മഴ പെയ്താലും ചൂട് കൂടം; കാരണം 'എല്‍നിനോ'

സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട് മഴ ലഭിച്ചാലും വരും ദിവസങ്ങളില്‍ ചൂട് കൂറയില്ല എന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ സന്തോഷ്....

മഴ പെയ്താലും ചൂട് കൂടം; കാരണം

kerala

സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട് മഴ ലഭിച്ചാലും വരും ദിവസങ്ങളില്‍ ചൂട് കൂറയില്ല എന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ സന്തോഷ്. കേരളത്തിലെ ഈ വര്‍ഷത്തെ അതികഠിനമായ വേനല്‍ ചൂടിന് പ്രധാന കാരണം പസഫിക് സമുദ്രത്തിലെ 'എല്‍നിനോ' പ്രതിഭാസമാണ്. എല്‍നിനോ പ്രതിഭാസം മൂലം ചൂട് ഇനിയും ഉയരുമെന്നാണ് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിയ്ക്കുന്നുണ്ട്. പല ജില്ലകളിലും ജലശ്രോതസുകള്‍ ഇതിനോടകം തന്നെ വറ്റിക്കഴിഞ്ഞു. ഒരാഴ്ചത്തേയ്ക്ക് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ചൂട് കുറയില്ല. മെയ് മാസം വരെ കേരളത്തില്‍ കൊടുംചൂട് അനുഭവപ്പെട്ടേക്കാം. വടക്കന്‍ ജില്ലകളിലാണ് മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ ചൂട് വളരെയധികം വര്‍ധിച്ചത്.പാലക്കാട് ജില്ലയിലാണ് ഇത്തവണ ഏറ്റവും അധികം താപനില ഉയര്‍ന്നത്.


പസഫിക് സമുദ്രത്തില്‍ ഭൂമധ്യരേഖയ്ക്കടുത്ത് ഉപരിതല താപമാനം അസാധാരണമായി വര്‍ധിക്കുന്ന പ്രതിഭാസമാണ് എല്‍നിനോ. ഇത് അന്തരീക്ഷതാപമാനം വര്‍ധിപ്പിക്കും. എല്‍നിനോ ശക്തമായതോടെ ഇന്ത്യന്‍ മഹാസമുദ്രത്തിലും താപനില ഉയര്‍ന്നു. ഇതിനെ തുടര്‍ന്ന് വരണ്ട കാറ്റ്  ഇന്ത്യ ഒട്ടാകെ വ്യാപിക്കുകയാണ്. ഇതിനോടൊപ്പം തന്നെ ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ എന്ന് പ്രതിഭാസം ചൂട് വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. ആഗോളതാപനത്തെ തുടര്‍ന്ന് കഴിഞ്ഞ 50 വര്‍ഷത്തോളമായി ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ചൂട് ചെറിയ തോതില്‍ വര്‍ദ്ധിച്ച് വരുന്നുണ്ട്. ഇതിന് പുറമേ ആണ് എല്‍നിനോ പ്രതിഭാസവും ബാധിക്കുന്നത് എന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.

ശാന്ത സമുദ്രത്തിലെ ജലത്തിന്റെ താപനിലയില്‍ പെട്ടെന്നുണ്ടാകുന്ന വര്‍ധനവിന്റെ ഫലമായി ആഗോള വ്യാപകമായി കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനമാണ് എല്‍നിനോ. ആഗോള കാലാവസ്ഥയില്‍ എല്‍നിനോ വലിയ സ്വാധീനം ചെലുത്താറുണ്ട്. എല്‍നിനോ എന്ന വാക്കിന് സ്പാനിഷ് ഭാഷയില്‍ ആണ്‍കുട്ടി എന്നാണര്‍ഥം. സൂര്യപ്രകാശത്തില്‍ നിന്നു ലഭിക്കുന്ന ഊര്‍ജം താപമായി സമുദ്രജലത്തില്‍ സംഭരിക്കപ്പെടുന്നു. ശാന്തസമുദ്രത്തിലെ വാണിജ്യവാതങ്ങള്‍ കിഴക്കുനിന്നും പടിഞ്ഞാറേയ്ക്കു വീശുമ്പോള്‍ സമുദ്രോപരിതലത്തിലുള്ള താപനില കൂടിയ ജലത്തെയും പടിഞ്ഞാറേയ്ക്കു എത്തിക്കുന്നു. ഊഷ്മാവ് കൂടിയ ഈ ജലം സമുദ്രോപരിതലത്തില്‍ തടാകം പോലെ രൂപപ്പെടുന്നു. ഇത് താപവ്യതിയാനത്തിനു കാരണമാകുന്നു. സമുദ്രജലത്തിന്റെ താപനിലയില്‍ ഇങ്ങനെയുണ്ടാവുന്ന തീവ്രമായ വ്യതിയാനങ്ങളാണ് എല്‍നിനോ പ്രതിഭാസത്തിനു കാരണമാകുന്നത്.

el-ninoഎല്‍നിനോയുടെ പ്രതിഭാസത്തെ സംബന്ധിച്ച് ശാസ്ത്രഞജര്‍ക്ക്  1900 മുതല്‍ തന്നെ തെളിവുകള്‍ ലഭ്യമാകുന്നുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ പേമാരിക്കും വരള്‍ച്ചക്കും പട്ടിണിമരണത്തിനും ഒക്കെ എല്‍നിനോ കാരണമായിട്ടുണ്ട്. സമുദ്രജലത്തിന്റെ താപനിലയിലുണ്ടാകുന്ന നേരിയ വ്യതിയാനംപോലും വലിയ പ്രകൃതി ദുരന്തങ്ങള്‍ക്കും അനേകം ജീവിവര്‍ഗങ്ങളുടെ വംശനാശത്തിനു തന്നെയും കാരണമാകുന്നുണ്ട്. ചൂടുകൂടിയ സമുദ്രജലം മത്സ്യങ്ങളുള്‍പ്പെടെയുള്ള ജലജീവികളുടെയും നാശത്തിന് കാരണമാകും. മാത്രവുമല്ല, ജലത്തിന്റ ധാതുഘടനയില്‍ മാറ്റം ഉണ്ടാക്കുകയും പോഷകമൂല്യങ്ങള്‍ നഷ്ടപ്പെടുന്നതിനും കാരണമാകും. മത്സ്യസമ്പത്ത് കുറയുന്നതോടെ ഇവയെ ആശ്രയിച്ച് കഴിയുന്ന കടല്‍ പക്ഷികളുടെയും ജീവജാലങ്ങളുടെയും പട്ടിണി മരണത്തിനും ഇത് ഇടയാക്കും. ആഗോള താപനത്തെ തുടര്‍ന്ന് ഇതിനോടകം തന്നെ അറബി കടലില്‍ നിന്ന് പലതരത്തിലുള്ള മത്സ്യങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്തതായി പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ആഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും എല്‍നിനോ കാരണമാകുന്നതുപോലെ ആഗോള താപനത്തിനിടയാക്കുന്ന മറ്റു കാരണങ്ങള്‍ എല്‍ നിനോയ്ക്കും കാരണമാകും.

ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമെല്ലാം മനുഷ്യന്റെ അമിതമായ പ്രകൃതി ചൂഷണവും ഒരു പരിധിവരെ കാരണമാകുന്നുണ്ട്. പ്രകൃതി ദുരന്തങ്ങള്‍ക്ക് പലപ്പോഴും ആക്കം കൂട്ടുന്നത് പ്രകൃതിയിലുള്ള മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലുകളാണ്. വികസനത്തെ കുറിച്ചുള്ള വികലമായ കാഴ്ചപ്പാടുകളും അഴിമതിയും പലപ്പോഴും  സര്‍ക്കാര്‍ സ്പോണ്‍സേഡ് പ്രകൃതി നശീകരണത്തിന് കാരണമാകുമ്പോള്‍, പ്രകൃതി വിഭവങ്ങളെ കൊള്ളയടിക്കാതെ പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന വീടുകള്‍ പണിയാം എന്നിരിക്കെ ആഡംബരങ്ങള്‍ക്ക് പിന്നാലെ പായുന്ന ഓരോ  മലയാളിയും പ്രകൃതിയുടെ താളം തെറ്റിക്കുന്നു.  ഈ നില തുടര്‍ന്നാല്‍ മനുഷ്യവര്‍ഗത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തം തന്നെയായിരിക്കും.

പതിമൂന്ന് ദിവസം നീണ്ട് നിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് പാരീസില്‍ ലോക കാലാവസ്ഥ ഉച്ചകോടിയില്‍ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോളതാപനത്തിലുണ്ടാവുന്ന വര്‍ധന രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായി നിജപ്പെടുത്താം എന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തീരുമാനിക്കുന്നത്. ഈ ലക്ഷ്യം നിറവേറ്റുന്നതിന് ഓരോ രാജ്യവും പദ്ധതികള്‍ യുഎന്‍എഫ്സിസിക്ക് (യുണൈറ്റഡ് നേഷന്‍സ് ഫ്രൈംവര്‍ക്ക് കണ്‍വന്‍ഷന്‍ ഓണ്‍ ക്ളൈമറ്റ് ചേഞ്ച്) മുന്നില്‍ വച്ചിട്ടുണ്ട്. പല പ്രകൃതിദുരന്തങ്ങളുടെയും പ്രധാന കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് ഇതിനകം തന്നെ ശാസ്ത്രീയമായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. ചര്‍ച്ചകള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും അപ്പുറത്തേക്ക് ആഗോളതാപനം കുറക്കാന്‍ നാം സ്വീകരിച്ച് നടപടികള്‍ എന്തൊക്കെയാണ് എന്ന് കൂടി ഇനി വിലയിരുത്തണം.

Story by
Read More >>