നാരദ ഇഫക്ട്: തൃണമൂലില്‍ പ്രതിസന്ധി എം.പിമാര്‍ക്ക് പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി നോട്ടീസ്

ഒളിക്യാമറ ദൃശ്യങ്ങളിലൂടെ നാരദ ന്യൂസ് പുറത്തുകൊണ്ടുവന്ന അഴിമതി വിഷയത്തി ല്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. പാര്‍ട്ടിയുടെ അഞ്ച് ലോക്‌സഭാ...

നാരദ ഇഫക്ട്: തൃണമൂലില്‍ പ്രതിസന്ധി എം.പിമാര്‍ക്ക് പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി നോട്ടീസ്

lead-imageഒളിക്യാമറ ദൃശ്യങ്ങളിലൂടെ നാരദ ന്യൂസ് പുറത്തുകൊണ്ടുവന്ന അഴിമതി വിഷയത്തി ല്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. പാര്‍ട്ടിയുടെ അഞ്ച് ലോക്‌സഭാ എം.പിമാര്‍ക്ക് സഭാ എത്തിക്‌സ് കമ്മിറ്റി ഇന്ന് നോട്ടീസയച്ചു. മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അഡ്വാനിയുടെ നേതൃത്വത്തിലുള്ളതാണ് എത്തിക്‌സ് കമ്മിറ്റി.

തൃണമൂല്‍ നേതാക്കള്‍ ഒരു ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ നാരദ ന്യൂസ് പുറത്തുവിട്ടതോടെ പ്രതിരോധത്തിലായ പാര്‍ട്ടി നേതൃത്വം ആദ്യം ആരോപണങ്ങള്‍ നിഷേധിച്ചു. എന്നാല്‍ കൂടുതല്‍ നേതാക്കള്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ നാരദ ന്യൂസ് പുറത്തുവിട്ടതോടെ തൃണമൂല്‍ ഈയിടെ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍, സി.പി.ഐ-എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ബി.ജെ.പി നേതാവ് സിത്ഥാര്‍ഥ് നാഥ് സിംഗ് എന്നിവരാണ് ഒളിക്യാമറയ്ക്ക് പിന്നിലെന്ന് കുറ്റപ്പെടുത്തിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പാര്‍ഥ ചാറ്റര്‍ജിയാകട്ടെ, നേതാക്കള്‍ പണം വാങ്ങിയോ എന്ന കാര്യം നിഷേധിക്കാന്‍ തയാറായതുമില്ല.


അതിനിടെയാണ് പാര്‍ലമെന്റ് സമിതി തന്നെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് നാരദ ന്യൂസ് മാനേജിംഗ് എഡിറ്റര്‍ മാത്യു സാമുവല്‍ ഒളിക്യാമറ ദൃശ്യങ്ങളുടെ 50 മണിക്കൂറിലേറെ വരുന്ന ഫൂട്ടേജുകള്‍ എത്തിക്‌സ് കമ്മിറ്റിക്ക് ജൂലൈ നാലിന് സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിച്ചതിനു ശേഷമാണ് തൃണമൂലിന്റെ ലോക്‌സഭാ എം.പിമാരായ സൗഗത റോയി, സുല്‍ത്താന്‍ അഹമ്മദ്, സുവേന്ദു അധികാരി, കാകോലി ഘോഷ് ദസ്തിദാര്‍, പ്രസൂണ്‍ ബാനര്‍ജി എന്നിവര്‍ക്ക് നോട്ടീസ് അയച്ചത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് രാജ്യസഭാ എം.പിയായ മുകുള്‍ റോയിയും നാരദയുടെ ഒളിക്യാമറ ദൃശ്യങ്ങളില്‍ കുടുങ്ങിയിരുന്നു. തൃണമൂലിനെ വന്‍ പ്രതിസന്ധിയിലാക്കിക്കൊണ്ട് പുറത്തുവന്ന നാരദ ഒളിക്യാമറയില്‍ കൊല്‍ക്കത്ത മേയര്‍ സൊവന്‍ ചാറ്റര്‍ജി, നഗരവികസന മന്ത്രി ഫിര്‍ഹാദ് ഹക്കിം, പഞ്ചായത്ത് മന്ത്രി സുബ്രത മുഖര്‍ജി, മുന്‍ ഗതാഗത വകുപ്പ് മന്ത്രി മദന്‍ മിത്ര, കൊല്‍ക്കത്ത ഡപ്യൂട്ടി മേയര്‍ ഇഖ്ബാല്‍ അഹമ്മദ് തുടങ്ങിയവരും കുടുങ്ങിയത് ഇപ്പോള്‍ നടന്നുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയെ ബാധിച്ചിട്ടുണ്ട്.

ഒളിക്യാമറ ദൃശ്യങ്ങള്‍ സംബന്ധിച്ച് പരിശോധന നടത്താന്‍ കൊല്‍ക്കത്ത ഹൈക്കോടതി കഴിഞ്ഞ ദിവസം മൂന്നംഗ സമിതിക്ക് രൂപം നല്‍കിയിരുന്നു. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍, സി.ബി.ഐ കൊല്‍ക്കത്ത ഡയറക്ടര്‍ ജനറല്‍, പശ്ചിമ ബംഗാള്‍ പോലീസിലെ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവരാണ് ഒളിക്യാമറ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാന്‍ നിയോഗിച്ചിരിക്കുന്നത്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ കൊല്‍ക്കത്തയിലെത്തി തെളിവുകള്‍ കൈമാറുന്നതിനു പകരം ഡല്‍ഹിയില്‍ വച്ച് ഇവ സ്വീകരിക്കണമെന്നുമുള്ള മാത്യു സാമുവലിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നു.