മലയാളി മനസ്സില്‍ ഗൃഹാതുരത്വമുണര്‍ത്തി മൂപ്പിലാന്‍സും അവിടുത്തെ പഴങ്കഞ്ഞിയും

പഴങ്കഞ്ഞി ഇന്ന് മലയാളികളുടെ ഒരു ഗൃഹാതുരത്വത്തിന്റെ പ്രതീകമാണ്. തലേദിവസത്തെ മീന്‍ വറ്റിച്ച ചട്ടിയില്‍ പഴങ്കഞ്ഞിച്ചോറും തൈരും തലേദിവസത്തെ തന്നെ ചക്കയോ...

മലയാളി മനസ്സില്‍ ഗൃഹാതുരത്വമുണര്‍ത്തി മൂപ്പിലാന്‍സും അവിടുത്തെ പഴങ്കഞ്ഞിയും

Mooppilans

പഴങ്കഞ്ഞി ഇന്ന് മലയാളികളുടെ ഒരു ഗൃഹാതുരത്വത്തിന്റെ പ്രതീകമാണ്. തലേദിവസത്തെ മീന്‍ വറ്റിച്ച ചട്ടിയില്‍ പഴങ്കഞ്ഞിച്ചോറും തൈരും തലേദിവസത്തെ തന്നെ ചക്കയോ കപ്പയോ എന്തെങ്കിലും ഇടകലര്‍ത്തി വെള്ളവും ഒഴിച്ച് ഒരു മുളകും പൊട്ടിച്ച് ചേര്‍ത്ത് കഴിച്ചിരുന്ന കാലം മുതര്‍ന്നവര്‍ക്ക് ഒരോര്‍മ്മയും പുതുതലമുറയ്ക്ക് ഒരു സ്വപ്‌നവുമാണ്. ആ ഓര്‍മ്മകളും സ്വപ്‌നങ്ങളും യാഥാര്‍ത്ഥ്യമാകുകയാണ് ഇങ്ങ് തലസ്ഥാന നഗരിയിലെ 'മൂപ്പിലാന്‍സ് കിച്ചന്‍' എന്ന പഴങ്കഞ്ഞി ഹോട്ടലിലൂടെ.


തിരുവനന്തപുരം കിളിപ്പാലത്ത് ബണ്ട് റോഡിലുള്ള മൂപ്പിലാന്‍സ് കിച്ചന്‍ എന്ന വ്യത്യസ്തമായ പേരുള്ള രുചിയടം ഇന്ന് ഭക്ഷണപ്രിയരുടെ പ്രധാന താവളമാണ്. ഏകദേശം രണ്ടു മാസം മുമ്പ് നിലവില്‍ വന്ന മൂപ്പിലാന്‍സിലെ പഴങ്കഞ്ഞിയുടെ രുചിയറിയാന്‍ സമയഭേദമില്ലാതെ ജനങ്ങളെത്തുന്നു. കാത്തുനിന്ന് മണ്‍ചട്ടിക്കുള്ളിലെ പഴമയുടെ പുതുരുചിയറിഞ്ഞ് അവര്‍ തിരിച്ചു പോകുന്നു. കാത്തുനിന്ന് കഴിക്കാന്‍ സമയമില്ലാത്തവര്‍ പാഴ്‌സലായി വാങ്ങിപ്പോകുന്നു. രാവിലെ 11 മണിമുതല്‍ വൈകുന്നേരം 5 മണിവരെ തിരക്കെഴിയാത്ത ഒരു മിനിട്ടുപോലുമില്ല ഈ മൂപ്പിലാന്‍സില്‍.

കഴിഞ്ഞ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചാണ് മൂപ്പിലാന്‍സിന്റെ പിറവി. കിള്ളിപ്പാലം സ്വദേശിനിയായ വിജയകുമാരിയാണ് ഇതിനു പിന്നില്‍. എന്തെങ്കിലും ഒരു ബിസിനസ് സംരംഭം തുടങ്ങണമെന്ന മോഹമാണ് വിജയകുമാരിയെ മൂപ്പിലാന്‍സിന്റെ സാരഥ്യത്തില്‍ എത്തിച്ചത്. ഏതൊരു സംരഭത്തിന്റെ വിജയത്തിനും വ്യത്യസ്തമായ ഏതെങ്കിലും ഒരു ഘടകമുണ്ടാകണം. വിജയകുമാരിയുടെ മരുമകനും തിരക്കഥാകൃത്തുമായ ശ്യാമാണ് പഴങ്കഞ്ഞിയുടെ സാധ്യതയെപ്പറ്റി വിജയകുമാരിയോട് പറഞ്ഞത്. കേട്ടപ്പോള്‍ ശരിയാണെന്ന് വിജയകുമാരിക്കും തോന്നി. പിന്നെയൊന്നും ആലോചിച്ചില്ല. ആറ്റുകാല്‍ ത്സവത്തോടനുബന്ധിച്ച് അങ്ങനെ മൂപ്പിലാന്‍സ് കിച്ചന്‍ എന്ന പഴങ്കഞ്ഞിക്കട പിറന്നു.

ഭക്ഷണത്തിന്റെ വ്യത്യസ്തത കൊണ്ട് ഈ കുറഞ്ഞ കാലയളവില്‍ത്തന്നെ മൂപ്പിലാന്‍സിന് ജനശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞിരിക്കുന്നു. മൂപ്പിലാന്‍സിന്റെ മറ്റൊരു പ്രത്യേകത, വിജയകുമാരിക്കൊപ്പം ഈ സംരഭത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് സുഹൃത്തു്കളായ സ്ത്രീജനങ്ങളാണെന്നുള്ളതാണ്. ദിവസങ്ങള്‍ കഴിയുന്തോറും ഇവിടേക്കുള്ള ഭക്ഷണപ്രിയരുടെ ഒഴുക്കും കൂടിവരികയാണ്. ഈ ചുട്ടുപൊള്ളുന്ന വെയിലില്‍ തണുത്ത പഴങ്കഞ്ഞി കുടിക്കാന്‍ ദേശങ്ങള്‍ താണ്ടിയും ഇന്ന് ജനങ്ങളെത്തുന്നു.

എല്ലാ ദിവസവും രാവിലെ 11 മുതല്‍ വൈകുന്നേരം 5 വരെയാണ് മൂപ്പിലാന്‍സില്‍ പഴങ്കഞ്ഞി സമയം. പിറ്റേ ദിവസമുള്ള പഴങ്കഞ്ഞിക്കുള്ള ചോറ് തലേദിവസമാണ് മൂപ്പിലാന്‍സില്‍ തയ്യാറാക്കുന്നത്. അതിനുശേഷം അത് തൈരുമായി കൂട്ടിക്കലര്‍ത്തി വയ്ക്കുന്നു. പിറ്റേന്ന് പത്ത് മണിയോടെ അതില്‍ സവാള, ഉപ്പ്, മല്ലിയില, പച്ച മുളക് എന്നിവ ചേര്‍ത്തുവയ്ക്കുന്നതോടെ പഴങ്കഞ്ഞി വിതരണം ചെയ്യാന്‍ തയ്യാറാകും. പഴങ്കഞ്ഞിക്കൊപ്പം കപ്പ വേവിച്ചതും മീനും ലഭിക്കും. കൂടെ രുചികരമായ ഉണക്ക വാളമീന്‍ ഫ്രൈയും.

Pzhan 1

സാധാരണയായി കാന്താരി മുളകും, കിളിക്കണ്ണന്‍ മുളകുമാണ് വിജയകുമാരി പഴങ്കഞ്ഞിയിലിടാന്‍ ഉപയോഗിക്കുന്നത്. ഇത് രണ്ടുമല്ലാതെ മറ്റ് മുളകുകളൊന്നും ഉപയോഗിക്കാറില്ലെന്നും വിജയകുമാരി ശവളിപ്പെടുത്തുന്നു. വൈകുന്നേരം 5 മണിവരെ മാത്രമേ മൂപ്പിലാന്‍സില്‍ പഴങ്കഞ്ഞി ലഭിക്കുള്ളു. അതിനുശേഷം പെറോട്ടയും ചിക്കന്‍ പെരട്ടും കിട്ടും. ഇത് കഴിക്കാനും മൂപ്പിലാന്‍സില്‍ സാമാന്യം തിരക്കുണ്ട്.

ഓടിച്ചെന്ന് പഴങ്കഞ്ഞി കഴിക്കാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ പണി പാളും. തിരക്കുതന്നെ കാരണം. നട്ടുച്ച സമയത്തൊക്കെ ഒരു സീറ്റുപോലും ഒഴിവു കാണില്ല എന്നുള്ളതാണ് സത്യം. അങ്ങനെയുള്ളവര്‍ക്ക് മൂപ്പിലാന്‍സില്‍ നിന്നും പാഴ്‌സല്‍ ലഭിക്കും. പഴങ്കഞ്ഞിയുടെ സാധാരണ വില 60 രൂപയാണ്. പാഴ്‌സലിന് കുറച്ച് വില കൂടും- 80 രൂപ. എന്നിരുന്നാലും ഒരു ദവസം മൂപ്പിലാന്‍സില്‍ നിന്നും പോകുന്ന പാഴ്‌സലുകള്‍ ചിന്തിക്കുന്നതിനും അപ്പുറമാണെന്ന് അഞ്ച് മിനിട്ടു നേരം അവിടെ ചെലവഴിച്ചാല്‍ മനസ്സിലാകും.

കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ വന്‍ സ്വീകാര്യതയോടെ വിജയകുമാരിയുടെ മൂപ്പിലാന്‍സും അവിടുത്തെ പഴങ്കഞ്ഞിയും മുന്നേറുകയാണ്. പഴമയെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരു മുതല്‍ക്കൂട്ടായും പഴമ മറന്നവര്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തലായും മാറുന്ന മൂപ്പിലാന്‍സിനെ ഒരു പ്രാവശ്യം സന്ദര്‍ശിച്ചവര്‍ എന്നുമോര്‍ത്തുെവയ്ക്കും.