമായി പാഞ്ഞു. വാഹനത്തിന്റെ ഡീസല്‍വരെ സ്വന്തമായി ചെലവാക്കി നിറഞ്ഞു നിന്ന ഇവരെ ഒരിക്കലും കാണാതിരിക്കാനാകില്ല.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പലഹൃദയഭേദകമായ കാഴ്ചകള്‍ക്കും ഇവര്‍ക്ക് സാക്ഷിയാകേണ്ടി വന്നു. 1298 ആംബുലന്‍സ് സര്‍വ്വീസിന്റെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വിഷ്ണു ആലപ്പുറത്തിന്റെ അനുഭവമാണ് അതിലൊന്ന്.

സംഭവത്തെപ്പറ്റി വിഷ്ണുവിന്റെ തന്നെ വാക്കുകള്‍:

വെളുപ്പിന് 3.33 ന് ആയിരുന്നു ഞങ്ങള്‍ക്ക് വിവരം ലഭിക്കുന്നത്. കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലുണ്ടായിരുന്ന ഞങ്ങള്‍ അപ്പോള്‍ തന്നെ സംഭവസ്ഥലത്തേക്ക് തിരിക്കുകയായിരുന്നു. എന്നാല്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതിലുമപ്പുറമായിരുന്നു കാര്യങ്ങള്‍. അപകടത്തില്‍ പെട്ടവരെ ബസ്സുകളിലും ഓട്ടോറിക്ഷകളിലും ബൈക്കുകളിലുമായി ആശുപത്രികളിലേക്ക് മാറ്റുന്ന കാഴ്ചകളാണ് പോകുന്ന വഴിയേ കാണാനായത്.

സംഭവ സ്ഥലത്ത് എത്തിയ ഞങ്ങള്‍ക്ക് വളരെ ഭയാനകവും ഭീകരവും സങ്കടപ്പെടുത്തുന്നതുമായ കാഴ്ചയാണ് കാണാനായത്. സമയം ഒട്ടും കളയാതെ കൈയ്യില്‍ കിട്ടിയ പരിക്കുപറ്റിയ ആള്‍ക്കാരുമായി അടുത്തുള്ള ആശുപത്രിലക്ഷ്യമാക്കി ഞങ്ങള്‍ പറന്നു. ഇതിനോടകം തന്നെ അന്‍പതോളം ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തനത്തിന് അണിചേര്‍ന്നത് ഒട്ടനവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായകമായി.

ഒന്‍പത് പേരേ സ്ഥലത്ത് നിന്നും ആശുപത്രിയിലേക്ക് എത്തിച്ച ഞങ്ങള്‍ പത്താമതായി എടുക്കാനെത്തിയപ്പോള്‍ വളരെ ഭയനീകരമായ കാഴ്ചയാണ് കണ്ടത് ഏകദേശം 90 ശതമാനം പൊള്ളലേറ്റ അയൂബ് എന്ന ചെറുപ്പക്കാരന്‍ തകര്‍ന്ന ഒരു കെട്ടിടത്തിനടിയില്‍ ജീവനു വേണ്ടി പോരാടുന്നു. മറ്റൊന്നും ചിന്തിക്കാതെ രണ്ടര മണിക്കൂര്‍ നേരം നാട്ടുകാരും പോലീസുകരും ഉയര്‍ഫോഴ്‌സ് കാരും ചേര്‍ന്ന് JCB ഉപയോഗിച്ച് അദ്ദേഹത്തെ പുറത്തെടുത്ത് നല്‍കുമ്പോള്‍ ജീവനോടെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാമെന്നു പോലും ഞങ്ങള്‍ കരുതിയില്ല.

ജീവനു വേണ്ടി പൊരുതുന്ന അദ്ദേഹത്തെ ആശ്വസിപ്പിച്ച് നല്‍കാന്‍ കഴിയുന്ന പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി അടുത്തുള്ള കൊട്ടിയം കിംസ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിക്കാന്‍ തയ്യാറായില്ല എന്നുള്ളതാണ് സത്യം. പ്രഥമശുശ്രൂഷ ഞങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും നിങ്ങള്‍ ഇന്‍കുബേറ്റ് ചെയ്തു തന്നാല്‍ മതിയെന്നു പറഞ്ഞിട്ടും ആശുപത്രി അധികൃതര്‍ ചെവിക്കൊണ്ടില്ല. കൂടുതല്‍ തര്‍ക്കിക്കാന്‍ നില്‍ക്കാതെ ഞങ്ങള്‍ രോഗിയുമായി കൊല്ലം മെഡിസിറ്റിയിലെത്തി. എന്നാല്‍ അവരും പരിക്കേറ്റയാളെ ഏറ്റെടുക്കാന്‍ തയ്യാറായില്ല.

അദ്ദേഹത്തിന്റെ ജീവന്‍ ഏതുവിധേനയും രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ അടുത്ത ആശുപത്രിയായ മെഡിട്രീനയിലേക്ക് ഞങ്ങള്‍ പാഞ്ഞു. പക്ഷേ ആശുപത്രിയിലേക്ക് പോകുന്ന വഴിക്ക് അദ്ദേഹത്തിന്റെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. നിസ്സഹായവസ്ഥയില്‍ ഞങ്ങള്‍ക്ക് നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളൂ. ഇപ്പോള്‍ മരണപ്പെട്ടവരുടെ ആത്മശാന്തിക്കുവേണ്ടിയും ആശുപത്രിയിലുള്ളവരുടെ സുഖ പ്രാപ്തിക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു.

കൊല്ലത്ത് ഷിഹാബ് തങ്ങള്‍ എന്ന ആംബുലന്‍സിന്റെ ഡ്രൈവര്‍ നിസാറിന്റെ അനുഭവവും കരളലിയിപ്പിക്കുന്നതാണ്. വെളുപ്പിന് 3.45 ന് സ്ഥലത്ത് എത്തിയ നിസാര്‍ എകദേശം ഏഴോളം രോഗികളെ ആശുപത്രികളില്‍ എത്തിച്ചു. തിരിച്ചുവന്ന് കഴിയുന്ന അത്രയും രോഗികളുമായി അടുത്തുള്ള ആശുപത്രിയിലേക്ക് പോകുന്നവഴി സഹായത്തിനായി സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പാരിപ്പള്ളി നിവാസിയായ ചെറുപ്പക്കാരനും കയറി.

ആംബുലന്‍സ് കൊല്ലം തിരുമുക്ക് എന്ന് പറയുന്ന സ്ഥലത്ത് എത്തിയപ്പോള്‍ പിറകില്‍ സഹായത്തിനു വന്ന ചെറുപ്പക്കാരന്‍ അലമുറയിട്ടു കരയുന്നതുകേട്ടു. പിറകില്‍ കിടക്കുന്ന പരിക്കേറ്റവരില്‍ പൊള്ളലേറ്റ് കാല്‍ നഷ്ടപ്പെട്ട് കിടക്കുന്ന ഒരു ചെറുപ്പക്കാരന്റെ അദ്ദേഹത്തിന്റെ സ്വന്തം സഹോദരന്‍ ആയിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴും അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ പോലും വാക്കുകള്‍ ഇല്ലാതെ നിസാറും സംഘവും മൂകരായിരുന്നു.

ഇത്തരത്തില്‍ ഒത്തിരി അനുഭവങ്ങളാണ് ദുരന്തം നടന്ന രണ്ടു ദിവസങ്ങളില്‍ ആംബുലന്‍സ് ജീവനക്കാര്‍ അനുഭവിച്ചത്. കരള്‍ പിളരുന്ന കാഴ്ചകള്‍ക്കിടയിലും അവര്‍ തങ്ങളുടെ ദൗത്യം തുടര്‍ന്നു. വിരശമമില്ലാത്ത ആ ഓട്ടങ്ങള്‍ക്കിടയില്‍ തങ്ങളുടെകൂടെ ശ്രമഫലമായി നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തിലാണവര്‍.

Read More >>