പന്തളം എത്തിയത് കോങ്ങാട് പിടിക്കാന്‍, വീണ്ടും ചെങ്കൊടി ഉയര്‍ത്താന്‍ വിജയദാസ്

പാലക്കാട്: കോങ്ങാട് മണ്ഡലത്തില്‍ സി പി എമ്മിലെ സിറ്റിങ്ങ് എം.എല്‍.എ കെ വി വിജയദാസിനെ പിടിച്ചുകെട്ടാന്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്...

പന്തളം എത്തിയത് കോങ്ങാട് പിടിക്കാന്‍, വീണ്ടും ചെങ്കൊടി ഉയര്‍ത്താന്‍ വിജയദാസ്

panthalam-sudhakaran

പാലക്കാട്: കോങ്ങാട് മണ്ഡലത്തില്‍ സി പി എമ്മിലെ സിറ്റിങ്ങ് എം.എല്‍.എ കെ വി വിജയദാസിനെ പിടിച്ചുകെട്ടാന്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത് മുന്‍മന്ത്രി കൂടിയായ പന്തളം സുധാകരനെയാണ്. കോണ്‍ഗ്രസ് നേരത്തെ ചില പേരുകള്‍ പരിഗണിച്ചിരുന്നെങ്കിലും പ്രാദേശിക കോണ്‍ഗ്രസ് നേത്യത്വത്തിന്റെ എതിര്‍പ്പു നേരിടേണ്ടി വന്നത് കൊണ്ട് മാറി മറിഞ്ഞാണ് ഒടുവില്‍ പന്തളം കോങ്ങാട് സ്ഥാനാര്‍ത്ഥിയായത്. കഴിഞ്ഞ തവണ ശക്തമായ മത്സരത്തിനിടയില്‍ ചുണ്ടിനും കപ്പിനുമിടയില്‍ കോണ്‍ഗ്രസിന് വഴുതിപോയ മണ്ഡലമാണ് കോങ്ങാട്. ശക്തനായ സ്ഥാനാര്‍ത്ഥി വന്നാല്‍ കോങ്ങാട് വിജയകൊടി നാട്ടാം എന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. പക്ഷെ അനിശ്ചിതത്വത്തിനൊടുവില്‍ പന്തളം സുധാകരന്‍ എത്തുമ്പോഴേക്കും വിജയദാസ് മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും ഒന്നാംഘട്ട പ്രചരണം പൂര്‍ത്തിയാക്കിയിരുന്നു. പക്ഷെ ഇത് പന്തളം കാര്യമാക്കുന്നില്ല. തന്റേതായ ശൈലിയും പോരാട്ടവീര്യവും കൊണ്ട് മണ്ഡലം കോണ്‍ഗ്രസിന് കിട്ടുമെന്നാണ് അദ്ദേഹം പറയുന്നത്.


കേരളത്തിലെ ആദ്യത്തെ നക്‌സലൈറ്റ് ആക്രമണം നടന്ന മണ്ണാണ് കോങ്ങാട്. ജന്മിത്വത്തിനെതിരെ സന്ധിയില്ലാ സമരം നടത്തിയ ഓപറേഷനില്‍ കോങ്ങാട് നാരായണന്‍ നായര്‍ കൊലചെയ്യപ്പെട്ടത് കോങ്ങാട്ടായിരുന്നു. മണ്ഡലത്തിലെ സമീപ പ്രദേശങ്ങളില്‍ നിന്ന് ചില പഞ്ചായത്തുകള്‍ അടര്‍ത്തിയെടുത്ത് കഴിഞ്ഞ നിയമസഭ സമയത്താണ് കോങ്ങാട് സംവരണ മണ്ഡലം നിലവില്‍ വന്നത്. ആദ്യത്തെ മതസരത്തില്‍ സിപിഎമ്മിലെ കെ. വി വിജയദാസ് കോണ്‍ഗ്രസ്സിലെ പി.സ്വാമിനാഥനെയാണ് പരാജയപ്പെടുത്തിയത്. രണ്ടാം മത്സരത്തിനിറങ്ങുന്ന വിജയദാസിന് മണ്ഡലത്തിന്റെ മനസ് ഇടത്തോട്ട് തന്നെയാണെന്ന് തെളിയിക്കേണ്ട ദൗത്യം കൂടിയുണ്ട്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 3565 വോട്ടിന്റെ ഭൂരിപക്ഷമാണ് വിജയദാസിന് ഉണ്ടായിരുന്നത്. 46.63 ശതമാനം വോട്ടുകള്‍ വിജയജാസ് നേടിയപ്പോള്‍ 43.49 ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസ് നേടി. 8467 വോട്ട് നേടിയ ബി ജെ പിക്ക് 7.46 ശതമാനം വോട്ടാണ് കിട്ടിയത്. പിന്നീട് നടന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിന്റെ ഭാഗമായ കോങ്ങാട് ഇടതുമുന്നണിക്ക് ലീഡ് വര്‍ദ്ധിക്കുകയാണുണ്ടായത്. തദ്ദേശത്തില്‍ അത് പിന്നേയും കൂടി. പറളി , മങ്കര, മണ്ണൂര്‍ ,തച്ചമ്പാറ,കരിമ്പ, കോങ്ങാട്, കേരളശേരി, കാഞ്ഞിരപ്പുഴ, കാരകുര്‍ശി പഞ്ചായത്തുകളാണ് മണ്ഡലത്തില്‍ ഉള്ളത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പറളി ,മണ്ണൂര്‍ ,കോങ്ങാട്, കേരളശ്ശേരി,കാരാകുര്‍ശി ഇടത് മുന്നണി നിലനിര്‍ത്തിയപ്പോള്‍ മങ്കര, കരിമ്പ എന്നിവ യു ഡി എഫില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. ഇടതിനൊപ്പമുണ്ടായിരുന്ന തച്ചമ്പാറ തിരിച്ചു പിടിച്ചതാണ് യു.ഡി.എഫ് ആശ്വാസം.

പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്ന കെ വി വിജയദാസ് സിപിഎം ചിറ്റൂര്‍, പുതുശ്ശേരി ഏരിയ സെക്രട്ടറി പദവികള്‍ വഹിച്ചിട്ടുണ്ട്. കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് , സംസ്ഥാന സമിതിയംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള ജില്ലാ പഞ്ചായത്തിന്റെ ഗാലസ പദ്ധതി കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. മണ്ഡലത്തിലെ എല്ലാവിഭാഗം ജനങ്ങളോടും അടുപ്പവും പുലര്‍ത്തുന്നുണ്ട്.
കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ പന്തളം സുധാകരന്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. 1982 നിയമസഭ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ നിന്ന് ജയിച്ചു. 87, 91 തെരഞ്ഞെടുപ്പുകളിലും വിജയിയായി. 91 ല്‍ സംസ്ഥാന പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിയായി. എക്‌സൈസ്, കായികം, യുവജനക്ഷേമം എന്നിവയുടെ ചുമതലയും നിര്‍വ്വഹിച്ചിട്ടുണ്ട്. എ.കെ ആന്റണി മന്ത്രിസഭയില്‍ ചാരായ നിരോധനബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത് പന്തളം സുധാകരനായിരുന്നു. മഹിളമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പെരുമ്പാവൂര്‍ സ്വദേശിനിയായ രേണു സുരേഷ് ആണ് ബിജെപി മുന്നണിയുടെ സ്ഥാനാര്‍ത്ഥി.