സര്‍ക്കാര്‍ കൈമാറ്റം നിരോധിച്ച കവടിയാര്‍ കൊട്ടാരത്തിന്റെ അധീനതയിലുള്ള ഭൂമി രാജകുടുംബം വില്‍പ്പന നടത്തി

ജില്ലാ ഭരണകൂടം കൈമാറ്റം നിരോധിച്ച് ഉത്തരവിറക്കിയ കവടിയാര്‍ കൊട്ടാരത്തിന്റെ അധീനതയിലുളള വസ്തുവില്‍ നിന്ന് രാജകുടുംബം ഭൂമി വിറ്റു. മൂന്നേക്കര്‍...

സര്‍ക്കാര്‍ കൈമാറ്റം നിരോധിച്ച  കവടിയാര്‍ കൊട്ടാരത്തിന്റെ അധീനതയിലുള്ള ഭൂമി രാജകുടുംബം വില്‍പ്പന നടത്തി

india_palaces_forts_034751

ജില്ലാ ഭരണകൂടം കൈമാറ്റം നിരോധിച്ച് ഉത്തരവിറക്കിയ കവടിയാര്‍ കൊട്ടാരത്തിന്റെ അധീനതയിലുളള വസ്തുവില്‍ നിന്ന് രാജകുടുംബം ഭൂമി വിറ്റു. മൂന്നേക്കര്‍ പതിനൊന്ന് സെന്റ് സ്ഥലമാണ് നിയമങ്ങള്‍ ലംഘിച്ച് രാജകുടുംബം ബംഗ്‌ളൂരു ആസ്ഥാനമായ ട്രസ്റ്റിന് വിറ്റത്.

പേരൂര്‍ക്കട വില്ലേജ് അതിര്‍ത്തിയിലെ ബ്ലോക്ക് നമ്പര്‍ 22ല്‍ റീസര്‍വെ 2-22ല്‍പ്പെട്ട ഭൂമിയാണ് രാജകുടുംബം കൈമാറ്റം ചെയ്തതെന്ന് മാധ്യമം ദിനപത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കൊട്ടാരത്തിന് തൊട്ടടുത്ത ശാസ്തമംഗലം സബ് രജിസ്ട്രാര്‍ പരിധിയിലുളള വസ്തുവിന്റെ കൈമാറ്റം പോത്തന്‍കോട് സബ് രജിസ്ട്രാര്‍ ഓഫിസിലാണ് രജിസ്റ്റര്‍ ചെയ്തത്. ഈ നീക്കം ദുരൂഹതയുണര്‍ത്തുന്നതാണ്. ഇതില്‍ വന്‍ അഴിമതി നടന്നതായി സൂചനയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


830-2016 നമ്പരായി രജിസ്റ്റര്‍ ചെയ്ത കൊട്ടാരവളപ്പിലെ ഒരേക്കര്‍ ഭൂമിയും ഉളിയാഴത്തുറ വില്ലേജിലെ ഒരു സെന്റും ബംഗലൂരു ആസ്ഥാനമായ ട്രസ്റ്റിനുവേണ്ടി സ്റ്റെല്ല മേരി പ്രഭുദാസിന്റെ പേരില്‍ എച്ച്.എച്ച് പൂരുരുട്ടാതി തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ, ഡോ സാമുവല്‍ പി ജോണ്‍ എന്നിവര്‍ വിലയാധാരം നല്‍കുകയായിരുന്നു. 11,00,25,000 രൂപക്കാണ് ഇടപാട് നടന്നിട്ടുള്ളത്. മാര്‍ച്ച് മൂന്നിനാണ് പേരൂര്‍ക്കട വില്ലേജ് അതിര്‍ത്തിയിലെ ഭൂമി മൂന്ന് ആധാരങ്ങളായി രജിസ്റ്റര്‍ ചെയ്തത്.

1224 എന്ന നമ്പറിലുളള ഡോ. സാമുവല്‍ പി ജോണിന്റെ ഉടമസ്ഥതയിലെ 11 സെന്റില്‍ നിന്നും ഒരു സെന്റാണ് കോടിക്കണക്കിന് രൂപ നല്‍കി ട്രസ്റ്റ് ഉളിയാഴിത്തുറയില്‍ വാങ്ങിയത്. തലസ്ഥാനത്ത് വസ്തു സ്വന്തമാക്കാനാണ് ഈ നീക്കം നടത്തിയതെന്ന് കരുതുന്നു. കവടിയാറുളള ഭൂമി പോത്തന്‍കോട് സബ് രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്യാനാണ് ഉളിയാഴുത്തുറയിലെ വസ്തു ഉള്‍പ്പെടുത്തിയതെന്നാണ് അന്വേഷണത്തില്‍ രജിസ്ട്രേഷന്‍ മേധാവികള്‍ക്ക് ബോധ്യമായിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ പേരൂര്‍ക്കട വില്ലേജിലെ ഭൂമി കൈമാറ്റം രജിസ്റ്റര്‍ ചെയ്യേണ്ടത് ശാസ്തമംഗലം സബ് രജിസ്ട്രാര്‍ ഓഫിസിലാെണന്നിരിക്കേ ഉളിയാഴുത്തുറ വില്ലേജിലെ ഒരു സെന്റ് ഭൂമി കൂടി ഉള്‍പ്പെടുത്തിയാണ് പോത്തന്‍കോട് സബ് രജിസ്ട്രാര്‍ ഓഫിസില്‍ ആധാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മറ്റൊരു ഓഫിസില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സര്‍വെ വെരിഫിക്കേഷന്‍ നടത്തി ശാസ്തമംഗലം സബ് രജിസ്ട്രാര്‍ ഓഫിസില്‍ നിന്നും സര്‍ട്ടിഫിക്കെറ്റ് വാങ്ങേണ്ടതുണ്ടെങ്കിലും അത് പാലിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ രജിസ്ട്രേഷനുശേഷം രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളുടെ വിവരം ശാസ്തമംഗലം സബ് രജിസ്ട്രാര്‍ ഓഫിസില്‍ അയക്കേണ്ടതുമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Read More >>