പ്രണയമേ, നിന്റെ പേര് കമല!

ജീവിച്ചിരുന്നെങ്കില്‍, ഈ പ്രണയ കാവ്യത്തിനു ഇപ്പോള്‍ 82 വയസ്സ് തികയുമായിരുന്നു.മാതൃഭുമിയുടെ മുൻ മാനേജിങ് എഡിറ്ററായിരുന്ന വി.എം.നായരുടെയും കവിയത്രിയായ ന...

പ്രണയമേ, നിന്റെ പേര് കമല!

kamala-das

ജീവിച്ചിരുന്നെങ്കില്‍, ഈ പ്രണയ കാവ്യത്തിനു ഇപ്പോള്‍ 82 വയസ്സ് തികയുമായിരുന്നു.

മാതൃഭുമിയുടെ മുൻ മാനേജിങ് എഡിറ്ററായിരുന്ന വി.എം.നായരുടെയും കവിയത്രിയായ നാലപ്പാട്ട് ബാലാമണിയമ്മയുടെയും മകളായി 1934 മാര്‍ച്ച്‌ 31 ന്നു മലബാറിലെ പുന്നയൂര്‍ക്കുളത്തില്‍ ജനിച്ച  മാധവികുട്ടി പാടിയതും എഴുതിയതും ശ്വസിച്ചതുമെല്ലാം പ്രണയം ആയിരുന്നെല്ലോ.

മാധവിക്കുട്ടിയുടെ ഓര്‍മ്മകള്‍ പുസ്തകമാക്കിയ മെറിലി വീസ്ബോര്‍ഡിന്റെ ദ ലൌവ് ക്വീന്‍ ഓഫ് മലബാര്‍  (The Love Queen Of Malabar )- മലബാറിന്റെ പ്രണയ രാജ്ഞി  എന്ന പുസ്തകത്തില്‍, പ്രണയത്തിന്റെ ധൈര്യം കാണാം...അതോ, അത് പ്രണയം നല്‍കുന്ന ഭ്രാന്തായിരുന്നോ ?


"നവംബര്‍ 14ന് എന്നെ കാണാന്‍ എത്തിയ വശ്യമായ ചിരിയുള്ള ചെറുപ്പക്കാരന് ഞാന്‍ രണ്ടു മണിക്കൂര്‍ സമയമായിരുന്നു അനുവദിച്ചത്. മണിക്കൂറുകളോളം വലിയ സദസ്സുകളെ തന്റെ പാണ്ഡിത്യവും കഥകളും കവിതകളും കൊണ്ട് രസിപ്പിക്കുന്ന അയാള്‍ എന്റെ കാല്‍ക്കീഴില്‍ ഇരുന്ന് ഒരു രാജാവിനെ പോലെ പൊട്ടിച്ചിരിച്ചു. തനിക്ക്‌ അനുവദിച്ച രണ്ടു മണിക്കൂര്‍ സമയവും കഴിഞ്ഞും സരസമായ ആ സംഭാഷണം നീണ്ടപ്പോള്‍ ഇനി ഊണ് കഴിഞ്ഞാവാം എന്ന് പറഞ്ഞു ഞാന്‍. എന്നാല്‍ പിന്നെ തനിക്ക്‌ വാരി തരണം എന്നായി അയാള്‍.


മുസ്ലിംകള്‍ പശുവിന്റെ ശവം തിന്നുന്നവരാണ് എന്നും അതിനാല്‍ അവരുടെ വായ്‌ നാറും എന്നും തന്റെ അമ്മൂമ്മ പറഞ്ഞിട്ടുണ്ട്. ഒരു ശുദ്ധ സസ്യഭുക്കായ തനിക്ക് ഒരു മ്ലേച്ഛന്റെ ചുണ്ട്, കൈവിരലുകള്‍ കൊണ്ട് സ്പര്ശിക്കാനാവില്ല. എന്നാല്‍ പിന്നെ ഞാന്‍ വാരി തരാം എന്നും പറഞ്ഞ് അയാള്‍ ചോറ് ഉരുളകളാക്കി…


വീട്ടില്‍ നിന്നും ഇറങ്ങിയപ്പോഴേക്കും അയാളുടെ പ്രേമ നിര്‍ഭരമായ പെരുമാറ്റം അവരില്‍ ഏറെ കാലമായി ഉറങ്ങിക്കിടന്ന ഒരു പാട് വികാരങ്ങളെ തഴുകി ഉണര്‍ത്തിയിരുന്നു. പുതിയ പ്രേമം കണ്ടെത്തിയ ഒരു യുവാവിന്റെ മുഖത്ത് പടരുന്ന രക്തച്ഛവി ഞാന്‍ അനേകം വര്‍ഷങ്ങള്‍ക്ക് ശേഷം അന്നാദ്യമായി വീണ്ടും കണ്ടു. ദശാബ്ദങ്ങള്‍ക്ക് ശേഷം ആസക്തി, അടി വയറ്റില്‍ പടരുന്ന നനുത്ത നോവ്, അതി വേഗം ആടുന്ന ഒരു ഊഞ്ഞാലിലെന്ന പോലെ സിരകളില്‍ രക്തം ത്രസിക്കുന്നത് ഞാന്‍ അന്ന് വീണ്ടും അറിഞ്ഞു…


പിന്നീട് ദുബായില്‍ നിന്നും അബുദാബിയില്‍ നിന്നും അയാള്‍ എന്നെ ഫോണില്‍ വിളിച്ചു. രാത്രിയുടെ അന്ത്യ യാമങ്ങളില്‍ അയാള്‍ ചൊല്ലിയ ഉര്‍ദു കവിതാ ശകലങ്ങള്‍, വിവാഹത്തിനു ശേഷം തന്നോട് അയാള്‍ എന്തെല്ലാം ചെയ്യുമെന്നതിന്റെ വര്‍ണ്ണനകള്‍…

ഞാന്‍ എന്റെ സഹായിയായ മിനിയെയും കൂട്ടി അയാളുടെ വീട്ടിലേക്ക്‌ പോയി. മൂന്ന് ദിവസം അവിടെ, അയാളോടൊപ്പം....

അവിടെ നിറഞ്ഞൊഴുകുന്ന ഒരു പുഴയും ഏതാനും മരങ്ങളും പിന്നെ ഒരു പാട് പൊട്ടിച്ചിരികളും മാത്രം.

എന്നോടയാള്‍ മുസ്‌ലിം ആവാന്‍ ആവശ്യപ്പെട്ടു. തിരികെ വീട്ടിലെത്തിയ ഞാന്‍ അത് ചെയ്തു

പത്രക്കാരും മാധ്യമക്കാരും വീട്ടിലേക്ക്‌ ഓടിയെത്തി. ഹിന്ദുത്വ വാദികളും, ശിവസേനയും ആര്‍. എസ്. എസും. നാടാകെ പോസ്റ്റര്‍ പതിച്ചു. മാധവിക്കുട്ടിക്ക്‌ ഭ്രാന്താണ്... അവരെ കൊന്നു കളയണം."

പ്രണയത്തിന്റെ ഭാവങ്ങൾ മാറിക്കൊണ്ടേയിരിക്കുന്നു. അതോ, പ്രണയം തന്നെയും ഇന്ന് മാറുന്നുണ്ടോ? ധൈരപൂർവ്വം തന്റെ പ്രണയാനുഭവങ്ങൾ വിവരിക്കുവാൻ കമല സുരയ്യയായ മാധവിക്കുട്ടിയ്ക്കല്ലാതെ ആർക്കാണ് കഴിഞ്ഞിട്ടുള്ളത്?

മുസ്ലിം സമുദായക്കാരിയായ പെണ്‍കുട്ടി, ഹിന്ദുമതസ്ഥനായ ചെറുപ്പക്കാരനൊപ്പം വിവാഹദിവസം ഇറങ്ങി പുറപ്പെട്ടതിന്റെ അലകള്‍ സോഷ്യല്‍ മീഡിയയില്‍ ഇനിയും അവസാനിച്ചിട്ടില്ല.

കമല സുരയ്യയുടെ ധൈര്യം പ്രണയം ആയിരുന്നു... സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളെയും അഭിലാഷങ്ങളേയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതാൻ തുനിഞ്ഞ ഭാരതത്തിലെ ആദ്യത്തെ എഴുത്തുകാരി എന്ന പദവി മാധവിക്കുട്ടിക്കാണെന്ന് പല എഴുത്തുകാരും വിശേഷിപ്പിച്ചിട്ടുണ്ട്..

കാലത്തിന്നു മുമ്പേ ബഹുദൂരം സഞ്ചരിച്ച പ്രണയ സാഗരത്തെ,മാധവിക്കുട്ടിയെന്നോ, കമല സുരയ്യയെന്നോ അല്ലാതെ മറ്റെന്താണ് വിളിക്കുക?

Read More >>