ചിഹ്നം ലഭിക്കാതെ ജനാധിപത്യ കേരള കോണ്‍ഗ്രസ്

ചിഹ്നം ലഭിക്കാതെ ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രതിസന്ധിയില്‍. ഇടത് മുന്നണിയുടെ ഭാഗമായി മത്സരിക്കാന്‍ തീരുമാനിച്ചുവെങ്കിലും ഇത് വരെ ചിഹ്നം...

ചിഹ്നം ലഭിക്കാതെ ജനാധിപത്യ കേരള കോണ്‍ഗ്രസ്

antony-raju

ചിഹ്നം ലഭിക്കാതെ ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രതിസന്ധിയില്‍. ഇടത് മുന്നണിയുടെ ഭാഗമായി മത്സരിക്കാന്‍ തീരുമാനിച്ചുവെങ്കിലും ഇത് വരെ ചിഹ്നം ലഭിക്കാത്തതാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പലയിടത്തും സ്ഥാനാര്‍ത്ഥികളുടെ പേരില്‍ ചുവരെഴുതിയെങ്കിലും ചിഹ്നം വ്യക്തമാക്കിയിട്ടില്ല. തിരുവനന്തപുരത്ത് ആന്റണി രാജുവിന്റെ പോസ്റ്ററുകളില്‍ ചിഹ്നത്തിന്റെ സ്ഥാനത്ത് വെള്ള നിറത്തില്‍ ഒഴിച്ചിട്ടിരിക്കുകയാണ്. കേരള കോണ്‍ഗ്രസില്‍ നിന്ന് പിളര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിച്ചുവെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കമ്മീഷന്റെ ചിഹ്നം ലഭിക്കേണ്ടതുണ്ട്.തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച ശേഷം മാത്രമേ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ അല്ലാത്തവര്‍ക്ക് ചിഹ്നം അനുവദിക്കുകയുള്ളൂ. അംഗീകൃത രാഷ്ട്രീയപാര്‍ട്ടി അല്ലാത്തതിനാല്‍ സ്വതന്ത്ര സഥാനാര്‍ത്ഥികള്‍ എന്ന നിലയിലാണ് കമ്മീഷന്‍ ഇവരെ പരിഗണിക്കുക. മൂന്ന് ചിഹ്നങ്ങള്‍ ഇവര്‍ക്ക് ആവശ്യപ്പെടാം. എന്നാല്‍ ഇവര്‍ തിരഞ്ഞെടുക്കുന്ന ചിഹ്നം മറ്റൊരു സ്ഥാനാര്‍ത്ഥി ആവശ്യപ്പെട്ടാല്‍ ആ ചിഹ്നം അവര്‍ക്ക് ലഭിക്കുകയില്ല.

ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്ക് ഇതോടെ ഏകീകൃത ചിഹ്നം ലഭിക്കുകയില്ല എന്നുറപ്പായി.നാല് സ്ഥാനാര്‍ത്ഥികളും വ്യത്യസ്ത ചിഹ്നങ്ങളിലായിരിക്കും മത്സരിക്കേണ്ടി വരിക. മണ്ഡലത്തില്‍ മത്സരിക്കുന്ന മറ്റ് സ്ഥാനാര്‍ത്ഥികള്‍ ചിഹ്നം പരിചയപ്പെടുത്തലും പോസ്റ്ററുകളും ലഘുലേഖകളും ഒക്കെയായി പ്രചാരണത്തില്‍ ബഹുദൂരം മുന്നേറുമ്പോള്‍ ചിഹ്നം ലഭിക്കാത്തത് ജനാധിപത്യ കേരള കോണ്‍ഗ്ര്‌സിനെ കുഴക്കുന്നുണ്ട്. പുതിയ ചിഹ്നം ലഭിച്ചാല്‍ തന്നെ അത് ജനങ്ങളെ പരിചയപ്പെടുത്താന്‍ സമയമെടുക്കും എന്നതും ഇവരെ ആശങ്കപ്പെടുത്തുന്നു.

അഴീക്കോട് മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നികേഷ് കുമാര്‍ ഇടതുപക്ഷ സ്വതന്ത്രനായിട്ടാണ് ആദ്യം മത്സരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സ്വതന്ത്രന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച ശേഷം മാത്രമേ ചിഹ്നം ലഭിക്കുകയുള്ളു എന്നതിനാല്‍ ഈ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. പുതിയ ചിഹ്നം ജനങ്ങളെ പരിചയപ്പെടുത്താന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും ഇതിന് സമയം വേണ്ടിവരുമെന്നും സിപിഐ(എം) ജില്ലാ കമ്മിറ്റി തന്നെ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് നികേഷിനെ സിപിഐ(എം)ന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാക്കി തന്നെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതേ പ്രശ്‌നം തന്നെയാണ് ജനാധിപത്യ കേരളകോണ്‍ഗ്രസും ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. ഏകീകൃത ചിഹ്നമില്ലാത്തത് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ വിജയസാദ്ധ്യതയെ ബാധിക്കും എന്നുവരെ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

മന്ത്രി വി എസ് ശിവകുമാറിനെതിരേ ആന്റണി രാജു മത്സരിക്കുന്ന തിരുവനന്തപുരം , കടുത്തുരുത്തി, ഇടുക്കി ,പൂഞ്ഞാര്‍, അടക്കം ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന നാലും നിര്‍ണ്ണായക മണ്ഡലങ്ങളും ആണ്.