ജനാധിപത്യത്തില്‍ ജനങ്ങളാണ് രാജാക്കന്മാര്: ജെയ്ക്ക് സി തോമസ്
പതിനൊന്നാം തവണ പുതുപ്പള്ളിയില്‍ നിന്ന് വിജയം ആവര്‍ത്തിക്കാന്‍ ഉമ്മന്‍ചാണ്ടി മത്സരിക്കുമ്പോള്‍ എതിരാളിയായി സിപിഐ(എം) രംഗത്തിറക്കുന്നത് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായ ജെയ്ക്ക് സി തോമസിനെയാണ്.
പതിനൊന്നാം തവണ പുതുപ്പള്ളിയില്‍ നിന്ന് വിജയം ആവര്‍ത്തിക്കാന്‍ ഉമ്മന്‍ചാണ്ടി മത്സരിക്കുമ്പോള്‍ എതിരാളിയായി സിപിഐ(എം) രംഗത്തിറക്കുന്നത് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായ ജെയ്ക്ക് സി തോമസിനെയാണ്. സിന്ധു ജോയിക്ക് ശേഷം സിപിഐ(എം) ഉമ്മന്‍ചാണ്ടിയെ നേരിടാന്‍ രംഗത്തിറക്കുന്ന എസ്എഫ്ഐ സംസ്ഥാന പ്രസിഡ്ന്റ് കൂടിയാണ് ജെയ്ക്ക് സി തോമസ്.1970 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐ(എം)ന്റെ കയ്യില്‍ നിന്ന് പുതുപ്പള്ളി മണ്ഡലം തിരികെ പിടിക്കുമ്പോള്‍ കുഞ്ഞൂഞ്ഞ് എന്ന് ഉമ്മന്‍ചാണ്ടിക്ക് 27 വയസ്സായിരുന്നു. കേരളം കണ്ട ഏറ്റവും കുശാഗ്ര ബുദ്ധിക്കാരനായ നേതാവിന്റെ 72ാമത്തെ വയസ്സില്‍ അദ്ദേഹത്തെ നേരിടാന്‍ 25കാരനായ ജെയ്ക്കിനെ സിപിഐ(എം) രംഗത്തിറക്കുന്നത് വെറും ചാവേറാകാനല്ല എന്നാണ് നിരീക്ഷകര്‍ പറയുന്നത്. വിദ്യാര്‍ഥിരാഷ്ട്രീയത്തില്‍ തഴക്കം വന്ന നേതാവാണ് ജെയ്ക്ക്. കൊടും ചൂടില്‍ പുതുപ്പള്ളിയിലെ വോട്ടാര്മാരുടെ വീടുകള്‍ സന്ദര്‍ശിക്കവേ ജെയ്ക്ക് ആത്മവിശ്വാസത്തോടെയാണ് നാരാദാ ന്യുസിനോട് സംസാരിച്ചത്.

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ് ജെയ്ക്ക്. മത്സരിക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും. 46 വര്‍ഷമായി പുതുപ്പള്ളി ഇടത് പാളയത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടി വലത്തേക്ക് വലിച്ചിട്ട്. എത്രമാത്രം ആത്മവിശ്വാസം ഉണ്ട്
സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി എല്പിച്ച ഉത്തരവാദിത്വമാണ്. ജനാധിപത്യത്തില്‍ ജനങ്ങളാണ് രാജക്കന്മാര്. സ്ഥാനാര്‍ത്ഥി പോലും രണ്ടാമതെ വരുന്നുള്ളു എന്നതാണ് എന്റെ പക്ഷം. എല്ലാ മത്സരങ്ങളും ജയിക്കാന്‍ വേണ്ടിയുള്ള മത്സരങ്ങളാണ്. 100 ശതമാനം ആത്മവിശ്വാസം ഉണ്ട്. ജയിക്കാന്‍ വേണ്ടി തന്നെ ഉറച്ച് പോരാടാന്‍ ഇറങ്ങിയതാണ്.
ജെയ്ക്ക് എസ് എഫ് ഐയുടെ സംസ്ഥാന പ്രസിഡന്റ് ആയിട്ട് രണ്ട് മാസമേ ആകുന്നുള്ളു. ഇതിന് മുന്‍പ് വൈസ് പ്രസിഡന്റ് ആയിരുന്നു. ഉമ്മന്‍ചാണ്ടിയെ ജയിക്കാന്‍ ഈ അനുഭവ സമ്പത്ത് മതിയോ
പ്രായകൂടുതലും പ്രായം കുറവും ഒരു വലിയ ഘടകമാണ് എന്ന് എനിക്ക് തോന്നുന്നില്ല. മറിച്ച് പുതുപള്ളിയിലെ നിലവിലെ സവിശേഷ സാഹചര്യത്തില്‍ പ്രായകുറവ് ഒരു പ്ലസ് പോയിന്റായി തന്നെയാണ് എനിക്ക് തോന്നുന്ന്. ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത് അതാണ്. 15 ദിവസത്തിലേറേയായി ഇപ്പോള്‍ പ്രചാരണം തുടങ്ങിയിട്ട്. എനിക്ക് ഏറ്റവും കൂടുതല്‍ പ്രതികരണം സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്ന ചെറുപ്പക്കാരില്‍ നിന്നാണ്. പ്രായത്തെ അവര്‍ നന്നായി ഐഡന്റിഫൈ ചെയ്യുന്നുണ്ട്. പ്രചാരണത്തിന്റെ ഓരോ ഘട്ടത്തിലും നമുക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ വിളിച്ചു പറയുന്നുണ്ട് അവര്‍ക്ക് എത്ര മാത്രം നമ്മളോട് താത്പര്യം ഉണ്ടെന്ന് .കാണുമ്പോള്‍ തന്നെ എന്റെ പേര് വിളിച്ച് കൈ തന്ന് സംസാരിക്കുന്ന ചെറുപ്പക്കാരാണ്. ഇത് വളരെ പോസിറ്റീവ് സൈനാണ്. ഇത് എന്നെ ആവേശഭരിതനാക്കുന്നുണ്ട്. മുന്നോട്ട് പോകാനുള്ള കരുത്ത് പകരുന്നുണ്ട്. ഈ പ്രതികരണങ്ങള്‍ വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍.

കൃത്യമായ രാഷ്ട്രീയബോധത്തോടെ അല്ലെങ്കില്‍ ഇടത്പക്ഷ രാഷ്ട്രീയത്തെ മനസ്സിലാക്കി കൊണ്ടുള്ള പ്രതികരണങ്ങളാണ് എന്ന് പറയുന്നില്ല. പക്ഷെ ഒരു മാറ്റം പുതുപ്പള്ളി ആഗ്രഹിക്കുന്നു എന്ന് അവരുടെ പ്രതികരണങ്ങള്‍ വെളിവാക്കുന്നുണ്ട്. ഇടത്പക്ഷ രാഷ്ട്രീയത്തോട് കൂറും വിധെയത്ത്വവും ഉള്ളവരാണോ എന്നത് തര്‍ക്കവിഷയമാണ്. പക്ഷെ പുതുപളളി മാറണം .ഇവിടെ പുതിയൊരു മുഖം വരണം എന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ട്. ആ മാറ്റത്തില്‍ ഒരു രാഷ്ട്രീയമുണ്ട്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 26ാം വയസ്സിലാണ് ഇവിടെ നിന്ന് മത്സരിച്ച് ജയിച്ചത്. ആ ചരിത്രം ഓര്മ്മപ്പെടുത്താറുണ്ടോ
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെറുപ്പകാലത്ത് ഇവിടെ നിന്ന് ജയിച്ച ചരിത്രമൊക്കെ പ്രചരണത്തിന്റെ പല ഘട്ടത്തിലും പലരും ഓര്‍മ്മിപ്പിക്കുന്നുണ്ട്.പ്രതൃക്ഷത്തില്‍ രാഷ്ട്രീയമില്ലാത്ത പലരും ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇതേപോലൊരു 26ാം വയസ്സിലാണ് കോട്ടയത്തെ സിപിഐ(എം)ന്റെ അതികായനായിരുന്ന സഖാവ് ഈ എം ജോര്‍ജ്ജിനെ ഉമ്മന്‍ചാണ്ടി പരാജയപ്പെടുത്തിയത്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു. എല്ലാവരും എഴുതി തള്ളിയ നേതാവായിരുന്നു. പിന്നീടിങ്ങോട്ട് അദ്ദേഹത്തിന് തിരിഞ്ഞിനോക്കേണ്ടി വന്നിട്ടില്ല. ആ ചരിത്രം ഐറണി എന്ന നിലക്ക് പലരും ഓര്‍മ്മപ്പെടുത്താറുണ്ട്.
വികസനം മുന്‍നിര്‍ത്തിയാണ് യുഡിഎഫ് ഭരണത്തുടര്‍ച്ച ആവശ്യപ്പെടുന്നത്. ആ സര്‍ക്കാരിന്റെ അമരക്കാരനായിരുന്നു ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിയായിരിക്കുമ്പോഴും എല്ലാ തിരക്കുകള്‍ക്കിടയിലും പുതുപ്പള്ളിയില്‍ എല്ലാ ആഴ്ചയിലും എത്തുമായിരുന്നു. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിച്ച ആളാണ്. ആ വാദങ്ങള്‍ നിഷേധിക്കാനാവുമോ
ചോദ്യത്തിന് രണ്ട് ഭാഗങ്ങളാണ്. ഒന്ന് വികസനം മുന്‍നിര്‍ത്തിയുള്ള ഭരണം. രണ്ട് ഇവിടെ മണ്ഡലത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം വന്ന് നിന്നുള്ള പ്രവര്‍ത്തനം. രണ്ടും പ്രധാനപ്പെട്ട ഘടകങ്ങളാണ്. രണ്ടിനേയും അഡ്രസ് ചെയ്യാം. വികസനം എന്നത് സംസ്ഥാനം ഒട്ടാകെ അഡ്രസ് ചെയ്യേണ്ടുന്ന വിഷയമാണ്. വികസനത്തിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്. ഇവിടെ കവലയില്‍ 2 നിലകെട്ടിടം ഉണ്ടായിരുന്നതിനെ ഇടിച്ച്പൊളിച്ച് 5 നില കെട്ടിടം പണിയുന്നതാണോ വികസനം. അതോ റബറൈസ്ഡ് റോഡുകള്‍ വരുന്നതാണോ വികസനം. വിഎസിന് മുന്‍പ് എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും കേരളം ഭരിച്ച കാലഘട്ടത്തില്‍ കര്‍ഷക ആത്മഹത്യ 120ല്പരമായിരുന്നു. വി എസ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ആദ്യം ചെയ്തത് മുഴുവന്‍ കാര്‍ഷിക വായ്പകള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിക്കുകയായിരുന്നു. ഒരൊറ്റ കര്‍ഷകനും ആത്മഹത്യ ചെയ്യേണ്ടി വന്നില്ല. അതൊരു വികസനമല്ലേ. ചിലപ്പോള്‍ ഒരു റബറൈസ്ഡ് റോഡ് സഖാവ് വി എസിന്റെ നേതൃത്വത്തിലുളള സര്‍ക്കാരിന് ഉണ്ടാക്കാന്‍ സാധിച്ചുണ്ടാകില്ല. പക്ഷെ 120 പേരുടെ ജീവന് രക്ഷിക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സാധിച്ചു. അതൊരു വികസനമല്ലേ. ആ വികസനത്തിന്റെ മാനദണ്ഡം വെച്ച് പുതുപ്പളളിയെ പരിശോധിക്കുമ്പാള്‍ 45 വര്‍ഷമായി പുതുപ്പള്ളിയുടെ വളര്‍ച്ച എവിടെ എത്തി നില്ക്കുന്നു എന്ന്. നല്ല കോണ്‍ഗ്രസുകാരോട് നമ്മളൊന്ന് ചോദിക്കണം ഈ 45 വര്‍ഷത്തെ പുതുപ്പളളിയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട്. മറ്റൊരു മണ്ഡലത്തിനും സംഭാവന ചെയ്യാന്‍ കഴിയാതിരുന്ന എന്ത് മഹത്ത് സംഭവമാണ് ചെയ്തത് എന്ന് ചോദിച്ചാല്‍ വട്ട പൂജ്യം എന്നാകും നല്ല കോണ്‍ഗ്രസുകാരുടെ ഉത്തരം.
പുതുപ്പളളിയിലെ 60 ശതമാനം സ്ത്രീകളും ദുര്‍ഘടമായ ഇടവഴികള്‍ താണ്ടി കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് കുടിവെള്ളം ശേഖരിക്കുന്നത്. ആദ്യം ഭര്‍ത്താവിനെ ജോലിക്ക് വിടും .പിന്നെ മക്കളെ സ്ക്കുളിലേക്ക് അയക്കും. ഇവര്‍ക്കൊരു ജോലിക്ക് പോലും പോകാനാവുന്നില്ല. പുതുപ്പള്ളിയില്‍ കുടിവെള്ളം പോലും എത്തിക്കാനാവാതെ എന്ത് വികസനമാണ് ഉമ്മന്‍ചാണ്ടി അവകാശപ്പെടുന്നത്. ഇത് ഇവിടുത്തെ ജനപ്രതിനിധിക്കോ ഭരണകൂടത്തിനോ കഴിഞ്ഞ 45 വര്‍ഷം സാധിച്ചില്ല എന്നത് അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ മേഖലകളാണ് അടിസ്ഥാന ആവശ്യങ്ങള്‍. ആരോഗ്യ മേഖലയില്‍ ആകെയുള്ളത് പുതുപ്പള്ളിയില്‍ ഒരു താലൂക്ക് ആശുപത്രിയാണ്. 17 ഡോക്ടര്‍മാര്‍ വേണ്ട സ്ഥാനത്ത് അവിടെ 6 ഡോക്ടര്‍മാര്‍ പോലും ഇല്ല. താലൂക്ക് ആശുപത്രിക്ക് വേണ്ട ഒരു തരത്തിലുമുള്ള സൗകര്യങ്ങളുമില്ല. സഖാവ് പി കെ ശ്രീമതി ടിച്ചറും പി സുരേഷ് കുറുപ്പും നിര്‍മ്മിച്ച രണ്ട് പ്രധാനപ്പെട്ട ബ്ലോക്കുകളല്ലാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍കൈയില്‍ അവിടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ് എന്ന് ചോദിച്ചാല്‍ ഒന്നുമില്ല. വിദ്യഭ്യാസ മേഖലയിലും ഇത് തന്നെയാണ്. വികസനം എന്താണ് എന്ന് കാണിക്കാന്‍ നമുക്ക് മുന്നില്‍ നടക്കാവ് പോലുള്ള എത്രയോ മാതൃകകളുണ്ട്. പുതുപ്പള്ളിയിലെ ഗവണ്മെന്റ് സ്ക്കൂളിന്റെ നിലവാരം എവിടെ എത്തി നില്ക്കുന്നു എന്ന് പരിശോധിക്കണം. വിദ്യഭ്യാസമുള്ള തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്കാന് എന്ത് സൗകര്യമാണ് ഉള്ളത് പുതുപ്പള്ളിയില്‍. ആ രംഗത്ത് നമുക്ക് ആള്ട്രനേറ്റീവുകള് ഉണ്ട്. പ്രൊഫ സി രവീന്ദ്രനാഥ് തൃശൂരില്‍ ചെയ്തത് പോലെ. ഇത് ജനപക്ഷ വികസനം നടപ്പിലാക്കേണ്ടത് എന്നതിന് ഉദാഹരണമാണ്. അതൊക്കെ വെച്ച് നോക്കുമ്പോള്‍ പുതുപ്പള്ളി വളരെ പിന്നിലാണ്. അഡ്രസ് ചെയ്യപ്പെടേണ്ട അടിസ്ഥാന ജീവിത പ്രശ്നങ്ങള്‍ നിരവധിയാണ്.
ഈ മണ്ഡലത്തിലെ സാധാരണകാര്‍ക്ക്, ദരിദ്രരായ ജനങ്ങള്‍ക്ക്, അരിക്വത്കരിക്കപ്പെട്ടവര്ക്ക് എന്ത് മാറ്റം കൊണ്ട് വരാന്‍ സാധിച്ചു എന്നതല്ലെ അന്വേഷിക്കേണ്ടത്, മണ്ഡലത്തിന് എന്ത് മാറ്റം ഉണ്ടായി എന്നതല്ലേ ജനപ്രതിനിധിയുടെ അളവ് കോല്. ഇതല്ലേ വികസനത്തിന്റെ അളവ്കോല്. അങ്ങിനെ നോക്കുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എവിടെ നില്ക്കുന്നു എന്നതാണ് ചോദ്യം.

കേരളത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്ലാറ്റ്ഫോം ഒരുക്കുന്നതില്‍ ഇടത് പക്ഷ സഖ്യം മാതൃകയാണ്.സ്ത്രീ മുന്നേറ്റവും ഫെമിനസവും പുരോഗതിയും പ്രംസഗിക്കുന്ന മറ്റ് പാര്‍ട്ടികള്‍ എത്ര സീത്രീകള്ക്ക് പ്രാധിനിത്യം കൊടുത്തു നമ്മള് പരിശോധിക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥികളുടെ കാര്യമെടുക്കുമ്പോഴും പിണറായി വിജയന്,എ കെ ബാലന്, എം എ ബേബി, അടുത്തിടെ എം ബി രാജേഷ്, ഷംസീര്‍, സ്വരാജ് തുടങ്ങിയവരൊക്ക ഉദ്ദാഹരണങ്ങളാണ്.
ഇപ്പോള്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ ഇന്റര്‍ നാഷണല്‍ റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന ജെയ്ക്ക്, കപട ചിരിയില്ലാത്ത കളളം പറയാത്ത ജനപ്രതിനിധിയായിരിക്കും എന്നതാണ് ജനങ്ങള്‍ക്ക് നല്കുന്ന വാഗദാനം. പുതുപള്ളിയെ സംബന്ധിച്ചിടത്തോളം ചരിത്രം ആവര്‍ത്തിക്കപ്പെടുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. പക്ഷെ ഉമ്മന്‍ചാണ്ടിക്കെതിരേ അതിശക്തമായ ഒരു മത്സരം ജെയ്ക്ക് കാഴ്ച വെക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പുതുപ്പള്ളിയില്‍ ഒരു നല്ല ഗ്രന്ഥശാല ഇല്ല എന്ന തിരിച്ചറിവില്‍ പുതുപ്പള്ളിക്കൊരു പുസ്തകം എന്ന ക്യാംപെയിനും തുടക്കം കുറിക്കുകയാണ് ജെയ്ക്കും കൂട്ടരും.