സുന്നി പ്രവര്‍ത്തകരെ കൊല ചെയ്ത പ്രതികളെ സഹായിച്ച എംഎല്‍എ ഷംസുദ്ദീനെ ജയിപ്പിക്കരുതെന്ന് കാന്തപുരം

പാലക്കാട്: മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് വിഷയം  കൊലപാതക രാഷ്ട്രീയം. സഹോദരങ്ങളായ സുന്നി പ്രവര്‍ത്തകരെ കൊല ചെയ്ത സംഭവത്തില്‍...

സുന്നി പ്രവര്‍ത്തകരെ കൊല ചെയ്ത പ്രതികളെ സഹായിച്ച എംഎല്‍എ ഷംസുദ്ദീനെ ജയിപ്പിക്കരുതെന്ന് കാന്തപുരം

kanthapuram

പാലക്കാട്: മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് വിഷയം  കൊലപാതക രാഷ്ട്രീയം. സഹോദരങ്ങളായ സുന്നി പ്രവര്‍ത്തകരെ കൊല ചെയ്ത സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ കൂട്ടുനിന്ന മണ്ണാര്‍ക്കാട് എംഎല്‍എ  ലീഗിലെ എന്‍ ഷംസുദ്ദീനെ തോല്‍പ്പിക്കണമെന്ന് കാന്തപുരം എ. പി അബുബക്കര്‍ മുസ്ലിയാര്‍ ആഹ്വാനം ചെയ്തതോടെ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് വിഷയം കൊലപാതക രാഷട്രീയമായി മാറി.

സിപിഐ(എം) അനുഭാവികളും സുന്നി എപി വിഭാഗം പ്രവര്‍ത്തകരും സഹോദരങ്ങളുമായ കുഞ്ഞുഹംസ(50), നൂറുദ്ദീന്‍ ( 38) എന്നിവരെ 2013 നവംബര്‍ മാസം 20 ന് രാത്രി ഒരു സംഘം കാര്‍ തടഞ്ഞ് നിര്‍ത്തി കുത്തി കൊന്നിരുന്നു. പല്ലാംകുഴി ജുമാമസ്ജിദില്‍ തണല്‍ എന്ന സംഘടനയുടെ പേരില്‍ ലീഗ് പ്രവര്‍ത്തകരായ ഇകെ വിഭാഗം സുന്നികള്‍ പിരിവ് നടത്തിയിരുന്നുവത്രെ. ഇത് കുഞ്ഞുഹംസ ചോദ്യം ചെയ്യുകയും ഇതിനെതിരെ വഖഫ് ബോര്‍ഡിന് പരാതി നല്‍കുകയും ചെയ്തിരുന്നു. പള്ളിയില്‍ പിരിവ് നടത്തരുതെന്ന് വഖഫ് ബോര്‍ഡ് ഉത്തരവിറക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ ലീഗുകാര്‍ സഹോദരങ്ങളെ രാത്രി കാര്‍ തടഞ്ഞു നിര്‍ത്തി കുത്തികൊല്ലുകയായിരുന്നുവെന്നാണ് കേസ്.


സംഭവത്തില്‍ ലീഗ് നേതാവും  കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ സിദ്ധീഖ് അടക്കം പത്തിലധികം പേരുടെ പേരില്‍ പോലീസ് കേസെടുത്തു അറസ്റ്റ്  ചെയ്തിരുന്നു. എന്നാല്‍ ലീഗ് പ്രവര്‍ത്തകരെ രക്ഷിക്കാന്‍ എംഎല്‍എ എന്‍ ഷംസുദ്ദീന്‍ അന്യായമായി ഇടപെട്ട് പ്രതികള്‍ക്ക് ജാമ്യം വാങ്ങി കൊടുത്തതായി  ആരോപണം ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് വിഷയമല്ലാതിരുന്ന ഈ സംഭവമാണ് കാന്തപ്പുരത്തിന്റെ പ്രസ്താവനയിലൂടെ വീണ്ടും തെളിഞ്ഞു കത്താന്‍ തുടങ്ങിയത്.

മണ്ണാര്‍ക്കാട് രണ്ട് സുന്നി പ്രവര്‍ത്തകരെ കൊല ചെയ്ത സംഭവത്തില്‍ ആ മണ്ഡലത്തിലെ എംഎല്‍എയാണ് പ്രതികളെ സഹായിച്ചത്. പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. കൊലയാളികള്‍ ഇപ്പോള്‍ നാട്ടില്‍ വിലസി നടക്കുകയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ജയിപ്പിക്കരുതെന്ന നിലപാട് സംഘടന എടുത്തിട്ടുണ്ടെന്നാണ് കാന്തപുരം കോഴിക്കോട് പറഞ്ഞത്.

തെരഞ്ഞെടുപ്പില്‍ ന്യായത്തിനും യുക്തിക്കും സുന്നി പ്രസ്ഥാനം മുന്‍ഗണന നല്‍കിയിട്ടുള്ളത്. ഏതെങ്കിലും പ്രത്യേക കക്ഷിയെ സഹായിക്കണമെന്ന തരത്തില്‍ പ്രസ്താവന ഇറക്കിയിട്ടില്ല. ജമാഅത്തിനും സംഘടനക്കും ഗുണം ചെയ്യുന്നവര്‍ക്ക് വോട്ട് ചെയ്യും. എന്നാല്‍ ചില സ്ഥലത്ത് പ്രത്യേക നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട് എന്നായിരുന്നു കാന്തപുരം പറഞ്ഞത്.

കാന്തപുരത്തിന്റെ പ്രസ്താവനയോടെ സുന്നി പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ട സംഭവം തെരഞ്ഞെടുപ്പ് വിഷയമാക്കി ഇടത് മുന്നണി ഉയര്‍ത്തി കൊണ്ടു വന്നിട്ടുണ്ട്. സോഷ്യല്‍മീഡിയയിലും ഇത് വലിയ പ്രചരണമാക്കിയിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ കാന്തപുരം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി എന്‍ ഷംസുദ്ദീന്‍ പ്രതികരിച്ചത്.