സന്തോഷ് മാധവന്റെ കമ്പനിക്ക് ഭൂമി തിരിച്ചു നല്‍കിയത് വ്യവസായ വകുപ്പിന്റെ സമ്മര്‍ദ്ദം മൂലം

തിരുവനന്തപുരം: മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലം വിവാദസ്വാമി സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള കമ്പനിക്ക് തിരിച്ച് നല്‍കിയ തീരുമാനത്തിന്...

സന്തോഷ് മാധവന്റെ കമ്പനിക്ക് ഭൂമി തിരിച്ചു നല്‍കിയത് വ്യവസായ വകുപ്പിന്റെ സമ്മര്‍ദ്ദം മൂലം

kunjali

തിരുവനന്തപുരം: മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലം വിവാദസ്വാമി സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള കമ്പനിക്ക് തിരിച്ച് നല്‍കിയ തീരുമാനത്തിന് പിന്നില്‍ വ്യവസായ വകുപ്പും കുഞ്ഞാലിക്കുട്ടിയും ആണെന്ന് സൂചന. ആര്‍എംസെഡ് കമ്പനിയില്‍ നിന്നും ഏറ്റെടുത്ത വടക്കന്‍ പറവൂരിലെയും മാളയിലെയും 118 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തുകൊണ്ട് തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുമ്പ് റവന്യൂ വകുപ്പിന്റേതായി ഉത്തരവിറങ്ങിയത് വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പിന്നീട് ഈ ഉത്തരവ് സര്‍ക്കാര്‍ റദ്ദ് ചെയ്യുകയായിരുന്നു.


എന്നാല്‍ ഇത് കോണ്‍ഗ്രസ്സിനുള്ളിലെ ഗ്രൂപ്പ് യുദ്ധത്തിനു വഴിവേച്ചതോടെയാണ് വിവാദവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നത്. സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള ആര്‍എംഇസെഡ് ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയില്‍ വടക്കന്‍പറവൂര്‍, പുത്തന്‍വേലിക്കര, മാള എന്നിവടങ്ങളിലുള്ള 118 ഏക്കര്‍ സ്ഥലം 2009 ജനുവരിയിലാണ് മിച്ചഭൂമിയായി അന്നത്തെ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിന്റെ പരിധിയില്‍ വരുന്ന സ്ഥലമായതിനാല്‍ കൃഷിക്കല്ലാതെ മറ്റൊരാവശ്യത്തിനും ഉപയോഗിക്കാന്‍ സാധ്യമല്ല. എന്നാല്‍ പല തവണ വിവിധ പദ്ധതികളുടെ പേരില്‍ ഇളവ് അഭ്യര്‍ഥിച്ചുകൊണ്ട് സന്തോഷ് മാധവന്‍ നിരവധി തവണ സര്‍ക്കാരിനെ സമീപിച്ചിരുന്നു എങ്കിലും അനുകൂലമായ തീരുമാനവും നേടിയെടുക്കാനായിരുന്നില്ല.

ഏറ്റവും ഒടുവില്‍ ഐടി പദ്ധതിയുമായി സന്തോഷ് മാധവന്‍ വ്യവസായ വകുപ്പിനെ സമീപിക്കുകയായിരുന്നു. 1600 കോടി രൂപയുടെ വ്യവസായം നെല്‍വയലുകള്‍ക്ക് മുകളില്‍ വരുമെന്നും മുപ്പതിനായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നുമാണ് കമ്പനിയുടെ അവകാശവാദം. ഇതിനെ തുടര്‍ന്നാണ് വ്യവസായ വകുപ്പ് സ്ഥലം സന്തോഷ് മാധവന് തന്നെ തിരിച്ചു നല്‍കാന്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്.

ഇതിനെ തുടര്‍ന്നാണ് വ്യവസായ വകുപ്പിന്റെ നിര്‍ദ്ദേശം അനുസരിച്ച് ഈ വിഷയം ക്യാബിനറ്റിന്റെ പരിഗണനയ്ക്ക് വരുന്നതും തീരുമാനം എടുക്കുന്നതും. എന്നാല്‍ ഭൂമി സംബന്ധിക്കുന്ന വിഷയമായതിനാല്‍ സാങ്കേതികമായി ഉത്തരവ് ഇറങ്ങേണ്ടത് റവന്യു വകുപ്പാണ്. ഇതിന്‍പ്രകാരമാണ് റവന്യൂ വകുപ്പിന്റെ പേരില്‍ വിവാദ ഉത്തരവിറങ്ങുന്നത്. ഉത്തരവ് വിവാദമായതോടെ വ്യവസായ വകുപ്പ് വിവാദത്തില്‍ നിന്നും തലയൂരി.

കെപിസിസി പ്രസിഡന്റ് സുധീരന്‍ ഉള്‍പ്പടെയുള്ളവര്‍ സാങ്കേതികത്വത്തില്‍ തൂങ്ങി റവന്യു വകുപ്പിനെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തുകയുമായിരുന്നു. എന്നാല്‍ ഉത്തരവ് ഇറക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യവസായ വകുപ്പിനേയും കുഞ്ഞാലിക്കുട്ടിയേയും പൂര്‍ണമായി സംരക്ഷിക്കുന്ന നിലപാടാണ് സുധീരന്‍ സ്വീകരിച്ചത്.