ദൈവകോപമല്ല... ഇത് ഞാന്‍ ഇരന്നു വാങ്ങിയതാണ് !!

എന്‍റെ നാട്ടില്‍ വീണ്ടും ഒരു ദുരന്തം കൂടി..കൊല്ലം ജില്ലയില്‍ വെടിക്കെട്ട്‌ ദുരന്തങ്ങളും, വിഷമദ്യ ദുരന്തങ്ങളും പുതുമയല്ലാതെ മാറുന്നത് എന്തു കൊണ്ടാണ്?...

ദൈവകോപമല്ല... ഇത് ഞാന്‍ ഇരന്നു വാങ്ങിയതാണ് !!

candlelight

എന്‍റെ നാട്ടില്‍ വീണ്ടും ഒരു ദുരന്തം കൂടി..കൊല്ലം ജില്ലയില്‍ വെടിക്കെട്ട്‌ ദുരന്തങ്ങളും, വിഷമദ്യ ദുരന്തങ്ങളും പുതുമയല്ലാതെ മാറുന്നത് എന്തു കൊണ്ടാണ്? അറിയില്ല...മനുഷ്യന്‍റെ വിവേകമില്ലായ്മ എന്ന് അല്ലാതെ മറ്റൊരു കാരണവും ഇതിൽ ഞാന്‍ കാണുന്നില്ല.

"വിവാദങ്ങളും ആരോപണങ്ങളും ഏറ്റവും കൂടുതല്‍ ലഭിച്ചിട്ടുള്ളത് എനിക്കാണ്...അത് ഞാന്‍ മറ്റാര്‍ക്കും വിട്ടു കൊടുക്കുന്നില്ല" മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടുത്തിടെ മാധ്യമങ്ങളോട് പറഞ്ഞതാണിത്.പരവൂര്‍ ദുരന്തത്തില്‍ ഉണ്ടാകുന്ന വിവാദങ്ങളുടെയും ആരോപണങ്ങളുടെയും ഉത്തരവാദിത്തം അത്രയും ലാഘവത്തോടു കൂടി മുഖ്യമന്ത്രി ഏറ്റെടുക്കുമോ എന്ന് കാത്തിരുന്നു കാണാം.


എന്ത് കൊണ്ടാണ് ഇത്തരം ദുരന്തങ്ങള്‍ എന്‍റെ നാട്ടില്‍ അടിക്കടി ഉണ്ടാകുന്നത്? വെടിക്കെട്ട്‌ ദുരന്തങ്ങളും, വിഷമദ്യ ദുരന്തങ്ങളും ഈ നാടിന്നു പുറകില്‍ നിഴല്‍ പോലെ പതിയിരിക്കുന്നത്‌ എന്തിനാകും?

എന്‍റെ സ്കൂള്‍ ജീവിതത്തിന്റെ താളുകളിലും ഒരു കമ്പക്കെട്ട് ദുരന്തം മായാതെ കിടക്കുന്നുണ്ട്. ഭയാനകമായ രീതിയില്‍ മനസ്സില്‍ പതിഞ്ഞത് കൊണ്ടാകാം, ഇന്നും അത് മറക്കാന്‍ കഴിയുന്നില്ല. പത്തനാപുരതിന്നു സമീപത്തുള്ള അടൂര്‍ പോരുവഴി അമ്പലത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട കമ്പക്കെട്ടിലായിരുന്നു ആ അപകടം.ഏകദേശം 50 ഓളം പേര്‍ മരണപ്പെട്ടതായിട്ടാണ് ഓര്‍മ്മ.തുടര്‍ന്ന്, കുറച്ചു നാളുകള്‍ക്കു ശേഷം പട്ടാഴിയില്‍ വിഷമദ്യ ദുരന്തം ഉണ്ടായി..

അമ്പലപറമ്പുകളിലും, പള്ളിപെരുന്നാളിനും നടക്കുന്ന അപകടങ്ങളില്‍ മദ്യത്തിന്റെ സ്വാധീനം ഒഴിച്ചുനിര്‍ത്തുവാന്‍ കഴിയുന്നതല്ല.അനുഭവങ്ങളില്‍ നിന്ന് ഞാന്‍ നേരിട്ട് അറിഞ്ഞിട്ടുള്ള കാര്യമാണത്.

പത്തനാപുരം മൗണ്ട് താബോര്‍ ദയറയില്‍, വിശുദ്ധ സ്തേഫാനോസ് ദിനാചരണത്തിന്റെ ഭാഗമായി നടക്കുന്ന റാസ (പദയാത്ര) ആരംഭിക്കുന്നത് ഏകദേശം 3 കി.മി. ദൂരത്തു ഉള്ള പുതുവല്‍ ജങ്ങ്ഷനില്‍ നിന്നാണ്.ആഡംബരപ്പൂര്‍വ്വമായ റാസയുടെ ഏറ്റവും മുന്നില്‍ മുത്തുകുട പിടിച്ചു നടക്കുന്നവരില്‍, ഒരു കാലത്ത് ഞാനും ഉണ്ടായിരുന്നു. പക്ഷെ റാസയുടെ ഏറ്റവും മുന്നില്‍ ഞങ്ങള്‍ ആയിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം..കഷ്ടിച്ചു 10 മീറ്റര്‍ മുന്നിലായി ഒരു ആശാന്‍ നടക്കുന്നുണ്ടാവും...റാസയുടെ വരവ് അറിയിക്കുന്നതിനായി അമിട്ടിന്നു(ഡൈനാമിറ്റ്) തീ കൊളുത്തുന്നതാണ് ഇദ്ദേഹത്തിന്റെ ദൗത്യം.കൂടെ ഒരു സഹായിയും കാണും..ഒരു കയ്യില്‍, വെടി മരുന്നുകളും, മറുകയ്യില്‍ ആശാനുള്ള ഇന്ധനവും ആയിട്ടായിരിക്കും സഹായിയുടെ അനുഗമനം.ഗുരുത്വാകര്‍ഷണം നഷ്ടപ്പെട്ട കാലുകളോടെയയിരിക്കും മിക്കപ്പോഴും ആശാന്‍ അമിട്ട് പൊട്ടിക്കുന്നത്.. അതും ഉപയോഗിച്ചു വലിച്ചെറിയുന്ന പരുവത്തിലുള്ള ബീഡിക്കുറ്റി കൊണ്ട് ! തിരിച്ചറിവോടെ ഇന്ന് അതൊക്കെ ഓര്‍മ്മിച്ചെടുക്കുമ്പോള്‍ ഇതില്‍ പങ്കെടുക്കുന്ന സാധാരണക്കാരുടെ സുരക്ഷയ്ക്കു എന്ത് വിലയാണ് ഉണ്ടായിരുന്നത് എന്ന് ചിന്തിച്ചു പോകുന്നു.

മാലൂര്‍ കുമാരന്‍ എന്ന് അറിയപ്പെടുന്ന പത്തനാപുരത്തെ കരാറുകാരന്റെ വെടിമരുന്ന് ശാലയ്ക്ക് തീ പിടിച്ചതും അടുത്ത കാലത്തായിരുന്നു. അവിടെയും പലരും വെന്തു മരിച്ചു...പതിവ് പോലെ അതും മറക്കുവാന്‍ സമയം ആയിരിക്കുന്നു..black smoke2


അപകടങ്ങളുടെ പിന്നിലെ കാരണം അന്വേഷിച്ചു ചെല്ലുമ്പോള്‍,കണ്ടെത്തുന്ന വില്ലന്‍ മറ്റാരുമായിരിക്കില്ല, അത് മദ്യം തന്നെയാകും...അതും വ്യാജമദ്യം ! ന്യാമായ പോലീസ് അന്വേഷണം അല്ലെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം കൊണ്ട് ഇവ വെളിപ്പെടുത്തെണ്ടാതായുണ്ട്...മനപ്പൂര്‍വമായ അശ്രദ്ധ മൂലം ദുരന്തങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു...


ഉത്സവങ്ങളും,പെരുന്നാളുകളും ഒരു മതത്തിന്റെ വേലിക്കെട്ടില്‍ നിന്ന് ആയിരിക്കില്ല ആഘോഷിക്കപ്പെടുന്നത്. ആള്‍ക്കൂട്ടങ്ങളും,ആരവങ്ങളും ഇഷ്ടപ്പെടുന്ന സര്‍വ്വമതസ്ഥരും അവിടെ കാണും.നാട്ടിലെ മിക്ക ഉത്സവങ്ങളുടെ കാഴ്ചക്കാരനും ശ്രോതാവുമായിരുന്നു ഞാന്‍. പലതിലും നേരിട്ട് പങ്കെടുക്കുവാനും കഴിഞ്ഞിട്ടുണ്ട്.പാതിരിക്കല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ കെട്ടുകാഴ്ച്ച ഉയര്‍ത്തുവാനും എനിക്ക് അവസരം ലഭിച്ചു. ഉത്സവത്തിനെത്തുന്ന ആനയുടെ പിന്നാലെ ഭ്രാന്തമായി ആര്‍പ്പു വിളിച്ചു പാഞ്ഞിട്ടുമുണ്ട്...രസകരമായ യാഥാര്‍ത്ഥ്യം എന്താണ് എന്ന് വച്ചാല്‍ അപ്പോഴെല്ലാം ഞാന്‍ 'വെള്ള'ത്തിനു പുറത്തായിരുന്നു...അകത്തും വെള്ളം, പുറത്തും വെള്ളം...( (വെള്ളം വെളളം സര്‍വ്വത്ര വെള്ളം !! കുടിച്ചു കഴിഞ്ഞു കുപ്പിയില്‍ ഒരു തുള്ളി പോലും ഇല്ലത്രെ..)

ഇങ്ങനെയുള്ള ആള്‍ക്കൂട്ടങ്ങളില്‍ ആക്രമണങ്ങള്‍ പതിവാണ്..കാരണം ലളിതം, മദ്യം അകത്തു ചെല്ലുമ്പോള്‍ മാത്രമാണ് എല്ലാവരിലും 'പ്രതികാരദാഹം' ഉയരുന്നത്.'കള്ള് കുടിച്ചാല്‍ വയറ്റില്‍ കിടക്കണം' എന്നാണു വയ്പ്പ്...പക്ഷെ, പുറത്താണ് കിടപ്പ് എന്ന് മാത്രം.. പണ്ടു ബസ്‌ ടിക്കെറ്റിന്‍റെ ബാക്കി ചോദിച്ചത് മുതല്‍,ഇന്നലെ പ്രതികരിക്കാതെ പോയ പരിഹാസത്തിന്നു വരെ ഇത്തരം സ്ഥലങ്ങളില്‍ തീരുമാനം ഉണ്ടാവും...അങ്ങനെ ആക്രമണങ്ങള്‍ ആരംഭിക്കുകയായി.രാത്രികാലങ്ങളില്‍ നടത്തി വന്നിരുന്ന നാടകങ്ങള്‍ക്കും ഗാനമേളകള്‍ക്കും ഒരു സൗഹൃദ അന്തരീക്ഷം നഷ്ടപ്പെട്ടു. ഇതൊക്കെ പതിവായപ്പോള്‍, സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു വലിയ സദസ്സ് അവരുടെ ലോകം ടെലിവിഷന്‍ സ്ക്രീനിലേക്ക് ചുരുക്കി. അവര്‍ക്ക് മദ്യത്തിന്റെ മത്ത് പിടിപ്പിക്കുന്ന ലഹരിയില്ലെലോ..

എഴുന്നെള്ളത്തിനു കൊണ്ട് വരുന്ന ആന ഇടഞ്ഞുണ്ടാവുന്ന അപകടങ്ങളും കുറവല്ല.42 ഡിഗ്രി അതികഠിനമായ ചൂടില്‍, ശരിയായ പരിചരണം ലഭിക്കാതെ,ഉത്സവങ്ങള്‍ക്ക് എത്തിക്കുന്ന ആന വിരളുന്നതില്‍ എന്താണ് അതിശയം? പരിചിതമല്ലാത്ത ആള്‍ക്കൂട്ടവും, കമ്പമേളത്തിന്റെ കഠോര ശബ്ദങ്ങളും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവും കൂടിയാകുമ്പോള്‍, ആന ഹാലിളകി സൃഷ്ടിക്കുന്ന നാശങ്ങളും ദുരന്തങ്ങളും ദൈവകോപമായി കണക്കാക്കുവാന്‍ കഴിയുന്നതെങ്ങനെ?

ഇതൊക്കെ അനധികൃതമായി ഇന്നും തുടരുന്നത് വര്‍ഗീയതയിലൂന്നിയ വികാരത്തിന്റെ അദൃശ്യ പിന്‍ബലം ലഭിക്കും എന്നുള്ളത് കൊണ്ടാണ്.

വ്യാജ മദ്യ ദുരന്തങ്ങള്‍ കൊല്ലം ജില്ലയില്‍ എന്തുകൊണ്ട് വര്‍ദ്ധിക്കുന്നു എന്ന ചോദ്യത്തിലേക്ക് ഞാന്‍ മടങ്ങുന്നു..ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഇല്ലാത്തതാണോ കാര്യം? അല്ല, മുക്കിലും മൂലയിലും അവയുണ്ട്..പിന്നെ? എന്‍റെ ചിന്തയില്‍ തോന്നുന്നത്, വീര്യം തേടിയുള്ള ഭ്രാന്താണ് ഇതിനു ഉത്തരം എന്നാണ്.അതിനായി, അവര്‍ വാറ്റു ചാരായത്തില്‍ ബാറ്ററി ഇടും, ഡൈനാമൈറ്റ് ഇടും..വീര്യം നല്‍കുന്ന എന്തും ഇടും..ഒടുവില്‍ ഒരു ഓമന പെരുമിടും..'ഗര്‍ഭംകലക്കി'.(പേരിനു പിന്നിലെ തത്വങ്ങളെ ഞാന്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ല).

ഓലപടക്കത്തില്‍ നിന്നും ആഘോഷങ്ങള്‍ വെടിക്കെട്ട്‌ പൂരത്തിലെത്തി...അവിടെ നിന്നും ഇപ്പോള്‍ 'മത്സര' കമ്പകെട്ടിലെക്കും... വലിച്ചെറിയുന്ന ഒരു ബീഡി കുറ്റിയിൽ അവശേഷിക്കുന്ന ചെറിയ ചൂടിൽ പോലും അവസാനിക്കാവുന്ന എത്ര ജീവനുകൾ..

ചര്‍ച്ചകള്‍ നീളും..അനുശോചന സന്ദേശങ്ങളും..കാരണം അന്വേഷിച്ചു മാധ്യമങ്ങള്‍ പായും..പക്ഷെ,ദുരന്തങ്ങള്‍ അവസാനിക്കുവാന്‍ പോകുന്നില്ല...കാരണം, ഇവയൊക്കെയും ദൈവത്തിന്റെ പേരിലാണ് നടത്തപ്പെടുന്നത്...

തിരിച്ചറിയണം..ദൈവകോപമല്ല..ഇത് ഞാന്‍ ഇരന്നു വാങ്ങിയതാണ് !!

ടി.വി.യില്‍ കണ്ടത്:

*സീന്‍ 1
പരവൂര്‍ ദുരന്തഭൂമി സന്ദര്‍ശിക്കുവാന്‍ എത്തിയ പ്രധാനമന്ത്രിക്കൊപ്പം കൗതുകം നിറഞ്ഞ ചിരിയുമായി, ആത്മസന്തോഷത്തോടെ ഒരു വനിതാ നേതാവ് ഉള്‍പ്പെടുന്ന സംസ്ഥാന നേതൃനിര ഏതു ക്യാമറയിലേക്ക് നോക്കണം എന്ന് അറിയാതെ ആശങ്കപ്പെടുന്നു...

*സീന്‍ 2
നൂറുകണക്കിന് ഖദര്‍ധാരികളുടെ ഹസ്തദാന ഘോഷയാത്ര അവസാനിക്കാത്തതിനാല്‍ പരവൂരില്‍ എത്തിയ രാഹുല്‍ഗാന്ധിക്ക് ഇനിയും പൂര്‍ണമായും ദുരന്ത പ്രദേശം സന്ദര്‍ശിക്കുവാന്‍ കഴിയുന്നില്ല.

ആത്മഗതം:നടുക്കം മാറാത്ത ദുരന്തഭൂമിയിലൂടെ, ഇനിയും ഒരു 'മത്സര കമ്പകെട്ടി'ന്നു കളം ഒരുക്കുകയാണോ ഇക്കൂട്ടര്‍?

Read More >>