യുഡിഎഫിന്റെ വികസനവും കരുതലും കേരളത്തിന് സമ്മാനിച്ചത് സന്തോഷദിനങ്ങള്‍; കാത്തിരിക്കുന്നത് തുടര്‍ഭരണം: പിപി തങ്കച്ചന്
| Updated On: 2016-04-30T11:40:06+05:30 | Location :
2011ലെ പ്രകടനപത്രികയില്‍ നല്കിയ വാഗ്ദാനങ്ങളില്‍ എന്തൊക്കെ പാലിച്ചു എന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന് നാരാദാ ന്യുസിനോട് സംസാരിക്കുന്നുവികസനവും...
2011ലെ പ്രകടനപത്രികയില്‍ നല്കിയ വാഗ്ദാനങ്ങളില്‍ എന്തൊക്കെ പാലിച്ചു എന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന് നാരാദാ ന്യുസിനോട് സംസാരിക്കുന്നു
വികസനവും കരുതലും എന്ന ലക്ഷ്യത്തെ അടിസ്ഥാനമാക്കി 5 വര്‍ഷത്തെ ഭരണം മുന്‍നിര്‍ത്തി ഇത്തവണ വോട്ട് ചോദിക്കുന്നു. 2011 ലെ പ്രകടന പത്രികയില്‍ പറഞ്ഞിരുന്ന നാലിലൊന്ന് നടന്നിരുന്നുവെങ്കില്‍ കേരളം ഇന്ന് ഒരു സ്വര്‍ഗ്ഗമായേനേ. എങ്ങിനെയാണ് വിലയിരുത്തുന്നത്?
വികസനവും കരുതലും എന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട വാഗ്ദാനമായിരുന്നു. വാഗ്ദാനങ്ങള്‍ പാലിച്ചു. എല്ലാ കാര്യങ്ങളും നിറവേറ്റി എന്നല്ല, പ്രധാനപ്പെട്ട പലതും പൂര്‍ത്തിയാക്കി. പലതും ആരംഭിച്ചു. പലതും നടന്നു കൊണ്ടിരിക്കുകയാണ്. ചെറുതും വലുതുമായ വികസനപ്രവര്‍ത്തനങ്ങള്‍ ഉണ്ട്. ഗ്രാമപ്രദേശങ്ങളിലെ കുടിവെള്ളം, പട്ടയം കൊടുക്കേണ്ടവര്‍ക്ക് പട്ടയം കൊടുക്കുക, വീടില്ലാത്തവര്‍ക്ക് വീടുണ്ടാക്കി കൊടുക്കുക, റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് റേഷന്‍കാര്‍ഡ്, ചികിത്സാ സഹായം, ആശുപത്രി, സ്കൂള്‍ ഇതൊക്കെ ഗ്രാമങ്ങളിലെ ജനങ്ങളുടെ ആവശ്യങ്ങളാണ്. ഇതൊക്കെ നിറവേറ്റുന്നതിനോടൊപ്പം തന്നെ സംസ്ഥാനത്തിന്റെ പുരോഗതിക്ക് ആവശ്യമായ വന്‍കിട വികസന പദ്ധതികളും നടപ്പിലാക്കി. അതില്‍പ്പെട്ടതാണ് വിഴിഞ്ഞം, കണ്ണൂര്‍ എയര്‍പോര്‍ട്ട്, സ്മാര്‍ട്ടി സിറ്റി, മെട്രോ റെയില്‍ നിര്‍മ്മാണം എന്നിവയൊക്കെ. വികസനത്തെ കുറിച്ചുള്ള ഞങ്ങളുടെ ഒരു കാഴ്ചപ്പാട് അതാണ്. വന്‍കിട പദ്ധതികള്‍ക്കൊപ്പം തന്നെ ചെറുകിട പദ്ധതികളും അതൊടൊപ്പം ജനങ്ങളുടെ ദുരിതങ്ങള്‍ക്കും പരിഹാരം കാണുക എന്നതായിരുന്നു. അത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. അവര്‍ ഗവണ്മെന്റില് നിന്ന് പ്രതീക്ഷിക്കുന്നത് അതാണ്. അതു പോലെതന്നെ സൗഹാര്‍ദ്ദപരമായ ജീവിതം വലിയ കുഴപ്പങ്ങള്‍ കൂടാതെ, സംഘര്‍ഷങ്ങള്‍ ഇല്ലാതെ, കൊലപാതകങ്ങള്‍ ഇല്ലാതെ കഴിഞ്ഞ 5 വര്‍ഷം മുന്നോട്ട് പോയി എന്നതാണ്. കഴിഞ്ഞ കുറച്ച് ദിവസമായി 140 മണ്ഡലങ്ങളിലും പോയ ആളാണ് ഞാന്‍. ഒരു പുതിയ ആവേശം ജനങ്ങളില്‍ കാണാന്‍ കഴിയുന്നുണ്ട്. കഴിഞ്ഞ 5 വര്‍ഷം സന്തോഷകരമായി മുന്നോട്ട് പോയി എന്നതിന്റെ പ്രതിഫലമായി അടുത്ത ഭരണം സംബന്ധിച്ച് സഹായകരമായനിലപാട് അവര്‍ എടുക്കും എന്ന കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ട്.
2011 ലെ പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്ന പലകാര്യങ്ങളും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് താങ്കള്‍ തന്നെ സമ്മതിക്കുന്നു. എങ്കിലും ചില കാര്യങ്ങളില്‍ വ്യക്തത വരുത്താമെന്ന് തോന്നുന്നു. തുടക്കത്തില്‍ തന്നെ സൂചിപ്പിക്കുന്നത് അഴിമതിരഹിത സുതാര്യമായ ഭരണത്തെ കുറിച്ചാണ്. കഴിഞ്ഞ 5 വര്‍ഷം അത്തരത്തിലുള്ള ഒന്നായിരുന്നോ?
ഞങ്ങള്‍ക്കെതിരെ ഈ കാലഘട്ടത്തില്‍ ഉണ്ടായിട്ടുള്ളത് അഴിമതി ആരോപണങ്ങള്‍ മാത്രമാണ്. ഈ സര്‍ക്കാരിലെ ഒരു നേതാക്കളും അഴിമതി നടത്തി എന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ മാത്രമാണുള്ളത്. തെളിവുകളില്ല. പക്ഷേ, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇതായിരുന്നില്ല സ്ഥിതി. പിണറായി വിജയന്റെ ലാവ്ലിന് അഴിമതി കേസ് ഉള്‍പ്പെടെയുള്ളവയില്‍ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് വന്നിരുന്നു. പ്രഥമദൃഷ്ട്യാ തന്നെ തെളിവുണ്ടായിരുന്നു. എന്നാല്‍, ഞങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളില്‍ പ്രഥമദൃഷ്ട്യാ തെളിവുകളൊന്നും തന്നെയില്ല. സര്‍ക്കാരിനെ മറിച്ചിടാനുള്ള തന്ത്രങ്ങള്‍ മാത്രമായിരുന്നു ഇതൊക്കെ. ഇത് ജനങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ട്. ഈ സര്‍ക്കാരിനെ മറിച്ചിടാന്‍ ആദ്യം എന്തെല്ലാം സമരങ്ങള്‍ ചെയ്തു. എല്ലാ സമരങ്ങളും പൊളിഞ്ഞപ്പോഴാണ് ആരോപണങ്ങളുടെ പരമ്പരയുമായി രംഗത്തെത്തുന്നത്. ജനങ്ങള്‍ ഇതൊന്നും വിശ്വസിച്ചിട്ടില്ല.

ഒന്നാം സ്ഥാനത്ത് എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ചയുടെ ശരാശരിയെക്കാള്‍ മൂന്ന് ശതമാനം സാമ്പത്തിക വളര്ച്ച് നേടാന്‍ ഈ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കഴിഞ്ഞു എന്നത് കേരളത്തിന് വലിയ നേട്ടമാണ്. കഴിഞ്ഞ വര്‍ഷം 10 ആയിരുന്നു ഇത്തവണ 15 ശതമാനം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ കൂടുതല്‍ ശതമാനം വളര്‍ച്ച നേടാന്‍ 2-3 സംസ്ഥാനങ്ങള്‍ക്കേ കഴിഞ്ഞിട്ടുള്ളു. അതില്‍ കേരളവും എത്തിച്ചേര്‍ന്നിട്ടുണ്ട്.
കാര്‍ഷിക മേഖലക്ക് നല്കിയ വാഗ്ദാനങ്ങള്‍ എത്ര മാത്രം പാലിക്കാന്‍ സാധിച്ചു. പ്രത്യേകിച്ച് നാണ്യവിളകളുടെ കാര്യത്തില്‍, റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി തുടങ്ഹിയവയൊക്കെ?
വിലിയിടിവ് ഉണ്ടായിട്ടുണ്ട് അതിനനുസരിച്ച് ബുദ്ധിമുട്ടും ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യങ്ങളെ നേരിടാന്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി വേണം ഗവണ്മെന്റിനെ വിലയിരുത്തേണ്ടത്. വിലയിടിവ് ഉണ്ടായപ്പോള്‍ അത് തടയാന്‍ വേണ്ടി താങ്ങുവിലകള്‍ ഏര്‍പ്പെടുത്തി ശേഖരിക്കാന്‍ തുടങ്ങി. ഇപ്പോള്‍ റബറിന്റെ വില 150ന് മുകളില്‍ ആയിട്ടുണ്ട്. മറ്റുള്ള എല്ലാത്തിനും താങ്ങുവില നിശ്ചയിച്ചിട്ട് സ്റ്റോറുകള്‍ വഴിയൊക്കെ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോള്‍ അത് കര്‍ഷകര്‍ക്ക് വലിയ ആശ്വാസം ആയിട്ടുണ്ട്.
ഇടുക്കി വയനാട് കുട്ടനാട് പാക്കേജുകളും ഈ വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു?.
അത് തുടങ്ങി കഴിഞ്ഞു. കുട്ടനാടൊക്കെ പുരഗോമിച്ചു കൊണ്ടിരിക്കുകയാണ്. ഘട്ടംഘട്ടമായി നടപ്പിലാക്കുകയാണ്. എണ്ണം സംബന്ധിച്ചൊന്നും എനിക്കറിയില്ല.
പുഞ്ചപാടങ്ങളില്‍ കൃഷിയിറക്കാന്‍ സഹായിക്കുമെന്ന് പ്രകടന പത്രികയില്‍ പറഞ്ഞു. പക്ഷെ ഗുണം ചെയ്തത് സന്തോഷ് മാധവനാണ്.....
പറഞ്ഞത് പോലെ പാടങ്ങള്‍ എറ്റെടുക്കാനോ, കൃഷിയിടങ്ങളാക്കി രൂപാന്തരപ്പെടുത്താനോ പൂര്‍ണമായി സാധിച്ചിട്ടില്ല. പിന്നെ സന്തോഷ് മാധവന്റെ കേസ് എനിക്കറിയില്ല. കാലങ്ങളായി നടന്ന് വരുന്ന കേസാണ്. ഏറ്റെടുക്കാന്‍ റവന്യു ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് ഉത്തരവ് വന്നു എന്നല്ലാതെ കൈമാറ്റം ചെയ്തിട്ടുമില്ല. കീഴ് വിഭാഗത്തില്‍ നിന്ന് അങ്ങിനെയൊരു റിപ്പോര്‍ട്ട് വന്നു എന്നല്ലാതെ അതിനെ മന്ത്രിമാരുടെ അഴിമതിയാണ് എന്ന രീതിയില്‍ ബന്ധപ്പെടുത്തേണ്ട കാര്യമില്ല. ചില ഉദ്യോഗസ്ഥന്മാരുടെ പാളിച്ചകള്‍ അതില്‍ വന്നിട്ടുണ്ട്. അതിനെ പറ്റി ഗവണ്മെന്റ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.
തീരദേശമേഖലയില്‍ കനത്ത പ്രതിസന്ധികളാണ് ഇപ്പോഴും മത്സ്യത്തൊഴിലാളികള്‍ നേരിടുന്നത്. കഴിഞ്ഞ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ തീരദേശത്ത് എത്രമാത്രം പാലിക്കപ്പെട്ടു?.
തീരദേശമേഖലയില്‍ വീടുകള്‍ വെച്ചുകൊടുത്തു, വള്ളവും വലയും വാങ്ങാന്‍ സഹായം ചെയ്തു കൊടുത്തു. അവര്‍ പറഞ്ഞത് അനുസരിച്ച് അന്യനാടുകളില്‍ നിന്നുള്ള കടന്ന്കയറ്റം തടയാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. കഴിയുന്നത്ര ചെയ്തിട്ടുണ്ട്. എല്ലാം ഒറ്റയടിക്ക് എര്‍പ്പെടുത്താന്‍ കഴിയില്ലല്ലോ. ഏറ്റവും പ്രധാനം പാര്‍പ്പിടമാണ്. അത് ചെയ്ത് കൊടുത്തു. കുടിവെള്ളവും എത്തിച്ചു കൊടുത്തു. ഘട്ടഘട്ടമായി നടപ്പിലാക്കും.
പ്രധാനപ്പെട്ട നിക്ഷേപകരുടെയും സംരംഭകരുടെയും പങ്കാളിത്തത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചീഫ് മിനിസ്റ്റേഴ്സ് ഇന്‍വെസ്റ്റ്മെന്റ് കൗണ്‍സില്‍ രൂപീകരണം സംബന്ധിച്ച വാഗ്ദാനമുണ്ടായിരുന്നു. അത് സംബന്ധിച്ച് എന്ത് നടപടികളാണ് കൈകൊണ്ടത്?
കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ടോ എന്ന് എനിക്ക് അറിഞ്ഞുകൂടാ. പക്ഷെ വിദേശത്തുള്ളവരെ വ്യവസായം തുടങ്ങാന്‍ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഒരുപാട് ചര്‍ച്ചകളും കോണ്‍ഫറന്‍സുകളും കൂടിയതിന്റെ ഗുണം ചെയ്തിട്ടുണ്ട്. സ്മാര്‍ട്ട് സിറ്റി തന്നെ ഉദാഹരണമാണ്. ധാരാളം വിദേശികള്‍ ഇവിടെ വന്ന് വ്യവസായ പാര്‍ക്കുകള്‍ ആരംഭിച്ചിരിക്കുകയാണ്.
നിക്ഷേപ സൗഹൃദ ബ്രാന്‍ഡ് ഇമേജ് വളര്‍ത്തുന്നതിന് വേണ്ടി ഇന്‍വെസ്റ്റ്മെന്റ് ഇന്‍ കേരള മിഷന് രൂപീകരിക്കും എന്ന വാഗ്ദാനവും ഉണ്ടായിരുന്നു. അതിനെ കുറിച്ചോ?.
അതിനെകുറിച്ച് എനിക്കറിയില്ല.
എമേര്‍ജിംഗ് കേരള എത്ര വ്യവസായങ്ങള്‍ കൊണ്ട് വന്നു?.
അതിപ്പോഴും തര്‍ക്കങ്ങള്‍ ഉണ്ട്. എണ്ണത്തെ കുറിച്ചാണ് തര്‍ക്കം. തുടങ്ങി എന്നതിനെ കുറിച്ച് ആര്‍ക്കും തര്‍ക്കമില്ല.
പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിക്കുന്ന ധവളപത്രം പുറത്തിറക്കിയോ? പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വേണ്ടി യുഡിഎഫ് എന്ത് ചെയ്തു?.
ധവളപത്രം ഇറക്കി. അതിന്റെ ഉദ്ദേശമെന്തായിരുന്നു എന്നു വെച്ചാല്‍ എതൊക്കെ നഷ്ടത്തില്‍ ഓടുന്നു എതൊക്കെ ലാഭത്തില്‍ ഓടുന്നു വളര്‍ച്ച എങ്ങിനെയാണ് എന്നത് സംബന്ധിച്ച് ജനങ്ങള്‍ക്ക് കൃത്യമായ വിവരം നല്‍കുക എന്നതായിരുന്നു. അത് ഇറക്കി. പഴയകാലത്തേക്കാള്‍ വളര്‍ച്ച ഉണ്ടായിട്ടുണ്ട്. പൂട്ടികിടക്കുന്ന പലതും തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികള്‍ക്കും തുടക്കം കുറിച്ചു.
പാരമ്പര്യവ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ എത്രമാത്രം ഫലപ്രദമായിരുന്നു. കയറും കൈത്തറിയും ഉള്‍പ്പടെയുള്ള വ്യവസായങ്ങള്‍ ഇതിന് ഉദാഹരണമാണ്. കയര്‍ വ്യവസായത്തിന് വളരെയധികം ഊന്നല്‍ കൊടുത്തിട്ടുണ്ട്. അന്യരാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനും പ്രോത്സാഹിപ്പിക്കാനുമൊക്കെ ഒരുപാട് ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.

എണ്ണം എത്രയെന്ന് എനിക്ക് കൃത്യമായി പറയാനാവില്ല. കേരളത്തിന്റെ പല ഭാഗങ്ങളിലും ഐ ടി പാര്‍ക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. അതില്‍ കൂടുതല്‍ സ്മാര്‍ട്ട് സിറ്റിയിലാണ്. സ്മാര്‍ട്ടി സിറ്റി ഇപ്പോള്‍ രണ്ടാം ഘട്ടത്തിലാണ്.
അത് പക്ഷെ ഒന്നാം ഘട്ടത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും പുര്‍ത്തിയായിട്ടില്ല എന്ന ആരോപണങ്ങളും ഉണ്ട്?.
ഇതൊക്കെ ഒരു രാത്രി കൊണ്ട് ചെയ്യാന്‍ കഴിയുന്ന മാന്ത്രിക വിദ്യകള്‍ ഏതെങ്കിലും ഉണ്ടോ. ഓരോന്നോരോന്നായി ചെയ്തുകൊണ്ടിരിക്കുകയാണ്.
സാമുഹികക്ഷേമ വികസനവുമായി ബന്ധപ്പെട്ട് പ്രകടനപത്രികയില്‍ പറഞ്ഞിരുന്ന മിക്ക കാര്യങ്ങളും നടപ്പിലാക്കാനായില്ല എന്നതല്ലേ സത്യം. പരമ ദരിദ്രകുടുംബങ്ങളെ ദത്ത് എടുക്കുമെന്ന വാഗ്ദാനം എത്രത്തോളം പാലിക്കാനായി?.
എണ്ണം എനിക്കറിഞ്ഞുകൂട. പക്ഷേ നിരവധി കുടുംബങ്ങളെ ഏറ്റെടുത്തിട്ടുണ്ട്. അരി 100 ദിവസംകൊണ്ട് കൊടുക്കുമെന്ന് പറഞ്ഞു. തട്ടിപ്പാണെന്നാണ് ഇടത്പക്ഷം പറഞ്ഞത്. പക്ഷെ കൃത്യം 100 ദിവസങ്ങള്‍ക്കുള്ളില്‍ ബിപിഎല്ലുകാര്‍ക്ക് കൊടുക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ ഒരു രൂപ പോലും വാങ്ങാതെ സൗജന്യമായി കൊടുത്തിരിക്കുകയാണ്. ഇന്ത്യയില്‍ തന്നെ രണ്ട് സംസ്ഥാനങ്ങള്‍ക്കേ അതിന് കഴിഞ്ഞിട്ടുള്ളു.
പരിപൂര്‍ണ്ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായുള്ള തൊഴിലുറപ്പ് പദ്ധതികള്‍ എത്രമാത്രം ഫലവത്തായി?.
തൊഴിലുറപ്പ് പദ്ധതിയുടെ പണം കേന്ദ്രത്തില്‍ നിന്ന് വരേണ്ടതാണ്. ഇടക്കാലത്ത് അവര്‍ ഫണ്ട് വെട്ടികുറച്ചു. ഇപ്പോള്‍ വീണ്ടും സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായി പഴയ രീതിയിലേക്ക് മടങ്ങിയിട്ടുണ്ട്.
തലസ്ഥാനനഗരമായ തിരുവനന്തപുരത്തിന്റെ വികസന പദ്ധതികളെ കുറിച്ച് പത്രികയില്‍ പറയുന്നുണ്ട്. പാര്‍വ്വതീപുത്തനാറിന്റെ ശുചീകരണം ,മാലിന്യമുക്തമാക്കുക തുടങ്ങിയ പദ്ധതികള്‍ പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങിയില്ലേ?.
എല്ലാം പൂര്‍ത്തിയായില്ല പക്ഷെ തുടങ്ങിയില്ല എന്ന് ആര്‍ക്കും പറയാനാവില്ല. മേല്പാലങ്ങള്, റോഡുകളുടെ വികസനം ഒക്കെ പണി നടന്നു .മാലിന്യമുക്ത കേരളം എന്ന പദ്ധതിയില്‍ ചില കാര്യങ്ങളൊക്കെ നടപ്പിലാക്കാനായി. അതില്‍ കുറേയൊക്കെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണം കൂടി ആവശ്യമുള്ളതാണ്. ഇവിടെ തിരുവനന്തപുരം കോര്‍പ്പറേഷന്റെ നിസംഗത പ്രധാനപ്പെട്ട ഘടകമാണ്. എല്ലാം നേരിട്ട് ഗവണ്മെന്റിന് ചെയ്യാന്‍ കഴിഞ്ഞുവെന്ന് വരില്ല. തിരവനന്തപുരം ഇടത്പക്ഷ കോര്‍പ്പറേഷന്റെ കയ്യിലാണ് എന്നുള്ളത് ഒരു വലിയ തടസ്സമായിരുന്നു.
ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവത്കരണത്തെ തുടര്‍ന്ന് ലക്ഷകണക്കിന് മലയാളികളാണ് നാട്ടിലേക്ക് മടങ്ങാന്‍ പോകുന്നത് .പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ക്ക് അപ്പുറം എന്ത് ചെയ്തു പ്രവാസി മലയാളികള്‍ക്ക് വേണ്ടി?. യുസഫലിക്കോ രവിപിള്ളക്കോ ഉണ്ടായ നേട്ടത്തെ കുറിച്ചല്ല സാധാരണക്കാരന് എന്ത് നല്കി എന്നതാണ്.
പുതിയ പ്രകടന പത്രികയില്‍ അതിനുള്ള വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ പ്രകടന പത്രികയില്‍ അങ്ങിനെ വരുന്നവര്‍ക്ക് വേണ്ടി രണ്ട് മൂന്ന് കാര്യങ്ങള്‍ പറഞ്ഞിരുന്നു. തൊഴില്‍ ചെയ്യാനുളള സൗകര്യവും സംരംഭങ്ങള്‍ തുടങ്ങാനുള്ള സൗകര്യവും ഒക്കെ വാഗ്ദാനം ചെയ്തിരുന്നു. ഇത്തവണ കുറച്ച് കൂടി വിപുലമാക്കി സാമ്പത്തിക സഹായവും മറ്റും പറയുന്നുണ്ട്. ജോലി കൊടുക്കാന്‍ പറ്റുന്നവര്‍ക്ക് അങ്ങിനെ ലോണ്‍ പോലുള്ള സൗകര്യങ്ങള്‍ ഒക്കെ ഉണ്ട്. അവര്‍ ബുദ്ധിമുട്ട് അനുഭവിക്കരുത് എന്ന കാഴ്ചപ്പാടോട് കൂടിയാണ് മുന്നോട്ട് പോകുന്നത്. വിദേശം എന്ന് പറയുമ്പോള്‍ ഞങ്ങള്‍ ഉദ്ദേശിച്ചേക്കുന്നത് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങി വരുന്നവരെ കൂടിയാണ്.
യുദ്ധമേഖലയില്‍ നിന്ന് മടങ്ങിയെത്തിയ നഴ്സുമാരുടെ കുടുംബങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ല. ഇത്തവണ വോട്ട് ചോദിച്ച് അങ്ങോട്ടേക്ക് ചെല്ലണ്ട എന്നാണ് അവര്‍ പറയുന്നത്...
കുവൈറ്റിലും മറ്റുമുള്ള നിരവധി പ്രവാസികള്‍ക്ക് വിദേശത്ത് നില്ക്കാന് ബുദ്ധിമുട്ടുണ്ടായപ്പോള്‍ എംബസി വഴിയും കേന്ദ്ര സര്‍ക്കാര്‍ വഴിയും സഹായം ചെയ്തിട്ടുണ്ട്. യുദ്ധ മുഖത്ത് നിന്ന് നാട്ടിലെത്തിക്കുകയും വിമാനം എത്തിച്ചും ഭക്ഷണം ഏര്‍പ്പാടാക്കിയും പാര്‍പ്പിടം ഒരുക്കിയും എല്ലാ വിധത്തിലും സഹായങ്ങളും നല്കി. ഇതൊക്കെ ചെയ്തിട്ട് ഒന്നും ചെയ്തില്ല എന്ന് പറയുന്നത് മര്യാദയല്ല.