മാതൃഭൂമിക്കും മനോരമയ്ക്കും സര്‍ക്കാരിന്റെ നന്ദിപ്രകടനം; സര്‍ക്കാര്‍ പരസ്യങ്ങളില്‍ മൂന്നിരട്ടിയിലധികം വര്‍ധനവ്

തിരുവനന്തപുരം: മാതൃഭൂമിക്കും മനോരമയ്ക്കും സര്‍ക്കാരിന്റെ നന്ദിപ്രകടനം. സര്‍ക്കാര്‍ പിആര്‍ഡി വഴി നല്‍കുന്ന പരസ്യ നിരക്കുകള്‍ മൂന്നിരട്ടിയിലധികമായി...

മാതൃഭൂമിക്കും മനോരമയ്ക്കും സര്‍ക്കാരിന്റെ നന്ദിപ്രകടനം; സര്‍ക്കാര്‍ പരസ്യങ്ങളില്‍ മൂന്നിരട്ടിയിലധികം വര്‍ധനവ്

kerala-secretariat

തിരുവനന്തപുരം: മാതൃഭൂമിക്കും മനോരമയ്ക്കും സര്‍ക്കാരിന്റെ നന്ദിപ്രകടനം. സര്‍ക്കാര്‍ പിആര്‍ഡി വഴി നല്‍കുന്ന പരസ്യ നിരക്കുകള്‍ മൂന്നിരട്ടിയിലധികമായി വര്‍ധിപ്പിച്ചാണ് നന്ദി പ്രകടിപ്പിച്ചത്. സര്‍ക്കാര്‍ അനുകൂല വാര്‍ത്തകള്‍ നല്‍കുന്ന മാതൃഭൂമി, മനോരമ പത്രങ്ങള്‍ക്ക് മാത്രമാണ് സര്‍ക്കാരിന്റെ പ്രത്യേക സൗജന്യം.

പിആര്‍ഡി പട്ടികയനുസരിച്ച് മനോരമയ്ക്കും മാതൃഭൂമിക്കും ഒപ്പം 'E' ഗ്രൂപ്പില്‍ വരുന്ന ദേശാഭിമാനിക്ക് നിരക്കില്‍ യാതൊരു വര്‍ധനവുമുണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.


10.9.2014 തീയ്യതിയില്‍ പിആര്‍ഡി ഇറക്കിയ ഉത്തരവ് പ്രകാരമാണ് നിരക്ക് വര്‍ധനവ് വരുത്തിയിരിക്കുന്നത്. നേരത്തേ, കോളം സെന്റീമീറ്ററിന് മനോരമയ്ക്ക് 1380 രൂപയായിരുന്നെങ്കില്‍ പുതുക്കിയ ചാര്‍ജ് 4288 രൂപയായാണ് വര്‍ധിപ്പിച്ചത്. മാതൃഭൂമിക്ക് പഴയ നിരക്ക് 945 രൂപയായിരുന്നെങ്കില്‍ പുതുക്കിയ ചാര്‍ജ് 2904 ആണ്.

നിരക്ക് വര്‍ധനവിനായി മനോരമയും മാതൃഭൂമിയും ഏറെ നാള്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതിന്റെ ഭാഗമായി കുറച്ചു നാള്‍ മനോരമയില്‍ പിആര്‍ഡി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. കൂടാതെ നേതാക്കളുടെ ചിരിക്കുന്ന മുഖവും മനോരമയില്‍ വന്നിരുന്നില്ല. ഇതിന് പിന്നാലെയാണ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് മനോരമയ്ക്കും മാതൃഭൂമിക്കും വേണ്ടി മാത്രമായി പ്രത്യേക നിരക്ക് വര്‍ധനവ് സര്‍ക്കാര്‍ വരുത്തിയത്.

prd

സാധാരണയായി എല്ലാ പത്രങ്ങള്‍ക്കും ഒന്നിച്ച് നിലവിലെ നിരക്കില്‍ നിന്നും 10 ശതമാനം വര്‍ധനവാണ് സര്‍ക്കാര്‍ പരസ്യങ്ങളില്‍ അനുവദിച്ചിരുന്നത്. എന്നാല്‍ ഇവിടെ മൂന്നൂറ് ശതമാനത്തിന്റെ വര്‍ധനവാണ് മാതൃഭൂമിക്കും മനോരമയ്ക്കുമായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, മറ്റ് പത്രങ്ങളുടെ നിരക്കില്‍ യാതൊരു മാറ്റവും വരുത്തിയതുമില്ല. ഓരോ ആയിരം പത്രികകള്‍ക്കും ചതുരശ്ര സെന്റീമീറ്ററിന് 55 പൈസ വേണമെന്നായിരുന്നു മനോരമയുടേയും മാതൃഭൂമിയുടേയും ആവശ്യം. ഒടുവില്‍ ചര്‍ച്ചകള്‍ക്ക് ശേഷം അഞ്ച് പൈസ കുറച്ച് 50 പൈസയായി നിശ്ചയിക്കുകയായിരുന്നു.

സര്‍ക്കാര്‍ പിആര്‍ഡി വഴി പരസ്യങ്ങള്‍ക്കായി ചിലവഴിക്കുന്ന തുകയില്‍ 72 ശതമാനവും നിലവില്‍ മനോരമയും മാതൃഭൂമിയുമാണ് കൊണ്ടുപോകുന്നത്. മനോരമയിലും മാതൃഭൂമിയിലും വരുന്ന അരപേജ് സര്‍ക്കാര്‍ പരസ്യത്തിനായി ലഭിക്കുന്ന തുക 14,38,400 രൂപയാണ്. മറ്റെല്ലാ പത്രങ്ങള്‍ക്കും കൂടി ചിലവാകുന്നതാകട്ടെ, 567600 രൂപയും. അരപേജ് പരസ്യത്തിനായി മുമ്പ് മനോരമയ്ക്ക് നല്‍കിയിരുന്നത് 2,76,000 ആണെങ്കില്‍ പുതുക്കിയ നിരക്ക് പ്രകാരം 8,57,600 രൂപയാണ്. മാതൃഭൂമിക്കാകട്ടെ, നേരത്തേ 1,89,000 രൂപയാണെങ്കില്‍ പുതുക്കിയ നിരക്ക് 5,80,800 രൂപയായി വര്‍ധിപ്പിച്ചു.

കടക്കെണിയില്‍ സംസ്ഥാന സര്‍ക്കാര്‍ നട്ടംതിരിയുമ്പോഴാണ് സര്‍ക്കുലേഷനില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പത്രങ്ങളെ പ്രീണിപ്പിക്കാനായുള്ള സര്‍ക്കാരിന്റെ കൊള്ള. ധനകാര്യവകുപ്പ് അറിയാതെയും മന്ത്രിസഭയുടെ പരിഗണനയില്ലാതെയുമാണ് സര്‍ക്കാരിന്റെ വഴിവിട്ട സഹായം എന്നാണ് അറിയാന്‍ സഹായിക്കുന്നത്.