ഒറ്റപ്പാലത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിവാദ വ്യവസായിയുടെ ഇടപെടലെന്ന് ആക്ഷേപം ശക്തം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മാറ്റുന്നു

പാലക്കാട്: ഒറ്റപ്പാലത്ത് ഇരുമുന്നണികളുടേയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാലക്കാട്ടെ വിവാദ വ്യവസായി ചാക്ക് രാധക്യഷ്ണന്റെ സ്വാധീനമുണ്ടെന്ന ആക്ഷേപം...

ഒറ്റപ്പാലത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിവാദ വ്യവസായിയുടെ ഇടപെടലെന്ന് ആക്ഷേപം ശക്തം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മാറ്റുന്നു

VM-Radhakrishnan

പാലക്കാട്: ഒറ്റപ്പാലത്ത് ഇരുമുന്നണികളുടേയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാലക്കാട്ടെ വിവാദ വ്യവസായി ചാക്ക് രാധക്യഷ്ണന്റെ സ്വാധീനമുണ്ടെന്ന ആക്ഷേപം മണ്ഡലത്തില്‍ ശക്തം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഹൈക്കമാന്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ശാന്ത ജയറാമിനെതിരെ കടുത്ത പ്രതിഷേധമാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായത്. ഇതിനെ തുടര്‍ന്ന് ഒറ്റപ്പാലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശാന്ത ജയറാമിനെ പിന്‍വലിച്ച് എ.ഐ.സി.സി മുന്‍സെക്രട്ടറി ഷാനിമോള്‍ ഉസ്മാനെ സ്ഥാനാര്‍ത്ഥിയാക്കും. ഒറ്റപ്പാലത്ത് സി.പി.എം സ്ഥാനാര്‍ത്ഥി പി.ഉണ്ണി ജയിക്കേണ്ടത് ചാക്ക് രാധക്യഷ്ണന്റെ ആവശ്യമാണെന്നും അതിനാല്‍ ഉണ്ണിയെ ജയിപ്പിക്കാനാണ് കോണ്‍ഗ്രസ് ദുര്‍ബലയായ ശാന്ത ജയറാമിനെ നിര്‍ത്തിയതെന്നുമായിരുന്നു ആരോപണം.


ഡി.സി.സി പ്രസിഡന്റ് സി.വി.ബാലചന്ദ്രനും ചില ഡി.സി.സി സെക്രട്ടറിമാരും ദുര്‍ബലയായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി സി.പി.എം സ്ഥാനാര്‍ത്ഥി പി.ഉണ്ണിയെ സഹായിക്കുകയാണെന്നും ഇതിന് കോണ്‍ഗ്രസ് ജില്ലാ നേതാക്കള്‍ കോടികള്‍ ചാക്ക് രാധാക്യഷ്ണനില്‍ നിന്നു കോഴ വാങ്ങിയതായും കാണിച്ച് മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേത് എന്ന പേരില്‍ പോസ്റ്ററുകള്‍ നിറഞ്ഞിരുന്നു. ശാന്ത ജയറാമിനെ നിര്‍ത്തുന്നതിനെതിരെ കോണ്‍ഗ്രസ് വിമത കണ്‍വെന്‍ഷന്‍ നടത്തുകയും റിബല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ തവണ ഷൊര്‍ണൂരില്‍ ശാന്ത ജയറാം മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. നേരത്തെ ഒറ്റപ്പാലത്ത് സിറ്റിങ്ങ് എം.എല്‍.എ സി.പി.എമ്മിലെ ഹംസക്ക് സീറ്റ് നല്‍കാതെ പി.ശശിക്കാണ് സീറ്റ് നല്‍കാന്‍ തീരുമാനിച്ചത്.

ഇതിനെതിരെ ഒറ്റപ്പാലത്ത് പാര്‍ട്ടിയില്‍ മുറുമുറുപ്പ് ഉണ്ടായപ്പോല്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ സുബൈദ ഇസാഹാഖിനെ പരിഗണിച്ചിരുന്നു. ഇതിനെതിരേയും പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം വന്നിരുന്നു. തുടര്‍ന്നാണ് മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ പി.ഉണ്ണിയെ പരിഗണിച്ചത്. ഇതിനെതിരെ സേവ് സിപിഎം എന്ന പേരില്‍ മണ്ഡലത്തിലുടനീളം പോസ്റ്റര്‍ പതിക്കലും നോട്ടീസ് വിതരണവും ഉണ്ടായിരുന്നു. ചാക്ക് രാധക്യഷ്ണനു വേണ്ടിയാണ് പി.ഉണ്ണിയെ മത്സരിപ്പിക്കുന്നത് എന്ന വിധത്തിലായിരുന്നു പോസ്റ്ററുകള്‍. പക്ഷെ പി. ഉണ്ണിയുടെ സ്ഥാനാര്‍ത്ഥി് പ്രഖ്യാപനം വന്ന ശേഷം സിപിഎം ഒറ്റക്കെട്ടായി നില്‍ക്കുന്ന കാഴ്ച്ചയാണ് കണ്ടത്. എന്നാല്‍ കോണ്‍ഗ്രസില്‍ പലപേരുകള്‍ വരികയും ഒടുവില്‍ ഹൈക്കമാന്റ് തന്നെ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കേണ്ട അവസ്ഥയാണുമുള്ളത്. ഒറ്റപ്പാലത്തേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ വരുന്ന ഷാനിമോള്‍ ഉസ്മാന്‍ മണ്ഡലത്തില്‍ തന്നെ പുതുമുഖമാണ്. കോണ്‍ഗ്രസിന്റെ ഉള്‍പ്പടെ ഒരു പരിപാടിക്കും അവര്‍ ഒറ്റപ്പാലത്ത് ഇതുവരെ വന്നതായി അറിവില്ലെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് നാരദ ന്യൂസിനോട് പറഞ്ഞു.