കല്ലായിക്കടവത്ത് പോരാട്ടം ഇഞ്ചോടിഞ്ച്

കോഴിക്കോട്: കോഴിക്കോട് സൗത്തില്‍ ആരു വിജയിച്ചാലും മെയ് 19 ന് പച്ചപതാകയാണ് ഉയരുക. കാരണം കല്ലായിക്കടവത്ത്  ഏറ്റുമുട്ടുന്നത് യു.ഡി.എഫില്‍ നിന്ന് ലീഗും...

കല്ലായിക്കടവത്ത് പോരാട്ടം ഇഞ്ചോടിഞ്ച്

kozhikkode

കോഴിക്കോട്: കോഴിക്കോട് സൗത്തില്‍ ആരു വിജയിച്ചാലും മെയ് 19 ന് പച്ചപതാകയാണ് ഉയരുക. കാരണം കല്ലായിക്കടവത്ത്  ഏറ്റുമുട്ടുന്നത് യു.ഡി.എഫില്‍ നിന്ന് ലീഗും ഇടതു മുന്നണിയില്‍ നിന്ന് ഐ.എന്‍.എല്ലുമാണ്. മണ്ഡലം നിലനിര്‍ത്തി ഹാട്രിക് തികക്കാനാണ് യു.ഡി.എഫിന്റെ ഡോ: എം.കെ മുനീര്‍ പോരാടുന്നതെങ്കില്‍ മണ്ഡലം തിരിച്ചു പിടിക്കാനാണ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി ഐ.എന്‍.എല്ലിന്റെ പ്രൊഫസര്‍ പി.അബ്ദുള്‍വഹാബ് കളത്തിലിറങ്ങുന്നത്.


മുസ്ലീംലീഗിന് ലീഗിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണെങ്കിലും മണ്ഡലം ഒരു മുന്നണിയുടേയും കുത്തകയല്ല. സംസ്ഥാന ഭരണം ലഭിക്കുന്ന മുന്നണികളെ വിജയിപ്പിക്കുന്നു എന്ന ചരിത്രവുമുണ്ടിവിടെ. കഴിഞ്ഞ തവണ ശക്തമായ പോരാട്ടത്തില്‍ സിപിഐ(എം)ലെ സിപി മുസാഫര്‍ അലിയെ 1376 വോട്ടിനാണ് മുനീര്‍ തോല്‍പ്പിച്ചത്. മണ്ഡലത്തിലെ മൂന്നാം മത്സരത്തിനാണ് മുനീര്‍ ഇറങ്ങുന്നത്. കഴിഞ്ഞ തവണ വിജയിച്ച മുനീര്‍ 1991 ലും ഇവിടെ നിന്ന് വിജയിച്ചിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി  മുനീറിന്റെ ആറാം മത്സരവുമാണിത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ പ്രൊഫ: എ.പി. അബ്ദുള്‍വഹാബ്  നീണ്ട കാലത്തെ അധ്യാപന ജീവിതത്തിന് വിരമാമിട്ടാണ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. അദ്ദേഹത്തിന്റെ നിയമസഭയിലേക്കുള്ള മൂന്നാം മത്സരമാണിത്. നാഷണല്‍ യൂത്ത് ലീഗിലൂടെയാണ് ഐ.എന്‍.എല്ലിന്റെ നേത്യസ്ഥാനത്തെത്തിയത്.  നിലവില്‍ ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ വഹാബ്  കഴിഞ്ഞ വര്‍ഷം തിരൂരങ്ങാടി പി.എസ്. എം.ഒ കോളേജില്‍ ഇംഗ്ലീഷ് വകുപ്പ് മേധാവിയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. 2001 ലും 2006 ലും മഞ്ചേരിയില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായിരുന്നു.

മണ്ഡലത്തില്‍ നടപ്പിലാക്കിയ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടാക്കാനാണ് മന്ത്രി കൂടിയായ മുനീര്‍ ശ്രദ്ധ ചെലുത്തുന്നത്. രണ്ട് പതിനാറ്റാണ്ടായി കടലാസില്‍ മാത്രമൊതുങ്ങിയിരുന്ന കോതിപാലം അപ്രോച്ച് റോഡ് യാഥാര്‍ത്ഥ്യമാക്കിയതും പന്നിയങ്കര മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിന് തുടക്കമിടാന്‍ കഴിഞ്ഞതും വികസന നേട്ടങ്ങളായി യുഡിഎഫ് പറയുന്നു. എന്നാല്‍ വികസനം നടന്നത് തൊട്ടടുത്ത മണ്ഡലമായ കോഴിക്കോട് നോര്‍ത്തിലാണെന്നാണ് ഇടതു മുന്നണിയുടെ വാദം. രണ്ട് മണ്ഡലങ്ങളും തമ്മില്‍ വികസനത്തില്‍ വലിയ വ്യത്യാസമുണ്ടെന്നും ഇടത് പറയുന്നു.

മണ്ഡലത്തിന്റെ രാഷ്ട്രീയം നോക്കിയാല്‍ 1965 മുതല്‍ അഞ്ചു തവണ മുസ്ലീംലീഗ് ഇവിടെ നിന്നും ജയിച്ചിട്ടുണ്ട്. 1965, 67, 77, 80 82 വര്‍ഷങ്ങളിലാണ് അബുബക്കര്‍ വിജയിച്ചത്. 1970 ല്‍ കോണ്‍ഗ്രസിലെ കല്‍പ്പള്ളി മാധവ മേനോനോട് അബുബക്കര്‍ തോറ്റിരുന്നു. 1957 ല്‍ ആദ്യമായി ഇവിടെ നിന്ന് കോണ്‍ഗ്രസിലെ പി.ക ുമാരനാണ് വിജയിച്ചത്. 1987, 1996, 2006 വര്‍ഷങ്ങളില്‍ ഇടത്മുന്നണിയാണ് വിജയിച്ചത്. 2014 ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 5216 വോട്ടിന്റെ ലീഡാണ് നേടിയത്. പക്ഷെ തദ്ദേശത്തില്‍ കോര്‍പ്പറേഷനിലെ 13 വാര്‍ഡുകള്‍ ഇടതിനൊപ്പം നിന്നു. പത്തെണ്ണം യു.ഡി.എഫും ഒരെണ്ണം ബി.ജെ.പിയും നേടി. എന്‍.ഡി.എ മുന്നണിയില്‍ നിന്ന് ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിയായി സതീഷ് കുറ്റിയിലാണ് മത്സരിക്കുന്നത്.