ഐപിഎല്‍; കിങ്‌സ് ഇലവന്‍റെ മൂന്ന് മത്സരങ്ങള്‍ക്ക് ധരംശാല വേദിയാകും

ന്യൂഡല്‍ഹി: നാഗ്പൂരില്‍ നടക്കേണ്ടിയിരുന്ന കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മൂന്ന് ഐപിഎല്‍ മത്സരങ്ങള്‍ ധരംശാലയിലേക്ക് മാറ്റി.കടുത്ത വരള്‍ച്ച നേരിടുന്ന...

ഐപിഎല്‍; കിങ്‌സ് ഇലവന്‍റെ  മൂന്ന് മത്സരങ്ങള്‍ക്ക് ധരംശാല വേദിയാകും

dharamshala

ന്യൂഡല്‍ഹി: നാഗ്പൂരില്‍ നടക്കേണ്ടിയിരുന്ന കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മൂന്ന് ഐപിഎല്‍ മത്സരങ്ങള്‍ ധരംശാലയിലേക്ക് മാറ്റി.

കടുത്ത വരള്‍ച്ച നേരിടുന്ന മഹാരാഷ്ട്രയില്‍ നിന്ന് ഈ മാസം 30 ന് ശേഷം ഐപിഎല്‍ മത്സരങ്ങള്‍ മാറ്റണമെന്ന ബോംബെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പഞ്ചാബ് ടീമിന്‍റെ രണ്ടാമത്തെ ഹോം ഗ്രൌണ്ടായ നാഗ്പൂറില്‍ നിന്നും മത്സരങ്ങള്‍ മാറ്റിയത്.

ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ക്കെതിരെയുള്ള മത്സരങ്ങളാണ് ധര്‍മ്മശാലയിലേക്ക് മാറ്റിയത്.


കിങ്ങ്സ് ഇലവനെകൂടാതെ  മുംബൈ ഇന്ത്യന്‍സും റൈസിങ് പൂനെ സൂപ്പര്‍ജിയന്റ്‌സും തങ്ങളുടെ ഹോം ഗ്രൗണ്ട് മാറ്റിയിട്ടുണ്ട്. റൈസിങ് പൂനെയുടെ പുതിയ ഹോം ഗ്രൗണ്ട് വിശാഖപട്ടണവും മുംബൈയുടേത് ജയ്പൂരുമാണ്. ഇതിലൂടെ മെയ് മാസം നടക്കേണ്ട 12 മത്സരങ്ങളാണ് മഹാരാഷ്ട്രയ്ക്ക് നഷ്ടമാവുക.

അതേസമയം മെയ് ഒന്നിനുള്ള മുംബൈ-റൈസിങ് പൂനെ മത്സരം നേരത്തെ നിശ്ചയിച്ച പ്രകാരം പൂനെയില്‍ത്തന്നെ നടത്താന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി ബിസിസിഐയ്ക്ക് അനുമതി നല്‍കി.

മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന മത്സരം മറ്റൊരു വേദിയിലേക്ക് മാറ്റുന്നതിന് പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ബിസിസിഐക്ക് വേണ്ടി ജനറല്‍ മാനേജര്‍ ശങ്കര്‍ ഷെട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ മാസം 29 ന് പൂനെയില്‍ ഗുജറാത്ത് ലയണ്‍സും റൈസിങ് പൂനെയും തമ്മിലുള്ള മത്സരം നടക്കുന്നുണ്ട്. അവശേഷിക്കുന്ന ഒറ്റദിവസം കൊണ്ട് മറ്റൊരു വേദി ശരിയാക്കുക എന്നത് ബിസിസിഐയ്ക്കും പൂനെ ഫ്രാഞ്ചൈസിക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഷെട്ടി കോടതിയെ ബോധിപ്പിച്ചു. മാത്രവുമല്ല വേദി മാറ്റിയാല്‍ത്തന്നെ 29 ന് രാത്രി മത്സരം കഴിഞ്ഞാല്‍ 30 ന് ഉച്ചയ്ക്ക് ശേഷമേ താരങ്ങള്‍ക്ക് അവിടേക്ക് പോകാനാവുകയുള്ളൂ. ഇതും പ്രശ്‌നമാണ്.

ബിസിസിഐ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ പരിഗണിച്ച് മെയ് ഒന്നിലെ മത്സരത്തിന് മാത്രം ഇളവ് അനുവദിക്കുകയാണെന്ന് ജസ്റ്റിസുമാരായ വി. എം കനഡെ, എം. എസ് കാര്‍നിക് എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

മഹാരാഷ്ട്രയിലെ കടുത്ത ജലക്ഷാമം ചൂണ്ടിക്കാട്ടി ലോക്‌സത്താ മൂവ്‌മെന്റ് എന്ന എന്‍ജിഒ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് ഐപിഎല്‍ മത്സരങ്ങള്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് മുംബൈ ഹൈക്കോടതി ഈ മാസം 13-ന് ഉത്തരവിട്ടത്.

Story by
Read More >>