തിരൂരില്‍ ഇത്തവണ ആര് ജയിക്കും? ആര് ജയിച്ചാലും വലിയ ഭൂരിപക്ഷം കാണില്ലെന്ന് നിരീക്ഷണം

മലപ്പുറം: തിരൂരില്‍ ഇത്തവണ ആര് വിജയിച്ചാലും വലിയ ഭൂരിപക്ഷം ഉണ്ടാകില്ലെന്ന് നിരീക്ഷണം. മണ്ഡലത്തിലുള്ള ഒരു മുതിര്‍ന്ന വോട്ടറാണ് തന്റെ നിരീക്ഷണം നാരദ...

തിരൂരില്‍ ഇത്തവണ ആര് ജയിക്കും? ആര് ജയിച്ചാലും വലിയ ഭൂരിപക്ഷം കാണില്ലെന്ന് നിരീക്ഷണം

election

മലപ്പുറം: തിരൂരില്‍ ഇത്തവണ ആര് വിജയിച്ചാലും വലിയ ഭൂരിപക്ഷം ഉണ്ടാകില്ലെന്ന് നിരീക്ഷണം. മണ്ഡലത്തിലുള്ള ഒരു മുതിര്‍ന്ന വോട്ടറാണ് തന്റെ നിരീക്ഷണം നാരദ ന്യൂസുമായി പങ്കുവെച്ചത്. 2006 ലെ മുസ്ലീം ലീഗിലെ മുതിര്‍ന്ന നേതാവും മന്ത്രിയുമായിരുന്ന ഇ.ടി.മുഹമ്മദ് ബഷീറിനെ തോല്‍പ്പിച്ച ചരിത്രം തിരൂരിനുള്ളത് തന്നെയാണ് ഈ അഭിപ്രായത്തിന് കാരണം.

സിപിഐ(എം)ലെ പി.പി.അബ്ദുല്ലക്കുട്ടിയോട് 8680 വോട്ടിനാണ് മുഹമ്മദ് ബഷീര്‍ തോറ്റത്. സിറ്റിംഗ് എം.എല്‍.എയും ലീഗ് സ്ഥാനാര്‍ത്ഥിയുമായ സി.മമ്മൂട്ടി പ്രചരണത്തിന്റെ ഒന്നാംഘട്ട പൂര്‍ത്തിയാക്കുമ്പോഴാണ് ഇടതു മുന്നണി തിരൂരില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത്. അത്തരമൊരു അടിയൊഴുക്കുകള്‍ ഇത്തവണ മണ്ഡലത്തില്‍ ഉള്ളതായി ലീഗുകാര്‍ക്ക് തന്നെ അഭിപ്രായമുണ്ട്.


പക്ഷെ സ്ഥാനാര്‍ത്ഥി സി.മമ്മൂട്ടിയായതിനാല്‍ വിജയത്തില്‍ അവര്‍ക്കു സംശയവുമില്ല. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ രംഗത്തേക്ക് വരികയും പൊന്നാനി എം.ഇ.എസ് കോളേജില്‍ ചെയര്‍മാനുമായിരുന്ന ഗഫൂര്‍.പി.ലില്ലീസ് ആണ് മണ്ഡലത്തിലെ ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥി. ഏറെക്കാലം ഗള്‍ഫിലായിരുന്ന ഗഫൂര്‍ മണ്ഡലത്തിലെ സ്ഥിരം താമസക്കാരനാണ്. നാട്ടുകാരനായ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാനുള്ള ഇടത് പ്രചരണം സി.മമ്മൂട്ടി മലപ്പുറം ജില്ലയില്‍ സ്ഥിര താമസമാക്കിയ ആളല്ലെന്നും മണ്ഡലത്തില്‍ കാണാത്തയാളാണ് എന്നു വരുത്തി തീര്‍ക്കാനുമാണെന്നാണ് കോഴിക്കോട് ലോ കോളേജില്‍ എല്‍.എല്‍.ബി അവസാന വര്‍ഷം വിദ്യാര്‍ത്ഥി നാരദ ന്യൂസിനോട് പറഞ്ഞത്. യു.ഡി.എഫ് ജയിക്കാന്‍ സാദ്ധ്യതയുണ്ടെങ്കിലും ഈ ഇടത് പ്രചരണം കൊണ്ട്  വോട്ട് കുറയുമെന്നാണ് ഈ ലീഗ് അനുഭാവി പറയുന്നത്.

തിരൂര്‍ എന്നാല്‍ മുസ്ലീം ലീഗിന്റെ ഉറച്ച സീറ്റുകളിലൊന്നാണ്. 1957 ല്‍ മണ്ഡലം രൂപിക്യതമായ വര്‍ഷം കോണ്‍ഗ്രസ് ആണ് ജയിച്ചതെങ്കിലും പിന്നീട് കൂടുതലും ലീഗിന്റെ തേരോട്ടമാണ് ഇവിടെ. മിക്കവാറും പതിനായരിത്തില്‍ അധികം വരുന്ന വോട്ടിനാണ് ലീഗ് ജയിച്ചിട്ടുള്ളത്. പക്ഷെ 2006 ല്‍ മന്ത്രിയായിരുന്ന ഇ.ടി.മുഹമ്മദ് ബഷീറിനെ സിപിഐ(എം)ലെ പി.പി അബ്ദുല്ലക്കുട്ടി മലര്‍ത്തിയടിച്ചത് മണ്ഡലത്തിലെ പുതിയ ചരിത്രമായി. 2006 ലെ ഇടതുതരംഗത്തില്‍ കാലിടറിയെന്നു മാത്രമാണ് ലീഗ് ഇതിനെ കണ്ടത്. പക്ഷെ കഴിഞ്ഞ തവണ ലീഗിലെ സി. മമ്മൂട്ടി 23566 വോട്ട് ഭൂരിപക്ഷത്തില്‍ മണ്ഡലം തിരിച്ചു പിടിച്ചു.

എന്നാല്‍ ലോകസഭയാവുമ്പോഴേക്കും ഇത് 7000 ആയി കുറഞ്ഞു. തദ്ദേശത്തിലാകട്ടെ അത് പിന്നേയും 4300 ആയി കുറഞ്ഞു. കുറഞ്ഞ് കൊണ്ടിരിക്കുന്ന ഭൂരിപക്ഷത്തോടൊപ്പം ലീഗിന്റെ ചങ്കിടിപ്പ് കൂട്ടുന്ന മറ്റ് ഘടകങ്ങളും മണ്ഡലത്തിലുണ്ട്. യു.ഡി.എഫിനെതിരെ പ്രത്യേകിച്ച് ലീഗിനെതിരെ തിരൂരില്‍ രൂപം കൊണ്ട ജനകീയ മുന്നണിയാണ് യു.ഡി.എഫിന്റെ ഉറക്കം കെടുത്തുന്നത്. ലീഗിലേയും കോണ്‍ഗ്രസ്സിലേയും അസംത്യപ്തര്‍ ചേര്‍ന്നു രൂപികരിച്ച തിരൂര്‍ ഡെവലപ്മെന്റ് ഫോറം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരൂര്‍ നഗരസഭയില്‍ യു.ഡി.എഫ് ഭരണം ഇല്ലാതാക്കി. ലീഗിന്റെ കോട്ടയില്‍ പതിനഞ്ച് വര്‍ഷത്തിനു ശേഷം നഗരസഭ ഭരണം ഇടതുമുന്നണി തിരിച്ചു പിടിച്ചു. നഗരസഭയും രണ്ട് പഞ്ചായത്തിലും എല്‍.ഡി.എഫ് ഭരണമായി. 4 പഞ്ചായത്തുകളില്‍ യു.ഡി.എഫ് ഭരണമാണ്.

മണ്ഡലത്തില്‍ വികസന നേട്ടങ്ങള്‍ ഉയര്‍ത്തികാട്ടിയാണ് സി. മമ്മൂട്ടിയുടെ പ്രചരണം.  നാലരകോടി രൂപ എം.എല്‍.എ ഫണ്ടില്‍ നിന്നു ചെലവാക്കി സ്റ്റേഡിയം നിര്‍മ്മിച്ചതാണ് പ്രധാന നേട്ടമായി മമ്മൂട്ടി ഉയര്‍ത്തി കാട്ടുന്നത്. എന്നാല്‍ വേണ്ടത്ര ഗാലറികളോ, ഷോപ്പിംഗ് കോംപ്ലക്‌സോ ഇല്ലാതെ സ്റ്റേഡിയം നിര്‍മ്മിച്ചത് എം.എല്‍.എയുടെ കഴിവ് കേടായാണ് ഇടത് മുന്നണി ഉയര്‍ത്തി കാട്ടുന്നത്. നഗരസഭയിലെ ചില പ്രദേശങ്ങളിലും ഭൂരിഭാഗം പഞ്ചായത്തുകളിലും കുടിവെള്ളം പ്രശ്്നം രൂക്ഷമാണ്. ഇടത് മുന്നണി ചരിത്രവിജയം നേടുമെന്ന് സ്ഥാനാര്‍ത്ഥി ഗഫൂര്‍.പി. ലില്ലീസ് നാരദാ ന്യൂസിനോട് അവകാശപ്പെട്ടു. എന്നാല്‍ കഴിഞ്ഞ തവണത്തെക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷം നേടുമെന്ന്   ലീഗ് നേത്യത്വവും പറഞ്ഞു.