വിലക്കുകളെ മറികടന്നു 'ലീല' വരുന്നു

വിലക്കുകളെയും പ്രതിസന്ധികളെയും തരണം ചെയ്തു ഏപ്രില്‍ 22-ന് 'ലീല' പ്രേക്ഷകരുടെ മുന്നിലേക്ക്‌ എത്തുകയാണ്.അതും മലയാള സിനിമയില്‍ ആദ്യമായി ഓണ്‍ലൈന്‍...

വിലക്കുകളെ മറികടന്നു

leela

വിലക്കുകളെയും പ്രതിസന്ധികളെയും തരണം ചെയ്തു ഏപ്രില്‍ 22-ന് 'ലീല' പ്രേക്ഷകരുടെ മുന്നിലേക്ക്‌ എത്തുകയാണ്.അതും മലയാള സിനിമയില്‍ ആദ്യമായി ഓണ്‍ലൈന്‍ റിലീസിംഗ് എന്ന നൂതന പരീക്ഷണവുമായാണ് ചിത്രം വരുന്നത്. സിനിമ പുറത്തിറക്കാനുള്ള വിലക്കിന്റെയും ചിത്രത്തിന്‍റെ സെന്‍സര്‍ സെര്ട്ടിഫിക്കറ്റിന്‍റെയും പേരില്‍ കോടതി വരെ കേറിയിറങ്ങേണ്ടി വന്നതിനു ശേഷമാണ് ഓണ്‍ലൈന്‍ റിലീസ് നടത്താന്‍ സംവിധായകന്‍ രഞ്ജിത്ത് തീരുമാനിച്ചത്. നിര്‍മ്മാതാക്കളുടെ സംഘടനയിലെ നേതൃസ്ഥാനത്ത് ഇരിക്കുന്ന ചിലരുടെ ധാര്‍ഷ്ട്യവും പിടിവാശിയുമാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണം എന്നാണ് രഞ്ജിത്ത് വെളിപ്പെടുത്തുന്നത്. സിനിമയിലെ തന്‍റെ ചില സഹ പ്രവര്‍ത്തകരുടെ വേതനം വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായപ്പോള്‍ അങ്ങനെ ചെയ്യാന്‍ തയ്യാറായതാണ് സംഘടന അധികൃതര്‍ തന്നോട് ഇടയാന്‍ കാരണം എന്നും രഞ്ജിത്ത് കൂട്ടിചേര്‍ത്തു.

പ്രധാനമായും  പ്രവാസി മലയാളികളെ മനസ്സില്‍ കണ്ടാണ്‌ ഓണ്‍ലൈന്‍ റിലീസ് എന്ന  തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത് എന്നാണു 'ലീല'യുടെ നിര്‍മ്മാതാക്കള്‍  നല്‍കുന്ന വിവരം. സംഘടനയുമായുള്ള പ്രശ്നങ്ങള്‍ മൂലം സാറ്റലൈറ്റ് പിന്‍ബലം ചിത്രത്തിന് ലഭിച്ചിരുന്നില്ല. അത്തരം ഒരു സാഹചര്യത്തില്‍ തങ്ങള്‍ക്കു ചിത്രം കാണാനാവില്ല എന്ന് പല മിഡില്‍ ഈസ്റ്റ് പ്രേക്ഷകരും പരാതിപ്പെട്ടതിനെതുടര്‍ന്നാണ്‌ അവര്‍ക്ക് സൌകര്യ പൂര്‍വ്വം കാണാനായി ഓണ്‍ലൈനില്‍ ചിത്രം പുറത്തിറക്കാന് തീരുമാനമായത്. ഇതുവഴി അവരുടെ സ്വീകരണമുറികളിലേക്കും ഗാഡ്ജറ്റ്കളിലേക്കും ചിത്രം എത്തിക്കാനാവും എന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍.

ആര്‍.ഉണ്ണിയുടെ അതെ പേരിലുള്ള ചെറുകഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബിജു മേനോന്‍, പാര്‍വതി നമ്പ്യാര്‍, ഇന്ദ്രന്‍സ്, ജഗദീഷ്, വിജയരാഘവന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. www.reelax.com എന്ന വെബ്സൈറ്റിലൂടെ ഏപ്രില്‍ 22-ന് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക് ചിത്രം കാണാന്‍ സാധിക്കും.