ചെങ്കോട്ട പിടിക്കാന്‍ കുഞ്ഞികണ്ണന്‍, നിലനിലനിര്‍ത്താന്‍ രാജഗോപാല്‍

കാസര്‍ഗോഡ്: കമ്മ്യൂണിസ്റ്റ് കര്‍ഷക സമരങ്ങളുടെ ചരിത്രഭൂമിയായ ത്യക്കരിപ്പൂര്‍ ചെങ്കോട്ടയില്‍ ഇത്തവണയും ചൊങ്കൊടി പാറിക്കാനാണ് എം.രാജഗോപാലന്‍...

ചെങ്കോട്ട പിടിക്കാന്‍ കുഞ്ഞികണ്ണന്‍, നിലനിലനിര്‍ത്താന്‍ രാജഗോപാല്‍

election-photo

കാസര്‍ഗോഡ്: കമ്മ്യൂണിസ്റ്റ് കര്‍ഷക സമരങ്ങളുടെ ചരിത്രഭൂമിയായ ത്യക്കരിപ്പൂര്‍ ചെങ്കോട്ടയില്‍ ഇത്തവണയും ചൊങ്കൊടി പാറിക്കാനാണ് എം.രാജഗോപാലന്‍ എത്തിയിട്ടുള്ളത്. രണ്ട് ടേം പൂര്‍ത്തിയാക്കിയ കെ.കുഞ്ഞിരാമനെ മാറ്റിയാണ് സി.പി.എം. വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനത്തിലൂടെ തൊഴിലാളി പ്രസ്ഥാനത്തിന്റെ നേത്യസ്ഥാനത്തെത്തിയ എം.രാജഗോപാലിനെ രംഗത്തിറക്കുന്നത്. എന്നാല്‍ കോട്ട പിടിച്ചെടുക്കാനുള്ള പോരിനിറങ്ങിയിട്ടുള്ളത് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞികണ്ണനാണ്. മൂന്നു പതിറ്റാണ്ട് മുമ്പ് 1980 ല്‍ ത്യക്കരിപ്പൂരില്‍ നിലവിലെ കാസര്‍ഗോഡ് എം.പി. പി.കരുണാകരനോട് 15617 വോട്ടിന് കെ.പി.കുഞ്ഞികണ്ണന്‍ തോല്‍വി ഏറ്റു വാങ്ങിയിരുന്നു. അന്നത്തെ തോല്‍വി വരുന്ന തെരഞ്ഞെടുപ്പില്‍ വിജയമാക്കി മാറ്റാനുള്ള കഠിനശ്രമത്തിലാണ് കെ.പി.കുഞ്ഞികണ്ണന്‍.


കാസര്‍ഗോഡ് ജില്ലയുടെ തെക്കേ അതിര്‍ത്തി മണ്ഡലമായ ത്യക്കരിപ്പൂര്‍ കമ്മ്യൂണിസ്റ്റ് കര്‍ഷക സമരങ്ങളിലൂടെ ചോരചിന്തിയ നാടാണ്. 1943 മാര്‍ച്ച് 29 ന് പുലര്‍ച്ചെ നാല് കര്‍ഷക സംഘം പ്രവര്‍ത്തകരെ തൂക്കിലേറ്റിയ വിപ്ലവഭൂമിയാണിത്. പള്ളിക്കാല്‍ അബുബക്കര്‍, പൊടോര കുഞ്ഞമ്പു നായര്‍, കോയിത്താറ്റില്‍ ചിരുകണ്ഠന്‍, മഠത്തില്‍ അപ്പു എന്നിവരെയാണ് രാഷ്ട്രീയപരമായ കാരണത്താല്‍ തൂക്കിലേറ്റി ചരിത്രത്തില്‍ ഇടം പിടിച്ചത്. വിപ്ലവമുറങ്ങുന്ന ഈ പ്രദേശം ഇന്നത്തെ രൂപത്തില്‍ ത്യക്കരിപ്പൂര്‍ നിയോജകമണ്ഡലമായത് 1977 ലാണ്. അതിന് ശേഷം നടന്ന ഒന്‍പത് തെരഞ്ഞെടുപ്പുകളിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ് വിജയം നേടിയത്. 1987 ല്‍നടന്ന തെരഞ്ഞെടുപ്പില്‍ ഇ.കെ നായനാര്‍ ത്യക്കരിപ്പൂര്‍ നിന്ന് മത്സരിച്ച് ജയിച്ചാണ് മുഖ്യമന്ത്രിയായത്. 6417 വോട്ടിന്റെ ഭൂരിപക്ഷമാണ് അന്ന് നായനാര്‍ക്ക് ലഭിച്ചത്. 1991 ല്‍ മണ്ഡലത്തില്‍ നിന്ന് രണ്ടാം മത്സരത്തിന് ഇറങ്ങിയ നായനാരുടെ ഭൂരിപക്ഷം 14332 വോട്ടുകളായി കൂടി. എന്നാല്‍ നിലവിലെ എം.എല്‍.എയായ കെ.കുഞ്ഞിരാമനെ 23827 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അത് 8765 വോട്ടായി കുറഞ്ഞു. കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ കെ.വി.ഗംഗാധരനായിരുന്നു കുഞ്ഞിരാമന്റെ എതിരാളി.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 3,451 വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ ഇടതുമുന്നണിക്ക് ഉണ്ടായിരുന്നത്. തദ്ദേശത്തില്‍ ഭൂരിപക്ഷം പിന്നേയും വര്‍ദ്ധിപ്പിച്ചു. ബി.ജെ.പി, വെല്‍ഫയര്‍ പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികള്‍ മത്സര രംഗത്തുണ്ടെങ്കിലും അവരൊന്നും മത്സര ചിത്രത്തില്‍ തെളിഞ്ഞു വന്നിട്ടില്ല. മലയോര മേഖലയില്‍ കോണ്‍ഗ്രസിനോട് തെറ്റി ഒരു പഞ്ചായത്ത് ഭരണം തന്നെ പിടിച്ചെടുത്ത ജെയിംസിന്റെ നിലപാടുകളും മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വെല്ലുവിളിയാണ്. കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കിലും ത്യക്കരിപ്പൂര്‍ ഇടതു കോട്ടയായി നിലനിര്‍ത്താന്‍ സി.പി.എമ്മിന് ഏറെ വിയര്‍പ്പൊഴുകേണ്ടി വരും.