"സിപിഐഎമ്മിന്റെ ബിജെപി വിരുദ്ധത വെറും പ്രകടനം"; ഉമ്മന്‍ ചാണ്ടി

ആലപ്പുഴ: സിപിഐഎമ്മിന്റെ ബി.ജെ.പി.വിരുദ്ധത വെറും പ്രകടനം മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍...

"സിപിഐഎമ്മിന്റെ ബിജെപി വിരുദ്ധത വെറും പ്രകടനം"; ഉമ്മന്‍ ചാണ്ടി

oommen chandy copy

ആലപ്പുഴ: സിപിഐഎമ്മിന്റെ ബി.ജെ.പി.വിരുദ്ധത വെറും പ്രകടനം മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ പ്രസംഗിക്കുന്ന വേളയിലാണ് അദ്ദേഹം സിപിഐഎമ്മിന് എതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്ത് എത്തിയത്.

"ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപിയുമായി രഹസ്യധാരണ ഉണ്ടാക്കിയെന്നാണ് സിപിഐഎം ആരോപിക്കുന്നത്. ഇവരുടെ ബി.ജെ.പി.വിരുദ്ധത വെറും കാപട്യമാണ്. 1977-ല്‍ സി.പി.എം. ജനസംഘത്തിനൊപ്പം നിന്നു. 1989-ല്‍ ബി.ജെ.പി.യെ പിന്തുണച്ചു. ഏറ്റവും ഒടുവില്‍ ബിഹാറിലെ തിരഞ്ഞെടുപ്പില്‍ എല്ലാവരും ബി.ജെ.പി.ക്കെതിരെ ഒരുമിച്ചപ്പോള്‍ മാറിനിന്ന് അവര്‍ക്ക് 11 സീറ്റില്‍ ജയിക്കാന്‍ സാഹചര്യമൊരുക്കിയത് ഇവരാണ്. വോട്ട് തട്ടിയെടുക്കാന്‍വേണ്ടി ബിജെപിക്കെതിരെ പ്രസംഗിക്കുകമാത്രമാണ് യഥാര്‍ഥത്തില്‍ സി.പി.എം. ചെയ്യുന്നത്." ഉമ്മന്‍ ചാണ്ടി ആരോപിച്ചു.


എല്‍.ഡി.എഫ്. വന്നാല്‍ എല്ലാം ശരിയാകുമെന്നാണ് ഇപ്പോള്‍ പ്രചാരണം. എല്ലാം നശിപ്പിക്കാന്‍ മാത്രം പഠിച്ചവര്‍ക്ക് എങ്ങനെയാണ് അതിനുകഴിയുക. ഭരണത്തിലെത്തിയപ്പോള്‍ ഇഷ്ടപ്പെടാത്ത കൃഷി വെട്ടിനിരത്തി. മൂന്നാറില്‍ ഭൂമി കൈയേറിയെന്നാരോപിച്ച് ഇടിച്ചുനിരത്തി. ഇതിനെല്ലാം ഇപ്പോള്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ട ഗതികേടിലുമായി.

എന്നാല്‍, യു.ഡി.എഫ്. സര്‍ക്കാര്‍ സൃഷ്ടിപരമായ വികസനനയമാണ് സ്വീകരിച്ചത്. ഭൂമികൈയേറ്റക്കാരെ നിയമപരമായി ഒഴിപ്പിക്കാന്‍ ശ്രമിച്ചു. കാര്‍ഷികമേഖലയില്‍ നെല്‍വില കൂട്ടി. റബ്ബര്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കി. പച്ചത്തേങ്ങ സംഭരിച്ചു. അഞ്ചുവര്‍ഷത്തിനുള്ളില്‍ എന്തെല്ലാം ആരോപണം പ്രതിപക്ഷം ഉന്നയിച്ചു. ബാര്‍ കോഴ, സോളാര്‍ ഉള്‍പ്പെടെ ഒരു കേസിലും തെളിവ് കൊടുക്കാന്‍പോലും കഴിഞ്ഞില്ല. മദ്യനയത്തിന്റെ ഭാഗമായി അടച്ചുപൂട്ടിയ ബാറുകളുടെ മുതലാളിമാരായിരുന്നു ഇതിനെല്ലാം പിന്നിലെന്ന് ജനത്തിന് മനസ്സിലായി.

ഭരണവിരുദ്ധവികാരം ഇല്ലാത്ത തിരഞ്ഞെടുപ്പാണിത്. പ്രകടനപത്രികയില്‍ പറഞ്ഞതില്‍ കൂടുതല്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കി. ഒരു രൂപയ്ക്ക് അരി നല്‍കുമെന്നു മാത്രമാണ് പറഞ്ഞിരുന്നത്. എന്നാല്‍, ദരിദ്രജനവിഭാഗങ്ങള്‍ക്ക് സൗജന്യറേഷന്‍ പ്രഖ്യാപിച്ച് നടപ്പാക്കാന്‍ കഴിഞ്ഞത് അതിനു തെളിവാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Read More >>