ബിഡിജെഎസുമായുള്ള സഖ്യം ബിജെപിക്ക് ദോഷം ചെയ്യില്ല: പിപി മുകുന്ദന്‍

ഒരു ദശാബ്ദത്തിന് ശേഷം ആണ് പി.പി. മുകുന്ദന്‍ ബി.ജെ.പിയില്‍ തിരിച്ചെത്തുന്നത്. മിസ്ഡ് കോളിലുടെ അംഗ്വത്വം നേടിയ മുകുന്ദന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫിസിലത്തെിയിരുന്നു. 2006ല്‍ പുറത്താവുമ്പോള്‍ ഉത്തരമേഖലയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ആയിരുന്ന മുകുന്ദന്‍ സാധാരണ പ്രവര്‍ത്തകനായി ആണ് മടങ്ങിയെത്തുന്നത്. തിരുവന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിയ ശേഷം നാരദാന്യുസിനോട് പ്രതികരിച്ചത്.

ബിഡിജെഎസുമായുള്ള സഖ്യം ബിജെപിക്ക് ദോഷം ചെയ്യില്ല: പിപി മുകുന്ദന്‍

ഒരു ദശാബ്ദത്തിന് ശേഷം ആണ് പി.പി. മുകുന്ദന്‍ ബി.ജെ.പിയില്‍ തിരിച്ചെത്തുന്നത്. മിസ്ഡ് കോളിലുടെ അംഗ്വത്വം നേടിയ മുകുന്ദന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫിസിലത്തെിയിരുന്നു. 2006ല്‍ പുറത്താവുമ്പോള്‍ ഉത്തരമേഖലയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ആയിരുന്ന മുകുന്ദന്‍ സാധാരണ പ്രവര്‍ത്തകനായി ആണ് മടങ്ങിയെത്തുന്നത്. തിരുവന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിയ ശേഷം നാരദാന്യുസിനോട് പ്രതികരിച്ചത്.


pp-mukundan


പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തുന്നത്. എന്ത് തോന്നുന്നു?

വളരെ സന്തോഷം തോന്നുന്നു. ഈ പത്ത് കൊല്ലത്തിനുള്ളില്‍ ദേശീയരാഷട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ബിജെപിയെ സംബന്ധിച്ചിടത്തോളം സംസ്ഥാനത്ത് വലിയ സ്വാധിനം ചെലുത്താനും സാധിച്ചിട്ടുണ്ട്.

2006ല്‍ പുറത്ത് പോകുമ്പോള്‍ ഉള്ള സ്ഥാനമാനങ്ങള്‍ ഒന്നും ഇപ്പോള്‍ ഇല്ല. അര്‍ഹിക്കുന്ന തരത്തിലുള്ള സ്വീകരണമാണോ ഈ മടങ്ങിവരവിന് ലഭിച്ചത്?


ഞാന്‍ എപ്പോഴും പറയുന്നത് സ്ഥാനങ്ങള്‍ ഒന്നുമല്ല എന്നാണ്. നമ്മള്‍ ഈ സ്ഥാനമാനങ്ങള്‍ക്ക് പിറകേയല്ല. അത് നമ്മുടെ പിറകെയാണ് വരേണ്ടത്. ആര്‍ എസ് എസിന്റെ പ്രവര്‍ത്തകനായിരുന്ന കാലം മുതല്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് പോകുന്ന കാലത്തും ഏതെങ്കിലും ഒരു സ്ഥാനത്തിന് വേണ്ടിയായിരുന്നില്ല. അത് തന്നെയാണ് ഇപ്പോഴും. എല്ലാം വന്ന് ചേരണ്ടതാണ്. പിന്നെ സ്വീകരണത്തിന്റെ കാര്യം തണുപ്പന്‍ സ്വീകരണമായിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല. കാരണം ആള്‍ക്കൂട്ടമല്ല സ്വീകരണം. ബസിലും കാറിലുമൊക്കെ ആള്‍ക്കാരേ കൊണ്ടുവന്ന് സ്വീകരണം ഒരുക്കുന്നതില്‍ അര്‍ത്ഥമില്ല. ആളുകളുടെ മനസ്സിലാണ് വരേണ്ടത്. ഇന്നലെയും ഇന്നുമായി ആയിരകണക്കിന് പേരാണ് എന്റെ മൊബൈലിലേക്ക് വിളികുന്നത്. അത്തരത്തില്‍ ജനങ്ങളുടെ മനസ്സിലേക്ക് എത്താനായതിന്റെ സന്തോഷമാണ് എനിക്ക്.

മുരളീധരന്‍ പക്ഷത്തിന്റെ കടുംപിടുത്തവും ഈ തിരിച്ചുവരവിന് എടുത്ത കാലതാമസവും


എല്ലാറ്റിനും അതിന്‍റെതായ സമയം എടുക്കും . മറ്റൊന്നും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ആ സമയത്ത് എല്ലാം താനെ വന്ന് കൊള്ളും. കഴിഞ്ഞ പത്ത് വര്‍ഷം എന്റെ ജീവിതത്തിലെ സുവര്‍ണ്ണകാലഘട്ടമായിരുന്നു എന്ന് തന്നെ പറയാം. എന്റെ കുടുംബ ജീവിതത്തില്‍ പ്രത്യേകിച്ച്. അമ്മേയോടൊപ്പം എട്ട് വര്‍ഷം കഴിഞ്ഞു. നാല്പത് കൊല്ലം അതിന് കഴിഞ്ഞിരുന്നില്ല. രണ്ടാമത് എന്റെ പരദേവതയുടെ ക്ഷേത്രം പുനര്‍നവീകരണത്തിന് സാധിച്ചു. മുന്നാമത് അവിടെയൊരു ഗോപുരവും ജ്ഞാനമണ്ഡപവും നിര്‍മ്മിക്കാന്‍ സാധിച്ചു. അത് യേശുദാസാണ് ഉദ്ഘാടനം ചെയ്തത്. അങ്ങിനെ നോക്കിയാല്‍ കഴിഞ്ഞ പത്ത് കൊല്ലം എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലഘട്ടമായിരുന്നു.

പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയ സ്ഥിതിക്ക് ഇനിയിപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുന്നുണ്ടോ?

എന്റെ ആരോഗ്യം കണക്കിലെടുത്ത് അത്യാവശ്യം ചിലിയിടത്ത് പോകണം എന്ന് വിചാരിക്കുന്നു. പക്ഷെ പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടത്.

പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് എവിടെ നിന്നെങ്കിലും നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടോ, കേന്ദ്ര നേതൃത്വം സ്വീകരിക്കുന്ന നിലപാട് എന്താണ്?

കഴിഞ്ഞ ദിവസം വന്നല്ലേ ഉള്ളു. ചില നിര്‍ദ്ദേശങ്ങളാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അത് സ്ഥാനമാനങ്ങള്‍ സംബന്ധിച്ചല്ല. എന്താണ് ചെയ്യേണ്ടത് എന്നത് സംബന്ധിച്ചാണ്. പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചാണ്. തീര്‍ച്ചായും വരും ദിവസങ്ങളില്‍ ഉണ്ടാകും.

മുന്‍പ് താങ്കള്‍ക്ക് നേരെയുയര്‍ന്ന ആരോപണങ്ങള്‍ വോട്ട് വില്‍ക്കലും കോണ്‍ഗ്രസ്- ബിജെപി -ലീഗ് സഖ്യവും ഒക്കെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ആയുധമാക്കുകയാണ്. പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയ കെ രാമന്‍പിള്ളയുടെ വെളിപ്പെടുത്തലുകള്‍ ആണ് ഉയര്‍ത്തികാട്ടുന്നത്


അതൊക്കെ അടിസ്ഥാനമില്ലാത്തതാണ്. ഇപ്പോള്‍ അതൊന്നും കണക്കിലെടുക്കുന്നില്ല.അദ്ദേഹം തന്നെ അത് പറഞ്ഞിട്ടുണ്ടല്ലോ. പിന്നെ എല്‍ഡിഎഫ് ഇതൊക്കെ ഉയര്‍ത്തുന്നത് നല്ലതാണ്. ചര്‍ച്ച വരുമല്ലോ.

vellappally-kummanam

താങ്കള്‍ നേരത്തെ സൂചിപ്പിച്ച പോലെ കേരളത്തില്‍ പാര്‍ട്ടിയിലും വലിയമാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ബിഡിജെഎസ് സഖ്യം ഉള്‍പ്പടെ

അത് പാര്‍ട്ടിക്ക് ദോഷം ചെയ്യില്ല എന്തായാലും.

ഗുണം ചെയ്യുമോ

ദോഷം ചെയ്യില്ല എന്ന് പറയുമ്പോള്‍ സ്വാഭാവികമായും ഗുണകരമാകണമല്ലോ. വോട്ടുകള്‍ കൂട്ടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതിപ്പോള്‍ പഞ്ചായത്ത് തിരെഞ്ഞെടുപ്പില്‍ നമ്മള്‍ കണ്ടില്ലേ. വോട്ട് കൂടി. സീറ്റ് കിട്ടി. ബിജെപിക്ക് കൃത്യമായ രീതികളുണ്ട്. അവരും അവരുടെ പാര്‍ട്ടിയില്‍ നന്നായി കാര്യങ്ങള്‍ നോക്കുന്നു. രണ്ടും കൂടി ചേരുന്ന മേഖലകളില്‍ അത് ഗുണം ചെയ്യും. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് വേണ്ടത്ര സമയം ലഭിച്ചിരുന്നില്ല. ഇതിപ്പോള്‍ നിയമസഭതിരഞ്ഞെടുപ്പിന് സമയം ലഭിച്ചു. അത് ഗുണം ചെയ്യും.

ശ്രീശാന്തിനെയും ഭീമന്‍ രഘുവിനെയും പോലുള്ള താരങ്ങളാണ് പ്രധാനപ്പെട്ട മണ്ഡലങ്ങലില്‍ പോലും സ്ഥാനാര്‍ത്ഥിയാകുന്നത്?

140 മണ്ഡലങ്ങള്‍ ഇല്ലേ. അതില്‍ 97 മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനര്‍ത്ഥികളാണ്. മറ്റിടങ്ങളില്‍ സഖ്യസ്ഥാനാര്‍ത്ഥികളാണ്. വിജയിക്കാന്‍ വേണ്ടുന്ന തന്ത്രങ്ങളാണ് പ്രധാനം. പണ്ടും താരങ്ങളൊക്കെ മത്സരിച്ചിരുന്നില്ലേ. ഒഎന്‍വി, തോപ്പില്‍ ഭാസി , പ്രേംനസീര്‍, മുരളി ഒക്കെ. അന്ന് അതൊന്നും വിഷയമായിരുന്നില്ല. ജയത്തിന് വേണ്ടിയുള്ള പരീക്ഷണങ്ങളല്ലേ.

പക്ഷെ തോപ്പില്‍ ഭാസിക്കും ഒഎന്‍വിക്കും ഒപ്പം ഇവരെ കാണുന്നത് എങ്ങിനെ?

പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അവരില്‍ വിശ്വാസമുള്ളത് കൊണ്ടാണല്ലോ അവരെ നിര്‍ത്തിയിരിക്കുന്നത്. അവര്‍ നിന്നാല്‍ ഗുണം ചെയ്യും എന്ന് പാര്‍ട്ടിക്ക് പ്രതീക്ഷയുണ്ട്. അതിപ്പോള്‍ പണ്ടുള്ളവര്‍ പറയാറില്ലേ ഏത് കുറ്റിചൂലിനെ നിര്‍ത്തിയാലും പാര്‍ട്ടി ജയിക്കുമെന്ന്. ബിജെപി ഒരു കേഡര്‍ പാര്‍ട്ടിയാണ്. കേഡര്‍ പാര്‍ട്ടിയുടെ ശൈലി കൊണ്ടാണ് വ്യക്തി വോട്ട് പിടിക്കുന്നതും ജയിക്കുന്നതും. കേഡര്‍ ആണ് എറ്റവും പ്രധാനപ്പെട്ട ഘടകം. ഇപ്പോള്‍ ബംഗാളില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക് സംഭിവിച്ചെതെന്താ. എത്ര കൊല്ലം ഭരിച്ചു അവര്‍. മൊത്തം നഷ്ടപ്പെട്ടില്ലേ. എന്ത് കൊണ്ട് നഷ്ടപ്പെട്ടു എന്ന് ചോദിച്ചാല്‍ പാര്‍ട്ടിക്ക് എന്ത് പറയാനുണ്ട്. നിലവില്‍ ബിജെപിക്ക് നല്ല അനുകൂലമായിട്ടുള്ള അന്തരീക്ഷമാണ്. യുവാക്കള്‍ക്കിടയിലും സ്ത്രീകള്‍ക്കിയിലും ന്യുനപക്ഷങ്ങള്‍ക്കിടയിലും ഒക്കെ പാര്‍ട്ടിക്ക് സ്വാധീനം ചെലുത്താനായിട്ടുണ്ട്. മലപ്പുറത്ത് ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയാണ് പാര്‍ട്ടിക്ക്. ഇത് ഒരു മത പാര്‍ട്ടിയാണ് എന്ന് പറയുന്നതിന് പിന്നെ എന്ത് അര്‍ത്ഥമാണ് ഉള്ളത്. കേരളത്തിന്റെ വികസനത്തിന് വേണം പാര്‍ട്ടി പരിഗണന നല്‌കേണ്ടത്.