കാന്തപുരം എപി വിഭാഗം സുന്നികള്‍ ഇടത്തേക്ക്, ഇകെ വിഭാഗം വലത്ത് തന്നെ

കോഴിക്കോട്:  തെരഞ്ഞെടുപ്പില്‍ കാന്തപുരം വിഭാഗം സുന്നികള്‍ പൂര്‍ണമായും ഇടതുമുന്നണിയെ പിന്തുണക്കും.സാധാരണ ഇടതുപക്ഷത്തെ പിന്തുണക്കുമ്പോഴും തങ്ങള്‍ക്കു...

കാന്തപുരം എപി വിഭാഗം സുന്നികള്‍ ഇടത്തേക്ക്, ഇകെ വിഭാഗം വലത്ത് തന്നെ

kanthapuram
കോഴിക്കോട്:  തെരഞ്ഞെടുപ്പില്‍ കാന്തപുരം വിഭാഗം സുന്നികള്‍ പൂര്‍ണമായും ഇടതുമുന്നണിയെ പിന്തുണക്കും.സാധാരണ ഇടതുപക്ഷത്തെ പിന്തുണക്കുമ്പോഴും തങ്ങള്‍ക്കു സ്വീകാര്യരായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ സഹായിക്കുന്ന പതിവ്  ഇത്തവണയുണ്ടാകില്ല. യു ഡി എഫ് പരിപൂര്‍ണമായി അവഗണിച്ചതു കൊണ്ടാണ് പൂര്‍ണമായും ഇടതിനെ പിന്തുണക്കുന്നത്. വനിത സ്ഥാനാര്‍ത്ഥികളായാല്‍ പോലും ഇത്തവണ ഇടതിനെ പിന്തുണച്ചാല്‍ മതിയെന്നാണ് തീരുമാനം.

എന്നാല്‍ യു ഡി എഫില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്ക് രഹസ്യ പിന്തുണ നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. പി കെ കുഞ്ഞാലിക്കുട്ടി എ പി വിഭാഗം സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാരെ സന്ദര്‍ശിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിക്ക് മാത്രം പിന്തുണ നല്‍കാനുള്ള ഈ സന്ദര്‍ശനം വഴിയാണ് തെളിഞ്ഞത്.


സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്‍ അടക്കമുള്ളവര്‍ കാന്തപുരവുമായി ചര്‍ച്ച നടത്തിയിരുന്നു. എല്‍ഡിഎഫിലെ പല സ്ഥാനാര്‍ത്ഥികളും കാന്തപുരത്തെ സന്ദര്‍ശിച്ചപ്പോള്‍ യു ഡി എഫില്‍ നിന്ന്  അവഗണനയാണ് ഉണ്ടായത്.
സ്‌കൂളുകളുടെ അംഗീകാരം, വഖ്ഫ് കേസുകള്‍, എന്നിവയില്‍ ഇ കെ വിഭാഗത്തിനു വേണ്ടി ലീഗ് പക്ഷപാതപരമായി പെരുമാറിയതായി എ പി വിഭാഗത്തിന് അഭിപ്രായമുണ്ട്. കൂടാതെ കോഴിക്കോട് നോളേജ് സിറ്റിയിലേക്ക് പേരിന് മന്ത്രി ഇബ്രാഹിം കുഞ്ഞ് റോഡനവദിച്ചെങ്കിലും ലീഗ് ഇടപെടല്‍ മൂലം യാഥാര്‍ത്ഥ്യമായില്ലെന്ന് ആരോപണമുണ്ട്. കഴിഞ്ഞ ഇടതു ഭരണത്തില്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനടക്കമുള്ള സ്ഥാനങ്ങള്‍ സി പി എം കാന്തപുരം വിഭാഗത്തിനാണ് നല്‍കിയിരുന്നത്. ന്യൂനപക്ഷ കമ്മീഷന്‍, വഖ്ഫ് ബോര്‍ഡ് എന്നിവയില്‍ മതിയായ പ്രാധാന്യവും നല്‍കിയിരുന്നു. പക്ഷെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതിന് അധികാരം നഷ്ടപ്പെട്ടപ്പോള്‍  തങ്ങള്‍  യു ഡി എഫിനെയാണ് സഹായിച്ചിരുന്നതെന്ന് കാന്തപുരം പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഒന്നും മിണ്ടാതെ വോട്ടെണ്ണി ഒരു മുന്നണി ജയിക്കുമ്പോള്‍ തങ്ങളുടെ വോട്ട് കൊണ്ടാണ് ആ മുന്നണി ജയിച്ചതെന്ന് പറയുന്നവരാണ് എ പി വിഭാഗം സുന്നികളെന്ന്  ആ സമയത്ത് വലിയ തോതില്‍ പ്രചരണം നടന്നിരുന്നു. ഇത്തവണ അങ്ങിനെയുള്ള പ്രചരണം ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പിന് മുമ്പ് എ പി വിഭാഗം നിലപാട് പരസ്യമാക്കുമെന്നാണ് അറിയുന്നത്.

അതെ സമയം മറ്റൊരു പ്രബല സുന്നി സംഘടനയായ ഇ കെ വിഭാഗം സമസ്ത ഒരു മുന്നണിയേയും പരസ്യമായി പിന്തുണക്കില്ലെങ്കിലും അവരുടെ 90 ശതമാനം വോട്ടുകളും യു ഡി എഫിന് തന്നെ ലഭിക്കാനാണ് സാദ്ധ്യത. ഇവരുടെ ഭരണഘടന പ്രകാരം ഏത് പാര്‍ട്ടിയില്‍ ഉള്ളവര്‍ക്കും സംഘടനയില്‍ പ്രവര്‍ത്തിക്കാമെന്നിരിക്കിലും പ്രവര്‍ത്തകരിലും നേതാക്കളിലും 90 ശതമാനവും യു ഡി എഫ് അനുകൂലികളാണ്. പലരും ലീഗിന്റേയും കോണ്‍ഗ്രസിന്റേയും ഉന്നത നേതാക്കാള്‍വരെയാണ്. ലീഗിന്റെ രാഷ്ട്രീയ നിലപാടുകള്‍ തന്നെയാണ് ഒരര്‍ത്ഥത്തില്‍ ഇ കെ വിഭാഗം സുന്നികളും പിന്തുടരുന്നത്.