രാഷ്ട്രീയക്കാരുടെ തെരഞ്ഞെടുപ്പ് പിരിവു പേടിച്ച് ബിസിനസുകാര്‍ നാട് വിട്ടു.

തെരഞ്ഞെടുപ്പു കാലമായതോടെ രാഷ്ട്രീയക്കാരുടെ പിരിവു പേടിച്ച് ബിസിനസുകാര്‍ ദേശം വിട്ടു. ബാറുകള്‍ പൂട്ടിയോടെ ഫണ്ട് സ്വരൂപിക്കാന്‍ മറ്റു മാര്‍ഗമില്ലാതെ വന്...

രാഷ്ട്രീയക്കാരുടെ തെരഞ്ഞെടുപ്പ് പിരിവു പേടിച്ച് ബിസിനസുകാര്‍ നാട് വിട്ടു.

election-campaign

തെരഞ്ഞെടുപ്പു കാലമായതോടെ രാഷ്ട്രീയക്കാരുടെ പിരിവു പേടിച്ച് ബിസിനസുകാര്‍ ദേശം വിട്ടു. ബാറുകള്‍ പൂട്ടിയോടെ ഫണ്ട് സ്വരൂപിക്കാന്‍ മറ്റു മാര്‍ഗമില്ലാതെ വന്നതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യവസായികളെ നോട്ടമിട്ടതാണ് ഇതിനു കാരണം. ഒരു പരിചയവുമില്ലാത്തവര്‍ പോലും ലക്ഷങ്ങളാണ് തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് വ്യവസായികളോട് ആവശ്യപ്പെടുന്നത്.

മുമ്പ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രം നടത്തിയിരുന്ന ഫണ്ട് പിരിവ് ഇത്തവണ കൂടുതല്‍ പാര്‍ട്ടികള്‍ ഏറ്റെടുത്തിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് മാത്രം രൂപീകരിച്ച പാര്‍ട്ടികളും ഫണ്ട് പിരിവില്‍ സജീവമാണ്. മുന്‍കാലങ്ങളില്‍ ബാറുകളായിരുന്നു തെരഞ്ഞെടുപ്പ് ഫണ്ടു പിരിവിന്റെ പ്രധാന ആകര്‍ഷണം. എന്നാല്‍ ബാറുകള്‍ പൂട്ടിയതോടെ ഈ വഴി അടഞ്ഞു. പകരം തുടങ്ങിയ ബിയര്‍, വൈന്‍ ഷോപ്പുകളില്‍ നിന്ന് പിരിവു ലഭിക്കുന്നതുമില്ല. ഉയര്‍ന്ന വൈദ്യുതി നിരക്ക്, കച്ചവടത്തിലെ കുറവ് എന്നിവ കാരണം സ്ഥാപനം നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ പിരിവ് നല്‍കാന്‍ കഴിയില്ലെന്നുമാണ് ബിയര്‍, വൈന്‍ സ്ഥാപന ഉടമകള്‍ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. അതിനാല്‍ തന്നെ മറ്റു മാര്‍ഗങ്ങള്‍ തേടി ഓടുകയാണ് പാര്‍ട്ടികളും സ്ഥാനാര്‍ഥികളും. തെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചതിനാല്‍ ഇത്തവണ മുന്‍വര്‍ഷത്തേക്കാള്‍ ചെലവും വര്‍ധിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകഴിഞ്ഞു. ഇനി തെരഞ്ഞെടുപ്പും കഴിഞ്ഞ് വോട്ടെണ്ണല്‍ ദിവസം വരെ പ്രവര്‍ത്തകരെ പിടിച്ചുനിര്‍ത്താന്‍ പണം ചെലവാക്കിയേ മതിയാകൂ. ഇതാണ് പാര്‍ട്ടികളേയും സ്ഥാനാര്‍ഥികളേയും അലട്ടുന്നത്.


കെട്ടിട നിര്‍മ്മാതാക്കള്‍, ക്വാറി ഉടമകള്‍, പച്ചക്കറി കയറ്റുമതിക്കാര്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗം വ്യവസായികളേയും രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ സമീപിച്ചു കഴിഞ്ഞു. അടുത്തിടെ പിളര്‍ന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് തിരുവനന്തപുരത്തെ ഒരു പ്രമുഖ കെട്ടിട നിര്‍മ്മാതാവിനോട് ആവശ്യപ്പെട്ടത് 20 ലക്ഷം രൂപയാണ്. ഈ തുക നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ ഭീഷണിയായി. തുടര്‍ന്ന് ഗത്യന്തരമില്ലാതെ ഇദ്ദേഹം പണം നല്‍കി. ഒരു പരിചയം പോലുമില്ലാത്ത രാഷ്ട്രീയ നേതാവ് ഫോണില്‍ ബന്ധപ്പെട്ട് പണം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനു പുറമെയാണ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ട് പിരിവ്. ഇവരാകട്ടെ കോടികളാണ് ഫണ്ടിലേക്ക് ആവശ്യപ്പെടുന്നത്. ക്വാറി ഉടമകളാണ് പാര്‍ട്ടികളുടെ മറ്റൊരു അഭയകേന്ദ്രം. തെരഞ്ഞെടുപ്പ് അടുത്തതോടെ കെട്ടിട നിര്‍മ്മാണത്തിനു ഉപയോഗിക്കുന്ന എല്ലാ കല്ലുകള്‍ക്കും മണ്ണ്, പാറ, മണല്‍, മെറ്റല്‍, എംസാന്റ് എന്നിവയ്ക്ക് സര്‍ക്കാരിന് ലഭിക്കേണ്ട റോയല്‍റ്റി നാലിനൊന്നായി വെട്ടിക്കുറച്ചിരുന്നു. ഒരു മെട്രിക് ടണ്ണിന് 200 രൂപയുണ്ടായിരുന്നത് 50 രൂപയായിട്ടാണ് കുറച്ചത്. ഇതു മുതലെടുത്താണ് ക്വാറി ഉടമകളോട് പിരിവ് ആവശ്യപ്പെടുന്നത്. പിരിവ് നല്‍കിയില്ലെങ്കില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയും പിറകെയുണ്ട്.

ഒരു മണ്ഡലത്തില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിക്ക് ഏകദേശം ഒരു കോടിയോളം രൂപ ചെലവാകുമെന്നാണ് അനൗദ്യോഗിക കണക്ക്. ഈ തുക രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കാറില്ല. ചുരുക്കം ചിലര്‍ മാത്രമേ തെരഞ്ഞെടുപ്പിനുള്ള ചെലവെന്ന പേരില്‍ തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് പണം നല്‍കാറുള്ളൂ. ബാക്കിയുള്ളവര്‍ക്കെല്ലാം പരിവു തന്നെയാണ് ഏക മാര്‍ഗം. സ്വന്തം സ്ഥലത്ത് മത്സരിക്കുന്നവര്‍ക്ക് നല്‍കുന്നതിനു പുറമെ സംസ്ഥാന തലത്തിലും വന്‍തോതിലുള്ള പിരിവു നല്‍കേണ്ട സാഹചര്യമാണ്. തെരഞ്ഞെടുപ്പ് തീയതി അടുക്കുന്നതോടെ പിരിവിനായുള്ള സമ്മര്‍ദ്ദവും ഏറിയിട്ടുണ്ട്. പുതിയതായി രൂപീകരിച്ച പാര്‍ട്ടികള്‍ പോലും ഫണ്ട് പിരിവ് തുടങ്ങിയതോടെ വ്യവസായികളില്‍ ഭൂരിഭാഗവും സംസ്ഥാനം വിട്ടു. അന്യസംസ്ഥാനത്തേക്കോ മറ്റു രാജ്യങ്ങളിലേക്കോ ആണ് പലരും പോയിട്ടുള്ളത്. ഇവരെ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ 'ഔട്ട് ഓഫ് സ്‌റ്റേഷന്‍' ആണെന്നാണ് ജീവനക്കാരുടെ മറുപടി.

Read More >>