മലമ്പുഴയില്‍ എന്താണ് സംഭവിക്കുന്നത് ? നാരദ ന്യൂസ് അന്വേഷണം

പാലക്കാട്: അണക്കെട്ടിനൊപ്പം ചേര്‍ന്ന വര്‍ണപ്പകിട്ടാര്‍ന്ന വലിയ ഉദ്യാനവും വിഐപി മണ്ഡലമെന്ന വിശേഷണവും മലമ്പുഴക്ക് സ്വന്തമാണ്. എന്നാല്‍ ഉദ്യാനത്തിന്റെ വര...

മലമ്പുഴയില്‍ എന്താണ് സംഭവിക്കുന്നത് ? നാരദ ന്യൂസ് അന്വേഷണം

vs-achuപാലക്കാട്: അണക്കെട്ടിനൊപ്പം ചേര്‍ന്ന വര്‍ണപ്പകിട്ടാര്‍ന്ന വലിയ ഉദ്യാനവും വിഐപി മണ്ഡലമെന്ന വിശേഷണവും മലമ്പുഴക്ക് സ്വന്തമാണ്. എന്നാല്‍ ഉദ്യാനത്തിന്റെ വര്‍ണപ്പകിട്ട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാക്കളുമൊക്കെ പ്രതിനിധികരിച്ച മണ്ഡലത്തിലെ ഉള്ളറകളില്‍ കാണാനില്ലെന്നതാണ് വാസ്തവം. വിഐപി മണ്ഡലമെന്ന പരിവേഷവും 15 വര്‍ഷമായി വി.എസ്. അച്യുതാനന്ദന്‍ പ്രതിനിധീകരിക്കുകയും ചെയ്യുന്ന മണ്ഡലത്തിന്റെ യഥാര്‍ത്ഥ ചിത്രമെന്തെന്നു അറിയാന്‍ മണ്ഡലത്തിലൂടെ നാരദ ന്യൂസ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് കണ്ടെത്തിയത്.


കേരളത്തില്‍ നിന്നു നാടു നീങ്ങിയെന്നു കരുതുന്ന ജന്മിത്വം മറ്റൊരു രൂപത്തില്‍ മലമ്പുഴയില്‍ ഇപ്പോഴും നില നില്‍ക്കുന്നു. ആദിവാസി ഗ്രാമങ്ങളില്‍ പട്ടിണിയോട് പടവെട്ടി മ്യഗങ്ങളെക്കാളും മോശമായ ജീവിതം നയിക്കുന്ന ആദിവാസികള്‍. മലമ്പുഴയില്‍ നിന്ന് കിലോമീറ്ററുകള്‍ക്കപ്പുറം കാടിനോട് ചേര്‍ന്ന് ജീവിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങളിലേക്ക് ഇന്നും വികസനം കടന്നു ചെന്നിട്ടില്ല. മലമ്പുഴ ഉദ്യാനം നവീകരിക്കാന്‍ 21 കോടി രൂപ, മലമ്പുഴ റിംഗ് റോഡ് നവീകരണത്തിന് 31 കോടി രൂപ, പാറ -പൊള്ളാച്ചി റോഡ് നവീകരണത്തിന് 13.5 കോടി രൂപ എന്നിങ്ങനെയുള്ള ചില വികസന പ്രവര്‍ത്തികള്‍ നടത്തിയെന്നാണ് വി.എസ്.അച്യുതാനന്ദന്‍ പോലും അവകാശപ്പെടുന്നത്. റോഡ്, ഉദ്യാനം, കൊടുമ്പ് കല്യാണ മണ്ഡപം, മുണ്ടൂര്‍- കല്ലേപ്പുള്ളി പഞ്ചായത്ത് ഷോപ്പിംഗ്, തുടങ്ങി കെട്ടിടങ്ങളിലും റോഡിലും നടന്ന വികസനം ആദിവാസികള്‍ക്ക് ഒരു ഗുണവും ചെയ്യുന്നില്ലെന്നതാണ് വാസ്തവം. പഞ്ചായത്ത് പ്രതിനിധികള്‍ പോലും തിരിഞ്ഞു നോക്കാത്ത ഈ പ്രദേശങ്ങളില്‍ ഇത്തവണ രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റം വന്നേക്കുമെന്നാണ് സൂചന. ഈ ഗ്രാമങ്ങളില്‍ തിരഞ്ഞെടുപ്പ് ചൂട് കടന്നു വന്നിട്ടില്ല.

കുടികിടപ്പുകാരെ കാണാന്‍ മലമ്പുഴയില്‍ വരണം

ഇഎംഎസിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ 1957 ല്‍ ഏപ്രില്‍ അഞ്ചിന് വന്ന് ആറാമത്തെ ദിവസം കുടിയൊഴിപ്പിക്കലിനെതിരെ ചരിത്രപ്രാധാന്യമുള്ള ഓര്‍ഡിനന്‍സ് കൊണ്ടു വന്നു. ജന്മികളുടെ ഭൂമിയില്‍ കുടില്‍ കെട്ടി താമസിക്കുന്നവരെ ഒഴിപ്പിക്കലിനെതിരെ കൊണ്ടു വന്ന ഈ ഓര്‍ഡിനന്‍സ് നിയമമായത് 1970 ലാണ്. കുടികിടപ്പുകാര്‍ക്ക് പത്ത് സെന്റ് നല്‍കണമെന്ന നിയമം വന്നതും അന്നാണ്. എന്നാല്‍ നിയമം ഇങ്ങിനെയൊക്കെയാണെങ്കിലും മലമ്പുഴയില്‍ 40 വര്‍ഷത്തിലേറെയായി ഭൂവുടമയുടെ സ്ഥലത്ത് കുടില്‍ കെട്ടി താമസിക്കുന്നവരെ കാണാം. അയ്യപ്പന്‍പൊറ്റയിലെ ഒരു ഭൂവുടമയുടെ സ്ഥലത്താണ് അയാളുടെ പറമ്പിലെ ക്യഷി പണികള്‍ ചെയ്യാന്‍ കുടില്‍ കെട്ടി 40 വര്‍ഷമായി താമസിക്കുന്ന കുടുംബത്തെ കണ്ടത്.  അടക്ക പറിക്കല്‍, തേങ്ങയിടല്‍, മറ്റ് കാര്‍ഷിക ജോലികളാണ് ഇവര്‍ ചെയ്തു വരുന്നത്. ഉടമസ്ഥന്റെ പറമ്പില്‍ ജോലിയില്ലെങ്കില്‍ മറ്റ് ജോലികള്‍ക്കു പോകും. 40 വര്‍ഷം മുമ്പ് ഒരു കുഴി മണ്ണിട്ട് നികത്തിയെടുത്ത ഭൂമിയാണ്. 30 സെന്റോളം ഭൂമി കാണും. പറമ്പിലെ ഓല മേഞ്ഞ് ഉണ്ടാക്കിയ കുടില്‍. ചുമരുകളും ഓലയില്‍ തന്നെയാണ്. പറമ്പില്‍ നിന്നു പെറുക്കുന്ന ഓല മെടഞ്ഞാലെ വീട് മേയാന്‍ പറ്റു. പണം കൊടുത്ത ഓല വാങ്ങാനുള്ള സാമ്പത്തിക ശേഷിയില്ലെന്ന് ഗൃഹനാഥന്‍ പറഞ്ഞു. ഗൃഹനാഥന്‍ ആണെങ്കിലും കുറച്ചായി അസുഖം കാരണം ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. 20 വയസുള്ള മകനാണ് ഇപ്പോള്‍ പണിക്കു പോകുന്നത്. ഭാര്യ കുറച്ച് വര്‍ഷം മുമ്പ് കാന്‍സര്‍ വന്നു മരിച്ചു. വയസായ അമ്മയേയും പ്ലസ് ടുവിനും എട്ടിലും പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളുടേയും തന്നേയും സംരക്ഷിക്കുന്നത് 20 കാരനായ മകനാണെന്ന് ഈ മദ്ധ്യവയസ്‌കന്‍ നാരദയോട് പറഞ്ഞു. ദയവ് ചെയ്ത് പേരും ചിത്രവും പത്രത്തില്‍ പ്രസിദ്ധികരിക്കരുതെന്ന് അയാള്‍ അഭ്യര്‍ത്ഥിച്ചു. വാര്‍ത്തയില്‍ പേരു വന്നാല്‍ തങ്ങളുടെ ഇവിടത്തെ  താമസത്തിനും മറ്റുംപ്രശ്നമുണ്ടാകും എന്നയാള്‍ പറഞ്ഞു. ഇതുപോലെ ചില കുടുംബങ്ങള്‍ ആ ഭാഗത്തുണ്ട്. സമീപത്തുള്ള ആനക്കല്ല് ഭാഗത്തും ഇതു തന്നെയാണ് അവസ്ഥ.

പട്ടിണി വാഴുന്ന കോളനികള്‍

മേട്ടുചാള കോളനി ഒരു ആദിവാസി കോളനിയാണ്. ഇവിടെ മുപ്പതോളം കുടുംബങ്ങളാണ് താമസിക്കുന്നത്. കുഞ്ഞു കൂരകളിലാണ് ഇവിടെ ഭൂരിഭാഗം പേരും താമസിക്കുന്നത്. തെങ്ങോല മടഞ്ഞത് കുത്തി നിര്‍ത്തിയതാണ് ചുമര്‍. വെയില്‍ കൊള്ളാതിരിക്കാന്‍ ഓല കൊണ്ട് ഉണ്ടാക്കിയ മേല്‍ക്കൂര. ഇതിനുള്ളില്‍ ഉടുതുണിക്ക് മറുതുണിക്ക് വകയില്ലാതെയാണ് ഒരു വലിയ വിഭാഗം ജീവിക്കുന്നത്. നാട്ടിലെ ക്യഷിപണികള്‍ മൂന്ന് മാസം ഉണ്ടായാല്‍ ആറ് മാസം ജോലിയുണ്ടാകില്ല. പിന്നെ കാടു കയറണം. മഴക്കാലത്താണെങ്കില്‍ പച്ചമരുന്നുകള്‍ ശേഖരിച്ചു മലമ്പുഴയില്‍ കൊണ്ടു പോയി വില്‍ക്കും. ഓരില, മൂവ്വില, കുറുന്തോട്ടി, ചീനിക്ക തുടങ്ങിയ മരുന്നുകളാണ് ശേഖരിക്കുന്നത്. ഓരിലയാണെങ്കില്‍ കിലോവിന് 18 രൂപ കിട്ടും. പിന്നെയുള്ളത് തേന്‍ വില്‍പ്പനയാണ്. കൊടുംകാട്ടില്‍ പോയി വന്‍മരങ്ങള്‍ കയറി രാത്രിയാണ് തേന്‍ ശേഖരിക്കല്‍. ചെറിയ മരങ്ങളില്‍ നിന്നാണെങ്കില്‍ പകല്‍ സമയത്തും ശേഖരിക്കാം. തേനീച്ചയുടെ കുത്തൊഴിവാക്കാന്‍ രാത്രിയാണ് തേന്‍ശേഖരണം. ഒരു കിലോ തേന്‍ ശേഖരിച്ച് മലമ്പുഴയില്‍ കൊണ്ടു പോയി കൊടുത്താല്‍ 350 രൂപ കിട്ടും. മിക്കവര്‍ക്കും ഒരേക്കറില്‍ കൂടുതല്‍ ഭൂമി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ചിലര്‍ക്ക് 3 ഏക്കര്‍ വരെയുണ്ട്. കാടിനോട് ചേര്‍ന്ന ഈ ഭാഗത്ത് ക്യഷിയൊന്നും നടക്കില്ല. കാട്ടാനകള്‍ ഉള്‍പ്പടെയുള്ള വന്യജീവികളുടെ ആക്രമണം ഉണ്ടാവും. പിന്നെ ജലദൗര്‍ലഭ്യം. ആദിവാസി കോളനികളില്‍ വീട് വെക്കാന്‍ സര്‍ക്കാര്‍ ഒരു ലക്ഷത്തി ഇരുപത്തായിരം രൂപ അനുവദിച്ചിരുന്നു. അത് പലയിടത്തും മേല്‍ക്കൂരയില്ലാത്ത ഒറ്റമുറി ചുമരുകളായി മാറിയിട്ടുണ്ട്. വഴിയില്ലാത്തതിനാല്‍ കല്ലും മണ്ണും ചുമന്ന് കൊണ്ടു വന്നപ്പോഴെ വലിയ തുക തീര്‍ന്നു. പൂര്‍ത്തിയാകാത്ത വീടുകള്‍ അങ്ങിനെ കിടന്നു. നാലു വര്‍ഷം മുമ്പ് മൂന്നടി വീതിയില്‍ ഒരു കോണ്‍ക്രീറ്റ് പാത നിര്‍മ്മിച്ചതും കഴിഞ്ഞ വര്‍ഷം സാംസ്‌കാരിക നിലയം എന്ന പേരില്‍ ഒരു കെട്ടിടം പണി കഴിപ്പിച്ചതുമാണ് ഇവിടെ വന്ന വികസനം. പൈപ്പുവഴി വിതരണം ചെയ്തിട്ടില്ലെങ്കിലും വലിയ ടാങ്കിലേക്ക് കുടിവെള്ളം എത്തുന്ന സൗകര്യമുണ്ട്. കാടു വിടുകയും നാട്ടിലേക്ക് എത്തിയതുമില്ലെന്നു പറഞ്ഞ് പട്ടിണിയില്‍ കഴിയുന്ന വലിയ വിഭാഗം ആദിവാസികളാണ് മലമ്പുഴയില്‍ ഉള്ളത്. മുതിര്‍ന്നവര്‍ അധികവും കിട്ടുന്ന പണം മുഴുവന്‍ മദ്യത്തിന് ചെലവാക്കുന്നതു കൊണ്ട് കുട്ടികള്‍ പട്ടിണി കിടക്കേണ്ട അവസ്ഥയുമുണ്ട്. കാട്ടിലെ കായ്കളും കഞ്ഞിവെള്ളവുമാണ് ഇവരുടെ പ്രധാന ഭക്ഷണം.

രാഷ്ട്രീയ ഉണര്‍വില്ലാതെ മലമ്പുഴ

മലമ്പുഴയില്‍ ഒന്നാംഘട്ട പ്രചരണ പരിപാടികള്‍ കഴിഞ്ഞെന്നു സിപിഐ(എം) അവകാശപ്പെടുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പിന്റെ ചൂട് ഇനിയും ഇവിടെ കടന്നു വന്നിട്ടില്ല. വി.എസ് ജയിച്ചാലും ഈ നാട്ടിലേക്കെല്ലാം വരാന്‍ ഇനി വി.എസിനു കഴിയുമോ എന്നാണ് ഇതുവരെ വി.എസിന് വോട്ട് ചെയ്തിരുന്ന കുമാരി എന്ന കര്‍ഷക സ്ത്രീ നാരദയോട് ചോദിച്ചത്. പ്രാദേശികമായി കാര്യങ്ങള്‍ വിലയിരുത്തി വോട്ട് ചോദിക്കുന്ന വിധത്തിലല്ല സിപിഐ(എം)ന്റെ പ്രചരണം. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ചിത്രത്തില്‍ പോലും വന്നിട്ടില്ല. എന്നാല്‍ കഴിഞ്ഞ തവണ മലമ്പുഴയില്‍ നിസാര വോട്ടുകള്‍ മാത്രം നേടി ബി.ജെ.പി ഒരു പാട് മുന്നോട്ടു പോയിട്ടുണ്ട്. ഓരോ സ്ഥലത്തെ പ്രാദേശിക കാര്യങ്ങള്‍ പഠിച്ചാണ് ക്യഷ്ണകുമാര്‍ വോട്ട് ചോദിക്കുന്നത്. പ്രചരണത്തില്‍ ബിജെപിയും മുന്‍പന്തിയിലുണ്ട്. മലമ്പുഴയില്‍ സിപിഐ(എം)ന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ മുഖ്യ ചുമതലയുള്ള ഔദ്യോഗികപക്ഷ നേതാവിനെ സ്ഥാനാര്‍ത്ഥിയായ വി.എസ് ഇടപ്പെട്ട് മാറ്റിയത് പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. പുതുശേരി ഏരിയ സെക്രട്ടറി എസ്.സുഭാഷ് ചന്ദ്രബോസിനാണ് സ്ഥാനം നഷ്ടപ്പെട്ടത്. വി.എസിന്റെ വിശ്വസ്തനും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എ പ്രഭാകരനാണ് പുതിയ സെക്രട്ടറി. വി.എസ് ഔദോഗിക നേത്യത്വത്തോട് രേഖ മൂലം ആവശ്യപ്പെട്ടത് കൊണ്ടാണ് നടപടി വന്നത്. ഇന്നലെ മലമ്പുഴയില്‍ വി.എസിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടന്നെങ്കിലും മുമ്പത്തെ ആവേശം ഇല്ലായിരുന്നുവെന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു. സംസ്ഥാനത്ത് ഒരുപക്ഷെ ഇടത് തരംഗമായിരിക്കാം, പക്ഷെ മലമ്പുഴയില്‍ അത് പ്രതീക്ഷിക്കാന്‍ കഴിയില്ലെന്ന് ഒരു സിപിഐ(എം) നേതാവ് തന്നെ നാരദയോട് പറഞ്ഞു. ഇന്നേവരെ സിപിഐ(എം) തോല്‍ക്കാത്ത മറ്റു പാര്‍ട്ടികള്‍ ശക്തമായ മത്സരം പോലും കാഴ്ച്ച വെക്കാന്‍ സാധിക്കാത്ത മണ്ഡലമാണ് മലമ്പുഴ. വോട്ടെണ്ണുന്നത് ഭൂരിപക്ഷം അറിയാന്‍ മാത്രമാണ്. പക്ഷെ ഇത്തവണ ശക്തമായ അടിയൊഴുക്കുകള്‍ മണ്ഡലത്തില്‍ ഉണ്ടെന്നത് സത്യമാണ്. പക്ഷെ കേരളത്തില്‍ ഏറ്റവും താരമൂല്യമുള്ള നേതാവായ വി.എസ് മലമ്പുഴയില്‍ സതീശന്‍ പാച്ചേനിയോട് ആദ്യതവണ കടന്നു കൂടിയത് അയ്യായിരത്തില്‍ താഴെ വോട്ടിനാണ് എന്നതും ശ്രദ്ധേയമാണ്.

By Sukesh Imam

Read More >>