ലീഗ് നേതാക്കന്‍മാര്‍ സ്ത്രീകളെ ഭയക്കുന്നുവെന്ന് വനിതാ ലീഗ് നേതാവ്

മുസ്ലീംലീഗ് നേതൃത്വത്തിനെതിരെ വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് ഖമറുന്നിസ അന്‍വര്‍. കഴിവുളള സ്ത്രീകള്‍ പൊതുരംഗത്തെത്തിയാല്‍ തങ്ങളുടെ അവസരം കുറയുമെന്ന...

ലീഗ് നേതാക്കന്‍മാര്‍ സ്ത്രീകളെ ഭയക്കുന്നുവെന്ന് വനിതാ ലീഗ് നേതാവ്

khamarunnisa

മുസ്ലീംലീഗ് നേതൃത്വത്തിനെതിരെ വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് ഖമറുന്നിസ അന്‍വര്‍. കഴിവുളള സ്ത്രീകള്‍ പൊതുരംഗത്തെത്തിയാല്‍ തങ്ങളുടെ അവസരം കുറയുമെന്ന പുരുഷന്‍മാരുടെ പേടിയാണ് തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് വനിതകള്‍ക്ക് സീറ്റ് തരാതിരിക്കാന്‍ കാരണമെന്ന് അവര്‍ പറഞ്ഞു. സീറ്റിനു വേണ്ടി കാത്തിരുന്ന വനിതകളെ തഴിഞ്ഞ ലീഗ് നേതൃത്വത്തിനെതിരെ പ്രതിഷേധമുണ്ടെന്നും ഖമറുന്നീസ പറഞ്ഞു. നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പല ജില്ലകളിലെയും പ്രചാരണങ്ങളില്‍ നിന്നും വനിതകള്‍ വിട്ടുനില്‍ക്കുമെന്നും അവര്‍ വ്യക്തമാക്കി.


സമസ്തയുടെ എതിര്‍പ്പാണോ വനിതകളെ മത്സരരംഗത്ത് ഇറക്കാതിരിക്കാന്‍ ലീഗിന് കാരണമായതെന്ന ചോദ്യത്തിന് താന്‍ അത് പറയാന്‍ ആളല്ലെന്ന് ഖമറുന്നിസ വ്യക്തമാക്കി. എന്നാല്‍ എന്തോ കാരണമില്ലാതെ നേതാക്കന്‍മാര്‍ തങ്ങളെ അവഗണിക്കില്ലെന്നും അവര്‍ സൂചിപ്പിച്ചു. സീറ്റ് അനുവദിക്കണമെന്ന് തെരഞ്ഞെടുപ്പിന് മുന്‍പെ തന്നെ ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നതാണെന്നും തുടര്‍ന്ന് നാല് സീറ്റുകള്‍ ഒഴിച്ചിട്ട് പ്രഖ്യാപിച്ചപ്പോള്‍ വനിതകള്‍ക്കൊരു സീറ്റ് പ്രതീക്ഷിച്ചിരുന്നുവെന്നും ഖമറുന്നിസ പറഞ്ഞു.

ഒടുവില്‍ ഒരു സീറ്റ് മാത്രമായപ്പോഴും കാത്തിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. ഇപ്പോള്‍ സംസ്ഥാനത്തെ മിക്ക ജില്ലകളില്‍ നിന്നും വനിത ലീഗിന്റെ പ്രവര്‍ത്തകര്‍ വിളിച്ച് ഞങ്ങള്‍ പോട്ടെ, രാജിവെക്കട്ടെ എന്നൊക്കെയാണ് ചോദിക്കുന്നത്. ഓരോ കാരണങ്ങള്‍ പറഞ്ഞ് അവരെ അനുനയിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്- ഖമറുന്നിസ പറഞ്ഞു.

Read More >>