യുഡിഎഫിന്റെ മദ്യ നയം വ്യാജമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

കോട്ടയം: പൂട്ടാത്ത മദ്യശാലകൾ എൽഡിഎഫ് വന്നാൽ തുറക്കുമോ എന്നാണു യുഡിഎഫ് നേതാക്കൾ ചോദിക്കുന്നതെന്ന് ഇടതുമുന്നണി കൺവീനർ വൈക്കം വിശ്വൻ.'യുഡിഎഫിന്റെ...

യുഡിഎഫിന്റെ മദ്യ നയം വ്യാജമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

vaikom-vishwan

കോട്ടയം: പൂട്ടാത്ത മദ്യശാലകൾ എൽഡിഎഫ് വന്നാൽ തുറക്കുമോ എന്നാണു യുഡിഎഫ് നേതാക്കൾ ചോദിക്കുന്നതെന്ന് ഇടതുമുന്നണി കൺവീനർ വൈക്കം വിശ്വൻ.

"യുഡിഎഫിന്റെ മദ്യനയം വ്യാജമാണ്. ബാറുകൾ പൂട്ടിയെന്നാണു യുഡിഎഫ് പറയുന്നത്. മദ്യത്തിന്റെ ഉപയോഗവും അതിൽ നിന്നുള്ള വരുമാനവും കുറഞ്ഞോ എന്നു മാധ്യമങ്ങൾ അന്വേഷിക്കണം. വീര്യം കൂടിയ ബീയറും വൈനുമാണ് വിതരണം ചെയ്യുന്നത്." കോട്ടയം പ്രസ്ക്ലബ്ബിന്റെ ‘നിലപാട് 2016’ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.


"ബവ്റിജസ് കോർപറേഷൻ ഔട്ട് ലെറ്റുകളും ക്ലബ്ബുകളും വഴിയുള്ള മദ്യ വിൽപന തുടരുകയാണ്. 1537 കോടി രൂപയുടെ അധിക വിൽപനയാണ് കഴിഞ്ഞ ഒരു വർഷം നടന്നത്."അദ്ദേഹം കൂട്ടി ചേര്‍ത്തു.

വിലക്കയറ്റം, അഴിമതി, കാർഷിക ഉൽപന്നങ്ങളുടെ വിലയിടിവ് തുടങ്ങി ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങൾ തിരഞ്ഞെടുപ്പിൽ മുഖ്യ ചർച്ചയാവാതിരിക്കാനാണ് മദ്യനയവും വിഭാഗീയതയുടെ പ്രശ്‌നവും യുഡിഎഫും ഒരു വിഭാഗം മാധ്യമങ്ങളും ഉയർത്തിക്കൊണ്ടു വരുന്നത്. യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയാരാണെന്നും വൈക്കം വിശ്വൻ ചോദിച്ചു.

എൽഡിഎഫ് അധികാരത്തിലേറിയാൽ വിജയിച്ചെത്തുന്ന ജനപ്രതിനിധികളിൽ നിന്ന് ഏറ്റവും യോജ്യനായ ഒരാൾ മുഖ്യമന്ത്രിയാകുമെന്നതാണ് രീതി. നേതാക്കൾ തമ്മിൽ ഭിന്നതകളുണ്ടെന്നതു ചിലർ കെട്ടിച്ചമയ്ക്കുന്നതാണ്. ആരാകും മുഖ്യമന്ത്രി എന്ന ചർച്ച നിലവിൽ പാർട്ടിയിലോ മുന്നണിയിലോ ഇല്ല.ഇക്കാര്യത്തിൽ വിഎസ് വ്യക്തമായി മറുപടി പറഞ്ഞിട്ടും തെറ്റിധരിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

സാക്ഷരതാ യജ്ഞം പോലെ മദ്യവർജന ആശയങ്ങൾ പ്രചരിപ്പിക്കുമെന്നതാണ് ഇടതുനയമെന്നും വ്യാജ മദ്യത്തിന്റെ ഉപയോഗം കൂട്ടുന്നതിനു സഹായിക്കുന്ന തരം നിലപാടുകൾ മദ്യനയത്തിന്റെ കാര്യത്തിൽ എൽഡിഎഫ് സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.