സംഭവിച്ച തെറ്റുകള്‍ക്കെല്ലാം മാപ്പ്; ജനങ്ങളോട് കുറ്റസമ്മതം നടത്തി മമതാ ബാനര്‍ജി

കൊല്‍ക്കത്ത: അഴിമതി ആരോപണം നേരിടുന്ന മന്ത്രിമാരും നേതാക്കളുമുള്ള പാര്‍ട്ടി നയിക്കുന്ന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് ജനങ്ങളോട് പറയാവുന്ന ഒരേയൊരു...

സംഭവിച്ച തെറ്റുകള്‍ക്കെല്ലാം മാപ്പ്; ജനങ്ങളോട് കുറ്റസമ്മതം നടത്തി മമതാ ബാനര്‍ജി

mamata-banerjee

കൊല്‍ക്കത്ത: അഴിമതി ആരോപണം നേരിടുന്ന മന്ത്രിമാരും നേതാക്കളുമുള്ള പാര്‍ട്ടി നയിക്കുന്ന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് ജനങ്ങളോട് പറയാവുന്ന ഒരേയൊരു കാര്യമാണ് മമതാ ബാനര്‍ജി പശ്ചിമ ബംഗാളിലെ ജനങ്ങളോടും ആവശ്യപ്പെട്ടിരിക്കുന്നത്. തെറ്റ് പറ്റിയെങ്കില്‍ മാപ്പ് നല്‍കണം. വരുന്ന തിരഞ്ഞെടുപ്പിലും തൃണമൂല്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കണം'.

ഇതാദ്യമയാണ് ഇങ്ങനെയൊരു ഏറ്റുപറച്ചില്‍ മമതാ ബാനര്‍ജിയില്‍ നിന്നും ജനങ്ങള്‍ കേള്‍ക്കുന്നത്. മമതാ ബാനര്‍ജിയുടെ വ്യക്തിപ്രഭാവത്തിനും ആത്മവിശ്വാസത്തിനുമേറ്റ കനത്ത തിരിച്ചടിയാണ് ഏറ്റുപറച്ചിലിന് കാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.


തൃണമൂല്‍ കോണ്‍ഗ്രസിന് കീഴിലുള്ള കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് അംഗീകരിക്കുകയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്തണമെങ്കില്‍ ജനങ്ങളുടെ പിന്തുണ കൂടിയേ തീരൂവെന്നും മമതാ ബാനര്‍ജി തിരിച്ചറിഞ്ഞിരിക്കുന്നു.

തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ ജില്ലകളും സന്ദര്‍ശിക്കുകയാണ് മമതാ ബാനര്‍ജി. പ്രചരണ ഭാഗമായി അസനോളിലെ കുള്‍ട്ടിയില്‍ നടന്ന പൊതു സമ്മേളനത്തില്‍ സംസാരിക്കുകവേയായിരുന്നു മമതാ ബാനര്‍ജിയുടെ കുറ്റസമ്മതം.

'എനിക്ക് തെറ്റുപറ്റി. സംഭവിച്ച എല്ലാ തെറ്റുകളുടേയും ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. നിങ്ങള്‍ക്ക് എന്നെ വെറുക്കാം. പക്ഷേ, തൃണമൂല്‍ കോണ്‍ഗ്രസിന് മേലുള്ള നിങ്ങളുടെ അനുഗ്രഹം എടുത്തുകളയരുത്. നിങ്ങളില്ലാതെ എനിക്ക് മുന്നോട്ട് പോകാനാകില്ല'. തനിക്ക് മുന്നില്‍ കൂടി നില്‍ക്കുന്ന ജനങ്ങളെ സാക്ഷിയാക്കി മമതാ ബാനര്‍ജി പറഞ്ഞു.

ശാരദാ ചിട്ടി തട്ടിപ്പിന് പിന്നാലെ നാരദാ ന്യൂസ് നടത്തിയ ഒളിക്യാമറാ ഓപ്പറേഷനില്‍ നിരവധി തൃണമൂല്‍ മന്ത്രിമാരും നേതാക്കളുമാണ് അഴിമതി വാങ്ങുന്നതായി തെളിഞ്ഞത്.

മുകുള്‍ റോയ്, സുബ്രതാ മുഖര്‍ജി, സുല്‍ത്താന്‍ അഹമ്മദ്, സുഗതാ റോയ്, സുവേന്ദു അധികാരി, കകോലി ഘോഷ് ദസ്തികാര്‍, എംഎച്ച് അഹമ്മദ് മിര്‍സ, പ്രസൂണ്‍ ബാനര്‍ജി, സുവോണ്‍ ചാറ്റര്‍ജി, മദന്‍ മിത്ര, ഇഖ്ബാല്‍ ഖാന്‍, ഫര്‍ഹദ് ഹക്കീം എന്നീ പ്രമുഖരാണ് നാരദാ ന്യൂസിന്റെ സ്റ്റിംഗ് ഓപ്പറേഷനില്‍ കുടുങ്ങിയത്.

നാരദാ ന്യൂസിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മാര്‍ച്ച് 31 ന് നിര്‍മാണത്തിലിരിക്കുന്ന മേല്‍പ്പാലം തകര്‍ന്ന് വീണ് 25 പേരുടെ മരണത്തിനിടയാക്കിയ ദുരന്തവും മമതാ സര്‍ക്കാരിന് തിരിച്ചടിയായി. മേല്‍പ്പാല നിര്‍മാണത്തില്‍ അഴിമതിയുണ്ടായിരുന്നു എന്ന് തുടങ്ങി അപകടത്തില്‍ മരിച്ചവരെ കുറിച്ച് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളില്‍ ദുരൂഹതയുണ്ടെന്നത് വരെയുള്ള ആരോപണങ്ങള്‍ മമതാ സര്‍ക്കാരിന് മേല്‍ ഉയര്‍ന്നു നില്‍ക്കുന്നു.

അപകട സമയത്ത് 200 ലധികം ആളുകള്‍ മേല്‍പ്പാലത്തിന് താഴെയുണ്ടായിരുന്നെന്നും കൊല്ലപ്പെട്ടവരുടെ എണ്ണം സര്‍ക്കാര്‍ പുറത്തുവിട്ടതിനേക്കാള്‍ കൂടുതലാണെന്നും നാരാദാ ന്യൂസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സര്‍ക്കാര്‍ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെക്കുകയാണെന്നും സത്യം പുറത്തു പറയണമെന്നുമാവശ്യപ്പെട്ട് പോസ്റ്ററുകളും സ്ഥലത്ത് പ്രത്യക്ഷപ്പെട്ടിരുന്നു.

ഈ പശ്ചാത്തലത്തിലാണ് തെറ്റുകള്‍ ഏറ്റുപറഞ്ഞ് ഒരു അവസരം കൂടി തനിക്ക് നല്‍കാന്‍ ആവശ്യപ്പെട്ട് മമതാ ബാനര്‍ജി ജനങ്ങളെ സമീപിച്ചിരിക്കുന്നത്.