'ചട്ടക്കൂട് പഴയതെങ്കില്‍ വിഎസ് പണ്ടെ പുറത്ത്, മാധ്യമ തന്ത്രങ്ങള്‍ക്ക് മുന്നില്‍ വിഎസ് ചിലപ്പോള്‍ വീണു' തെരഞ്ഞെടുപ്പിനെയും പഴയകാലത്തെയും കുറിച്ച് പാലോളി നാരദന്യൂസിനോട്

കേരളത്തിലെ സി പി ഐ എമ്മിന്റെ പ്രമുഖ നേതാവായ പാലോളി മുഹമ്മദ് കുട്ടി വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാവാണ്....

paloli muhhaകേരളത്തിലെ സി പി ഐ എമ്മിന്റെ പ്രമുഖ നേതാവായ പാലോളി മുഹമ്മദ് കുട്ടി വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാവാണ്. പാര്‍ട്ടിയാണ് മറ്റെന്തിനെക്കാള്‍ പ്രധാനമെന്ന് കരുതുന്ന പഴയ തലമുറയില്‍പ്പെട്ട നേതാവ്. പ്രായാധിക്യം കാരണം തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നില്ലെങ്കിലും മലപ്പുറം ജില്ലയുടെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചുമതല പാലൊളിക്കാണ് നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിനെക്കുറിച്ചും പാര്‍ട്ടിയുടെയും മുന്നണിയുടെയും സാധ്യതയെക്കുറിച്ചും ആനുകാലിക സംഭവങ്ങളെക്കുറിച്ചും പാലോളി നാരദ ന്യൂസിനോട് സംസാരിച്ചു.


ആദ്യത്തെ ചോദ്യം വി.എസ് വീണ്ടും മത്സരിക്കുന്നത് പാര്‍ട്ടിക്കു ഗുണകരമാകില്ലെ എന്നായിരുന്നു. ഉടനെ മറുപടിയും വന്നു. 'വിഎസ് വലിയ നേതാവാണ് എന്ന് പത്രങ്ങള്‍ പറയുന്നത് വി.എസിനെ പാര്‍ട്ടിക്കെതിരെ ഉപയോഗിക്കാനാണ്. പാര്‍ട്ടിക്കൊപ്പം ഉറച്ചു നിന്നാണ് വി.എസ്. മത്സരിക്കാന്‍ പോകുന്നതെങ്കില്‍ പത്രങ്ങള്‍ പരിഹാസത്തിന്റെ പൂമാല അണിഞ്ഞേനെ. വി.എസില്‍ നിന്നും വല്ലതും വീണ് കിട്ടാനാണ് പത്രങ്ങള്‍ മത്സരിക്കുന്നത്. വി.എസ്. ഇടക്കു വീഴുന്നുമുണ്ട്. പഴയ ചട്ടക്കൂടായിരുന്നുവെങ്കില്‍ വി.എസിനെ പോലുള്ളവരെ എന്നേ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയേനെ. പിണറായി ചിരിക്കാത്ത നേതാവാണ് എന്നാണ് പത്രങ്ങളുടെ മറ്റൊരു കണ്ടുപിടുത്തം. ചിരിയെന്നത് സ്വിച്ചിട്ടാല്‍ വരുന്ന ഒന്നല്ല. ആവശ്യം വരുമ്പോള്‍ പിണറായി ചിരിക്കാറുണ്ട്. പത്രക്കാരെ കൊണ്ട് നല്ലത് പറയിപ്പിക്കാന്‍ വെറുതെ ചിരിച്ചു കാണിക്കേണ്ട കാര്യമില്ലല്ലോ? പാലൊളി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നല്ല ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ മലപ്പുറം ജില്ലയില്‍ നിലവില്‍ ഉള്ള സീറ്റിനെക്കാള്‍ അഞ്ചിലേറെ സീറ്റുകളില്‍ ഇടതുമുന്നണി വിജയിക്കും. പാലോളി ആത്മവിശ്വാസത്തോടെ പറഞ്ഞു. മലപ്പുറം ജില്ലയിലെ 14 മണ്ഡലങ്ങളുടെ തെരഞ്ഞെടുപ്പിന്റെ ചുമതല പാര്‍ട്ടി പാലൊളിയെ ഏല്‍പ്പിച്ചിട്ടുണ്ട്.

ഓര്‍മ്മകളിലെ തെരഞ്ഞെടുപ്പ്

ഓര്‍ത്തെടുക്കാന്‍ ഒട്ടേറെയുണ്ട് പാലോളിക്ക്, ആദ്യ തെരഞ്ഞെടുപ്പിന്റെ കാലം ഗൃഹാതുരത്വത്തോടെയാണ് പാലോളി ഓര്‍ത്തെടുത്തത്. 1942 ലായിരുന്നു അത്. . ജില്ലാ ബോര്‍ഡിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.  മത്സരത്തിന് കോണ്‍ഗ്രസും കമ്മ്യൂണിസ്്റ്റ് പാര്‍ട്ടികളും മാത്രമെയുള്ളു. ഒരു ആശാരി വേലുവും റോഡ് വ്യത്തിയാക്കുന്ന കുഞ്ഞുണ്ണിയുമായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍. ഇന്നത്തെ 3 പഞ്ചായത്ത് ചേര്‍ന്നതായിരുന്നു അന്നത്തെ ഒരു ബൂത്ത്. ജന്മിയായിരുന്ന പുല്ലാനിക്കാട് രാമന്‍ നമ്പൂതിരിയായിരുന്നു പാലൊളിയുടെ രാഷ്ട്രീയ ഗുരു. ചോദിച്ചാല്‍ 18 വയസായി എന്നു പറയണമെന്ന് രാമന്‍ നമ്പൂതിരി 16 വയസ് കഴിഞ്ഞ പാലൊളിയോട് പറഞ്ഞു. രണ്ടാളും കൂടി പോളിംഗ് ബൂത്തില്‍ സ്ഥാനാര്‍ത്ഥിയുടെ ഏജന്റാകാനുള്ള പേപ്പര്‍ ഒപ്പിട്ടു നല്‍കി. കോണ്‍ഗ്രസില്‍ മത്സരിക്കുന്നത് രണ്ട് ജന്മിമാരായിരുന്നു. അല്‍പസമയം കഴിഞ്ഞപ്പോള്‍ പൊലീസ് എത്തി. രണ്ടുപേരോടും പുറത്തു പോയില്ലെങ്കില്‍ അറസ്റ്റു ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. പൊലീസ് രണ്ടുപേരെയും പുറത്താക്കി. 'ഇലക്ഷന്‍ കഴിയുന്നത് വരെ പുറത്തെ മാവിന്‍ചുവട്ടിലിരിക്കേണ്ടി വന്നു. അതിന്റെ വോട്ട് എണ്ണാന്‍ പോകുമ്പോഴാണ് പാര്‍ട്ടി നിരോധിച്ചു കൊണ്ടുള്ള അറിയിപ്പ് വരുന്നത്. വോട്ടെണ്ണാന്‍ പോയില്ല. പിന്നീട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചതായി പ്രഖ്യാപിച്ചു.'പാലൊളി പറഞ്ഞു.

കമ്മ്യൂണിസ്റ്റെന്ന് കേട്ടാല്‍ കലി തുള്ളുന്ന കുടുംബത്തിലായിരുന്നു പാലൊളിയുടെ ജനനം. പി സി ജോഷിയേയും ഇ എം എസ്സിനെയും ആദ്യം കണ്ട കാര്യവും പാലൊളി ഓര്‍മ്മിച്ചു. അന്ന് ഇ എം എസ്സിന്റെ പ്രസംഗം തനിക്ക് മനസ്സിലായില്ലെന്നാണ പാലോളി പറയുന്നത്. ഇ എം എസ്സിന്റെ വിക്കായിരുന്നു കാരണം. മദിരാശി തെരഞ്ഞെടുപ്പ് വേളിയിലായിരുന്നു ജോഷിയും ഇ എം എസ്സും തെരഞ്ഞെടുപ്പ് പ്രചരാണാര്‍ത്ഥം മമ്പുറം സ്‌കൂളിനടുത്ത് എത്തിയത്. ഇ പിയുടെ പ്രസംഗമായിരുന്നു തന്നെ അന്ന് വല്ലാതെ ആകര്‍ഷിച്ചതെന്ന് പാലോളി ഓര്‍ക്കുന്നു.

'നാട്ടിലെ പാവങ്ങളുടെ ദനയീയ സ്ഥിതി, ജന്മിത്വം അവസാനിക്കട്ടെ, ക്യഷിഭൂമി കര്‍ഷകന്, ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇന്ത്യ വിടണം തുടങ്ങിയ കാര്യങ്ങളാണ് പ്രസംഗിച്ചത്. അന്ന് ക്ലാസ്സില്‍ 29 കുട്ടികള്‍ ഉള്ളതില്‍ ആറോളം പേര്‍ക്കാണ് ഒരു ഷര്‍ട്ടെങ്കിലും ഉള്ളത്. ബാക്കിയെല്ലാവരും ഷര്‍ട്ടിടാതെ ഒരു തുണി മാത്രം ചുറ്റി വരുന്നവരായിരുന്നു. ഇവര്‍ക്ക് ഒരു മാറ്റം കമ്യൂണിസ്റ്റുകാര്‍ വന്നാല്‍ വരുമെന്ന് തോന്നി. പിന്നീട് യോഗങ്ങള്‍ക്കും ജാഥകള്‍ക്കുംപോകാന്‍ തുടങ്ങി. വീട്ടില്‍ അറിയുമ്പോള്‍ ഉപ്പ വഴക്ക് പറയുകയും ഇടക്ക് തല്ലുകയും ചെയ്യുമായിരുന്നു. അന്നത്തെ തെരഞ്ഞെടുപ്പില്‍ ഇഎംഎസിന് കെട്ടിവെച്ച കാശു പോലും കിട്ടിയില്ല' പാലൊളി പറഞ്ഞു.

16 കൊല്ലം പഞ്ചായത്ത് പ്രസിഡന്റായ പാലോളി

ആദ്യ തെരഞ്ഞെടുപ്പ് മത്സരത്തെ പറ്റി രസകരമായ ഓര്‍മയാണ് പാലൊളിക്ക് പറയാനുള്ളത്. മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി പഞ്ചായത്തിലെ കടങ്ങാപ്പുരം വാര്‍ഡില്‍ നിന്ന് മത്സരിച്ചു ജയിച്ച് പഞ്ചായത്ത് പ്രസിഡന്റായി. 1964 ലാണ് തെരഞ്ഞെടുപ്പ് നടന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ സ്ഥാനാര്‍ത്ഥി തര്‍ക്കം. രണ്ടു പേരുടെ പേരുമായി രണ്ട് വിഭാഗം വന്നു. എത്ര ശ്രമിച്ചിട്ടും പ്രശ്‌നം തീരുന്നില്ല. തര്‍ക്കം മൂത്തപ്പോള്‍ പെരന്തല്‍മണ്ണ താലൂക്ക് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പാലൊളിയും മറ്റു മൂന്നുപേരും കൂടി പുഴക്കാട്ടിരിയിലെത്തി. വൈകീട്ട് 4 ന് ചര്‍ച്ച തുടങ്ങി. 5 ന് തര്‍ക്കം തീര്‍ത്ത് മറ്റൊരു യോഗത്തില്‍ പോകേണ്ട ആവശ്യം പാലൊളിക്കുണ്ട്. തര്‍ക്കം കൂടുകയല്ലാതെ കുറഞ്ഞില്ല. രാത്രി 2 നും തകൃതിയായ ചര്‍ച്ച. ആരും വിട്ടു വീഴ്ച്ചക്കില്ല. രണ്ടു മണി കഴിഞ്ഞപ്പോള്‍ പാലൊളി ഉറങ്ങിപ്പോയി. പുലര്‍ച്ചെ 5.15 ഒരാള്‍ പാലൊളിയെ വിളിച്ചുണര്‍ത്തി. മുഖം കഴുകി വരാന്‍ പറഞ്ഞു. വന്നപ്പോള്‍ അവര്‍ പറഞ്ഞു. വിട്ടു വീഴ്ച്ചക്ക് രണ്ടു പേരും തയ്യാറല്ല, പാലൊളി മത്സരിക്കുകയാണെങ്കില്‍ അവര്‍ രണ്ടു പേരും പിന്‍മാറും. പാലൊളി സമ്മതിച്ചില്ല. പിന്നീട് അന്നത്തെ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.ശങ്കരന്‍ പറഞ്ഞതു കൊണ്ടാണ് മത്സരിച്ചത്. ജനസംഘവും ലീഗുമായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥികള്‍. പാലൊളിക്ക് 630 വോട്ടും മറ്റു രണ്ടു പേര്‍ക്കും ചേര്‍ന്ന് 400 വോട്ടും കിട്ടി.

പ്രസിഡന്റായ പാലൊളി പിന്നീട് കേരളത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാത്തത് കൊണ്ട് 16 കൊല്ലം ആ പദവിയില്‍ തുടരേണ്ടി വന്നു.  1965 ലാണ് മങ്കട മണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. 1300 ന് വോട്ടിന് ജയിച്ചെങ്കിലും നിയമസഭ കൂടിയില്ല. പാര്‍ട്ടി നിരോധിച്ച കാലമായതു കൊണ്ട് ജയിച്ച പലരും ജയിലിലായിരുന്നു. 1967 ല്‍ പിന്നീട് പെരിന്തല്‍മണ്ണയില്‍ നിന്ന് 33000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു. '1971 ല്‍ മങ്കടയില്‍ 3600 വോട്ടിന് ലീഗിനോട് തോറ്റു. പിന്നെ കുറെക്കാലം മത്സരിച്ചില്ല. പിന്നീട് 1996 ല്‍ പൊന്നാനിയില്‍ നിന്നാണ് മത്സരിച്ചത്. കോണ്‍ഗ്രസിലെ പി.ടി.മോഹനകൃഷ്ണനെ 6000 വോട്ടിന് തോല്‍പ്പിച്ചു. അന്നത്തെ നായനാര്‍ മന്ത്രിസഭയില്‍ തദ്ദേശ വകുപ്പ് മന്ത്രിയായി. 2006 ല്‍ വീണ്ടും പൊന്നാനിയില്‍ മത്സരിച്ചു. കോണ്‍ഗ്രസിലെ എം.പി.ഗംഗാധരനെ 29000 വോട്ടിന് തോല്‍പ്പിച്ചു. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ വീണ്ടും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായി.'