ഇടത് കോട്ടയില്‍ കരുത്ത് കാട്ടാന്‍ യു ഡി എഫ്

കണ്ണൂര്‍: മട്ടന്നൂര്‍ എന്ന ഇടതു കോട്ടയില്‍ മത്സരിക്കാന്‍ യു ഡി എഫിലെ ഘടക കക്ഷിയായ ജനതാദളിനു തീരെ താല്‍പ്പര്യമില്ലായിരുന്നു. പ്രതീക്ഷക്ക് വകയില്ലാത്ത...

ഇടത് കോട്ടയില്‍ കരുത്ത് കാട്ടാന്‍ യു ഡി എഫ്

cpim

കണ്ണൂര്‍: മട്ടന്നൂര്‍ എന്ന ഇടതു കോട്ടയില്‍ മത്സരിക്കാന്‍ യു ഡി എഫിലെ ഘടക കക്ഷിയായ ജനതാദളിനു തീരെ താല്‍പ്പര്യമില്ലായിരുന്നു. പ്രതീക്ഷക്ക് വകയില്ലാത്ത സീറ്റ് വേണ്ടെന്ന് പറഞ്ഞെങ്കിലും അത് ജനതാദളിന് തന്നെ കിട്ടി. പേരിന് മതസരിച്ചാലും ജയിച്ചു കയറാന്‍ ഒരു സാദ്ധ്യതയുമില്ലെന്നാണ് ജനതാദള്‍ സീറ്റൊഴിവാക്കാന്‍ കാരണമായി പറഞ്ഞത്. ചരിത്രം നോക്കിയാല്‍ അങ്ങിനെ തന്നെയാണ്.

എന്നും ഇടതു പക്ഷത്തോടൊപ്പം നിന്ന മട്ടന്നൂരില്‍ കഴിഞ്ഞ തവണ സി പി എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ ജയിച്ചു കയറിയത് 30512 വോട്ടുകള്‍ക്കാണ്. മട്ടന്നൂരില്‍ എന്നും വിജയിച്ച ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്. 1965 ല്‍ നടന്ന മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ ഇല്ലാതായ മണ്ഡലം 2011 ലാണ് പുനര്‍ജനിച്ചത്. 65 ന് മുമ്പ് നടന്ന 1957 ലേയും 60 ലേയും തെരഞ്ഞെടുപ്പുകളില്‍ സി പി ഐയിലെ എന്‍ ഇ ബാല്‍റാമാണ് വിജയിച്ചത്. ആദ്യ മത്സരത്തില്‍ 10451 വോട്ടുകള്‍ രണ്ടാമത്തെ മത്സരത്തില്‍ വെറും 85 വോട്ടുകള്‍ക്കാണ് ബല്‍റാം പി എസ് പിയിലെ അച്യുതനെ തോല്‍പ്പിച്ചതെന്നതും ശ്രദ്ധേയമാണ്.  പിന്നീട് മണ്ഡല പുനര്‍നിര്‍ണയം നടക്കുന്നതു വരെ പേരാവൂര്‍ മണ്ഡലത്തിന്റെ ഭാഗമായി തുടരുകയായിരുന്നു.

ഇ പി ജയരാജന്റെ നാലാമത്തെ മത്സരമാണിത്. 1987 ല്‍ സി എം പി രൂപികരിച്ചപ്പോള്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ അഴിക്കോട് രാഘവനെതിരെ ജയരാജന്‍ പരാജയപ്പെട്ടിരുന്നു. 91 ല്‍ അഴിക്കോട് നിന്ന് എം. എല്‍.എയായി. പിന്നീട് 2011 ലാണ് മട്ടന്നൂരില്‍ മത്സരത്തിനിറങ്ങി വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ജനതാദള്‍ യു വിലെ ജോസഫ് ചാവറയെയാണ് ജയരാജന്‍ തോല്‍പ്പിച്ചത്. യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് കെ പി പ്രശാന്താണ് ജയരാജനെതിരെ മത്സരിക്കുന്നത്.

നിയമസഭയില്‍ കഴിഞ്ഞ തവണ ജയരാജന് കിട്ടിയ 30512 ഭൂരിപക്ഷം ലോകസഭയാവുമ്പോഴേക്കും 20733 ആയി കുറഞ്ഞതാണ് യു ഡി എഫിന്റെ ഏക ആശ്വാസം. മട്ടന്നൂര്‍ നഗരസഭയും കീഴല്ലൂര്‍, കൂടാളി, മാലൂര്‍, തില്ലങ്കേരി, മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്,കോളയാട്, പടിയൂര്‍-കല്യാട് ഉള്‍പ്പെടുന്നതാണ് മണ്ഡലം. ഇവിടങ്ങളിലെല്ലാം എല്‍ ഡി ആഫ് ഭരിക്കുന്നത്.

മണ്ഡലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് വികസനം തന്നെയാണ്. കണ്ണൂര്‍ വിമാനത്താവളം ഇരുമുന്നണികള്‍ക്കും ചൂടേറിയ ചര്‍ച്ചവിഷയമാണ്. വിമാനതാവള ഉള്‍ഘാടനത്തിലെ പൊള്ളത്തരങ്ങളും മറ്റും എല്‍ ഡി എഫ് ചര്‍ച്ച വിഷയമാക്കുമ്പോള്‍ എല്‍ ഡി എഫ് വികസന വിരോധികള്‍ എന്ന നിലയിലുള്ള പ്രചരണത്തിനാണ് യു ഡി എഫ് മുന്‍തൂക്കം കൊടുക്കുന്നത്. ബി ജെ പി യുടെ സ്ഥാനാര്‍ത്ഥിയായി ബിജു എളക്കുഴിയാണ് മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 8707 വോട്ടുകള്‍ നേടിയ ബി ജെ പിക്ക് ലോകസഭയിലേക്ക് അത് 9695 വോട്ടുകളായി വര്‍ദ്ധിച്ചിരുന്നു.