പല സീറ്റിലും സ്ഥാനാര്‍ത്ഥി നിര്‍ണയം കീറാമുട്ടി. ജെ.ഡി.യു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വെള്ളിയാഴ്ച്ച

കോഴിക്കോട്: തര്‍ക്കങ്ങളും വിവാദങ്ങളും തുടരവെ കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിട്ട് ദിവസം രണ്ടായി. കേരള കോണ്‍ഗ്രസ് ഉള്‍പ്പടെ യു.ഡി.എഫിലെ...

പല സീറ്റിലും സ്ഥാനാര്‍ത്ഥി നിര്‍ണയം കീറാമുട്ടി. ജെ.ഡി.യു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വെള്ളിയാഴ്ച്ച

veerendra-kumar

കോഴിക്കോട്: തര്‍ക്കങ്ങളും വിവാദങ്ങളും തുടരവെ കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിട്ട് ദിവസം രണ്ടായി. കേരള കോണ്‍ഗ്രസ് ഉള്‍പ്പടെ യു.ഡി.എഫിലെ മറ്റു പ്രമുഖ കക്ഷികളൊക്കെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മുസ്ലീംലീഗ് 20 സീറ്റിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം ഒരു മാസം മുമ്പെ പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയതാണ്. എന്നാല്‍ യു.ഡി.എഫില്‍ ജെ.ഡി.യുവിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല. പല മണ്ഡലങ്ങളിലും ആരു സ്ഥാനാര്‍ത്ഥിയാകും എന്ന തര്‍ക്കവും ഒടുവില്‍ ജനതാദള്‍ യുണൈറ്റഡ് സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാര്‍ അസുഖ ബാധിതനായി ഡല്‍ഹിയില്‍ ചികിത്സയില്‍ കഴിയുന്നതുമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ പ്രതിസന്ധിയിലാക്കിയത്. അദ്ദേഹം ആശുപത്രി വിടാന്‍ ഇനിയും സമയമെടുക്കുെമന്നതിനാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ നടത്താന്‍ ധാരണയായിട്ടുണ്ട്. എം.പി.വീരേന്ദ്രകുമാറിന്റെ കോഴിക്കോട്ടെ വീട്ടില്‍ വെള്ളിയാഴ്ച്ച പാര്‍ലമെന്ററി ബോര്‍ഡ് ചേരുന്നുണ്ട്. തുടര്‍ന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. സിറ്റിങ്ങ് എം.എല്‍.എമാരായ എം.വി.ശ്രേയാംസ്‌കുമാര്‍ കല്‍പ്പറ്റയിലും കെ.പി.മോഹനന്‍  പെരിങ്ങളത്ത് മത്സരിക്കാനും തീരുമാനിച്ചിരുന്നു. ഔദോഗിക പ്രഖ്യാപനം വരും മുമ്പെ ഇവര്‍ പ്രചരണം തുടങ്ങിയിട്ടുണ്ട്.


വടകര ഉള്‍പ്പടെയുള്ള ചില സീറ്റുകളില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ഒന്നില്‍ കൂടുതല്‍ പേരുകളാണ് വടകര സീറ്റിലേക്ക് ഉയര്‍ന്നു വന്നിട്ടുള്ളത്. സംസ്ഥാന സെക്രട്ടറിയും ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എം.കെ.ഭാസ്‌കരന്‍, പാര്‍ട്ടി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനുമാണ് രംഗത്തുള്ളത്. ഇരുവര്‍ക്കും വേണ്ടി സംസ്ഥാനസ ജില്ലാ ഭാരവാഹികള്‍ ചേരിതിരിഞ്ഞത് ഇവിടെ സ്ഥാനാര്‍ത്ഥി നിര്‍ണയം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മട്ടന്നൂരില്‍ യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് കെ.പി.പ്രശാന്തിനെയാണ് തുടക്കം മുതല്‍ പരിഗണിച്ചിരുന്നത്. എന്നാല്‍ ഒരു ഗള്‍ഫ് വ്യവസായിയെ ഈ സീറ്റിലേക്ക് പരിഗണിച്ചത് പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നേമം സീറ്റ് പ്രതീക്ഷിച്ചിരുന്ന ചാരുപാറ രവിക്ക് ആ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായി. വി.സുരേന്ദ്രന്‍ പിള്ള പാര്‍ട്ടിയിലേക്ക് വന്നതോടെ ആ സീറ്റ് പിള്ളക്ക് നല്‍കാന്‍ തീരുമാനമായി. നെന്‍മാറക്ക് പകരം ലഭിച്ച അമ്പലപ്പുഴയില്‍ സംസ്ഥാന ജന സെക്രട്ടറി ഷെയ്ഖ് പി.ഹാരിസിന് നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. എലത്തൂരില്‍ യുവജനതാദള്‍ സംസ്ഥാന പ്രസിഡന്റ് സലിം മടവൂരും മത്സരിച്ചേക്കും.