തലസ്ഥാനം പിടിച്ചാല്‍ ഭരണം പിടിക്കാം

തലസ്ഥാനം പിടിച്ചാല്‍ ഭരണം പിടിക്കാം എന്നാണ് ചരിത്രം വ്യകാതമാക്കുന്നത്.1987, 1996, 2006 വര്‍ഷങ്ങളില്‍ എല്‍ഡിഎഫിനായിരുന്നു സംസ്ഥാന ഭരണം. ഈ...

തലസ്ഥാനം പിടിച്ചാല്‍ ഭരണം പിടിക്കാം

rajagopal-sivankutty

തലസ്ഥാനം പിടിച്ചാല്‍ ഭരണം പിടിക്കാം എന്നാണ് ചരിത്രം വ്യകാതമാക്കുന്നത്.

1987, 1996, 2006 വര്‍ഷങ്ങളില്‍ എല്‍ഡിഎഫിനായിരുന്നു സംസ്ഥാന ഭരണം. ഈ വര്‍ഷങ്ങളില്‍ എല്‍ഡിഎഫ് തിരുവനന്തപുരം ജില്ലയില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 1987ല്‍ ആകെയുള്ള 14 മണ്ഡലങ്ങളില്‍ 13ഉം എല്‍ഡിഎഫിനൊപ്പമായിരുന്നു. 1996ല്‍ ഒമ്പത് സീറ്റും 2006 ല്‍ 10 സീറ്റും എല്‍ഡിഎഫ് നേടി.

യുഡിഎഫ് സംസ്ഥാനത്ത് അധികാരത്തില്‍ വന്ന 1991, 2001, 2011 വര്‍ഷങ്ങളില്‍ തലസ്ഥാന ജില്ലയും ഐക്യമുന്നണിക്കൊപ്പം നിലയുറപ്പിച്ചു. 1991ല്‍ എട്ടും 2001ല്‍ ഒരു സ്വതന്ത്രനടക്കം 10ഉം 2011ല്‍ ആദ്യം എട്ടും പിന്നീട് ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ ഒമ്പതും സീറ്റാണ് ജില്ലയിലെ യുഡിഎഫ് സമ്പാദ്യം.കഴിഞ്ഞ തവണ 14ല്‍ ഒമ്പതും യുഡിഎഫ് നേടിയപ്പോള്‍ രണ്ടു സീറ്റിനാണ് ഇടതിന് ഭരണം പോയത്. ഇത്തവണ നിയമസഭയില്‍ തിരുവനന്തപുരത്ത്  അക്കൗണ്ട് തുറക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി.


രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന മൂന്ന് മണ്ഡലങ്ങളാണ് തിരുവന്തപുരത്ത്. കെ. മുരളീധരനും കുമ്മനം രാജശേഖരനും ടിഎന്‍ സീമയും നേര്‍ക്കുനേര്‍ വരുന്ന വട്ടിയൂര്‍ക്കാവ്,വി ശിവന്‍കുട്ടിയും ഒ രാജേഗാപാലും വീണ്ടും നേര്‍ക്കുനേര്‍ വരുന്ന നേമം , വി എസ് ശിവകുമാറും ശ്രീശാന്തും ആന്റണി രാജുവും നില്‍ക്കുന്ന തിരുവനന്തപുരം മണ്ഡലവും ഭരണം ആര്‍ക്ക് എന്നതിന് കൃത്യമായ മറുപടി നല്‍കും.

നേമത്ത് ശിവന്‍കുട്ടിക്ക് വെല്ലുവിളിയാകുന്നത് വര്‍ഷങ്ങള്‍ പഴക്കമുള്ള കുടിവെള്ള പ്രശ്‌നവും അടിസ്ഥാന സൗകര്യ വികസനവും.

നേമം മണ്ഡലത്തില്‍ നടപ്പാക്കിയതില്‍ ഒട്ടേറെ പദ്ധതികള്‍ കേരളത്തിന് മാതൃകയാണെന്ന് സ്ഥലം എംഎല്‍എ വി ശിവന്‍കുട്ടി അവകാശപ്പെടുമ്പോഴും പതിനഞ്ച് വര്‍ഷത്തിലേറായായി പാലിക്കപ്പെടാത്ത  വാഗ്ദാനങ്ങള്‍ നിരവധിയാണ്. ശുദ്ധജലം, മാലിന്യ നിര്‍മ്മാര്‍ജനം, ആശുപത്രി വികസനം തുടങ്ങി അടിസ്ഥാന വികസന പ്രശ്‌നങ്ങള്‍ നിരവധിയുണ്ട്.

നേമം പഞ്ചായത്തിനെ മെട്രോ നഗരമാക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കൂട്ടി ചേര്‍ത്തപ്പോള്‍ നല്കിയ വാഗ്ദാനങ്ങളാണ് ഇവയെല്ലാം. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തൃക്കണ്ണാപുരം കുടിവെള്ള പദ്ധതിയില്‍ കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. കരമനയാറിലെ മാലിന്യം നിറഞ്ഞ ചെളി വെള്ളമാണ് വീടുകളില്‍ കുടിവെള്ളമായി ലഭിക്കുന്നത്. ശുദ്ധീകരണ നിലവില്‍ കരമനയാറിലെ വെള്ളം അതേപടി പമ്പ് ചെയ്ത് കുടിവെള്ളമായി വിതരണം ചെയ്യുകയാണ് പതിവ്. ശുദ്ധീകരണ പ്ലാന്റ് ഇല്ലാത്തതിനാല്‍  കരമനയാറിലെ ജലത്തില്‍  ബ്ലീച്ചിംഗ് പൗഡറും ആലവും കലര്‍ത്തി പമ്പ് ചെയ്യുകയാണ് അധികൃതര്‍.

പമ്പ് ഹൗസിലെ കിണറ്റിലെ ചെളി നീക്കം ചെയ്യാന്‍ ടെന്‍ഡറിന് ആരും എത്താത്ത സാഹചര്യത്തില്‍ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നില്ല എന്ന പരാതിയും ഉണ്ട്.നഗരസഭ ടാങ്കറില്‍ കുടിവെള്ളം എത്തിക്കുന്നുണ്ടെങ്കിലും ഇതും ഫലപ്രദമല്ല. അരുവിക്കരയില്‍ നിന്ന് കുടിവെള്ളം എത്തിക്കാനുള്ള ജനറം പദ്ധതി വൈകുന്നതുമായി ബന്ധപ്പെട്ട് ജന പ്രതിനിധികളായ തങ്ങള്‍ക്ക് പോലും കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നില്ല എന്നതാണ് ശിവന്‍കുട്ടി എംഎല്‍എ നല്‍കുന്ന മറുപടി.

വരള്‍ച്ച രുക്ഷമായ ഈ കാലഘട്ടത്തില്‍ പോലും സത്വര നപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാരിനും ബന്ധപ്പെട്ട മന്ത്രാലയത്തിനുമാണ്  കുടിവെള്ള പ്രശ്‌നങ്ങളുടെ പൂര്‍ണ്ണ ഉത്തരാവാദിത്തം. മാറി മാറി  വന്ന സര്‍ക്കാരുകളുടെ അനാസ്ഥ പ്രധാന കാരണമാണ് . കഴിഞ്ഞ ഇടത് പക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിലെ മന്ത്രിമാരായിരുന്ന എന്‍ കെ പ്രേമചന്ദ്രനും ഡോ. തോമസ് ഐസക്കും നടത്തിയ ശ്രമങ്ങളുടെ ഫലമായി ആണ് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ കുരുക്കുകള്‍ അഴിച്ച്  പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ സാധിച്ചത് എന്നും അദ്ദേഹം അവകാശപ്പെടുന്നു.

കുടിവെള്ളപോലെ തന്നെ സ്വീവേജ്  സംവിധാനവും നേമത്തെ ജനങ്ങളുടെ ജീവിതം ദുരുതത്തിലാക്കുന്നു. കരമന പാലത്തിനപ്പുറം വരെയുള്ള ഡ്രയിനേജ് സംവിധാനം നേമത്തേക്കില്ല. തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍ ബലി തര്‍പ്പണത്തിന് എത്തുന്നവര്‍ക്ക് മുങ്ങി കുളിക്കാന്‍ ആറില്‍ ഇറങ്ങാന്‍ വയ്യാത്ത അവസ്ഥയാണ്. ഇതിന് പരിഹാരമെന്നോണം ഷവറില്‍ കുളിക്കാനുള്ള സൗകര്യമാണ് ഇപ്പോള്‍ ഒരുക്കിയിട്ടുള്ളത്. പാര്‍വ്വതി പുത്തനാറും കരമനയാറും ഒക്കെ പണ്ട് രാജ ഭരണകാലത്ത് ഏറേ  പ്രശസ്തിയാര്‍ജ്ജിച്ച ജലപാത ആയിരുന്നുവെങ്കില്‍ ഇന്ന് നഗരത്തിന്റെ ഡ്രെയിനേജ് മാലിന്യം ഉള്‍പ്പടെ പേറുന്ന വെറും മലിന ജലമാണ്.

നേമം മണ്ഡലത്തില്‍ ശാന്തിവിള താലൂക്ക് ആശുപത്രിയുടെ വികസനം പ്രധാന നേട്ടമായി സിറ്റിങ്ങ്  എംഎല്‍ എ ചൂണ്ടികാണിക്കുമ്പോള്‍ വികസനം ഇനിയും ഏറേ ദുരം മുന്നോട്ട് പോകാനുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കം ഇല്ല. പഞ്ചായത്തായിരുന്നപ്പോള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിരുന്ന സിവില്‍ സ്‌റ്റേഷന്‍, ട്രഷറി, ഫയര്‍ഫോഴ്‌സ് യൂണിറ്റ് എന്നിവ ഇതുവരെ നടപ്പാക്കിയില്ല.  ഇതിനൊക്കെ പുറമേ ഹൈവേ വികസനവും നേമം റെയില്‍വേ റിറെയില്‍വേ സ്റ്റേഷന്‍ വികസനവുമായി ബന്ധപ്പെട്ട അഴിമതികളും .  പൊള്ളുന്ന വേനലില്‍ കുടിവെള്ള ക്ഷാമം രുക്ഷമാകുമ്പോള്‍ വോട്ട് ചോദിച്ച് എത്തുന്ന ഭരണാധികാരികളെ  ഇതൊന്നും ഓര്‍മ്മിപ്പിക്കാത്തവര്‍ പോളിങ്ങ് ബുത്തില്‍ എങ്ങിനെ പ്രതികരിക്കും എന്നതാണ് സംശയം.

ത്രികോണ മത്സരം

ശക്തമായ ത്രികോണ മത്സരത്തിനാണ് നേമം മണ്ഡലം ഒരുങ്ങുന്നത്. വി ശിവന്‍കുട്ടിയും ഒ രാജഗോപാലും വീണ്ടും നേര്‍ക്കുനേര്‍ വരുമ്പോള്‍ കഴിഞ്ഞ തവണ തിരുവനന്തപുരം മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന വി സുരേന്ദ്രന്‍പിള്ള ഇത്തവണ ജനതാദളിലേക്ക് ചേക്കേറി യുഡിഎഫിനു വേണ്ടി രംഗത്തിറങ്ങുകയാണ്.ഇരുമുന്നണി
കളും മാറിമാറി ജയിച്ചിട്ടുള്ള നേമത്ത് ആര്‍ക്കും കുത്തക അവകാശപ്പെടാനാവില്ല.

6,415 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2011ല്‍ ശിവന്‍കുട്ടി വിജയിച്ചത്. എന്നാല്‍, പിന്നീടങ്ങോട്ടു നടന്ന തിരഞ്ഞെടുപ്പുകളിലെ കണക്കുകളില്‍ ബിജെപിക്കാണ് മുന്‍തൂക്കം ലഭിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ തിരുവനന്തപുരം കോര്‍പറേഷനിലെ 22 വാര്‍ഡുകള്‍ നേമം മണ്ഡലത്തിന്റെ ഭാഗമായി. ഇതില്‍ 10 വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലെ ഈ മേല്‍ക്കൈയോടൊപ്പം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ മറികടന്നു. അന്ന് രണ്ടാം സ്ഥാനത്തെത്തിയ ഒ രാജഗോപാലിന്റെ അവസാന മത്സരം  കൂടിയാണ് ഇത്തവണ.മണ്ഡലത്തില്‍ ആകെയുള്ള  187602 വോട്ടര്‍മാരില്‍   90727 പുരുഷന്‍മാരും 96875 സ്ത്രീകളും ആണ്.

മണ്ഡലചരിത്രം

പഴയ തിരുവനന്തപുരം ഈസ്റ്റ് നിയമസഭാ നിയോജകമണ്ഡലത്തിന്റെ മുക്കാല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതാണ് ഇപ്പോഴത്തെ നേമം. തിരുവനന്തപുരം കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ മാത്രമാണ് ഇപ്പോള്‍ നേമം മണ്ഡലപരിധിയില്‍ വരുന്നത്.  1977ല്‍ കോണ്‍ഗ്രസിലെ എസ്.വരദരാജന്‍ നായര്‍ സി.പി.എമ്മിലെ പള്ളിച്ചല്‍ സദാശിവനെ തോല്‍പ്പിച്ച് നേമം പിടിച്ചു. കോണ്‍ഗ്രസിലെ പിളര്‍പ്പിനെത്തുടര്‍ന്ന് കോണ്‍ഗ്രസി(യു)ലെത്തിയ വരദരാജന്‍ നായര്‍ 1980ലെ തിരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസി (ഐ)ലെ ഇ.രമേശന്‍ നായരോട് തോറ്റു.

1982ല്‍ കെ.കരുണാകരന്‍ മാളയ്‌ക്കൊപ്പം നേമത്തും മത്സരിച്ചു.  രണ്ടിടത്തും വിജയിച്ച കരുണാകരന്‍ നേമം രാജിവെച്ചു.തുടര്‍ന്നുനടന്ന ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലം കോണ്‍ഗ്രസിന് നഷ്ടമായി. സി.പി.എമ്മിലെ വി.ജെ.തങ്കപ്പന്‍ 8289 വോട്ടുകള്‍ക്ക് ഉപതിരഞ്ഞെടുപ്പ് ജയിച്ചു. 1987ല്‍ 20755 വോട്ടുകള്‍ക്കും 1991ല്‍ 6835 വോട്ടുകള്‍ക്കും വി.ജെ.തങ്കപ്പന്‍ മണ്ഡലം നിലനിര്‍ത്തി. 1996ല്‍ സി.പി.എമ്മിലെ വെങ്ങാന്നൂര്‍ ഭാസ്‌കരന്‍ കോണ്‍ഗ്രസിലെ കെ.മോഹന്‍കുമാറിനെ  തോല്‍പിച്ചു. എന്നാല്‍ 2001ല്‍ വെങ്ങാന്നൂര്‍ ഭാസ്‌കരന്‍ തോറ്റു. അന്ന് യു.ഡി.എഫിലെ എന്‍.ശക്തന്‍ ജയിച്ചു. 2006ലും ശക്തനായിരുന്നു ജയം. പതിനായിരത്തിലധികം ഭൂരിപക്ഷവുമുണ്ടായിരുന്നു.

മണ്ഡലം പുനര്‍നിര്‍ണയത്തിലൂടെ നേമത്തിന്റെ രൂപമാറ്റം തിരഞ്ഞെടുപ്പ് ഫലത്തിലും പ്രകടമായി. 2011 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയിലെ വി.ശിവന്‍കുട്ടി വിജയിച്ചത് 6415 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. ശിവന്‍കുട്ടി 50076 വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാമതെത്തിയ ബി.ജെ.പി.യിലെ ഒ.രാജഗോപാല്‍ 43661 വോട്ടുകള്‍ പിടിച്ചു.യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ജനതാദളിലെ ചാരുപാറ രവി 20248 വോട്ടുകളോടെ മൂന്നാം സ്ഥാനത്തായിരുന്നു.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാല് നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി. ഒന്നാമതെത്തിയിരുന്നു. ഈ നാല് നിയമസഭാ മണ്ഡലങ്ങളില്‍ ഏറ്റവുമധികം ലീഡ് ലഭിച്ചത് നേമത്തായിരുന്നു. ആകെ 50685 വോട്ടുകള്‍ നേടിയ ബി.ജെ.പി. രണ്ടാമതെത്തിയ യു.ഡി.എഫിനേക്കാള്‍ 18000 വോട്ടുകള്‍ അന്ന് അധികം പിടിച്ചു. ഇടതുമുന്നണിക്ക് ലഭിച്ചത് 31643 വോട്ടുകളാണ്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സംസ്ഥാനത്ത് നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ ഒന്നാമതെത്തിയ ഏക മണ്ഡലം നേമമാണ്. ഇടതുമുന്നണി 43882 വോട്ടുകളും യു.ഡി.എഫ് 25127 വോട്ടുകളും തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയപ്പോള്‍ 46516 വോട്ടുകളാണ്  ബി.ജെ.പി. നേടിയത്. മണ്ഡലത്തില്‍പ്പെട്ട 22 കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ പതിനൊന്നെണ്ണത്തില്‍  ബി.ജെ.പി.യാണ് വിജയിച്ചത്. ഒമ്പതിടത്ത് ഇടതുമുന്നണിയും രണ്ടിടത്ത് യു.ഡി.എഫും ജയിച്ചു.

പാലിക്കപ്പെടാത്ത വാഗ്ദാനങ്ങള്‍ക്ക് ജനം ആരോടോക്കെ പകരം ചോദിക്കുമെന്നാണ് ഇനി അറിയേണ്ടത്. ജയിക്കുന്നത് ആറായാലും അവരെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളും.