ഇത്തവണ ചാവേര്‍ ആകാതിരിക്കാന്‍ കരുതലോടെ സതീശന്‍ പാച്ചേനി

കണ്ണൂര്‍: തോല്‍ക്കുന്ന സീറ്റുകളില്‍ എന്നും ചാവേറായി മത്സരിക്കേണ്ടി വന്ന സതീശന്‍ പാച്ചേനിക്ക് ഇത്തവണ ജയസാദ്ധ്യതയുള്ള കണ്ണൂര്‍ സീറ്റ്. മലമ്പുഴയില്‍...

ഇത്തവണ ചാവേര്‍ ആകാതിരിക്കാന്‍ കരുതലോടെ സതീശന്‍ പാച്ചേനി

satheesan-pacheni

കണ്ണൂര്‍: തോല്‍ക്കുന്ന സീറ്റുകളില്‍ എന്നും ചാവേറായി മത്സരിക്കേണ്ടി വന്ന സതീശന്‍ പാച്ചേനിക്ക് ഇത്തവണ ജയസാദ്ധ്യതയുള്ള കണ്ണൂര്‍ സീറ്റ്. മലമ്പുഴയില്‍ വി.എസ്. അച്യുതാനന്ദനെതിരെ തുടര്‍ച്ചയായി രണ്ടു തവണയും പാലക്കാട് ലോകസഭ സീറ്റില്‍ എം.ബി.രാജേഷിനെതിരേയുമെല്ലാം മത്സരിച്ചു തോല്‍ക്കാനായിരുന്നു സതീശന്‍ പാച്ചേനിയുടെ വിധി. പക്ഷെ സി.പി.എമ്മിന്റെ കോട്ടകളിലും അവര്‍ക്ക് പരാജയഭീതി വരുത്തി കൊണ്ടായിരുന്നു പാച്ചേനി കീഴടങ്ങിയത്. മലമ്പുഴയില്‍ വി.എസിനെതിരെ ആദ്യം മത്സരിച്ചപ്പോള്‍ 5000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷമേ വി.എസിനു നേടാനായുള്ളു. എം.ബി.രാജേഷ് ആദ്യതവണ മത്സരിച്ചപ്പോള്‍ ലീഡ് മാറി മാറി വന്ന് രാജേഷ് തോല്‍വി ഉറപ്പിച്ചതായിരുന്നു. ഒടുവിലത്തെ റൗണ്ടില്‍ 1350 ഓളം വോട്ടിനാണ് രാജേഷ് കടന്നു കൂടിയത്. ഇത്തവണ എം.പി.വീരേന്ദ്രകുമാറുമായി മത്സരിച്ചപ്പോള്‍ എം.ബി.രാജേഷിന്റെ ഭൂരിപക്ഷം ഒരു ലക്ഷത്തി അയ്യായിരത്തിലധികം വോട്ടായിരുന്നു.


പാര്‍ട്ടിയില്‍ ചാവേറിന്റെ റോളില്‍ നിന്ന സതീശന് വിജയിക്കാനാകുന്ന സീറ്റ് നല്‍കി സഹായിക്കുന്നത് പാര്‍ട്ടിക്കുള്ളില്‍ ഇതുവരെ ശത്രു പക്ഷത്തായിരുന്ന ഐ ഗ്രൂപ്പ് നേതാവ് കെ. സുധാകരനാണ്. കെ.പി.സി.സി ജനറല്‍സെക്രട്ടറിയായ സതീശന്‍ പാച്ചേനി ഐ വിഭാഗത്തിലേക്ക് ചുവട് മാറിയതാണ് സീറ്റു ലഭിക്കാന്‍ കാരണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഏറ്റവുമടുത്ത അനുയായിയായ കെ.സി.ജോസഫ് ആറു തവണ മത്സരിച്ച ഇരിക്കൂറില്‍ ഇക്കുറി സതീശന്‍ പാച്ചേനിയുടെ പേരും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കെ.സി.ജോസഫിനു പകരം എ വിഭാഗത്തിന്റെ ജില്ലയിലെ മുതിര്‍ന്ന നേതാവായ ഡി.സി.സി.ജന സെക്രട്ടറി സോണി സെബാസ്റ്റിയന്റെ പേരാണ് ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശിച്ചത്. ഇതെ തുടര്‍ന്നാണ് പാച്ചേനി സുധാകരനുമായി അടുക്കുകയും കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിയാവുകയും ചെയ്തത്. കഴിഞ്ഞ തവണ ഡി.സി.സി പ്രസിഡന്റെ തെരഞ്ഞെടുപ്പില്‍ കെ.സുരേന്ദ്രനെതിരെ എ.വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയായി പാച്ചേനിയും ഉണ്ടായിരുന്നു. പാച്ചേനി കൂടി ഐ ഗ്രൂപ്പില്‍ എത്തുന്നതോടെ എ ഗ്രൂപ്പിന് ജില്ലയില്‍ ശക്തരായ നേതാക്കള്‍ ഇല്ലാതാകും. പക്ഷെ സതീശന്‍ പാച്ചേനിയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ കണ്ണൂരില്‍ പോസ്റ്റര്‍ യുദ്ധം കനക്കുകയാണ്. ജയിക്കാനായി ജനിച്ച അബ്ദുല്ലക്കുട്ടിയെ മാറ്റി തോല്‍ക്കാനായി ജയിച്ച പാച്ചേനിയെ കണ്ണൂരിന് വേണ്ട തുടങ്ങിയ പോസ്റ്ററുകളാണ് മണ്ഡലത്തിലെങ്ങും പതിച്ചിട്ടുള്ളത്.