തുടക്കത്തില്‍ ചിരിപ്പിച്ചും ഒടുക്കത്തില്‍ അലോസരപ്പെടുത്തിയും "കിംഗ്‌ ലയര്‍"

മലയാളത്തിലെ ഏറ്റവും പണം വാരിയ സിനിമകളുടെ പട്ടികയിൽ എത്തിയ 2 കണ്ട്രിസ് എന്ന സിനിമയ്ക്ക് ശേഷം ജനപ്രിയ നായകന്റെ അടുത്ത സിനിമ എന്ന തിനേക്കാളുപരി മറ്റൊരു...

തുടക്കത്തില്‍ ചിരിപ്പിച്ചും ഒടുക്കത്തില്‍ അലോസരപ്പെടുത്തിയും "കിംഗ്‌ ലയര്‍"
King-Liar-


മലയാളത്തിലെ ഏറ്റവും പണം വാരിയ സിനിമകളുടെ പട്ടികയിൽ എത്തിയ 2 കണ്ട്രിസ് എന്ന സിനിമയ്ക്ക് ശേഷം ജനപ്രിയ നായകന്റെ അടുത്ത സിനിമ എന്ന തിനേക്കാളുപരി മറ്റൊരു പ്രത്യേകതയുമായാണ് കിം ഗ് ലയർ എത്തിയത്.  മലയാളത്തിന്റെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടായ സിദ്ധിഖ് ലാൽ വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കിംഗ്‌ ലയറിനു ഉണ്ട്.
എന്തായാലും പണ്ടത്തെപ്പോലെ ഇരുവരും ഒരുമിച്ച് സംവിധാനത്തിൽ  ഇടപെടാതെ ഇത്തവണ തിരക്കഥയിൽ മാത്രമായി ഒതുങ്ങി.


അനൌണ്സ് ചെയ്തപ്പൊൽ വാനോളം ഉണ്ടായിരുന്ന പ്രതീക്ഷ ട്രെയിലർ വന്നപ്പോൾ കുത്തനെ താഴുകയായിരുന്നു. എങ്കിലും ജനപ്രിയ നായകനിലും സൂപ്പര് ഹിറ്റ് കൂട്ടുകെട്ടിലും ഉള്ള വിശ്വാസം പ്രേഷകർ കൈവിട്ടില്ല എന്നതിന് തെളിവായി തിയേറ്ററുകളിൽ സാമാന്യം തിരക്കനുഭവപ്പെട്ടിരുന്നു.
കള്ളം പറഞ്ഞു എവിടെയും പിടിച്ചു നിന്നും കൊച്ചു കൊച്ചു കള്ളത്തരങ്ങൾ ചെയ്തും ജീവിക്കുന്ന സത്യ നാരായണൻ എന്ന കഥാപാത്രത്തെ ദിലീപ് അവതരിപ്പിക്കുന്നു.

സത്യനാരായണൻ സ്നേഹിക്കുന്ന മോഡലിംഗിൽ താൽപര്യമുള്ള അഞ്ജലിയായി മഡോണ സെബാസ്റ്റ്യനും എത്തുന്നു. കൂടാതെ സത്യന്റെ സന്തത സഹചാരിയായ  ആന്റപ്പന്‍ എന്ന കഥാപാത്രത്തെ  ബാലുവർഗീസ്അവതരിപിക്കുന്നു. 


നരൻ എന്ന ധനികനായി അഞ്ജലിയുടെ മുന്‍പിൽ അഭിനയിച്ചു നേടാൻ വേണ്ടി സത്യനാരായണൻ കാണിക്കുന്ന സാഹസങ്ങളും അതുണ്ടാക്കുന്ന തമാശകളും അതിലൂടെ വികസിച്ചു പോകുന്ന കഥയുമാണ് സിനിമയ്ക്കുള്ളത് .


സത്യന്റെ ജീവിതത്തിലേക്ക് വർമ്മ ദമ്പതികൾ (ലാലും ആശ ശരത്തും) കടന്നു വരുന്നതു മുതലാണ്‌ സിനിമയുടെ ലൊക്കേഷനും ദിശയും മാറുന്നത്. സത്യന്റെ അടുക്കൽ വന്നെത്തിയ അകൽച്ചയിലായ വർമ്മ ദമ്പതിമാരെ ഒന്നിപ്പിക്കാൻ വേണ്ടിയുള്ള ദൗത്യം നിറവേറ്റപ്പെടുന്നതും അയാളുടെ പ്രേമം വിജയിക്കുന്നതുമായ ഘട്ടത്തിൽ സിനിമ പര്യവസാനിക്കുന്നു. ദുബായ് ദൃശ്യങ്ങൾ മനോഹരമായി ക്യാമറാമാൻ പകർത്തിയപ്പോൾ സിനിമയുടെ പശ്ചാത്തല സംഗീതം നിലവാരം പുലർത്തുകയും ഗാനങ്ങൾ ശരാശരിയിൽ ഒതുങ്ങുകയും ചെയ്തു
പുറം മോടിയിലും വേഷവിധാനത്തിലും നടീനടന്മാർക്ക് പുതുമ ലഭിച്ചെങ്കിലും അവതരിപ്പിക്കാൻ വെല്ലുവിളിയുയർത്തുന്ന ഒന്നും ചെയ്യാനുള്ളതായി തോന്നിയില്ല . എങ്കിലും എല്ലാവരും അവരവരുടെ റോളിൽ തിളങ്ങി.


സ്ലാപ് സ്റ്റിക്ക് കോമഡിളാലാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് .അവസാനം വരെ പ്രേഷകരെ രസിപ്പിചിരുത്തുന്ന വിധം ആവർത്തന വിരസമല്ലാത്ത ഒട്ടനേകം തമാശ നിറഞ്ഞ സന്ദർഭങ്ങളാൽ സമ്പന്നമാണ് ഈ സിനിമ .


കോമഡിയിൽ രസിച്ചിരിക്കുന്ന പ്രേഷകന് കല്ലുകടിയായി ക്ലൈമാക്സ്‌ രംഗങ്ങളിലെ യുക്തിരാഹിത്യവും നാടകീയതയും നിറഞ്ഞ സന്ദർഭങ്ങൾ . ക്ലൈമാക്സിനോട് അടുക്കുമ്പോള്‍ ഉണ്ടാവുന്ന, അല്ല, ഉണ്ടാക്കുന്ന ചില സന്ദര്‍ഭങ്ങള്‍ തീയറ്ററില്‍ ചില പൊട്ടലും ചീറ്റലും ഒക്കെയുണ്ടാക്കി. എങ്കിലും ദിലീപ് എന്ന നടനില്‍ നിന്നും അദ്ദേഹത്തിന്‍റെ ആരാധകര്‍ പ്രതീക്ഷിക്കുന്നത് എല്ലാം ഈ ചിത്രത്തില്‍ ഉണ്ട്, അതെ പോലെ തന്നെ അദ്ദേഹത്തിന്‍റെ വിമര്‍ശകര്‍ പ്രതീക്ഷിക്കുന്നവയും ഈ ചിത്രത്തില്‍ വേണ്ടുവോളം ഉണ്ട്.മാന്നാർ മത്തായിയുടെയും ഹരിഹർ നഗറിലെ ചെറുപ്പക്കാരുടെയും കഥ നമ്മോടു പറഞ്ഞ കൂട്ടുകെട്ടിൽ നിന്നും ഇത്തരം ഒരു സിനിമ ആണോ പ്രതീക്ഷിക്കുന്നത് എന്ന് ചോദിച്ചാൽ അല്ല എന്ന് ഉത്തരം പറയാമെങ്കിലും വിഷുവിനു ഒന്നിച്ചിരുന്നു ചിരിക്കാൻ തിയേറ്ററിൽ എത്തുന്ന കുട്ടികൾക്കും കുടുംബങ്ങൾക്കും തീർച്ചയായും ആസ്വാദ്യകരമായിരിക്കും കിംഗ്‌ ലയർ.


ചിത്രം കാണാന്‍ പോയാല്‍ നിങ്ങള്‍ക്ക് അല്‍പ്പം ചിരിക്കാം, കണ്ടില്ലെങ്കിലും പ്രത്യേകിച്ചു ഒന്നും സംഭവിക്കാനില്ല.രോഹിത് കെ.പി