വൈദ്യുതി ബന്ധം തകരാറിലായി; ബോര്‍ഡ് ഡയറക്ടര്‍ക്ക് കെ മുരളീധരന്റെ വക ശകാരം

വൈദ്യുതി തകരാറിലായതിന് വൈദ്യുതി ബോര്‍ഡ് ഡയറക്ടര്‍ക്ക് എം.എല്‍.എയുടെ വക ശകാരം. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് എം.എല്‍.എയും യു.ഡി.എഫ്‌സ്ഥാനാര്‍ഥിയുമായ...

വൈദ്യുതി ബന്ധം തകരാറിലായി; ബോര്‍ഡ് ഡയറക്ടര്‍ക്ക് കെ മുരളീധരന്റെ വക ശകാരം

k-muraleedharan

വൈദ്യുതി തകരാറിലായതിന് വൈദ്യുതി ബോര്‍ഡ് ഡയറക്ടര്‍ക്ക് എം.എല്‍.എയുടെ വക ശകാരം. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് എം.എല്‍.എയും യു.ഡി.എഫ്‌സ്ഥാനാര്‍ഥിയുമായ കെ.മുരളീധരനാണ് തുടര്‍ച്ചയായി വൈദ്യുതി ബന്ധം തകരാറിലായതിന് കെ.എസ്.ഇ.ബി വിതരണ വിഭാഗം ഡയറക്ടര്‍ നീനയെ ഫോണില്‍ വിളിച്ച് ശകാരിച്ചത്.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തിന്റെ ഭാഗമായ പേരൂര്‍ക്കടയില്‍ കഴിഞ്ഞ നിരവധി ദിവസങ്ങളായി തുടര്‍ച്ചയായി വൈദ്യുതി ബന്ധം തകരാറിലായിരുന്നു. ഒരുതവണ കറന്റുപോയാല്‍ അരമണിക്കൂര്‍ കഴിഞ്ഞു മാത്രമേ ലഭിക്കുകയുള്ളൂ. ഒരു ദിവസം തന്നെ പലതവണ ഇത് ആവര്‍ത്തിക്കുകയും ചെയ്യും. പൊറുതിമുട്ടിയതോടെ നാട്ടുകാര്‍ സംഘടിക്കുകയും പേരൂര്‍ക്കട് വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ ധര്‍ണ നടത്തുകയും ചെയ്തു. എം.എല്‍.എയുടെ വീഴ്ചയാണ് ഇതിനു കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചതോടെയാണ് കെ.മുരളീധരന്‍ പ്രകോപിതനായത്. കറന്റു പോകുന്നതിന്റെ കാരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പേരൂര്‍ക്കടയിലേക്കുള്ള 'ഫീഡര്‍' ഓഫാക്കുന്നതാണ് കണ്ടെത്തി. തുടര്‍ന്നാണ് കെ.എസ്.ഇ.ബി ഡയറക്ടറെ തന്നെ നേരില്‍ ഫോണ്‍ ചെയ്ത് ശകാരിച്ചത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് തന്റെ പ്രതിച്ഛായ നശിപ്പിക്കാനും വോട്ടര്‍മാരെ തനിക്കെതിരാക്കി മാറ്റാനുമാണോ ശ്രമമെന്ന് ചോദിച്ചായിരുന്നു ശകാരം. ഇടതുപക്ഷത്തെ സഹായിക്കാനാണോ നിങ്ങളുടെ നീക്കം. എന്നെ നിങ്ങള്‍ക്ക് അറിയില്ല. വൈദ്യുതി വകുപ്പും താനും കുറെക്കാലം ഭരിച്ചതാണ്. എന്നെ ജനങ്ങളുടെ മുന്നില്‍ താറടിക്കാനാണെങ്കില്‍ നിങ്ങള്‍ വിഷമിക്കും. ഇങ്ങനെപോയി മുരളീധരന്റെ ശകാരം.


വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ എം.എല്‍.എയായ കെ.മുരളീധരന്‍ ഇത്തവണ കടുത്ത മത്സരമാണ് നേരിടുന്നത്. മുന്‍ എം.പിയായ ടി.എന്‍.സീമയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കൂടി സ്ഥാനാര്‍ഥിയായതോടെ മത്സരം ശക്തമായി. വേനല്‍ കടുത്തതോടെ വൈദ്യുതി മുടങ്ങുന്നത് നാട്ടുകാരില്‍ തനിക്കെതിരായ പ്രതീതി സൃഷ്ടിക്കുമെന്ന് കെ.മുരളീധരന് നന്നായി അറിയാം. മാത്രമല്ല കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഇതുപോലെ വൈദ്യുതി തകരാറിലായിട്ടുമില്ല. കഴിഞ്ഞ ഒരാഴ്ചയായി നിരന്തരം കറന്റു പോകുന്നത് സാങ്കേതിക തകറാര്‍ അല്ലെന്നും മന:പൂര്‍വം വൈദ്യുതിയില്ലതാക്കുകയാണെന്നും കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നു. സര്‍ക്കാരിന്റേയും എം.എല്‍.എയുടേയും പ്രതിച്ഛായയെ തകര്‍ക്കാനാണ് ഇതെന്നാണ് അവരുടെ ആരോപണം.