പാലാ മാണിയെ കൈവിടുമോ?

ഇത്തവണ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലമാണ് പാലാ. 1960ല്‍ പാലാ മണ്ഡലം രൂപീകരിച്ചത് മുതല്‍ മാണിസാറെന്ന കെഎം മാണിയെ കണ്ണുമടച്ച് ജയിപ്പിച്ച് വിട്ട...

പാലാ മാണിയെ കൈവിടുമോ?

ഇത്തവണ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലമാണ് പാലാ. 1960ല്‍ പാലാ മണ്ഡലം രൂപീകരിച്ചത് മുതല്‍ മാണിസാറെന്ന കെഎം മാണിയെ കണ്ണുമടച്ച് ജയിപ്പിച്ച് വിട്ട മണ്ഡലമാണ് പാലാ. പാലാ എന്നാല്‍ കെ എം മാണി, കെ എം മാണിയെന്നാല്‍ പാലാ ഇതായിരുന്നു സമവാക്യം. 50 വര്‍ഷം കെഎം മാണി പാലായ്ക്ക് വേണ്ടി എന്ത് ചെയ്തു എന്നതിനെക്കാള്‍ ഉപരിയായി കഴിഞ്ഞ 5 വര്‍ഷം പാലായെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയ ബാര്‍കോഴ കേസിന്റെ ദുഷ്പേരിനോട് പാലായിലെ ജനങ്ങള്‍ എങ്ങിനെ പ്രതികരിക്കും എന്നാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. മാണിക്കെതിരെ എന്‍സിപി സ്ഥാനാര്‍ഥിയായ മാണി സി. കാപ്പന്‍ ഇത് മൂന്നാം തവണയാണ് രംഗത്തിറങ്ങുന്നത്. എന്‍ഡിഎ ഇത്തവണ ബിജെപിയുടെ ജില്ലാ പ്രസിഡന്റിനെ രംഗത്തിറക്കുന്നത് മികച്ച പോരാട്ടത്തിനപ്പുറം അട്ടിമറി വിജയം പ്രതീക്ഷിച്ചാണ്.


km-mani

ഇടത്തേക്കും വലത്തേക്കും മാറിമറിഞ്ഞ മുന്നണി ബന്ധങ്ങളില്‍ കെ.എം.മാണി പാലായില്‍ നിന്നു വിജയിച്ചത് 12 തവണയാണ്. ഇതില്‍ ഭൂരിപക്ഷം ആയിരത്തിനു താഴെപ്പോയത് ഒരേയൊരു തവണ. ഇരുപതിനായിരം കടന്നത് രണ്ടുതവണ. പക്ഷേ, 1996നു ശേഷം ഭൂരിപക്ഷം ക്രമാനുഗതമായി കുറയുന്നുണ്ടെന്നതാണ് കെ.എം.മാണിയേയും കേരള കോണ്‍ഗ്രസിനേയും ആശങ്കപ്പെടുത്തുന്ന ഘടകം. ഏറ്റവുമധികം കാലം മന്ത്രിയായും നിയമസഭാംഗമായും ഏറ്റവുമധികം തവണ ബജറ്റവതരിപ്പിച്ച ധനമന്ത്രിയായുമെല്ലാം നിരവധി റിക്കോര്‍ഡുകള്‍ മാണി തിരുത്തിയെഴുതി. പക്ഷേ, ഇത്തവണ അഴിമതി ആരോപണ വിധേയനായി രാജിവച്ച ധനമന്ത്രിയായാണ് മാണിയുടെ പോരാട്ടം. റബറിന്റെ വിലയിടിവും ബാര്‍കോഴയും മണ്ഡലത്തിലെ പ്രധാന ചര്‍ച്ചയാകുമ്പോള്‍ സഭയുടെ നിലപാടും നിര്‍ണായകമാണ്.

കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മിലുള്ള അടിയും പ്രധാന പ്രശ്നങ്ങളിലൊന്നാണ്. യൂത്ത് കോണ്‍ഗ്രസ് ഡിസിസി സെക്രട്ടറിയായിരുന്ന സാബു എബ്രഹാമും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ സതീഷും ഉള്‍പ്പടെ ഇതിന്റെ ഇരകളാണ്. തദ്ദേശ തിരഞ്ഞെടുപ്പ് കാലത്തും പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്തും കോണ്‍ഗ്രസിനെ മറക്കുന്ന കെഎം മാണിയും കേരളകോണ്‍ഗ്രസും നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫിനെയും കോണ്‍ഗ്രസിനെയും കൃത്യമായി ഓര്‍ക്കുന്നുണ്ട്. കോണ്‍ഗ്രസുകാര്‍ ഇത്തവണ പകരം ചോദിക്കുകയും ചെയ്യും. റബറിന്റെ വിലിയിടവില്‍ പ്രതിഷേധിച്ച് ജോസ്‌കെ മാണി പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ചപ്പോള്‍ അതിലും കോണ്‍ഗ്രസുകാരെ അടുപ്പിച്ചില്ല. ആ പ്രതിഷേധം തന്നെ പ്രഹസനമായിരുന്നു എന്ന ആരോപണവും ശക്തമാണ്. സഭയെ സംബന്ധിച്ചിടത്തോളം മാണിമാര്‍ രണ്ട് പേരും ഒരു പോലെ വേണ്ടപ്പെട്ടവരാണ്. ബാര്‍കോഴ വരുത്തിവെച്ച ചീത്ത പേരും മദ്യനയത്തില്‍ കെസിബിസിക്കുള്ള ആശങ്കകളും കെ എം മാണിയെ ഇത്തവണ സഭയും കൈവിടാന്‍ കരണമായേക്കും എന്നും റിപ്പോര്‍ട്ടുണ്ട്.

1996 ലാണ് മാണിയുടെ ഏറ്റവും വലിയ ഭൂരിപക്ഷം പാല കണ്ടത്. ഇടതുസ്വതന്ത്രന്‍ സി.കെ.ജീവനെ 23,790 വോട്ടിനാണ് അന്നു മാണി പരാജയപ്പെടുത്തിയത്. പിന്നീട് മാണിയുടെ ഭൂരിപക്ഷം ക്രമാനുഗതമായി കുറയാന്‍ തുടങ്ങി. 2001ല്‍ എന്‍സിപിയിലെ ഉഴവൂര്‍ വിജയനോട് മല്‍സരിച്ചുവിജയിച്ചപ്പോള്‍ ഭൂരിപക്ഷം 22,301 ലേക്ക് താഴ്ന്നു. 2006ലാണ് എന്‍സിപി ചലച്ചിത്ര നിര്‍മാതാവും സംവിധായകനും നടനും, അബ്കാരിയുമായിരുന്ന മാണി സി കാപ്പനെ പാലായില്‍ കെ.എം.മാണിക്കെതിരെ രംഗത്തിറക്കിയത്. കെ.എം.മാണിയുടെ ഭൂരിപക്ഷം 7,759ലേക്ക് കുത്തനെ താഴ്ന്നു. 2011ല്‍ ഇരുവരും വീണ്ടും നേര്‍ക്കുനേര്‍ നിന്നപ്പോള്‍ കെ.എം.മാണിയുടെ ഭൂരിപക്ഷം 5,259 വോട്ടിലേക്ക് വീണ്ടും താഴുകയായിരുന്നു. കെ.എം.മാണിക്ക് 61,239 വോട്ടുകള്‍ കിട്ടിയപ്പോള്‍ 55,980 വോട്ട് മാണി സി.കാപ്പനും നേടി. ബി.ജെ.പിയുടെ ബി.വിജയകുമാറിന് നേടാനായത് 6,359 വോട്ടാണ്. ശരത് പവാര്‍ ഉള്‍പ്പെടെ ദേശീയ നേതാക്കളുടെ താല്‍പര്യത്തിലാണ് മാണി സി. കാപ്പനെ പാലായില്‍ വീണ്ടും മത്സരിപ്പിക്കുന്നത്.

2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പാല ഉള്‍പ്പെടുന്ന കോട്ടയത്തുനിന്ന് മത്‌സരിച്ച ജോസ് കെ.മാണി ഇവിടെ 66,968 വോട്ടു നേടിയരുന്നു. നിയമസഭയിലേക്ക് മാണിക്കു കിട്ടിയതിനേക്കാള്‍ 5,729 വോട്ട് കൂടുതലാണിത്. ഇടതുസ്ഥാനാര്‍ഥിയായിരുന്ന മാത്യു ടി.തോമസിന് ലഭിച്ചതാകട്ടെ 35,569 വോട്ടാണ്. നിയമസഭയിലേക്ക് ഇടതുപക്ഷത്തിനു കിട്ടിയതിനേക്കാള്‍ 20,411 വോട്ട് കുറവ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ പാലായില്‍ യുഡിഎഫിനു ലഭിച്ച ഭൂരിപക്ഷം 31,399 വോട്ടാണ്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി മുമ്പ് വാഴൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. ദേശീയ തലത്തില്‍ ബി.ജെ.പിക്കുള്ള നേട്ടങ്ങള്‍ പാലായിലും ഊര്‍ജ്ജമായി മാറുമെന്ന് കണക്കുകൂട്ടലിലാണ് അവര്‍. യുവമോര്‍ച്ചയിലൂടെ പൊതുരംഗത്തെത്തിയ എന്‍. ഹരി യുവമോര്‍ച്ച പുതുപ്പള്ളി മണ്ഡലംപ്രസിഡന്റ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. യുവത്വത്തിന്റെ പ്രതീകമായ എന്‍ ഹരിക്ക് പാലായിലെ യുവാക്കളുടെ വോട്ടു വീഴുമെന്നാണ് എന്‍ ഡി എ യുടെ പ്രതീക്ഷ.

പാല മുനിസിപ്പാലിറ്റിയും 12 പഞ്ചായത്തുകളും അടങ്ങിയതാണ് പാല നിയോജകമണ്ഡലം. എലിക്കുളം, തലപ്പലം, തലനാട്, മൂന്നിലവ്, മേലുകാവ്, കരൂര്‍, ഭരണങ്ങാനം, കടനാട്, മീനച്ചില്‍, കൊഴുവനാല്‍, മുത്തോലി, രാമപുരം, പാലാ നഗരസഭ എന്നിവയാണ് മണ്ഡലത്തിലുള്ളത്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാല മുനിസിപ്പാലിറ്റിയും തലനാട് ഒഴികെയുള്ള 11 പഞ്ചായത്തുകളും യുഡിഎഫിന് ലഭിച്ചു. 26 വാര്‍ഡുകളുള്ള പാലാ മുനിസിപ്പാലിറ്റിയില്‍ 20 എണ്ണത്തിലും യുഡിഎഫിനായിരുന്നു വിജയം. മൂന്ന് സീറ്റാണ് ഇടതുമുന്നണിക്ക് ലഭിച്ചത് ഒരെണ്ണം ബിജെപിക്കും രണ്ടെണ്ണം മറ്റുള്ളവര്‍ക്കും കിട്ടി. പഞ്ചായത്തുകളില്‍ ആകെയുള്ള 167 വാര്‍ഡുകളില്‍ 109ലും യുഡിഎഫ് വിജയിച്ചപ്പോള്‍ ഇടതുപക്ഷത്തിന് 43 എണ്ണംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ബിജെപിക്ക് 15 വാര്‍ഡുകള്‍ ലഭിച്ചപ്പോള്‍ വിമതരും കേരള കോണ്‍ഗ്രസ് സെക്യുലറും എല്ലാംകൂടി നേടിയത് 26 സീറ്റുകളാണ്.

എന്തായാലും ഇത്തവണ പാലായില്‍ കെ എം മാണിക്ക്് അടിപതറിയാലും ഇല്ലെങ്കിലും അതും  ചരിത്രം തിരുത്തികുറിക്കും.

Read More >>